2022, ഡിസംബർ 22, വ്യാഴാഴ്‌ച

ഒരു പേരിൽ പലതുമിരിക്കുന്നു



    എന്തുപേരിട്ടു വിളിച്ചാലും പനിനീർപുഷ്പം അതുതന്നെയെന്നു മഹാകവി ഷെക്സ്പിയർ. ആറുനാട്ടിൽ നൂറുഭാഷയെന്നത് പതിരുള്ള പാഴ്ചൊല്ലുമല്ല. സ്ഥലവും കാലവും മാറുമ്പോൾ ഉപയോഗിക്കുന്ന ഭാഷയും വാക്കുകളും വ്യത്യസ്തമാവുകയെന്നത് സ്വാഭാവികം. ലോകം ക്രമേണ ഒന്നാവുകയും ഒരേ ജീവജാലങ്ങൾ പല പേരുകളിൽ വിളിക്കപ്പെടുകയും ചെയ്യുമ്പോളുണ്ടാവുന്ന പ്രശ്നങ്ങൾക്ക് പരിഹാരമെന്ന നിലയിലാണല്ലോ ശാസ്ത്രീയ നാമകരണ രീതി ഉപയോഗിക്കപ്പെട്ടുതുടങ്ങിയത്. സസ്യങ്ങൾ പല നാടുകളിൽ വ്യത്യസ്ത പേരുകളുള്ളവ മാത്രമല്ല, ഒരേ നാട്ടിൽ പല പേരുകളുള്ളവ കൂടിയാണ്. പക്ഷികളുടെയും പൂമ്പാറ്റകളുടെയും മറ്റ് ജീവികളുടെയും മലയാളത്തിലുള്ള പേരുകളിൽ ചിലത് വളരെ പണ്ടുതൊട്ട് ഉപയോഗിച്ചു വരുമ്പോൾ ചിലത് സമീപകാലത്തായി ബോധപൂർവ്വമോ അല്ലാതെയോ ഉണ്ടാക്കിയതാണ്. നൂറുകണക്കിന് ഷഡ്പദങ്ങളും നിശാശലഭങ്ങളും വണ്ടുകളും പേരും ഊരും ഇല്ലാത്തവരായി തുടരുകയും ചെയ്യുന്നു. മലയാളത്തിൽ പേരില്ലാതിരുന്ന ഒട്ടനവധി പൂമ്പാറ്റകൾക്ക് ആകർഷകമായ പേരുകൾ നൽകിയത് സീക്കിന്റെ ആഭിമുഖ്യത്തിൽ ഈ മേഖലയിലെ വിദഗ്ദ്ധർ കൂടിച്ചേ‍ർന്നായിരുന്നല്ലോ. എന്നിട്ടും തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും ഒരേ പൂമ്പാറ്റകൾക്ക് ഇന്നും പല പേരുകളാണ്. ആയിരക്കണക്കായ നിശാശലഭങ്ങളെ ആകർഷകമായ മലയാളം പേരുകളിട്ട് പഠനവിധേയമാക്കുന്ന ബാലകൃഷ്ണൻ വളപ്പിലിനെയും ഇവിടെ പരാമർശിക്കണം.

