2021, ഡിസംബർ 29, ബുധനാഴ്‌ച

ഒരു ദേശത്തിന്റെ കഥ

വിഷകന്യക മുഖചിത്രം     1948 ൽ പുറത്തിറങ്ങിയ എസ്.കെ പൊറ്റക്കാട്ടിന്റെ നോവലാണ് 'വിഷകന്യക'. ഒരുപക്ഷെ അദ്ദേഹം ഒരു നോവലിസ്റ്റായി അറിയപ്പെട്ടുത്തുടങ്ങിയത് വിഷകന്യകയുടെ പ്രസിദ്ധീകരണത്തിനു ശേഷമാണെന്നു പറയാം. തിരുവിതാംകൂറിൽ നിന്നും മലബാറിലേക്കുള്ള കൃസ്ത്യൻകുടിയേറ്റമാണ് പ്രതിപാദ്യവിഷയം. ആമുഖത്തിൽ എഴുത്തുകാരൻ തന്നെ സൂചിപ്പിക്കുന്നതുപോലെ "ഐക്യകേരളത്തിന്റെ ആദ്യത്തെപ്പടവുകൾ വെട്ടിയിറക്കിയ തിരുവിതാംകൂർ സഹോദരരുടെ" കഷ്ടപ്പാടുകൾ കൊണ്ടുണ്ടായ സഹതാപമാണ് ഈ നോവലിനു പ്രചോദനം. സുബന്ധിതമായ ഇഴയടുപ്പമോ വികാരതീക്ഷ്ണതയോ വിസ്തരിച്ചുള്ള നിരീക്ഷണങ്ങളോ ഒന്നും നോവലിൽ കണ്ടെന്നുവരില്ല. എങ്കിലും  മലബാറിന്റെ നാൽപ്പതുകളിലെ സങ്കീർണ്ണമായ സാമൂഹ്യവ്യവസ്ഥിതിയിലേക്ക് വെളിച്ചംവീശുന്ന വിവരണങ്ങളാൽ പ്രാധാന്യമുള്ളതാണ് കഥാതന്തു. കഥാപാത്രത്തിന് ജീവിച്ചിരുന്ന ആരുമായും സാമ്യമില്ലെന്നു പ്രഖ്യാപിക്കുന്നുണ്ടെങ്കിലും യഥാർത്ഥ ജീവിതമുഹൂർത്തങ്ങളിൽ നിന്നാണ് അവരൊക്കെ രൂപംകൊള്ളുന്നതെന്ന് അക്കാലത്തെ മലബാറിന്റെ ചരിത്രം പഠിക്കാൻ ശ്രമിച്ചവർക്ക്  എളുപ്പത്തിൽ മനസ്സിലാക്കാവുന്നതെയുള്ളൂ. മലബാർ കുടിയേറ്റം വിഷയമായി പിന്നീട് ധാരാളം പുസ്തകങ്ങൾ പുറത്തുവന്നു. സമീപകാലത്ത് ഏറെ ചർച്ചയായ 'കരിക്കോട്ടക്കരി'യുടെയും  വിഷയവും കുടിയേറ്റവും തദ്ദേശീയരും ഒക്കെത്തന്നെ.

    നാൽപ്പതുകളുടെ പകുതിയിൽ ആരംഭിച്ച തിരുവിതാംകൂറിൽ നിന്നുമുള്ള കൃസ്ത്യൻ ജനതയുടെ കുടിയേറ്റം എഴുപതുകളിനിപ്പുറവും തുടർന്നു. കൃസ്ത്യാനികളോടൊപ്പം പിന്നീടുള്ള വർഷങ്ങളിൽ കുറഞ്ഞസംഖ്യയിൽ നായൻമാരും ഈഴവരും  ഇവിടെയെത്തി. പട്ടിണിക്കും ജീവിതയാതനകൾക്കും പരിഹാരംതേടി  വാഗ്ദത്തഭൂമി തേടിയുള്ള ഈ യാത്ര, ജീവിതസൗകര്യങ്ങൾ പരിമിതമായ അക്കാലത്ത് തിരിച്ചുപോകാനുള്ള  ഒന്നായിരുന്നില്ല. ഘോരവനങ്ങളും ചെങ്കുത്തായ മലനിരകളും നിറഞ്ഞ കണ്ണൂരിന്റെ കിഴക്കൻ മലയോരപ്രദേശങ്ങൾ അക്ഷരാർത്ഥത്തിൽ കന്യാവനങ്ങളായിരുന്നു. ആനയും പുലിയും മറ്റു വന്യമൃഗങ്ങളും യഥേഷ്ടം വിഹരിച്ചിരുന്ന ഇവിടെ മണ്ണിനോട് മല്ലിട്ടു ജീവിതം കുരുപ്പിടിപ്പിക്കാൻ ശ്രമിച്ചവരുടെ കഥകളാണ് എഴുത്തുകാരൻ ചിത്രീകരിച്ചിരിക്കുന്നത്. അവസാനം ആ സമരത്തിൽ തോറ്റു പിൻമാറേണ്ടി വരുന്ന കുടിയേറ്റക്കാരുടെ കഷ്ടപ്പാടുകൾക്കാണ് നോവലിൽ പ്രാമുഖ്യം; വർഷങ്ങൾക്കുശേഷം കഥമാറിയെങ്കിലും. രണ്ടു പകാരങ്ങളെ (പട്ടിണിയും സർ സി.പി എന്ന പട്ടരും!) പേടിച്ച് മലബാറിലെത്തിയവർ മൂന്നു പകാരത്താൽ (പുല്ല്,പന്നി,പനി) ഇവിടെയും തോറ്റെന്ന പ്രസ്താവം ഒരിടത്ത് കാണാം. കുടിയേറ്റക്കാരോടൊപ്പം പള്ളിയും പള്ളീലച്ഛനും മാർഗ്ഗംകൂട്ടലും കൂടെയെത്തുന്നുണ്ട്. കാടിനോടുചേർന്ന കൃഷിയിടങ്ങളിൽ താമസിച്ചിരുന്ന പണിയരും  ഉൾവനങ്ങളിൽ ജീവിച്ചിരുന്ന കരിമ്പാലരും ഇടയ്ക്കിടെ നോവലിൽ പ്രത്യക്ഷപ്പെടുന്നു. ഒപ്പം അവരുടെ അദ്ധ്വാനത്തിന് തുച്ഛമായ പ്രതിഫലം കൊടുക്കുന്ന ഭൂവുടമകളും -നാട്ടുകാരും കുടിയേറ്റക്കാരും ഇതിൽ ഒരുപോലെ. ഭൂവുടമകളായവർ തങ്ങളുടെ ജൻമാവകാശമുള്ള ഭൂമി തുച്ഛമായ വിലയ്ക്ക് കുടിയേറ്റക്കാർക്കു  വിറ്റൊഴിയാൻ ശ്രമിക്കുന്നു. ഉള്ളതെല്ലാം വിറ്റുപെറുക്കി വന്നവർ ജീവിതസമ്പാദ്യം മുഴുവൻ കാടുവാങ്ങാൻ ചെലവഴിക്കുന്നു.

Letter-S K Pottekkad

ഒരുകാലഘട്ടത്തെ പിടിച്ചുലച്ച പ്രചണ്ഢമായ സാമൂഹ്യമാറ്റങ്ങൾ പൊതുവായി ആവിഷ്ക്കരിക്കപ്പെടുന്നുണ്ട് ഇവിടെ. തിരുവിതാംകൂറിലെ പട്ടിണിയും സ്വേച്ഛാധിപത്യപരമായ ഭരണവും കുടിയേറ്റത്തിനു പ്രേരണയായപ്പോൾ ഒട്ടേറെ കാരണങ്ങളാൽ പൊതുവെ അന്ത്യശ്വാസം വലിച്ചുതുടങ്ങിയ മലബാറിലെ ഭൂവുടമാസമ്പ്രദായത്തിന്റെ ചരമപ്പെട്ടിയിലെ അവസാനത്തെ ആണിയാവുന്നുണ്ട് കുടിയേറ്റം. പ്രാതാപമാണ്ട മരുമക്കത്തായ നായർത്തറവാടുകളിലെ കാരണവരും മരുമകനും ഒപ്പം കാര്യസ്ഥനും കൂടി അന്ത്യകൂദാശ ചൊല്ലുന്നത് നൂറ്റാണ്ടുകൾ പലതുകടന്ന ഒരു വ്യവസ്ഥിതിക്ക് കൂടിയാണ്. തുച്ഛമായ പണത്തിന് നൂറുകണക്കിന്നേക്കർ കാട് ചാർത്തിക്കൊടുത്ത് സ്വന്തംകാര്യം നോക്കുന്ന കാരണവൻമാരും കാരണവരറിയാതെ മറ്റുള്ളവർക്ക് തറവാട്ട് സ്വത്ത് കൈമാറുന്ന അനന്തിരവൻമാരും വസ്തുവിൽക്കുന്നവരോടും വാങ്ങുന്നവരോടും ഒരേസമയം കമ്മീഷൻ വാങ്ങുന്ന ഭൂവുടമയുടെ വിശ്വസ്തനെന്നു നടിക്കുന്ന കാര്യസ്ഥനും കേവലകഥാപാത്രങ്ങളല്ല, ഈ മണ്ണിൽ ജീവിച്ചവർ തന്നെയായിരുന്നു. മണ്ണ് കൈമാറ്റം ചെയ്യപ്പെട്ടപ്പോൾ നേർക്കുമനാഥരായവ‍ർ ദൈവങ്ങളായിരുന്നു. അതിരില്ലാത്ത ഭൂസ്വത്തിന് അവകാശികളായിരുന്ന വിഷ്ണുവും ശിവനും ദേവിയും കുറച്ചുകാലത്തേക്കെങ്കിലും തിരിഞ്ഞുനോക്കാനാളില്ലാത്തവസ്ഥയിലായി. കാട്ടുദൈവങ്ങൾ വെറും പാറക്കല്ലുകളായപ്പോൾ തിരുവായുധങ്ങൾ തുരുമ്പണിഞ്ഞു കാട്ടിലും ആറ്റിലും വലിച്ചെറിയപ്പെട്ടു.നാസ്തികവിശ്വാസങ്ങൾക്കു പൊടുന്നനെ കിട്ടിയ സ്വീകാര്യത ഈ അനാഥത്ത്വത്തിന് മൂർച്ചകൂട്ടി.  

