2020, ജനുവരി 6, തിങ്കളാഴ്‌ച

പ്രാണവായു പ്രാണനെടുക്കുമ്പോൾ




വെള്ളം വെള്ളം സർവ്വത്ര , തുള്ളി കുടിക്കാനില്ലത്രേ എന്നത് അൽപം കളിയായും ഏറെ കാര്യമായും പറഞ്ഞു നടന്നിരുന്ന ഈരടികളാണ്. മൂന്നിൽ രണ്ടു ഭാഗം ജലത്താൽ ചുറ്റപ്പെട്ട ഈ ഗ്രഹത്തിൽ കുടിക്കാൻ ഒരു തുള്ളി പോലും ജലം ലഭ്യമല്ലെന്നത് ഒരു കാലത്ത് നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം തികഞ്ഞ അതിശയോക്തി തന്നെയായിരുന്നു. ലോകത്തിലെ പലരാജ്യങ്ങളിലും മരുപ്രദേശങ്ങളിലും ജലം കിട്ടാക്കനിയായ അപൂർവ്വവസ്തുവായി മാറിയപ്പോഴും നമ്മുടെ നാട് ശുദ്ധജല സമൃദ്ധമായിരുന്നു. വേനലിലും നിറഞ്ഞൊഴുകുന്ന പുഴകളും അരുവികളും തടാകങ്ങളും കുളങ്ങളും കൊടും ചൂടിലും വറ്റാത്ത കിണറുകളും ശുദ്ധജലത്തിന്റെ ഒടുങ്ങാത്ത സ്രോതസ്സുകളായി വർത്തിച്ചു. ഒരു കാലത്ത് ശുദ്ധജലം ജീവദായിനിയും മോക്ഷദായിനിയും നദികൾ പുണ്യതീർത്ഥങ്ങളും ആയിരുന്നു.യഥേഷ്ടം ശുദ്ധജലം ലഭ്യമായിരുന്ന ഹരിതസമൃദ്ധമായ കാലം എങ്ങോ പോയ് മറഞ്ഞത് വളരെ പെട്ടെന്നായിരുന്നു. ഒരിക്കലും ശുദ്ധജലത്തിന് വില കൊടുക്കേണ്ടി വരില്ലെന്നു കരുതിയ, നാൽപത്തിനാലു നദികളൊഴുകുന്ന കേരളത്തിൽ വില കൊടുത്ത് കുപ്പിവെള്ളം വാങ്ങിയില്ലെങ്കിൽ ശുദ്ധജലം കുടിക്കാതെ ജീവിക്കുകയോ മരിക്കുകയോ ചെയ്യേണ്ടുന്ന അവസ്ഥ വന്നെത്തിച്ചേർന്നത് നമ്മുടെ കൺമുന്നിലായിരുന്നു. പെട്ടിക്കടകളും സാധാരണ കടകളും കുപ്പിവെള്ളം കൊണ്ട് അലംകൃതമായിരിക്കുന്ന അവസ്ഥ, ഗ്രാമ-നഗര വ്യത്യാസമില്ലാത്ത കാഴ്ചയാണിന്ന്. വെള്ളം കുടിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ ഓടകളിലും റോഡുകളിലും ജലാശയങ്ങളിലും കുമിഞ്ഞുകൂടിയിരിക്കുന്ന കാഴ്ച സർവ്വസാധാരണം. അവ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങളോ? തീർത്തും ഗുരുതരം.