    പക്ഷികളുടെ മലയാളം പേരുമാറ്റമാണല്ലോ ഇവിടെ ചർച്ചാ വിഷയം. ജീവികളുടെ ഇംഗ്ളീഷ് പേരുകളും ശാസ്ത്രനാമങ്ങൾ തന്നെയും ശരിയായതും തെറ്റായതും ആയ കാരണങ്ങൾ കൊണ്ട് ചർച്ചയാവുകയും ചിലപ്പോഴെങ്കിലും മാറ്റപ്പെടുകയും ചെയ്യാറുണ്ട്. വംശീയത സൂചിപ്പിക്കുന്നതും മറഞ്ഞുപോയ അടിമത്തത്തിന്റെയും കൊളോണിയൽ കാലത്തിന്റെയും ഓർമ്മകൾ അവശേഷിപ്പിക്കുന്നതുമായ പേരുകൾ മാറ്റാനുള്ള ആവശ്യം ലോകത്തിന്റെ പലയിടങ്ങളിലും ഉയരാറുണ്ട്. കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഭരണാധികാരികളോടും ഉദ്യോഗസ്ഥരോടുമുള്ള ആദരസൂചകമായി നൽകിയ പേരുകളൊട്ടനവധിയാണ്. 'പക്ഷികൾക്ക് പക്ഷികളുടെ പേര് ' (Birds names for birds) എന്ന പ്രചാരണവുമായി അമേരിക്കയിൽ വംശീയതയും കൊളോണിയൽ അവശിഷ്ടങ്ങളും പക്ഷികളുടെ പേരിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള വലിയ മുന്നേറ്റങ്ങൾ കഴിഞ്ഞ വ‍ർഷങ്ങളിൽ നടന്നു.

    പക്ഷികളുടെ ഇംഗ്ളീഷ്ഭാഷയിലുള്ള നിരവധി സാധാരണപേരുകൾ സ്വയംവിവരണാത്മകവും ഓരോന്നിനെയും തിരിച്ചറിയാൻ സഹായിക്കുന്നതുമാണെന്നു പറയാം. വെള്ളക്കണ്ണനും (White-eyed), മഞ്ഞപുരികക്കാരിയും (Yellow- browed), കരിന്തലയനും (Black-headed) തിരിച്ചറിയാൻ ഏറെ സഹായകമാണെന്നതിൽ തർക്കമില്ല. പോതപ്പൊട്ടനും കള്ളിക്കുയിലും പേക്കുയിലും ഉൾപ്പെടെയുള്ള മലയാളം പേരുകളിലെയും സൂചനകളെ ഈ അർത്ഥത്തിലാണോ കാണേണ്ടത് എന്നതിൽ ഇനിയും ചർച്ചകൾ ആവശ്യമാണെന്നു തോന്നുന്നു. 'പൊട്ടനെ'ന്നത് അക്ഷരാർത്ഥത്തിൽ അധിക്ഷേപാർഹമായ ഒന്നാണെങ്കിലും ഗ്രാമ്യ പ്രയോഗത്തിൽ സ്നേഹവും അടുപ്പവും സൂചിപ്പിക്കുന്ന പദമായി അതു മാറാറുണ്ട്. അമ്മ മകനെ പൊട്ടനെന്നും കടിഞ്ഞൂൽപൊട്ടനെന്നും വിളിക്കുന്നത് ഏന്തായാലും അധിക്ഷേപിക്കാനാവില്ലല്ലോ. ‘ഞാങ്ങളും നിങ്ങളും ഭേദങ്ങളില്ല ' എന്ന് പ്രഖ്യാപിക്കുന്ന പൊട്ടൻ ദൈവം ഉദ്ഘോഷിക്കുന്നത് വംശീയതയുമാകാൻ സാധ്യതയില്ല. കള്ളനും കള്ളിയും അടുപ്പവും പ്രണയവുമുള്ളിടത്ത് നേരെ വിപരീതാർത്ഥത്തിലുപയോഗിക്കുമ്പോൾ പക്ഷികളോടുള്ള പ്രണയവും അടുപ്പവുമാണ് പിന്നിലെന്ന് ആർക്കെങ്കിലും സംശയമായാലോ? മണ്ണാത്തിയും കുറവനും മുണ്ടനും തണ്ടാനും ചാത്തനും വേർതിരിവും അധിക്ഷേപവുമാണെന്നു വാദത്തിനു സമ്മതിച്ചാലും സാമൂഹ്യശാസ്ത്രപരമായും ഭാഷാപരമായും ആ വാദത്തിനു നിലനിൽപ്പുണ്ടോയെന്നു കൂടി ചർച്ച ചെയ്യേണ്ടി വരും.