എസ്.കെ പൊറ്റക്കാട് 'വിഷകന്യക'യുടെ ഈറ്റില്ലം എന്നു നോവലിസ്റ്റ് വിശേഷിപ്പിക്കുന്നത് കല്ല്യാട്ട് താഴത്തുവീട്ടു തറവാടുകാരുടെ പടിയൂരും തന്തോടുമുണ്ടായിരുന്ന ബംഗ്ളാവുകളെയാണ്(നൽകിയിരിക്കുന്ന പൊറ്റക്കാട് തന്നെ എഴുതിയ കത്ത് കാണുക). അദ്ദേഹത്തിന്റെ സുഹൃത്തും നിരവധി നായാട്ടുകഥകളെഴുതിയിട്ടുള്ളയാളുമായ എ.കെ ചാത്തുക്കുട്ടിനമ്പ്യാരുടെ (അപ്പനു) അതിഥിയായാണ് അദ്ദേഹം ഇവിടെ താമസിച്ചത്. അക്കാലത്ത് മലബാറിലെ പ്രമുഖമായ ഭൂവുടമകളായിരുന്ന ആ വലിയ മരുമക്കത്തായ തറവാട്, മുഴുവൻ സ്വത്തും അതിലെ നൂറിൽപ്പരം അംഗങ്ങൾക്കിടയിൽ വിഭജിക്കുന്നതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾ ചെയ്യുന്നകാലത്താണ് പൊറ്റക്കാട് അവിടെയെത്തുന്നത്. പതിറ്റാണ്ടുകളായി ഏകശിലാഘടനയിൽ മുന്നോട്ടുപോയിരുന്ന തറവാടിന്റെ വിഭജനം കുടുംബാംഗങ്ങളിലും വിശാലമായ പ്രദോശങ്ങളിൽ താമസിച്ചിരുന്ന കുടിയാൻമാരിലും ഉണ്ടാക്കിയിരുന്ന ആഘാതം വളരെ വലുതായിരുന്നു. ഒരു ഭാഗത്ത് കൊടുമ്പിരിക്കൊണ്ട സ്വാതന്ത്ര്യസമര-ദേശീയ പ്രസ്ഥാനപ്രവർത്തനങ്ങൾ, മറുഭാഗത്ത് പലപ്പോഴും സംഘർഷാവസ്ഥ സൃഷ്ടിച്ച കമ്യൂണിസ്റ്റ് -കർഷക പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ, മറ്റൊരു ഭാഗത്ത് കാരണവരുടെ നടപടികളിൽ പ്രതിഷേധമുള്ള മരുമക്കളും മറ്റുകുടുംബാംഗങ്ങളും, നിയമത്തിന്റെയും ഗവൺമെന്റ് സംവിധാനങ്ങളുടെയും സങ്കീർണ്ണതകൾ. തികച്ചും അസ്വസ്തജനകമായ ഇവയ്ക്കിടയിലാണ് തിരുവിതാംകൂറിൽ നിന്നുള്ള കുടിയേറ്റവും നടക്കുന്നത്. ബാധ്യതകളൊഴിവാകാൻ കിട്ടിയ പണത്തിന് ഭൂമി നൽകി രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു ചില തറവാടുകളെങ്കിലും. അനന്തിരവൻമാരുടെ പ്രതിഷേധം ആളിക്കത്തുന്നതിന് ഇത് കാരണമായി. സംഭവബഹുലമായിരിക്കണം ആ നാളുകൾ. പേരുകൾക്കോ ആളുകൾക്കോ യഥാർത്ഥത്തിലുള്ളരുമായി യാതൊരു ബന്ധവുമില്ലെന്ന് ആവർത്തിക്കുന്നുണ്ടെങ്കിലും താൻ നേരിട്ട് കണ്ടതും കേട്ടതും അനുഭവിച്ചതുമായകാര്യങ്ങളിൽ നിന്നാണ് 'വിഷകന്യക' ജനിച്ചതെന്ന്  വളരെ വ്യക്തം. 

വിജനമായ മലനിരകളിൽ കാട്ടുമൃഗങ്ങൾക്കൊപ്പം താമസിച്ചിരുന്നത് എണ്ണത്തിൽക്കുറഞ്ഞ പണിയരും കരിമ്പാലരും അടങ്ങിയ ജനവിഭാഗങ്ങൾ മാത്രം. പരിമിതമായ ആവശ്യങ്ങൾ മാത്രമുണ്ടായിരുന്ന വനവാസിസമുദായങ്ങൾക്ക് പരാധീനതകൾക്കപ്പുറം പൊതുസമൂഹത്തിലുണ്ടായിരുന്ന വിശ്വാസ്യത വെളിവാകുന്ന ഒന്നിൽക്കൂടുതൽ സന്ദർഭങ്ങൾ നോവലിൽ കാണാം. മലകളിലെല്ലാം കുരിശുയർന്നപ്പോഴും ഒപ്പം കാട്ടുമരങ്ങൾ റബ്ബറിനു വഴി മാറിയപ്പോഴും മലഞ്ചെരിവുകളിലെല്ലാം  പള്ളികളും പള്ളിക്കൂടങ്ങളുമുയർന്നപ്പോഴും 'മലയാളംകാടു'കളിലും 'കരിക്കോട്ടക്കരി'കളിലും 'മണിപ്പാറ'കളിലും യഥാർത്ഥ അവകാശികളൊതുങ്ങിപ്പോവുകയും പതുക്കെ എണ്ണിയെണ്ണിക്കുറയുകയും ചെയ്തു. ഭാഷയും സംസ്ക്കാരവും അന്യവൽക്കരിക്കപ്പെട്ടപ്പോൾ  തുടിതാളവും മുളന്തണ്ടീണങ്ങളും മലമുകളിലെ മണിനാദങ്ങളിൽ അലിഞ്ഞില്ലാതായി. പ്രാക്തനവിശ്വാസത്തിന്റെ പോതിത്തറകളും മാണിഭഗവതിയുടെ കരിമ്പാറക്കൂട്ടങ്ങളും പെരുവെള്ളപ്പാച്ചിലിലും വനജീവിതങ്ങൾ തുഴഞ്ഞുകയറിയ മാണിക്കടവുകളും ജീവനിശ്വാസത്തിന്റെ ഭാഗമായിരുന്നവർ. പുതുമണ്ണിന്റെയും ഒപ്പം വിശ്വാസത്തിന്റെയും വിതയ്ക്കും വിളവെടുപ്പിനുനിടയിൽ ഇങ്ങിനിവരാത്തവണ്ണം മണ്ണിന്നാഴത്തിലേക്ക് ആഴ്ന്നുപോയത് അവർ കൂടിയായിരുന്നു. ഒരുപക്ഷെ ആ നിഷ്ക്കളങ്കജീവിതങ്ങളെക്കുറിച്ചുള്ള ഗവേഷണപ്രബന്ധങ്ങളാണ് ഇനി അവശേഷിക്കുന്നത്. കമ്യൂണിസ്റ്റ്പച്ചയുടെയും കൊങ്ങിണിച്ചെടികളുടെയും അധിനിവേശത്തിൽ തഴുതാമയും വനജ്യോൽസ്നയും നാടുനീങ്ങുന്നത് പ്രകൃതിനിയമം.

ജനിച്ചനാടും വീടും കുടിയുംവിട്ട് ലക്ഷ്യമില്ലാത്ത ദേശാടനത്തിനുതുനിഞ്ഞവരുടെ ധൈര്യവും ദൃഢനിശ്ചയവും പരാമർശിക്കപ്പെടാതിരിക്കുന്നത് അനീതിയാവും. കാട്ടാനകളും കാട്ടുപോത്തും വിളയാടുന്ന കാനനഭൂമിയിലേക്ക് തിരിയുമ്പോൾ സ്വന്തം ജീവിതം മാത്രമല്ല, സ്വന്തക്കാരുടെ മുഴുവൻ ജീവിതവും വെച്ച് അമ്മാനമാടുകയായിരുന്നു അവർ. കഠിനാധ്വാനവും ദൃഢനിശ്ചയവും   കൂട്ടുചേർന്നപ്പോൾ മണ്ണിൽ കനകംവിളയിക്കുവാനും ജീവിതം കരുപ്പിടിപ്പിക്കുവാനും അവർക്കായി. ദൈവവിശ്വാസം അവർക്ക് ജീവതപ്രതീക്ഷയേകി, മതപുരോഹിതർ കൂട്ടായ്മയും സമർപ്പിതനേതൃത്ത്വവും ഒരുക്കി. ഒരിരുപത്തഞ്ച് വർഷങ്ങൾക്കുശേഷമാണ്  പൊറ്റക്കാട് ഈ ജീവിതം പറയുന്നതെങ്കിൽ 'വിഷകന്യക' എന്ന പേര് 'അമൃതകന്യക' എന്നോ 'സ്വർഗകന്യക' എന്നോ ആക്കിമാറ്റിയേനെയെന്ന്  ആരെങ്കിലും അഭിപ്രായപ്പെട്ടാൽ  അതിലതിശയോക്തി ഒട്ടുമില്ലതന്നെ. കാടിന്നും കാട്ടുമൃഗങ്ങൾക്കുമിടയിൽ ജീവിതം കരുപ്പിടിപ്പിച്ചവരുടെ പിൻമുറക്കാർ ജീവിതവിജയം നേടി. വിയർപ്പ് വളമാക്കി മണ്ണിൽ പൊന്നുവിളയിച്ചു. അജപാലകർ തെളിച്ചവഴിയെ  പള്ളികളും പള്ളിക്കൂടങ്ങളുമുണ്ടാക്കി. പ്രേഷിതപ്രവർത്തകരും കർത്താവിന്റെ മണവാട്ടികളും സർവ്വകാര്യങ്ങളിലും മുന്നിട്ടിറങ്ങി. വർണ്ണവസ്ത്രങ്ങളണിഞ്ഞ കുട്ടികളും ശുഭ്രവസ്ത്രം ധരിച്ച സ്ത്രീകളും പുരുഷൻമാരും ഞായറാഴ്ചകളിൽ ദേവാലയങ്ങളിലൊരുമിച്ചുചേർന്ന് സഹനത്തിന്റെയും പ്രതീക്ഷയുടെയും ആവേശം നിറച്ചു. കുഞ്ഞാടുകളുടെ സംഘടിതവോട്ടിനും നോട്ടിനും മുന്നിൽ ജനാധിപത്യസംവിധാനങ്ങളും രാഷ്ട്രീയപാർട്ടികളും വീണുതൊഴുതു. നാൽപ്പതുകൊല്ലത്തോളം കോട്ടയത്തിരുന്നുകൊണ്ട്  മലയോരത്തിന്റെ ഭാഗധേയം നിർണയിക്കുന്ന ജനപ്രതിനിധിയെ തികച്ചും ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കുന്നതുവരെയെത്തി ആ ആത്മബന്ധം. ഇനികാണില്ലെന്നു കരുതി കൂട്ടുപിരിഞ്ഞവരെയും ബന്ധംമുറിച്ചവരെയും വീണ്ടുമൊരുമിച്ചുചേർക്കാൻ തീവണ്ടികളും മറ്റുവാഹനങ്ങളും രാത്രിപകലാക്കി. 'ഹോളിഫാമിലി'യും 'നിർമല'യും കിഴക്കുനിന്നും വൈകുന്നേരങ്ങളിൽ മലയിറങ്ങുന്നവരെ  സൂര്യനുദിക്കുമ്പോഴേക്കും കോട്ടയത്തും മൂവാറ്റുപുഴയിലും പാലയിലും തങ്ങളുടെ പൂർവ്വികസ്വപ്നഭൂമികളിലെത്തിച്ചു, തിരിച്ചും. പൂർവ്വികർ വിഷമിച്ചു നൂണും നുഴഞ്ഞും നടന്നുതാണ്ടിയ ഊടുവഴികളിലൂടെ ഇന്ന് മാനന്തവാടിയിലേക്കും വെള്ളരിക്കുണ്ടുകളിലേക്കും കൊന്നക്കാടുകളിലേക്കും ലിമിറ്റ‍ഡ്സ്റ്റോപ്പ് ബസ്സുകൾ പറപറക്കുന്നു. നരിനിരങ്ങിയ മലമേടുകളിൽ നവഎൻജിനീയ‍മാ‍ർ ഭാവിരൂപരേഖകൾ വരച്ചുചേർത്തു. ആതുരശ്രുശ്രൂഷാരംഗത്തെ മാലാഖമാരായി രാജ്യത്തും ലോകമാകെയും പ്രവർത്തിക്കുന്നവരിൽ മഹാഭൂരിപക്ഷവും കുടിയേറ്റക്കാരുടെ മക്കൾ. മണ്ണിൽ സ്വർണം വിളയുന്നത് സ്വപ്നമാക്കിയവ‍രുടെ പിൻമുറക്കാർ ഇന്ന് ഐ.ഐ.ടികളിലും ഐ.ഐ.എമ്മുകളിലും ആ സ്വപ്നം യാഥാർത്ഥ്യമാക്കുന്നു.അധ്യാപനപരിശീലനവും തൊഴിൽപരിശീലനവും തൊട്ട് പുരോഹിത-പ്രേഷിതപ്രവർത്തകരെ നിർമിച്ചെടുക്കുന്ന സെമിനാരികളും മഠങ്ങളും വരെ കാടുതെളിഞ്ഞ് പട്ടണമായിടങ്ങളിലൊക്കെ നിറഞ്ഞു.