ശുദ്ധജലം എങ്ങിനെ അമൂല്യവും അപൂർവ്വവും ആയോ അതിലും അൽഭുതകരവും അതി വേഗത്തിലുള്ളതുമത്രെ ശുദ്ധവായുവിന് സംഭവിക്കുന്ന മാറ്റം. അന്തരീക്ഷവായുഘടനയുടെ ഇരുപത്തി ഒന്ന് ശതമാനത്തോളം വരുന്ന ഓക്സിജൻ ലോകത്തിലെ ഒട്ടേറെ രാജ്യങ്ങളിലെ വ്യവസായ നഗരങ്ങളിൽ അപൂർവ്വമായ കഥ നാം കേട്ടിട്ടുണ്ട്. എന്നാൽ ഈയിടെ രാജ്യ തലസ്ഥാനമായ ഡൽഹിയിലെ അന്തരീക്ഷമലിനീകരണം അപകടകരമായ രീതിയിൽ രൂക്ഷമായപ്പോൾ രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ നേരിട്ടുള്ള ഇടപെടലിനു കാരണമായി. 2019 നവമ്പർ 25ന് ഡൽഹി നരകത്തിനേക്കാൾ മോശമായിത്തീ‍ർന്നെന്ന പരാമർശമാണ് കോടതി നടത്തിയത്. തുടർന്ന് ഡല്‍ഹിയിലും പരിസരപ്രദേശത്തും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം പരിസ്ഥിതി മലിനീകരണ അതോറിറ്റിയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതോടൊപ്പം വിദ്യാലയങ്ങൾക്ക് അവധി പ്രഘ്യാപിക്കുകയും ചെയ്തു. ലോകാരോഗ്യ സംഘടന ലോകത്തിലെ 1650 നഗരങ്ങളിൽ നടത്തിയ പഠനത്തിൽ ഏറ്റവും കൂടുതൽ വായു മലിനീകരണം കണക്കാക്കിയത് ഡൽഹിയിലാണെന്ന വാ‍ത്ത വന്നതിന് തൊട്ടു പിന്നാലെയായിരുന്നു ഈ പരാമർശം. ഇന്ത്യയിൽ ഒരു വ‍ർഷം രണ്ടര ദശലക്ഷം ആളുകളാണ് വായുമലിനീകരണത്തിന്റെ ഇരകാളായി കൊല്ലപ്പെടുന്നതെമ്മാണ് ഒരു പഠനം പറയുന്നത്, ഇന്ത്യയിൽ ആളുകളുടെ മരണത്തിനു കാരണമാവുന്നതിൽ അഞ്ചാം സ്ഥാനത്ത് വായുമലിനീകരണമാണത്രെ. ആസ്തമയും സ്ഥിരമായ ശ്വാസകോശ രോഗങ്ങളും കാരണം സംഭവിക്കുന്ന മരണ നിരക്കിൽ ഇന്ത് ഒന്നാം സ്ഥാനത്താണെന്നും ഡൽഹിയിൽ ജനിക്കുന്ന കുട്ടികളിൽ അമ്പതു ശതമാനത്തിനും മലിനീകരണം കാരണമുണ്ടാകുന്ന ശ്വാസകോശ പ്രശ്നങ്ങളുണ്ടാവാറുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ പഠനം തന്നെ പറയുന്നു.
പ്രാണവായുവിന്റെ അക്ഷയപാത്രമായ അന്തരീക്ഷം മറ്റ് വിഷവാതകങ്ങൾ കൊണ്ട് നിറഞ്ഞപ്പോൾ ശ്വാസകോശ രോഗങ്ങളും ശ്വാസതടസ്സവും മറ്റ് വായുജന്യ രോഗങ്ങളും സാധാരണമായി. ഇന്ത്യയില്‍ വില്‍പന നടത്തുന്നതിന് വിദേശത്തുനിന്ന് ടിന്നിലടച്ച ശുദ്ധവായു എത്തുന്നതായുള്ള വാര്‍ത്ത ഏതാനും ദിവസം മുന്‍പാണ് പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. കാനഡയിലെ മലനിരകളില്‍നിന്ന് ശേഖരിച്ച് അലുമിനിയം കുപ്പികളിലാക്കി എത്തിക്കുന്ന ശുദ്ധവായുവിന് പത്തുലിറ്ററിന് 25 ഡോളര്‍ (1750 രൂപയോളം) ആണ് വില.