    ഇന്ത്യയിലെമ്പാടുമുള്ള പൂമ്പാറ്റകളുടെ പേരുകളെക്കുറിച്ചന്വേഷിക്കുമ്പോൾ അവ ഇംഗ്ളീഷ് പേരുകൾ ഇന്നും ബ്രിട്ടീഷ് ഭരണത്തിന്റെ തികഞ്ഞ ഹാങ്ഓവറിൽ നിന്നും ഒട്ടും മുക്തമായിട്ടില്ല. എമ്പററും (Golden Emperor, Tawny Emperor,,) രാജയും (Black Rajah,,) ബാരണും ‍(Common Baron,,,)ബാരണറ്റും (Baronet) ഡ്യൂക്കും (Red Spot Duke,,)ആർച്ച് ഡ്യൂക്കും (Arch Duke)ഡച്ചസ്സും (Blue Duchess)മാർക്വിസും (Marquis) വിസ്കൗണ്ടും (Viscount) പ്രിൻസും (Black Prince) നവാബും (Common Nawab,,,) ഏളും (Common Earl) ജോക്കറും (Joker) ജസ്റ്ററും (Jester,,,)അകമ്പടിക്കും സുരക്ഷയ്ക്കും സെയിലറും (Sailor,,)ലാസ്ക്കറും (Lascar,,) അഡ്മിറലും (Admiral,,)കോൺസ്റ്റബിളും (Constable) കൊമ്മഡോറും (Commodore) ഇന്നും മലകളിലും താഴ്‍വരകളിലും തെന്നിനീങ്ങുന്നുണ്ട്. സാമ്രാജ്യത്വത്തിന്റെയും ദുഷ്പ്രഭുത്വത്തിന്റെും അധിനിവേശത്തിന്റെയും കൊടിയടയാളങ്ങളായി കാണണോ വൈവിധ്യത്തിന്റെയും പ്രൗഢിയുടേയും വർണ്ണസങ്കലനത്തിന്റെയും മനോഹാരിതയായിക്കാണണോ എന്നുള്ളത് കാഴ്ചക്കാരന്റെ ഇഷ്ടം. സമീപകാലത്തായി നിഗ്ഗർ (Nigger- Medus Bushbrown), കൂൺ (Coon- Indian Dusky Partwing) എന്നീ പൂമ്പാറ്റ പേരുകളിലെ വംശീയാധിക്ഷേപം തിരിച്ചറിഞ്ഞ് മറ്റു പേരുകളിലേക്ക് മാറിയെങ്കിലും പലയിടത്തും പഴയതു തന്നെ ഉപയോഗിക്കപ്പെടുന്നുമുണ്ട്.