    'വിഷകന്യക' അങ്ങിനെ 'ഒരു ദേശത്തിന്റെ കഥ' കൂടെയായിത്തീരുന്നു,സമാനദേശങ്ങളുടെ കഥകളും. അവിടങ്ങളിലെ  ഇന്നത്തെ വർത്തമാനത്തിൽ ബോധപൂർവ്വവും അല്ലാതെയും വിസ്മൃതിയിലാക്കപ്പെട്ടവ. മാറ്റങ്ങൾ പ്രകൃതി നിയമത്തിന്റെ ഭാഗമാണ് എന്നും എവിടെയും. ചില മാറ്റങ്ങൾ ചിലർക്ക് സന്തോഷകരമാവും മറ്റു ചിലർക്ക് ദുഃഖദായകവും.ചില മാറ്റങ്ങളുണ്ടാക്കുന്ന പുറന്തള്ളലുകളും തുടച്ചുനീക്കലുകളും ചരിത്രവിദ്യാർത്ഥിക്ക് കൗതുകകരമായ വസ്തുതകളാണ്, അത് ചിലതിന്റെ എന്നെന്നേക്കുമായുള്ള പറിച്ചുമാറ്റലും.

2021, ജൂൺ 28, തിങ്കളാഴ്‌ച

ഇനി ഞാൻ തള്ളട്ടെ -

ഉദ്യോഗസ്ഥൻമാരുടെ സർ‍വ്വീസ് കഥകൾ അനുവാചകരെ ആക‍‍ർഷിക്കാറുണ്ട്,പ്രത്യേകിച്ചും അധികാരത്തിന്റെ ഉന്നതശ്രേണികളിലിരുന്നു ഭരണവ്യവസ്ഥയുടെ അണിയറനീക്കങ്ങളെ നിയന്ത്രിക്കാൻ കെൽപ്പുണ്ടായിരുന്ന ആളുകളുടെ. പലരും വിരമിച്ചതിന്നു ശേഷം എഴുതുന്ന പുസ്തകങ്ങൾ അറിവിനേക്കാളേറെ വിവാദത്തിനു കാരണമാകാറുമുണ്ട്. കിരൺബേദിയുടെ "ഞാൻ ധൈര്യപ്പെടുന്നു" എന്ന പുസ്തകവും അൽഫോൻസ് കണ്ണന്താനത്തിന്റെ "ഇന്ത്യ- മാറ്റത്തിന്റെ ഇടിമുഴക്കം" എന്ന പുസ്തകവും ടി. എൻ ശേഷന്റെ പുസ്തകങ്ങളും ഒക്കെ അതത് കാലഘട്ടത്തിന്റെ കഥകൾ പറയുന്നവ കൂടിയാണ്. ഐ. പി.എസ് ഉപേക്ഷിച്ച് രാഷ്ട്രീയക്കാരനായിത്തീർന്ന 'സിംഹം' എന്നറിയപ്പെട്ടിരുന്ന കെ അണ്ണാമലൈയുടെ “Stepping beyond Khaki” യും ഡിജിപിയായി റിട്ടയർ ചെയ്ത ജേക്കബ് തോമസ്സിന്റെ "സ്രാവുക‍ൾക്കൊപ്പം നീന്തുമ്പോൾ" എന്ന പുസ്തകവും അടുത്തിടെ പുറത്തിറങ്ങി പുസ്തകവിൽപ്പനയിൽത്തന്നെ വാ‍ർത്തകൾ സൃഷ്ടിച്ചവയാണ്. ഇവയിൽ മിക്കതും എഴുതിയവരുടെ സർവ്വീസ് കാലയളവിനുശേഷം എഴുതിയതോ പൂ‍ർത്തിയാക്കിയതോ ആയ പുസ്തകങ്ങളാണ്. എന്നാൽ സർവ്വീസിനിടയിൽത്തന്നെ സ്വന്തം അനുഭവങ്ങളും തന്റെതു മാത്രമായ പരിഷ്ക്കാരങ്ങളും വിശദമാക്കിക്കൊണ്ട് ഐ.എ.എസ് ഓഫീസറായ പ്രശാന്ത് നായർ എഴുതിയ "കളക്റ്റർ ബ്രോ- ഇനി ഞാൻ തള്ളട്ടെ" എന്ന പുസ്തകം ഇക്കഴിഞ്ഞ മാസം (2021 മെയ്) പുറത്തിറങ്ങുകയുണ്ടായി. രണ്ടു വ‍ർഷം കോഴിക്കോട് കലക്റ്ററായിരുന്നപ്പോൾ അദ്ദേഹത്തിന്റെ നേതൃത്ത്വത്തിൽ ചെയ്ത കാര്യങ്ങളും വിജയിച്ചതും പരാജയപ്പെട്ടതും ആയ പരിഷ്ക്കാരങ്ങളും വിമ‍ർശനങ്ങളും എതി‍ർപ്പുകളും ഒക്കെ ആ പുസ്തകത്തിന്റെ ഇരുന്നൂറിൽപ്പരം പേജുകളിലായി വിവരിക്കപ്പെടുന്നു.

സാമൂഹ്യമാധ്യമങ്ങൾ വഴി നിരന്തരം ജനങ്ങളുമായി സംവദിച്ച് അവരുടെ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടുക വഴിയാണ് പ്രശാന്ത് നായർക്ക് 'കലക്റ്റ‍ർ ബ്രോ' എന്ന പേരു ലഭിക്കുന്നത്. ഇന്നത്തെപ്പോലെ സ‍ർക്കാരുകൾ സാമൂഹ്യമാധ്യമങ്ങളെ  ഉപയോഗിക്കാതിരുന്ന അക്കാലത്ത് ഔദ്യോഗിക ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് ധൈര്യപൂ‍ർവ്വം അവയെ പൊതുജനസംവാദത്തിനുപയോഗിച്ച് സ്വയം പഥപ്രദർശകനായി എന്നത് ഒരുപക്ഷെ അദ്ദേഹത്തിന്റ വെറും "തള്ള"ല്ല. ഫേസ്‍ബുക്ക് കലക്റ്റർ എന്ന രൂക്ഷവിമർശനം നേരിട്ട അദ്ദേഹത്തിനെതിരെ രാഷ്ട്രീയപാർട്ടികൾ ചന്ദ്രഹാസമിളക്കി. പിന്നീട് അതിവേഗം നാട്ടിലെ രാഷ്ട്രീയപ്പാർട്ടികളും നേതാക്കളും സാമൂഹ്യമാധ്യമങ്ങളിൽ സജീവമാകുന്നതും തിരഞ്ഞെടുപ്പു പ്രചരണം പോലും ഇത്തരം മാധ്യമങ്ങളുപയോഗിച്ചാക്കുന്നതും നാം കണ്ടു. ഒരു പക്ഷെ കേരളം ഇന്ത്യക്ക് പിന്നിൽ നടന്ന ഒരു പ്രതിഭാസം കൂടിയാണ് ഇത് എന്ന് പറയാം. 2014 ലെ പൊതുതിരഞ്ഞെടുപ്പേ തൊട്ടു തന്നെ ദേശീയതലത്തിൽ ഈ മാധ്യമങ്ങൾ നിർണായക പങ്ക് വഹിച്ചപ്പോൾ കേരളത്തിലെ നേതാക്കൻമാരും പാർട്ടികളും ഇതിലേക്ക് കാലെടുത്തുവെച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. ആ ഘട്ടത്തിൽ തന്നെ ട്വിറ്റ‍ർ പോലുള്ള മാധ്യമങ്ങളുപയോഗിച്ച് കേന്ദ്രസ‍ർക്കാർ റെയിൽവെ തുടങ്ങിയ മന്ത്രാലയങ്ങളിൽ സമൂല പരിവർ‍‍ത്തനത്തിന് നാന്ദി കുറിച്ചിരുന്നു. ഇന്ന് പോരാളിഷാജിമാരും കാവിപ്പടക്കാരും സ്വന്തം പാർട്ടികളെപ്പോലും വിഷമത്തിലാക്കി ഈ രംഗത്ത് തികഞ്ഞ ജനാധിപത്യം കൊണ്ടുവന്നുവെന്നതു മറ്റൊരു കാര്യം. ആർക്കും ആരുടെയും നിയന്ത്രണത്തെ പേടിക്കാതെ എന്തും പരസ്യമായി എഴുതാനും വെല്ലുവിളിക്കാനും ഉള്ളതും ഇല്ലാത്തതും പ്രചരിപ്പിക്കാനും അവസരം നൽകുന്ന സാമൂഹ്യമാധ്യമങ്ങൾക്ക് മൂക്കുകയറിടാൻ ആലോചനകൾ നടക്കുന്നിടത്ത് എത്തി നിൽക്കുന്നു കാര്യങ്ങൾ. അവിടെയാണ്  തികച്ചും ഔദ്യോഗിക സംവിധാനത്തിന്റെ എല്ലാ സാങ്കേതികതകളും സങ്കീ‍ർണ്ണതകളും  മറികടന്ന് അദ്ദേഹം തികച്ചും ജനകീയനാവുന്നത്. ആകാവുന്നിടത്തോളം ചോദ്യങ്ങൾക്ക് സ്വയം തന്നെ ഉത്തരം നൽകി, വാക്കുകൾ സൂക്ഷിച്ചുപയോഗിച്ച് ഫേസ്‍ബുക്കിൽ നിറഞ്ഞുനിന്ന ആ കാലത്തെക്കുറിച്ച് രസകരമായ രീതിയിൽ അദ്ദേഹം വിവരിക്കുന്നുണ്ട്.