ചിലയിടങ്ങളിൽ ശുദ്ധവായു വിൽക്കുന്ന ഓക്സിജൻ പാർലറുകൾ തുറന്നതായും വാർത്തകൾ വന്നു.പത്ത് പതിനഞ്ച് മിനുട്ട് സമയം ശുദ്ധമായ ഓക്സി‍ജൻ ശ്വസിക്കാൻ ഇരുന്നൂറ്റമ്പതോ മുന്നൂറോ രൂപ കൊടുക്കേണ്ട അവസ്ഥ. മണമുള്ള ശുദ്ധവായുവും ഇങ്ങനെ ലഭ്യമാണത്രെ. പ്രാണവായു വിൽപന ആദ്യം ആരംഭിച്ച കമ്പനി രാജ്യമാകെ അമ്പത് ഓക്സിജൻ പാ‍ർലറുകൾ തുറക്കാനുള്ള തയ്യാറെടുപ്പിലാണ്. പുറമേ നിന്നുള്ള വായു വലിച്ചെടുത്ത് മറ്റ് വാതകങ്ങൾ ഫിൽട്ടർ ചെയ്ത് ഒഴിവാക്കി ഓക്സിജൻ മാത്രം നേരിട്ട് ശ്വസിക്കാൻ ലഭ്യമാക്കുന്ന ഈ സംവിധാനത്തിൽ സുഗന്ധപൂരിതമായ പ്രാണവായുവും അൽപം ലഹരി നിറഞ്ഞ ശുദ്ധവായുവും ലഭിക്കും എന്നത് തികച്ചും കൗതുകം നിറഞ്ഞ വാ‍ർത്തയാണെങ്കിലും അത് നാം നേരിടുന്ന അതി ഭീഷണമായ ഒരു വിപത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ആ വിപത്താവട്ടെ മനുഷ്യനെ സംബനിധിച്ചിടത്തോളം സ്വയം കൃതാനാർത്ഥവും. എങ്ങിനെയാണ് ഡൽഹിയിലെ അന്തരീക്ഷം ഇത്രയും മലിനമാകുന്നത്? മറ്റിടങ്ങളിലെ സ്ഥിതിയും ഇതാവില്ലേ, കുറച്ചു വർഷങ്ങൾ കഴിഞ്ഞാലെങ്കിലും? എന്താണ് ഇതിനു പരിഹാരം? വ്യക്തികൾക്കും സമൂഹങ്ങൾക്കും ഇതിൽ എന്തൊക്കെ ചെയ്യാൻ സാധിക്കും? ഇക്കാര്യങ്ങളുടെ ഉത്തരം തേടാനാണ് ഇവിടെ ശ്രമിക്കുന്നത്.
മറ്റിടങ്ങളിലേതുപോലം ഡൽഹിയെ സംബന്ധിച്ചും മഞ്ഞ് കാലത്തിന്റെ ആഗമനത്തോടെയാണ് അന്തരീക്ഷ മലിനീകരണം ഏറ്റവും രൂക്ഷമാവുന്നത്. 2019 നവംബർ മാസം അവിടുത്തെ വായു നിലവാര സൂചിക അതിരൂക്ഷമായ മേഖലയിലായിരുന്നു. അത് സൂചിപ്പിക്കുന്നത് കുട്ടികൾക്കും പ്രായമായവ‍ക്കും മാത്രമല്ല പൂർണ്ണ ആരോഗ്യവാനായ വ്യക്തിക്ക് പോലും ഹാനികരമായ അന്തരീക്ഷമാണ് അവിടെ നിലനിർക്കുന്നതെന്നാണ്.പ്രദേശത്തെയാകെ മൂടിക്കിടക്കുന്ന മൂടൽമഞ്ഞ് വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും പുറംതള്ളപ്പെടുന്ന വിഷവാതകങ്ങളെ ഏറ്റവും താഴെയുള്ള അന്തരീക്ഷത്തിൽത്തന്നെ പിടിച്ചുവെക്കുന്നു. മഞ്ഞുമൂടിക്കിടക്കുന്നിടത്തോളം വിഷവാതകങ്ങളെ പിടിച്ചുവെക്കുകയും അത് ശ്വസിക്കുന്ന ആളുകളിൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നു. കാറ്റിന്റെ ദിശയിലുണ്ടാവുന്ന ചെറിയ മാറ്റം പോലും പ്രശ്നം രൂക്ഷമാക്കും. പടക്കം പൊട്ടിക്കലിനു നിയന്ത്രണങ്ങളുണ്ടായിട്ടും ഒക്ടോബർ മാസം ദീപാവലി ആഘോഷങ്ങളുടെ സമാപനത്തോടെ വായുവിന്റെ ഗുണനിലവാരം തീർത്തും മോശമായി. അയൽ സംസ്ഥാനങ്ങളിലേതുൾപ്പടെയുള്ള കർഷകർ കൃഷിയിടങ്ങളിലെ കാർഷികാവശിഷ്ടങ്ങൾ കത്തിച്ചു തുടങ്ങിയതോടെ പ്രശ്നം വീണ്ടും വഷളായി. ഏറെ വൈകിയും പോകാതെ നിന്ന മൺസൂൺ മേഘങ്ങളും അറബിക്കടലിലുണ്ടായ ചുഴലിക്കാറ്റും എരിതീയിൽ എണ്ണഒഴിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചുവെന്ന് സെന്റർ ഫോർ എൻവയണമെന്റ് സ്റ്റഡീസ് നടത്തിയ പഠനങ്ങൾ പറയുന്നു.