    അബദ്ധധാരണകളാലോ തെറ്റിദ്ധരിക്കപ്പെട്ടോ വന്നുപെട്ട പേരുകളുണ്ടെന്നത് വാസ്തവം തന്നെ. ഇവയെക്കുറിച്ചുള്ള നിഗമനങ്ങളിലേക്കും തീ‍ർപ്പുകളിലേക്കും എത്തിച്ചേരുന്നതിന്നു മുന്നേ ഈ പേരുകൾ എങ്ങിനെ വന്നു എന്നുള്ളതുകൂടി പരിഗണിക്കേണ്ടതുണ്ടെന്നു തോന്നുന്നു. ചിലതൊക്കെ പ്രാദേശികമായി ഉപയോഗിച്ചു പ്രചാരം കിട്ടിയതാവണം. ചിലതു പ്രത്യേകതകളുടെ സൂക്ഷ്മനിരീക്ഷണത്തിൽ നിന്നും ആരൊക്കെയോ പരുവപ്പെടുത്തിയതാവണം. സമൂഹത്തിന്റെ സ്വത്വത്തിലും വിശ്വാസങ്ങളിലും കഥകളിലും കയറിനിൽക്കുന്നതാവാം മറ്റു ചിലത്. വാമൊഴിവഴക്കങ്ങളും പ്രാദേശികപ്രയോഗങ്ങളും അതിന്നു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടാവാം. വിവിധ ജനസമൂഹങ്ങളുടെ അറിവുകളുടെ ഈടുവെയ്പ്പിൽ വികസിച്ചുവന്നവയുമുണ്ടാകാം. ഇന്നും ഗുഹകളിൽ താമസിക്കുന്ന നിലമ്പൂർ കാടുകളിലെ പരിമിതാംഗങ്ങൾ മാത്രമുള്ള ചോലനായ്ക്കവിഭാഗക്കാർ നാലഞ്ച് ഇനം ചിവീടുകളെ പേരു ചൊല്ലിവിളിക്കുകയും അവയുടെ ശബ്ദംതിരിച്ചറിഞ്ഞ് മഴക്കാലവും മഞ്ഞുകാലവും ചൂടുകാലവും പ്രവചിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് വിശദമായി വായിച്ചതോർക്കുന്നു. (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2021, ജൂൺ 20-26). ആ പേരുകളോരോന്നും നിശ്ചയിച്ചതിന്ന് ആ പ്രാക്തനസമൂഹത്തിന് കാരണങ്ങളുമുണ്ടായിരുന്നു. കാലൻകോഴിയെ മരമൂങ്ങയാക്കി അന്ധവിശ്വാസനിർമ്മാ‍ർജ്ജനത്തിനു കോപ്പുകൂട്ടുമ്പോൾ വേലികൾ വൻമതിലുകൾക്ക് വഴിമാറിയപ്പോൾ വേലിത്തത്തകളെ മതിൽപക്ഷികളായും അമ്പലപ്രാവുകളെ പാറപ്രാവുകളായും മാറ്റേണ്ടി വരുമോയെന്നത് ന്യായമായ ചോദ്യമാവുന്നുണ്ട്. വിഷുപ്പക്ഷിയും സാമ്രാജ്യത്വകഴുകനും വന്യതയിൽ പാടുകയോ നിലവിളിക്കുകയോ ചെയ്യുന്നുമുണ്ട്. 

    ശാസ്ത്രസമൂഹത്തിന് സ്വന്തമായ പേരുകളാവാം. പുതിയ അറിവുകൾക്കനുസരിച്ച് മാറ്റുകയുമാവാം. പ്രാദേശികഭാഷയിലെ പദങ്ങൾക്കുപകരം ഭൂരിഭാഗമാളുകളും ഇംഗ്ളീഷ് സാധാരണപേരുകളും ശാസ്ത്രനാമങ്ങളും ഉപയോഗിക്കുന്നവരാണല്ലോ. ഒരു ജീവിതന്നെ പല പേരുകളിൽ അറിയപ്പെടുന്നതിൽ എന്താണ് പ്രശ്നം? ഗ്രാമ്യപദങ്ങളും പ്രയോഗങ്ങളും സമ്പന്നമാക്കിയ സസ്യജന്തു നാമങ്ങളെ അതുപോലെ അവിടെ വിട്ടേക്കുക. സാങ്കേതികവിദ്യയുടെ വ്യാപനം പ്രാദേശികഭാഷകളുടെയും സംസ്ക്കാരത്തിന്റെയും സംരക്ഷണത്തിനും പോഷണത്തിനും പ്രാധാന്യം തിരിച്ചുകൊണ്ടുവന്ന ഇക്കാലത്ത് അതാവും നല്ലത്. പേരില്ലാത്തവർക്ക് പേരുനൽകുമ്പോൾ രാഷ്ട്രീയ തെറ്റുശരികളും ലിംഗേതര-വർഗേതര പദങ്ങളും തേടിപ്പോവാം. കാലങ്ങൾ കൊണ്ടുണ്ടായ പേരുകൾ പൊടുന്നനെ മാറ്റാൻ തയ്യാറാവുമ്പോൾ ഇക്കാര്യങ്ങൾ കൂടി ഉൾക്കൊണ്ടുള്ള കൂടുതൽ ചർച്ചകളുണ്ടാവണം.


(Published in Malabar Trogon -Newsletter of Malabar Natural History SocietyVol. 20-2&3 2022 MAY-DEC)

.