പുസ്തകത്തിന് അവതാരിക എഴുതിയ മാന്യദേഹം സംസ്കൃത സുഭാഷിതം ഉദ്ധരിച്ച് സൂചിപ്പിച്ചതുപോലെ അയോഗ്യരായി ഈ ഭൂമിയിൽ ആരുമില്ലെന്നും അവരെ ശരിയായ രീതിയിൽ കൂട്ടിച്ചേർത്ത് ഉപയോഗിക്കാൻ കഴിവുള്ള ആളുകളുടെ എണ്ണമാണ് കുറവെന്നും ഉള്ള വസ്തുത ശരിയായ രീതിയിൽ ഉൾക്കൊണ്ടാണ് കലക്റ്റർ ബ്രോ എല്ലാ കാര്യങ്ങളും മുന്നോട്ടു കൊണ്ടുപോകുന്നത്. തന്റെ സഹപ്രവർത്തകരേ ഓരോരുത്തരേയും പൂ‍ർണ്ണമായി മനസ്സിലാക്കി, അവരുടെ കഴിവുകൾക്കനുസരിച്ച് വിവിധ മേഖലകളിൽ അവരെ പ്രയോജനപ്പെടുത്തുക എന്നുള്ളത് നേതൃസ്ഥാനത്ത് വിജയകഥകൾ രചിക്കുന്നവരുടെ ലക്ഷണമത്രെ. കസേലയിൽ ഇരുന്ന് സ‍ർവ്വീസ് ചട്ടങ്ങളെന്ന അച്ചടക്കത്തിന്റെ വടിവാൾ വീശി കാർക്കശ്യം നടപ്പിലാക്കുന്ന സർക്കാർ മേലുദ്യോഗസ്ഥൻമാ‍രാണല്ലോ ഭൂരിപക്ഷവും. സ്വയം സന്നദ്ധരായി കൂട്ടായ്മയോടൊത്ത് ചേർന്നവരെയും വിദ്യാർത്ഥികളെയും സന്നദ്ധപ്രവർത്തകരെയും ഇന്റേർൺഷിപ്പിനെത്തിയവരെയും ഒക്കെ കൂട്ടി വലിയൊരു മുന്നേറ്റം സാധ്യമാക്കിയത് അത്തരത്തിലൊരു സമീപനം കൊണ്ടാണെന്ന് തീർച്ച. എന്നിരുന്നാലും ചിലയിടങ്ങളിൽ താപ്പാനകൾക്കെതിരെ മേലുദ്യോഗസ്ഥനെന്ന നിലയിൽ അറ്റകൈപ്രയോഗം നടത്തേണ്ടി വന്നതിനെക്കുറിച്ചും അദ്ദേഹം പരാമ‍ർശിക്കുന്നുണ്ട്.

ഔദ്യോഗിക സന്ദർശനത്തിനിടയിൽ കുതിരവട്ടം മാനസികരോഗാശുപത്രിയിൽ പോയി കണ്ട കാഴ്ചകൾ തീർത്തും ഹൃദയസ്പൃക്കായി കുറേയേറെ പേജുകളിൽ വിവരിക്കുന്നുണ്ട്. കൊടുംവേദനയോടും കുറ്റബോധത്തോടും ലജ്ജയോടും കൂടി മാത്രമേ ആർദ്രമാനസ‍ർക്ക് ആ വരികളിലൂടെ കടന്നുപോകാൻ സാധിക്കൂ. ഏതോ ഒരു ദുർബ്ബല നിമിഷത്തിൽ മനസ്സിന്റെ നേരിയ നൂൽപ്പാലത്തിൽ കാലോ കൈയ്യോ വിട്ട് തൂങ്ങിയാടുന്നവരെ, കാലവും ചികിൽസാരീതികളും സമീപനങ്ങളും സമൂല പരിവ‍ർത്തനത്തിനു വിധേയമായിട്ടും നാം എങ്ങിനെയാണ് കൈകാര്യം ചെയ്തുവന്നത് എന്നത് ‍‍ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. അതിലെന്തങ്കിലും മാറ്റം വരുത്താൻ ഇറങ്ങിത്തുനിഞ്ഞ ഒരു ജില്ലാ കലക്റ്റർക്കുപോലും എന്തൊക്കെ വെല്ലുവിളികളാണ് നേരിടേണ്ടി വന്നത് എന്ന് അറിയുമ്പോൾ ജനാധിപത്യത്തിലും നീതിബോധത്തിലും ഒക്കെ ആർക്കെങ്കിലും വിശ്വാസം നഷ്ടപ്പെട്ടാൽ അവരെ കുറ്റം പറയാനാവില്ല. ചുവന്ന നാടകൾക്കുള്ളിൽ നിത്യസുഷുപ്തിയിലായ എത്രയെത്ര ജീവിതങ്ങളാണ് നമുക്ക് ചുറ്റും. ഒട്ടനവധി മേഖലകളിലാണ് അദ്ദേഹത്തിന്റെ കണ്ണെത്തിയതും കൈവെച്ചതും. ചിലത് വിജയിച്ചു; മറ്റു ചിലത് പരാജയപ്പെട്ടു. "ഓപ്പറേഷൻ സുലൈമാനി" എന്ന പേരു ചൊല്ലി, വിശക്കുന്നവർക്ക് ഭക്ഷണം നൽകാനുള്ള പദ്ധതിയിൽ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻകാരെയാണ് മുൻനിരയിൽ നിർത്തിയത്. കുട്ടികളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിന്ന് ബസ്സുടമകളെയും ബസ്സ് തൊഴിലാളികളെയുമാണ് അദ്ദേഹം സമീപിച്ചത്. ഓട്ടോറിക്ഷ ഓടിക്കുന്നവരെ അൽപമൊന്ന് പൊക്കി അവരിലും കൂടുതൽ സേവന മനോഭാവമെത്തിക്കാൻ ശ്രമമുണ്ടായി. സാമൂഹ്യക്ഷേമ പരിപാടികൾക്കായി "കംപാഷണേറ്റ് കോഴിക്കോട് " എന്ന പദ്ധതിക്കായി പണക്കാരെയും സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരെയും സമീപിച്ചു, അവ‍ർ നി‍ർലോപം സഹായിച്ചു. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഇടയ്ക്കുള്ള ലിംഗഭേദവും ലിംഗബോധവും സൃഷ്ടിക്കുന്ന പ്രശ്നങ്ങളും സ്ത്രീകളുടെ സുരക്ഷിതമായ രാത്രനടത്തവും മിഠായിത്തെരുവിന്റെ തനിമയും പ്രൗഢിയും നിലനിർത്താനുള്ള സംരംഭവും,  തുടങ്ങി രണ്ടു വർഷത്തെ തന്റെ തനതു പ്രവർത്തനങ്ങളൊക്കെ തനതു ശൈലിയിൽ വിവരിക്കുന്നത് തികച്ചും പാരായണക്ഷമമെന്ന് പറയണം. പുസ്തകം തുറന്നാൽ അവസാന താളിലെത്തി മാത്രം വായിച്ചവസാനിപ്പിക്കാൻ തോന്നുന്ന ആക‍ർഷകമായ ശൈലിയിലാണ് രചന.

അവസാനപുറവും വായിച്ചു തീർന്നപ്പോൾ രണ്ടു രീതിയിലുള്ള ചിന്തകളാണ് അവശേഷിച്ചത്. മഹത്തായ നമ്മുടെ ജനാധിപത്യത്തിന് എഴുപത്തഞ്ചിന്റെ നിറവെത്തുമ്പോഴും ഭരണസംവിധാനങ്ങളും, പിടിപാടുകളോ രാഷ്ട്രീയക്കാരുടെ പിൻതുണയോ ഇല്ലാത്ത സാധാരണക്കാരം തമ്മിലുള്ള അകൽച്ച എത്ര വലുതാണ് എന്നതാണ് അതിലൊന്ന്. ആ വിടവുകൾ നികത്താനാണല്ലോ ഇദ്ദേഹം തന്റെ തനത് ശൈലിയിലൂടെ ശ്രമിച്ചത്. സുജനമര്യാദകൊണ്ടെന്നോണം താൻ തുടങ്ങിവെച്ച പ്രവർത്തനങ്ങൾ തന്റെ പിൻഗാമികൾ ഭംഗിയിൽ എറ്റെടുത്തു നടത്തുന്നുവെന്ന് അദ്ദേഹം പലയിടത്തും കുറിക്കുന്നുണ്ടെങ്കിലും അത് കേവലം ഭംഗിവാക്കായിരിക്കുമെന്ന് സാധാരണക്കാരായ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. രണ്ടാമത്തെ ചോദ്യം അൽപം കൂടി അപകടം പിടിച്ചതാണ്; പൗരൻമാർക്ക് യഥാർത്ഥത്തിൽ ആവശ്യമുള്ളതും അവകാശപ്പെട്ടതും നൽകാൻ പണക്കാരന്റെയും കീശക്ക് കനമുള്ളവന്റെയും സഹായം - അത് എത്ര തുറന്ന മനസ്സോടെയുള്ളതാണെങ്കിലും - തേടേണ്ടി വരികയാണെങ്കിൽ ഇക്കാണുന്ന സംവിധാനങ്ങളെല്ലാം പരാജയമാണെന്ന് ആരെങ്കിലും പറഞ്ഞാൽ നാമെന്തു മറുപടി നൽകും?

വിദ്യാർത്ഥികളും അധ്യാപകരും ഉത്തരവാദസ്ഥാനങ്ങളിലിരിക്കുന്നവരും അവശ്യം വായിക്കുകയും ഉൾക്കൊള്ളുകയും ചെയ്യേണ്ടതാണ് "ഇനി ഞാൻ തള്ളട്ടെ". ഗ്രന്ഥകാരൻ തന്നെ സൂചിപ്പിക്കുന്നതു പോലെ, നിങ്ങളുടെ തീരുമാനങ്ങൾ നിസ്വരിൽ നിസ്വരെ എങ്ങിനെ ബാധിക്കുമെന്ന് മാത്രം നോക്കി മുന്നോട്ടു പോവുക എന്ന മഹാത്മാഗാന്ധിയുടെ രക്ഷാമന്ത്രം അധികാരസ്ഥാനത്തുള്ള എല്ലാവരെയും നയിച്ചാൽ നന്ന്.

2021, ജൂൺ 16, ബുധനാഴ്‌ച

അറിയപ്പെടാത്ത ചരിത്രം......

(1852 ൽ വടക്കേ മലബാറിലെ മട്ടന്നൂരിലും കല്യാടുമായി നടന്ന കലാപങ്ങളെക്കുറിച്ച് ബ്രിട്ടീഷ് രേഖകളിൽ നിന്നും മറ്റും ശേഖരിച്ച വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ കുറിപ്പ്)

പത്തൊൻപത്- ഇരുപത് നൂറ്റാണ്ടുകളിലായി കേരളത്തിൽ, പ്രത്യേകിച്ച് മലബാറിൽ ധാരാളം മാപ്പിള ലഹളകൾ നടന്നിട്ടുണ്ട്. ഹൈദരലിയുടെയും ടിപ്പുസുൽത്താന്റെയും മലബാർ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നിരവധി കലാപങ്ങളും കൂട്ടത്തോടെയുള്ള മതപരിവർത്തനങ്ങളും ക്ഷേത്രങ്ങൾക്കും വീടുകൾക്കും നേരെ ആക്രമണങ്ങളും അരങ്ങേറി എന്നതും ചരിത്രവസ്തുതയാണ്. ജീവനും സ്വത്തും തങ്ങളുടെ പൂർവ്വികരിൽ നിന്നും കൈമാറി കിട്ടിയ വിശ്വാസവും സംരക്ഷിക്കുന്നതിന്നു വേണ്ടി വിവിധ സമുദായങ്ങളിലെ ഒട്ടേറെ ആളുകൾ കുടുംബാംഗങ്ങളെയും കൂട്ടി തിരുവിതാംകൂറിലേക്ക് ഓടി രക്ഷപ്പെട്ടതും ചരിത്രവസ്തുതയാണ്. 1799 ൽ ബ്രിട്ടീഷുകാർ ടിപ്പുവിനെ പൂർണമായും പരാജയപ്പെടുത്തിയതോടുകൂടി നേരത്തെ നാടുവിട്ടു പോയ പലരും മലബാറിലേക്ക് തിരിച്ചു വന്നു. അപ്പോഴേക്കും അന്യാധീനപ്പെട്ട സ്വത്തുക്കളും മറ്റും വീണ്ടെടുക്കാനുള്ള തിരിച്ചെത്തിയവരുടെ നേരിട്ടും അല്ലാതെയും ഉള്ള ശ്രമങ്ങളും അവയെ ചെറുത്തുനിൽക്കാനുള്ള പരിശ്രമങ്ങളും മലബാറിനെ മാപ്പിള കലാപങ്ങളുടെ വേദിയാക്കി മാറ്റി എന്ന് ചില ചരിത്രകാരൻമാർ അഭിപ്രായപ്പെടുന്നു. 
        