ഡൽഹിയെ സംബന്ധിച്ചിടത്തോളം വായുവിന്റെ ഗുണനിലവാരം പരിശോധിക്കാനും റിപ്പോർട്ടു ചെയ്യാനും സ്ഥിരം സംവിധാനങ്ങളുണ്ട്. അതിന്റെയൊക്കെ ഫലമായി മലിനീകരണത്തോതിൽ ചെറിയ തോതിലുള്ള കുുറവും ചിലപ്പോഴൊക്കെ രേഖപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങളില്ലാ അവധി ദിനങ്ങളും ഒറ്റ അക്ക നമ്പറുകൾക്ക് ഒരു ദിവസവും ഇരട്ട അക്ക നമ്പറുള്ള വാഹനങ്ങൾ തൊട്ടടുത്ത ദിവസവും മാത്രം റോഡിലിറക്കാനുള്ള തീരുമാനങ്ങളും ഒക്കെ താൽക്കാലികമായി മലിനീകരണത്തോത് കുറച്ചതായി കാണിക്കുന്നുണ്ട്. ഇന്ത്യയിലെ മറ്റ് നൂറ്റി ഇരുപതോളം നഗരങ്ങളും വായുമലിനീകരണത്തിന്റെ കാര്യത്തിൽ അതിജാഗ്രത പാലിക്കേണ്ട പ്രദേശങ്ങളായാണ് അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്. വളരെ കൃത്യവും കർക്കശവും ആയ നിയമങ്ങളും വ്യാപകമായ പൊതുജന അവബോധവും കൊണ്ടു മാത്രമേ ശുദ്ധവായു എല്ലാവർക്കും ലഭ്യമാക്കാൻ സാധിക്കൂ. അതിന്നായി എന്തൊക്കെ ചെയ്യാൻ സാധിക്കും എന്ന് പരിശോധിക്കാം.
നഗരങ്ങളെ സംബന്ധിച്ചിടത്തോളം മോട്ടോർവാഹനങ്ങളുടെ ബാഹുല്യവും ഫാക്റ്ററികളിൽ നിന്നുമുള്ള പുകയുമാണ് പ്രധാന വില്ലൻ.ഡൽഹിയിൽ പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായ വാഹനങ്ങൾ പൂ‍ണ്ണമായും പ്രകൃതി വാതകം ഇന്ധനമായി ഉപയോഗിക്കുന്നു. ഇതോടൊപ്പം എല്ലായിടത്തും ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമാവേണ്ടതുണ്ട്. ഒരു ഭാഗത്ത് മോട്ടോർവാഹനങ്ങളുടെ വിൽപന വർദ്ിക്കുന്നത് സമ്പദ്വ്യവസ്ഥയുടെ ആരോഗ്യത്തിന്റെ ലക്ഷണമായി കരുതപ്പെടുമ്പോൾ മറുഭാഗത്ത് നമ്മുടെ പാരിസ്ഥിതിക ആരോഗ്യത്തിന്റെ സൂചകങ്ങളെ അത് ദോഷകരമായി ബാധിക്കുന്നു എന്നതും ഗൗരവമായ കാര്യമാണ്. ലോകത്തിൽ ഏറ്റവും കൂടുതൽവായുമലിനീകരണം നിലനിന്ന ചൈനയുടെ ബീജിങ്ങിൽ ഒരു വർഷം വിൽക്കാവുന്ന വാഹനങ്ങൾക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. എണ്ണം കൽക്കരിയുടെ ഉപയോഗിച്ചുള്ള താപവൈദ്യത നിലയങ്ങളുടെ പ്രവർത്തനം,ഡീസൽ ജനറേറ്ററിന്റെ പ്രവർത്തനം,മാലിന്യങ്ങൾ തുറസ്സായ സ്ഥലത്ത് കത്തിക്കൽ, പൊടി എന്നിവയൊക്കെ വായുമലിനീകരണത്തിന്റെ കാരണമാവുന്നു.