    ഉത്തരമലബാറിൽ രേഖപ്പെടുത്തപ്പെട്ട ആക്രമസംഭവങ്ങൾ താരതമ്യേന കുറവായിരുന്നു. എങ്കിലും ടിപ്പുവുമായി ബന്ധപ്പെട്ട് ക്ഷേത്രധ്വംസനങ്ങളുടെയും ആക്രമണങ്ങളുടെയും കഥകൾ ധാരാളമായി പ്രചാരത്തിലുണ്ട്. ടിപ്പുവിന്റെ പടയോട്ടത്തിൽ തകർന്നതെന്നു വിശേഷിപ്പിക്കുന്ന നിരവധി ക്ഷേത്രങ്ങളും ദേവസ്ഥാനങ്ങളും എല്ലാ നാട്ടിലും കാണാം, അതുമായി ബന്ധപ്പെട്ട അതിശയോക്തി കലർന്നതും അല്ലാത്തതുമായ കഥകളും. കൂടാളി താഴത്തുവീട് ആക്രമണവുമായി ബന്ധപ്പെട്ട സംഭവങ്ങളും ആത്മാഭിമാന സംരക്ഷണത്തിനായി അന്നത്തെ തറവാട്ടുകാരണവരുടെ ജീവത്യാഗവും  കൂടാളിയിലെ തറവാട്ടുകാര്യസ്ഥന്റെ ധീരമായ പോരാട്ടത്തിനുശേഷമുള്ള  ആത്മസമർപ്പണവും, ആ പോരാളി  'കൂടാളി വീരൻ' തെയ്യത്തിന്റെ രൂപത്തിൽ കാലമേറെക്കഴിഞ്ഞും ജനഹൃദയങ്ങളിൽ ദോവതാസങ്കൽപമായി മാറിയതും ഒക്കെ അങ്ങിനെയാണ്. ബ്രിട്ടീഷുകാരുടെ ആധിപത്യകാലത്തും ഇത്തരം കലാപങ്ങൾ ഇടയ്ക്കിടെ ആവർത്തിച്ചു. മിക്കതും രക്തരൂഷിതവും ആൾനാശമുണ്ടാക്കിയതും ആയിരുന്നു.  1921 ലെ മലബാർ കലാപത്തോടെയാണ് അത്തരത്തിലുള്ള അവസ്ഥയ്ക്ക്  ശമനം വന്നതെന്ന് പറയാം. മലബാർ കലാപം സ്വാതന്ത്ര്യ സമരമായിരുന്നോ, കർഷകസമരമായിരുന്നോ, തികഞ്ഞ വർഗീയകലാപമായിരുന്നോ അല്ല ഇതൊക്കെ ചേർന്നതായിരുന്നോ എന്നതിനെക്കുറിച്ച് ചരിത്രകാരൻമാരും സാമൂഹ്യനേതാക്കൻമാരും അന്നും ഇന്നും വ്യത്യസ്ത അഭിപ്രായം വച്ചു പുലർത്തുന്നവരാണ്.  കണ്ണൂ‍ർ ജില്ലയിലെ കിഴക്കൻ മലയോര മേഖലയിൽ ധാരാളം ഭൂസമ്പത്തും പ്രതാപവും ഉണ്ടായിരുന്ന പുരാതന നായർ തറവാടാണ് കല്ല്യാട് താഴത്തു വീട്. ഈ വീടുമായി ബന്ധപ്പെട്ട് അത്തരം ഒരു ആക്രമണം നടന്നിരുന്നു എന്ന വസ്തുത ഇന്നത്തെ തലമുറയ്ക്ക് വിസ്മൃതിയിലായ ഒരു കഥയാണ്. 1852 ൽ താഴത്തുവീട് ആക്രമിക്കാൻ വന്ന  ഏറനാട്ടു നിന്നുള്ള മാപ്പിള കലാപകാരികളുമായുള്ള രക്തരൂഷിതമായ പോരാട്ടവും ഏറ്റുമുട്ടലിനൊടുവിൽ നടന്ന കലാപകാരികളുടെ മരണവും ആണ് ഇവിടെ പ്രതിപാദിക്കുന്നത്. പ്രായമായവരുടെയും നാട്ടുകാരുടെ ഇടയിലും   വാമൊഴിക്കഥകളായി പ്രചാരത്തിലുണ്ടായിരുന്ന ഈ സംഭവകഥ ഇന്ന് കെട്ടുകഥയാണെന്ന രീതിയിൽ പലപ്പോഴും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഭീകരമായ ആ ആക്രമണത്തെക്കുറിച്ച് മലബാർ കലക്റ്ററായിരുന്ന വില്യം ലോഗൻ തന്റെ മലബാർ മാനുവലിൽ(1887) പരാമർശിച്ചിട്ടുണ്ട്1. പിന്നീട് പ്രൊഫ. കെ എൻ പണിക്കർ   Against Lord and State-Religion and Peasant Uprisings in Malabar 1836-1921എന്ന പുസ്തകത്തിൽ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്2. വസ്തുതകൾ സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് വ്യാഖ്യാനിക്കുന്ന ചരിത്രകാരൻമാരുടെ രീതി കൊണ്ടോ പ്രത്യേകിച്ച് രാഷ്ട്രീയ നേട്ടമൊന്നും കിട്ടാനില്ല എന്ന കാരണം കൊണ്ടോ  ഈ സംഭവങ്ങൾക്ക് വേണ്ടത്ര പ്രാധാന്യംകിട്ടിയില്ല എന്നു പറയേണ്ടിവരും. എങ്കിലും തറവാട്ടിനെ സംബന്ധിച്ചും അതിന്റെ വിശാലമായ സ്വാധീന മേഖലകളെയും അവിടത്തെ ജനങ്ങളെയും സംബന്ധിച്ചും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കിയ ഒരു സംഭവമായിരുന്നു അത്. ആ  ചെറുത്തുനിൽപ്പിന്റെ അനന്തരഫലം മറ്റൊന്നായിരുന്നുവെങ്കിൽ അത് ഒരു ദേശത്തിന്റെ ആകെ ചരിത്രത്തെ വഴിതിരിച്ചു വിട്ടേനെ. 

        പ്രസ്തുത ആക്രമണത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട എല്ലാ സംഭവങ്ങളെക്കുറിച്ചും വളരെ വിശദമായി ബ്രിട്ടീഷ് അധികാരികൾ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. നാടിന്റെ എല്ലാ ഭാഗങ്ങളിലും നടക്കുന്ന സംഭവങ്ങളെക്കുറിച്ച് ഈസ്റ്റിൻ‍ഡ്യാ കമ്പനിയുടെ തെക്കേ ഇന്ത്യയിലെ ആസ്ഥാനമായിരുന്ന മദ്രാസിലെ സെന്റ് ജോർജ് കോട്ടയിലേക്ക്   ഉദ്യോഗസ്ഥൻമാർ അതതുസമയങ്ങളിൽ വിശദമായ കത്തുകളയച്ചിരുന്നു.  1849 മുതൽ  1853 വരെ മലബാറിൽ നടന്ന മാപ്പിള കലാപങ്ങളെക്കുറിച്ചുള്ള  കത്തിടപാടുകൾ ആധികാരികമായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് (Correspondence of Moplah Outrages in Malabar for the  year 1849-53)3. അതിൽ 1852 ൽ കല്യാട്ടു നടന്ന സംഭവങ്ങൾ വിശദമായി വിവരിച്ചുകൊണ്ട് മലബാർ മജിസ്ട്രേട്ടുമാരായിരുന്ന ‍ഡി. എലിയട്ട്,  വി. കനോലി, മലബാറിലെ ആക്റ്റിങ് ജോയന്റ് മജിസ്ട്രേട്ട് ഡബ്ലിയു. റോബിൻസൺ എന്നിവർ  കമ്പനിക്കെഴുതിയ ഔദ്യോഗിക കത്തുകൾ കാണാം. മദ്രാസിലെ ആസ്ഥാനത്തു നിന്നുള്ള നിർദ്ദേശമനുസരിച്ച്  റോബിൻസൺ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ കല്ല്യാട് നേരിട്ടെത്തിയാണ് വിവരശേഖരണം നടത്തിയത് എന്നുള്ളത് ആ സംഭവത്തിന്റെ പ്രാധാന്യവും അന്ന് കല്ല്യാട് തറവാട്ടിനുണ്ടായിരുന്ന പ്രാമുഖ്യവും സൂചിപ്പിക്കുന്നു എന്ന് നിസ്സംശയം പറയാം. 

വില്യം ലോഗൻ ആ സംഭവത്തെക്കുറിച്ച് വിവരിക്കുന്നത് ഇങ്ങനെ, “ 1852 ജനവരി 4 ന് ഇരുന്നൂറോളം വരുന്ന ജനക്കൂട്ടത്തിന്റെ അകമ്പടിയോടെ ഏറനാട്ടിൽ നിന്നുമുള്ള പതിനഞ്ച് കലാപകാരികൾ മട്ടന്നൂർ കളത്തിൽ കേശവൻ തങ്ങൾ എന്ന ജൻമിയുടെ വീട് ആക്രമിച്ചു. ആ വീട്ടിലെ ആകെയുണ്ടായിരുന്ന പതിനെട്ട് പേരെയും കൊലപ്പെടുത്തിയ ആക്രമകാരികൾ , മറ്റ് രണ്ടു പേരെ മുറിവേൽപ്പിക്കുകയയും വീട് അഗ്നിക്കിരയാക്കുകയും ചെയ്തു. പിന്നീട് തനിച്ചിറങ്ങിയ അക്രമി സംഘം അ‍‍ഞ്ചോളം ഹിന്ദു ക്ഷേത്രങ്ങൾ അശുദ്ധമാക്കുകയും നശിപ്പിക്കുകയും നാലു പേരെ കൊലപ്പെടുത്തുകയും ചെയ്തതിന്നു ശേഷം സമ്പന്നനും സ്വാധീനമുള്ളവനുമായ കല്ല്യാട് നമ്പ്യാരുടെ കല്ല്യാടംശത്തിലുള്ള ഭവനത്തിലേക്കു നീങ്ങി. ഇക്കാര്യത്തെക്കുറിച്ച്  മുൻകൂട്ടി സൂചന കിട്ടിയതിനാൽ മേജർ ഹോഡ്‍ജസണിന്റെ നേതൃത്വത്തിലുള്ള പതിനാറാം റജിമെന്റിലെ രണ്ട് കമ്പനി പട്ടാളവും  യൂറോപ്യൻ സൈനികർ മാത്രം അടങ്ങിയ നൂറുപേരടങ്ങിയ തൊണ്ണൂറ്റിനാലാം റജിമെന്റും കണ്ണൂരിൽ നിന്നും കല്ല്യാടേക്ക് പുറപ്പെട്ടു. പക്ഷെ ആ സൈന്യം അവിടെയെത്തുന്നതിനു മുമ്പേ തന്നെ  മതഭ്രാന്തൻമാരായ എല്ലാ ലഹളക്കാരെയും കല്ല്യാട് നമ്പ്യാരുടെ ആളുകളും അവരുടെ അനുചരൻമാരായ നാട്ടുകാരും ചേർന്ന്  കൊലപ്പെടുത്തിയിരുന്നു.4

ഈ ആക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഉദ്യഗസ്ഥതലത്തിൽ ഏറെ കത്തിടപാടുകൾ നടന്നു എന്ന് മേൽ പ്രസ്താവിച്ച രേഖകളിൽ നിന്നും വായിച്ചെടുക്കാം. 1852 ജനുവരി 28 ന് മലബാറിലെ മജിസ്ട്രേട്ടായ ഡി. എലിയട്ട് സംഭവങ്ങളുടെ പശ്ചാത്തലത്തെക്കുറിച്ച് വിശദമായി റിപ്പോർട്ടു ചെയ്യുന്നു5"വടക്കെ മലബാറിലെ കോട്ടയം താലൂക്ക് ഏറെക്കാലമായി സമാധാനവും ശാന്തിയും കളിയാടിയിരുന്ന പ്രദേശമാണ്. പഴശ്ശിയുടെ പോരാട്ടങ്ങൾക്കു ശേഷം പൊതുവെ എല്ലാവരും കമ്പനിയുടെ നിയമവാഴ്ചയെ അംഗീകരിച്ച് ശാന്തരായി ജീവിക്കുന്നു. പക്ഷെ കഴിഞ്ഞ കുറച്ച് നാളുകളായി, കലാപകലുഷിതമായ മലബാറിലെ തെക്കൻ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്ന ഏതാനും മാപ്പിള കലാപകാരികളും അവരോടൊപ്പം ചേർന്ന തദ്ദേശീയരായ ഏതാനും ആളുകളും ചേർന്ന് കൂടുതൽ ക്രൂരതയോടു കൂടി കോട്ടയം താലൂക്കിൽ രക്തരൂഷിതമായകലാപങ്ങൾ നടത്തുന്നു. തെക്കെ മലബാറിൽ ചില സംഭവങ്ങളിലായി കഴിഞ്ഞമാസങ്ങളിൽ ആകെ 21 പേർ കൊല്ലപ്പെട്ടപ്പോൾ ഇത്രയും നാൾ ശാന്തമായിരുന്ന വടക്കെ മലബാറിലെ മട്ടനൂരിൽ നടന്ന ഒറ്റ സംഭവത്തിൽ ഒരു വീട്ടിലെ 18 പേർ ഒരുമിച്ചു കൊല്ലപ്പെട്ടു.  മട്ടനൂർ തങ്ങളുടെ വീടക്രമിച്ച കലാപകാരികൾ അവിടെയുള്ള ആണുങ്ങളെയും സ്ത്രീ ജനങ്ങളെയും കുട്ടികളെയും വേലക്കാരെയും യാദൃച്ഛികമായി എത്തിച്ചേർന്ന അതിഥികളെയും ഒക്കെ തങ്ങളുടെ കൊലക്കത്തിക്കും തോക്കിനും ഇരയാക്കി. ഒരു പള്ളി നിർമാണത്തിന് സ്ഥലം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചെറിയ ഒരു തർക്കം മാത്രമാണ് തങ്ങളുമായി ബന്ധപ്പെട്ട് നാട്ടുകാർക്കുണ്ടായിരുന്നത്. ഏറനാട്ടിൽ നിന്നുള്ള ആയുധാരികളായ കലാപകാരികൾക്കൊപ്പം നാട്ടുകാരായ മാപ്പിളമാരും ഈ ആക്രമണങ്ങളിൽ ധാരാളമായി പങ്കെടുത്തു. ഹിന്ദുക്കൾ തങ്ങളുടെ സുരക്ഷയെക്കരുതി വീടുകളിൽ നിന്നും ഓടിപ്പോയതുകൊണ്ട് മാത്രമാണ് മരണസംഖ്യ വീണ്ടും കൂടാത്തത്".

മട്ടനൂരിലെ സംഭവങ്ങൾക്കു ശേഷം പരിസരപ്രദേശമായ കല്ലൂരിലും നായ്ക്കാലിയിലും ആക്രമണങ്ങൾ നടത്തിയ സംഘം കല്ല്യാടേക്കു നീങ്ങുകയാണുണ്ടായത്. നേരത്തെ സൂചിപ്പിച്ചതുപോലെ അവിടെ നടന്ന ഏറ്റുമുട്ടലിൽ എല്ലാ കലാപകാരികളും കൊല്ലപ്പെട്ടു.  

നാടിനെയാകെ പിടിച്ചുലച്ച ആ സംഭവങ്ങളെക്കുറിച്ച്  മലബാർ മജിസ്ട്രേറ്റായ എച്ച്. വി കനോലിയും  വിശദമായി റിപ്പോർട്ട് തയ്യാറാക്കി. ആ റിപ്പോർട്ടിൽ ആക്രമണങ്ങളെപ്പറ്റിയുള്ള വിവരണങ്ങളോടൊപ്പം ധീരമായി ചെറുത്തു നിൽപ്പിനു നേതൃത്ത്വം നൽകിയ കല്യാട്ട് അനന്തനും അനന്തരവനായ കമ്മാരനും അർഹമായ പാരിതോഷികങ്ങളും ആദരവും കൊടുക്കേണ്ടതിനെക്കുറിച്ചും വിശദമാക്കുന്നു. ഇത്തരം ആക്രമങ്ങളെ കമ്പനി സൈന്യത്തെ  ഉപയോഗിച്ചു മാത്രം ചെറുത്തു നിൽക്കാനോ ഇല്ലാതാക്കാനോ കഴിയില്ലെന്നും പ്രാദേശികമായി നാട്ടുകാരുടെ നേതൃത്ത്വത്തിൽ കല്ല്യാട് നടന്നത് പോലുള്ള ചെറുത്തുനിൽപ്പുകൾ മാത്രമേ പരിഹാരമുള്ളൂ എന്നും ഡി. എലിയട്ടിന്റെ റിപ്പോർട്ടിൽ പറയുന്നു. ലഹളകളുടെ ചരിത്രത്തിൽ ആദ്യമായാണ് ലഹളക്കാർക്ക് വലിയ തിരിച്ചടി ലഭിക്കുന്നത്. അതിനാൽ ആ ചെറുത്തുനിൽപ്പിൽ പങ്കെടുത്ത ഓരോരുത്തരെയും തിരിച്ചറിഞ്ഞ് അർഹിക്കുന്ന സമ്മാനങ്ങൾ നൽകണം.ഈ ആവശ്യത്തിനായി നിയോഗിക്കപ്പെട്ടത് ആക്റ്റിങ് ജോയന്റ് മജിസ്ട്രേറ്റായ ‍ഡബ്ളിയു. റോബിൻസൺ ആയിരുന്നു. അദ്ദേഹം നേരിട്ട് സ്ഥലം സന്ദർശിച്ചു നൽകിയ റിപ്പോർട്ടിൽ വളരെ വിശദമായി അവിടെ നടന്ന സംഭവങ്ങൾ ദൃക്സാക്ഷികളിൽ നിന്നും മറ്റുമായി ശേഖരിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം ആ ലഹളയിൽ നേരിട്ടു പങ്കെടുത്ത എല്ലാവ‍ർക്കും നേരത്തെ നിശ്ചയിച്ച പാരിതോഷികത്തിൽ നിന്നും കൂടിയ പണം പാരിതോഷികമായി നൽകണമെന്നും റോബിൻസൺ ശുപാർശ ചെയ്തു.  ആ റിപ്പോർട്ടിൽ കല്യാട് നടന്ന സംഭവങ്ങളുടെ വിവരണം  താഴെ പറയുന്ന രീതിയിലാണ് .