ശുദ്ധവായു എന്നത് എല്ലാ ജീവജാലങ്ങളുടെയും അവകാശമാണ്. ഡൽഹി പോലുള്ള വൻ നഗരങ്ങളുടെ മാത്രം പ്രശ്നമല്ല ഇന്ന് അത്. കേരളം പോലുള്ള താരതമ്യേന ജനസാന്ദ്രത കൂടിയ പ്രദേശങ്ങളും , പ്രത്യേകിച്ച് നമ്മുടെ നഗരങ്ങൾ ഇപ്പോൾത്തന്നെ രൂക്ഷമായ വായു മലിനീകരണം നിലനിൽക്കുന്ന പ്രദേശങ്ങളാണ്. എന്തൊക്കെ നിയമങ്ങളും നിബന്ധനകളും നിലവിൽ ഉണ്ടായിട്ടും കരിമ്പുക തുപ്പുന്ന വാഹനങ്ങളുടെ കാഴ്ച ഇന്നും സാധാരണമാണ്. വീടുകളെ സംബന്ധിച്ചിടത്തോളം ശരിയായ രീതിയിലുള്ള മാലിന്യസംസ്ക്കാരണ രീതികൾ അനുവർത്തിച്ചേ പറ്റൂ. നിയമപരമായ നടപടികൾക്കപ്പുറം ശരിയായ രീതിയിലുള്ള അവബോധം ഓരോരുത്തരിലും എത്തിക്കണം. മാലിന്യങ്ങൾ, പ്രത്യേകിച്ച് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കത്തിക്കുന്നത് വഴി ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ വളരെ ഗുരുതരമാണ്. ഇത്തരം മാലിന്യങ്ങൾ ശേഖരിക്കാനും സംസ്ക്കരിക്കാനും തദ്ദേശ സ്യം ഭരണ സ്ഥാപനങ്ങൾ മിക്കയിടങ്ങളിലും സംവിധാനങ്ങൾ ഒരുക്കാറുണ്ടെങ്കിലും അത് പാതി വഴിയിൽ അവസാനിക്കുകയോ വേണ്ടത്ര വിജയിക്കാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്.

തീർച്ചയായും പരിഹാരം നിലവിലുണ്ട്. അതിന് വ്യക്തികളും സമൂഹവും ഭരണാധികാരികളും ഒരുമിച്ച് ആത്മാർത്ഥതയോടെയും ലക്ഷ്യബോധത്തോടെയും പ്രവർത്തിക്കണം. ഓരോരുത്തരും സ്വന്തം പരിസരത്തു നിന്നും അതിനുള്ള പ്രവർത്തനം നടത്തണം. എങ്കിൽ മാത്രമേ തലയ്ക്കുമുകളിൽ തെളിഞ്ഞ നീലാകാശവും ശരീരത്തിനുള്ളിൽ തെളിഞ്ഞ ശ്വാസകോശങ്ങളും നമുക്ക് ഉറപ്പിക്കാൻ സാധിക്കൂ.

(ആകാശവാണി കണ്ണൂ‍ർ നിലയത്തിൽ 2019 ഡിസമ്പറിൽ പ്രക്ഷേപണം ചെയ്തത്.)