"കല്യാട്ട് അനന്തന്റെ വീട്ടിൽ ആക്രമണം നടന്നത് ജനുവരി 8നാണ്. എല്ലാ ലഹളക്കാരെയും കല്യാട്ട് അനന്തന്റെ ആളുകൾ കൊലപ്പെടുത്തിയിട്ടുണ്ട്. കോട്ടയം താലൂക്കിൽ മാപ്പിളകലാപകാരികൾ എത്തിയ വിവരം നേരത്തെ അറിഞ്ഞതു കൊണ്ടു തന്നെ ഏതു സമയവും ഒരു ആക്രമണവും പ്രതീക്ഷിച്ചായിരുന്നു എല്ലാവരും നിന്നിരുന്നത്. കല്യാട്ട് അനന്തൻ ഇരിക്കൂർ പട്ടണത്തിലുള്ള തന്റെ സ്ഥലം ചില വ്യക്തികൾ കൈയ്യേറിയത് സംബന്ധിച്ച ഒരു കേസ് കുറച്ച് വ‍ർഷങ്ങളായി നടത്തുന്നുണ്ടായിരുന്നതിനാൽ അവിടെ അദ്ദേഹത്തിന് ചില ശത്രുക്കൾ ഉണ്ടായിരുന്നു. അവരുടെ സഹായത്തോടെ എന്തെങ്കിലും അതിക്രമങ്ങൾ പ്രതീക്ഷിച്ചിരുന്നു. 1852 ജനുവരി 7 നു രാത്രി അദ്ദേഹത്തിന്റെ  വീട്ടിനു നാനൂറ് വാരയകലെയുള്ള ഒരു വീട്ടിൽ കലാപകാരികൾ എത്തിച്ചേർന്നു. 
ഏഴാം തീയതി ആക്രമി സംഘം വൈകുന്നേരം നാലു മണിയോടെ മട്ടന്നൂരിൽ നിന്നുമുള്ള വഴിയിൽ   നായിക്കാലി ക്ഷേത്രത്തിലെത്തുകയും അവിടെ ക്ഷേത്രം ആക്രമിച്ചു അശുദ്ധമാക്കുകയും ചെയ്തു. അവിടെ നിന്നും ഒരു മണിക്കൂർ കൊണ്ട് സംഘം കല്ല്യാടെത്തി. ലഹളക്കാർ കല്യാടെത്തുമ്പോഴേക്കും നേരത്തെ ഇതേക്കുറിച്ച് സൂചന ലഭിച്ച കാരണവരായിരുന്ന കല്യാട്ട് അനന്തനും അദ്ദേഹത്തിന്റെ അനന്തിരവൻ കമ്മാരനും സ്ത്രീകളെയും കുട്ടികളേയും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ച് വീടിന്റെ സംരക്ഷണത്തിനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തിട്ടുണ്ടായിരുന്നു. ലഹളക്കാരെ എതിരിടാൻ ബന്ധുക്കളും നാട്ടുകാരും ഉൾപ്പെട്ട ഇരുന്നൂറോളം ആളുകൾ തോക്കുകളും കുന്തങ്ങളും കൈയ്യിലേന്തി വീടിനു ചുറ്റുമുള്ള പ്രദേശങ്ങളിലെ കാടുകളിലും പരിസരത്തും നിലയുറപ്പിച്ചു. കല്യാട്ട് അനന്തൻ സമൂഹത്തിൽ വലിയ   സ്വാധീനവും സമ്പത്തും ഉള്ള വ്യക്തിയായിരുന്നു. കൂടാതെ  ആ അംശത്തിന്റെ അധികാരികൂടി ആയിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്   ആ പ്രദേശത്തെ ഹിന്ദുക്കളെ ജാതി വ്യത്യാസമില്ലാതെ ഒരുമിച്ചു ചേർക്കാൻ സാധിച്ചു. 
പ്രധാന കെട്ടിടത്തിന് പുറമേ ആ പരിസരത്ത് ധാരാളം കെട്ടിടങ്ങൾ ഉണ്ടായിരുന്നു. അതിലൊന്ന് ഇരുനിലകളുള്ള ഓടിട്ട ഒന്നായിരുന്നു. ആ കെട്ടിടത്തിന്റെ മുകൾ നിലയിലായിരുന്നു കലാപകാരികളെ നേരിടാൻ തയ്യാറെടുത്തവർ നിലയുറപ്പിച്ചത്. കെട്ടിടങ്ങളുടെ മുകളിൽ പൊതിഞ്ഞ പുല്ലുകളെല്ലാം മുൻകൂട്ടി എടുത്തുകളഞ്ഞും വാതിലുകളും മറ്റും ഭദ്രമായി ബന്ധിച്ചും അവ‍ർ ക്ഷമയോടെ കലാപകാരികളെ കാത്തു നിന്നു. വീടിന് കിഴക്കു വശത്ത് ഓടിട്ട ഒരു വരാന്തയുള്ളത് ആക്രമികൾക്ക് സംരക്ഷണ കവചമായി പ്രവ‍ർത്തിക്കുമോ എന്നുള്ള സംശയം അവ‍ർക്കുണ്ടായിരുന്നു. രാത്രിയിൽ ആക്രമണം നടത്താനായിരുന്നു ആക്രമകാരികളുടെ ആദ്യത്തെ പദ്ധതി. പക്ഷെ കലാപകാരികളെല്ലാം അന്യനാട്ടുകാരായതുകൊണ്ടു  പ്രദേശത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തതാനാലാകാം,  ആ ദിവസം രാത്രി ആക്രമണം  നടന്നില്ല. ഒരുപക്ഷെ മട്ടനൂരിൽ ആക്രമകാരികൾക്കു ലഭിച്ചതു പോലെ, ഇരിക്കൂറിൽനിന്നുമുള്ള  തദ്ദേശീയരായ മാപ്പിളമാരുടെ സഹായം പ്രതീക്ഷിച്ചു കാത്തിരുന്നതുമാകാം.  അന്ന് രാത്രി പെയ്ത അതിശക്തമായ മഴയും കലാപകാരികളെ പിൻതിരിപ്പിക്കാനുള്ള മറ്റൊരു കാരണമായിത്തിർന്നു.
എന്തായാലും എട്ടാം തീയതി രാവിലെ സൂര്യോദയം വരെ കലാപകാരികൾ ആക്രമണത്തിനു തുനിഞ്ഞില്ല. അതിനുശേഷം  വീടിനു പിൻവശത്തുള്ള നെൽവയലിലേക്ക് പ്രവേശിച്ച സംഘം ധൈര്യപൂർവ്വം വീടിന്റെ ചുറ്റുമതിലുകൾ കയറി ആക്രമണം ആരംഭിച്ചു. കലാപകാരികളുടെ കൈയ്യിൽ മൂന്നു തോക്കുകളുണ്ടായിരുന്നു. അതേസമയം വീടിനു കാവൽ  നിന്നവരുടെ  കൈവശം തോക്കുകൾ ഒൻപതെണ്ണമുണ്ടായിരുന്നു. പ്രതീക്ഷിച്ചതു പോലെ തന്നെ ഓടിട്ട വരാന്തയിൽക്കൂടി സുരക്ഷിതമായി കടക്കാൻ കഴിഞ്ഞ കലാപകാരികൾക്ക് വാതിലുകൾ തകർത്ത് വീട്ടിനകത്ത് പ്രവേശിക്കാൻ സാധിച്ചു. പക്ഷേ മുകൾനിലയിലേക്കുള്ള  വാതിലിന്റെ പ്രത്യേകത  കാരണം (trap door എന്നാണ് റിപ്പോർട്ടിൽ ?) അവർ അങ്ങോട്ട് പ്രവേശിക്കാൻ ഭയപ്പെട്ടു. അവിടെയായിരുന്നു കുന്തങ്ങളും തോക്കുകളുമായി എന്തിനും തയ്യാറായി ആക്രമികളെ പ്രതിരോധിക്കാൻ നിയോഗിക്കപ്പെട്ടവർ നിന്നിരുന്നത്.
ഓടിട്ട വരാന്തയുടെയും നീളമേറിയ ചുവരിന്റെയും  മറവിൽ ആക്രമിസംഘം ഏറെനേരം ചെറുത്തുനിന്നു. അവിടെനിന്നും തോക്കിൽ തിരകൾ നിറക്കുകയും പുറമേക്കു നീങ്ങി മുകൾ നിലയിലെ ജനാലകൾക്കു നേരെ വെടിയുതിർക്കുകയും ചെയ്തു. ഇത് വീടിനുള്ളിലുുള്ളവർക്ക് പ്രതിരോധത്തിനുള്ള നല്ല അവസരമായി. അവർ മുകളിൽ നിന്നും ജനാല വഴി താഴെയുള്ളവർക്കുനേരെ വെടിയുതിർത്തു. ഇങ്ങനെ നിരവധി തവണ വെടിയുതിർക്കുകയും പല കലാപകാരികളും ദേഹമാസകലം വെടിയേറ്റു വീഴുകയും ചെയ്തു. കലാപകാരികളാവട്ടെ,  നേരെ മുകളിലേക്ക് ജനാല വഴി തോക്കുപയോഗിച്ചു  ഏറെനേരം ആക്രമണം തുടർന്നെങ്കിലും അത് ഫലം കണ്ടില്ല. 
ആക്രമികളുടെ ആദ്യത്തെ വെടിവെപ്പിൽ തന്നെ പരിസരത്തായി വീടിന് ചുറ്റും കാവൽ നിന്നവ‍ർക്ക് നിന്നിടങ്ങളിൽ നിന്നും  മാറിനിൽക്കേണ്ടി വന്നു. ഏറ്റുമുട്ടൽ നീണ്ടു പോയതനുസരിച്ച്  സമീപത്തുള്ള കെട്ടിടങ്ങളുടെയും മരങ്ങളുടെയും മറപറ്റി, അവരും ചുറ്റുപാടുനിന്നും ലഹളക്കാർക്കുനേരെ  പ്രത്യാക്രമണം തുടങ്ങി. മുകളിൽ നിന്നും വശങ്ങളിൽ  നിന്നും ഒരേ സമയം ആക്രമങ്ങളെ നേരിടുക എന്നത് കലാപകാരികൾക്ക് എളുപ്പമായിരുന്നില്ല. ഇങ്ങനെ മുന്നിൽ നിന്നുമുള്ള ഏറ്റുമുട്ടലിൽ  രണ്ടു പേർ മരിച്ചുവീണു. ഇതോടെ അവശേഷിക്കുന്ന ലഹളക്കാർ കൂടുതൽ അക്രമാസക്തരായി.  അവർ തങ്ങളുടെ  മുന്നിലും വശങ്ങളിലും  നിന്ന് നേരിട്ട നാട്ടുകാരെ പിൻതുടർന്ന് ആക്രമിക്കാൻ ഒരുങ്ങി.  ഇത് വീടിന്റെ മുകളിലത്തെ നിലയിൽ തോക്കേന്തി നിന്നവർക്ക് കാര്യങ്ങൾ എളുപ്പമാക്കി. 
ഈ ഏറ്റുമുട്ടൽ അരമണിക്കൂറിലേറെ നീണ്ടു നിന്നു.  പതിമൂന്ന് ലഹളക്കാർ  അവിടെത്തന്നെ മരിച്ചു വീണു. ജീവൻ അവശേഷിച്ച രണ്ടു പേരിൽ ഒരാൾ അൽപസമയത്തിനു ശേഷം കല്യാടു തന്നെ വെച്ചും രണ്ടാമത്തെയാൾ ചാവശ്ശേരി വെച്ചും അവസാനശ്വാസം വലിച്ചു.” 

നടന്ന സംഭവങ്ങളുടെ വളരെ വിശദമായ റിപ്പോർട്ടാണ് ഇവിടെ നൽകിയിരിക്കുന്നത്. മട്ടന്നൂരിൽ നടന്ന ആക്രമണങ്ങളെക്കുറിച്ച് ഇത്രയും വിശദമായ വിവരണം ഇല്ലാത്തതിന് കാരണം എന്താണെന്നറിയില്ല. തുടർന്ന് റോബിൻസൺ അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ, സ്വന്തം ജീവൻ പണയംവെച്ച് ധീരതയോടെ ആക്രമികളെ നേരിട്ടവർക്കുള്ള പാരിതോഷികങ്ങളെക്കുറിച്ച് ചില ശുപാ‍ർശകൾ നടത്തുന്നതു കാണാം. 

"ഈ അതിരൂക്ഷമായ സംഘട്ടനത്തിനിയടിൽ ആരൊക്കെയാണ് കൃത്യതയോടെ കലാപകാരികളെ ഇല്ലാതാക്കിയത് എന്ന് കണ്ടെത്തുക തീർത്തും ദുഷ്ക്കരമാണ്. കലാപകാരികളെ ഇല്ലാതാക്കുന്നതിൽ ഏറ്റവും പ്രധാന പങ്കു വഹിച്ചത് വീടിന് പുറമേ കാവൽനിന്നവരിൽ നിന്നുള്ള ആക്രമണമാണെന്നു തീർച്ച. പക്ഷെ അത് ചെയ്ത ആളുകൾക്കൊന്നും അത് ചെയ്തത് തങ്ങളാണെന്ന് തിരിച്ചറിയാൻ പറ്റില്ല. എന്തായാലും ഗൃഹസംരക്ഷണത്തിന് ധൈര്യപൂർവ്വം മുന്നിട്ടിറങ്ങിയവർക്ക്  കമ്പനി വക പാരിതോഷികം  കൊടുക്കണം.”

table
ചെറുത്തുനിൽപ്പിൽ പങ്കെടുത്തവരുടെ പട്ടിക

"ഈ ഉജ്ജ്വല പോരാട്ടത്തിന് നേതൃത്ത്വം കൊടുത്തവർക്ക് എല്ലാവർക്കും കൂടി  500 രൂപ നൽകുവാൻ തയ്യാറാവണം. ഈ ചെറുത്തുനിൽപ്പിന് നേതൃത്ത്വം കൊടുത്തവരിൽ   ഏറ്റവും പ്രധാനികൾ കല്യാട്ട് അനന്തന്റെ മൂത്ത സഹോദരന്റെ മകനായ മുണ്ടയാടൻ നമ്പ്യാറും അനന്തന്റെ മൂത്ത മകനായ കാണിയേരി ചാത്തുവുമാണ് . അവരിരുവരും തുല്യ പ്രാധാന്യത്തോടെ ഈ പോരാട്ടം നയിച്ചു. ഇരുന്നൂറ്റി അമ്പത് രൂപ വിലവരുന്ന ഔദ്യോഗിക മുദ്ര അങ്കനം ചെയ്ത സ്വർണവള അവ‍രിരുവർക്കും പാരിതോഷികമായി നൽകാൻ ഞാൻ ശുപാർശ ചെയ്യുന്നു. അവരോടൊപ്പം പോരാട്ടത്തിന്  മുന്നിട്ടിറങ്ങിയ പതിമൂന്നു പേ‍ർ കൂടിയുണ്ടെന്ന്  മനസ്സിലാക്കുന്നു. അവരൊക്കെ തുല്യ നിലയിൽ പാരിതോഷികത്തിന് അർഹരാണ്. നേരത്തെയുള്ള ശുപാർശയിൽ  തോക്കുകളേന്തിയ ഒമ്പതു പേരെ മാത്രമാണ് പാരിതോഷികത്തിന് ശുപാർശ ചെയ്തിട്ടുള്ളത്. അതിൽ രണ്ടു പേ‍ർക്ക് സ്വർണവളകൾ നൽകുന്നതോടെ ബാക്കി വരുന്ന ഏഴു പേർക്ക് പത്ത് പഗോഡ (50 രൂപ) വീതം ആകെ  350 രൂപ കൂടി നൽകാനായിരുന്നു ശുപാർശ ചെയ്തിരുന്നത്. എന്നാൽ മറ്റുള്ളവരെല്ലാവരും ഇതിൽ തുല്യ അവകാശികളാണെന്നിരിക്കെ   തോക്കേന്തിയവർക്ക് പത്ത് പഗോ‍ഡയും (50 രൂപ) വാളും കുന്തവുമായി ആക്രമകാരികളെ നേരിട്ടവർക്ക്  അഞ്ച് പഗോഢയും  (17.50 രൂപ) വീതം വിതരണം ചെയ്യുന്നതായിരിക്കും ഉചിതം".

റോബിൻസൺ തന്റെ തീരുമാനങ്ങൾ മദ്രാസിലേക്ക്  അറിയിക്കുന്നു. അതോടൊപ്പം ആകെ പാരിതോഷികം 850 
രൂപയായി വർദ്ധിപ്പിക്കാനും അദ്ദേഹം എഴുതുന്നു. 1852 ഫെബ്രുവരി 13 ന് മദ്രാസിൽ നിന്നും വന്ന മറുപടി കത്തിൽ 
നായൻമാരിൽ പ്രത്യേകിച്ചും ഹിന്ദുക്കളുടെ ഇടയിൽ പൊതുവായും ഇത്തരം ആക്രമങ്ങൾക്കെതിരെ
ആത്മരക്ഷാർത്ഥമുള്ള ചെറുത്തുനിൽപ്പിന്റെ  ആവേശം നിലനിർത്താൻ  എല്ലാവർക്കും  അമ്പതു രൂപ വീതം
പാരിതോഷികം നൽകേണ്ടതാണെന്ന് നിർദ്ദേശിക്കുന്നതായിക്കാണുന്നു. തോക്കുമായി ലഹളക്കാരെ നേരിട്ടവരിൽ
നേരത്തെ പറഞ്ഞ മുണ്ടയാടൻ നമ്പ്യാരെയും കാണിയേരി ചാത്തുവിനെയും കൂടാതെ തെക്കൻ ചന്തൂട്ടി, തട്ടാൻ കണ്ണൻ,
നെല്ലിപ്പള്ളി ഒതേനൻ, പടപ്പൻ ധർമ്മൻ, വണ്ണത്താൻ അമ്പു, കുഞ്ഞിവീട്ടിൽ കണ്ണൻ, കാരോന്നുമ്മൽ ചന്തു
എന്നിവരാണ് ഉണ്ടായിരുന്നതെന്ന് ആ റിപ്പോർട്ട് പറയുന്നു. കുന്തങ്ങളുമായി ആക്രമികളെ നേരിട്ടതിന്നുള്ള
പാരിതോഷികം ലഭിച്ചത് വെള്ളുവ കോമൻ, മാവില കമ്മാരൻ, വക്കാടൻ നമ്പി, മണത്താനത്ത് കോരൻ,
പാലക്കൽ കോരൻ, കോടിപ്പാടി കോരൻ എന്നീ ആറു പേർക്കാണ്. ( പട്ടിക കാണുക). വ്യത്യസ്ത കുടുംബങ്ങളിലും
വിഭാഗങ്ങളിലും പെട്ട   ആ ആളുകളുടെയെല്ലാം പിൻഗാമികൾ ഇന്നും കല്ല്യാട്- ബ്ളാത്തൂർ പ്രദേശങ്ങളിൽ
താമസിക്കുന്നുണ്ട്. സാമൂഹിക സമരസതയുടെയും ഐക്യത്തിന്റെയും സമഭാവനയുടെയും സന്ദേശം എത്രമാത്രം
രൂഢമൂലമായിരുന്ന കാലമായിരുന്നു അത് എന്നുള്ളതിന്റെ ഉത്തമ നിദർശനമാണ് ആ പട്ടിക. 

കലാപകാരികളെ സംബന്ധിച്ചിടത്തോളം ഇത്തരത്തിൽ ഒരു തിരിച്ചടി ആദ്യമായിട്ടായിരുന്നു, അതും പട്ടാളത്തിന്റെയോ പോലീസിന്റെയോ കൈയ്യിൽ നിന്നല്ലാതെ. കല്യാട്ട് നമ്പ്യാരുടെ നേതൃത്ത്വത്തിൽ നടന്ന ആ അപമാനത്തിന് പകരം ചോദിക്കുമെന്ന തീരുമാനവും പ്രചരണവും ആ ദിവസങ്ങളിൽ തീവ്രമായിരുന്നു. പലയിടങ്ങളിലും ഹിന്ദുക്കൾ ഒന്നടങ്കം കാടുകളിലും മറ്റും ഒളിവിലേക്കു പോയി. ലോഗൻ ആ ദിവസങ്ങളെക്കുറിച്ച് പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്. 

“അഞ്ചരക്കണ്ടിയിലെ ബ്രൗൺ അവർകളിൽ നിന്നും കല്യാട്ട് നമ്പ്യാറിൽ നിന്നും ലഭിച്ച എഴുത്തുകളിൽ നിന്നും ജോയന്റ് മജിസ്ട്രേട്ടിനു മനസ്സിലായത് ഈ സംഘർഷപൂരിതമായ അന്തരീക്ഷം കല്ല്യാട് നമ്പ്യാരുടെ ജീവനും സ്വത്തിനും കാര്യമായ നഷ്ടം ഉണ്ടാക്കാനുള്ള ഉദ്ദേശ്യത്തോട് കൂടിയാണ് കലാപകാരികൾ ആസൂത്രണം ചെയ്യുന്നത് എന്നാണ്. കല്ല്യാട് നമ്പ്യാർ തന്റെ വീടിനെയും ആളുകളെയും സംരക്ഷിച്ചത് മാത്രമല്ല, കലാപകാരികളെ ഒന്നടങ്കം കാലപുരിക്കയക്കാൻ കാരണമായതും അവരിൽ സൃഷ്ടിച്ച ആഘാതം അത്ര വലുതായിരുന്നു. കല്ല്യാട് നിന്നുണ്ടായ ഹിന്ദുചെറുത്തുനിൽപ്പു കാരണം ഉണ്ടായ അപമാനത്തിന് പ്രതികാരം ചെയ്യുമെന്നും  ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ലഹളക്കാരുടെ ഭൗതികാവശിഷ്ടങ്ങൾക്കു മുകളിൽ അവ‍ർക്ക് സ്മാരകം പണിയുമെന്നും അവർ തീരുമാനമെടുത്തിരുന്നു. ഒറ്റ ദിവസം രാത്രി കൊണ്ട്  ഒരു ശവക്കല്ലറ പണിയാൻ ശ്രമിച്ചെങ്കിലും ജോയന്റ് മജിസ്റററേട്ട് ആയിരുന്ന മി.ചാറ്റ്ഫീൽ‍‍ഡിന്റെ നിർദ്ദേശ പ്രകാരം അത് ഉടൻ നശിപ്പിക്കപ്പെട്ടു. അതോടൊപ്പം സംഘർഷപൂരിതമായ അന്തരീക്ഷത്തിന് അയവു വരുത്താനുള്ള മറ്റ് ചില നടപടികളും അദ്ദേഹം കൈക്കൊണ്ടു"6.


കാര്യമായ തിരിച്ചടികൾക്കൊന്നും തയ്യാറാവാതെ പ്രശ്നങ്ങൾ കെട്ടടങ്ങാൻ മറ്റ് പല കാരണങ്ങളും ഉണ്ടായിരുന്നു.  ഒരു പ്രദേശത്തെയാകെ ഹിന്ദുക്കളും ജാതിവ്യത്യാസമില്ലാതെ ഒരുമിച്ചു നിന്നു കലാപകാരികളോടു പോരാടി എന്നത് പ്രധാനപ്പെട്ട കാര്യമായിരുന്നു. മട്ടന്നൂരിൽ തങ്ങളുടെ വീട് ആക്രമണത്തിൽ കലാപകാരികളോടൊപ്പം ധാരാളം തദ്ദേശീയരും ചേർന്നപ്പോൾ കല്ല്യാട് കലാപകാരികളെ സഹായിക്കാൻ ഒരാളെപ്പോലും കിട്ടിയില്ല. ഇരിക്കൂറിലെ മാപ്പിള കച്ചവടക്കാരുമായി നിലനിന്നിരുന്ന ദീർഘകാലത്തെ ബാന്ധവം പ്രാദേശികമായ  വൈരത്തെ എളുപ്പം ശമിപ്പിച്ചു. ഇരിക്കൂർ വളരെ പഴയ മുസ്ലീംകച്ചവട കേന്ദ്രമായിരുന്നെങ്കിലും ആ പ്രദേശത്തെ ഭൂരിഭാഗം ഭൂമിയുടെയും ഉടമസ്ഥത നൂറ്റാണ്ടുകളായി കല്ല്യാട് തറവാട്ടിന്റെ കൈവശമായിരുന്നു. പഴശ്ശിരാജാവിന്റെ സൈന്യത്തോടൊപ്പം കമ്പനിപട്ടാളവുമായുള്ള  പോരാട്ടത്തിന്റെ അവസാന ഘട്ടത്തിൽ അന്നത്തെ കല്യാട്ടു നമ്പ്യാരെ ഇംഗ്ളീഷുകാരിൽ നിന്നും ജാമ്യത്തിലെടുത്തത് ഇരിക്കൂറിലെ മാപ്പിള കച്ചവടക്കാരായിരുന്നു എന്ന് ബ്രിട്ടീഷുകാർ രേഖപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം ബ്രിട്ടീഷുകാരുമായി ആ സമയത്ത് കല്ല്യാട്നമ്പ്യാർക്കുണ്ടായിരുന്ന അടുത്ത ബന്ധം കലാപകാരികളെ പത്തിതാഴ്ത്താൻ പ്രേരിപ്പിച്ച മറ്റൊരു കാരണമായി. 

പ്രമുഖ ചരിത്രകാരനായ കെ.എൻ പണിക്കർ അദ്ദേഹത്തിന്റെ പുസ്തകത്തിൽ കല്ല്യാട് നടന്ന മാപ്പിള ലഹളയെക്കുറിച്ച് വിവരിക്കുന്നുണ്ട് 7. മട്ടന്നൂർ തങ്ങളുടെ വീടാക്രമണത്തിനു ശേഷം ബ്രിട്ടീഷ് പട്ടാളക്കാരോട് ഏറ്റുമുട്ടാൻ പഴശ്ശിയിലേക്കു നീങ്ങിയ ലഹളക്കാരെ കല്ല്യാടേക്ക് നയിച്ചത് വളപ്പിനകത്ത് ഹസ്സൻ കുട്ടി എന്ന ഇരിക്കൂറിലെ ധനികനായ മുസ്ലിം കച്ചവടക്കാരനാണെന്ന് അതിൽ സൂചിപ്പിക്കുന്നു. ഇരിക്കൂറിലെ ഭൂരിഭാഗം ഭൂമിയുടെയും  ജന്മിയായ കല്യാട്ട് തറവാട്ടിലെ അനന്തനുമായി എട്ടുവർഷമായി നിലനിൽക്കുന്ന ഒരു ഭൂമി തർക്കം അദ്ദേഹത്തിനുണ്ടായിരുന്നുവത്രെ. പണിക്കർ സൂചിപ്പിക്കുന്നത് ഇരിക്കൂറിലെ മാപ്പിള ബസാർ മുഴുവൻ നിലനിന്നത് കല്ല്യാട് തറവാട്ടിൽ നിന്നും അവഗണിക്കുകയോ കൈയ്യേറുകയോ നഷ്ടപ്പെടുകയോ ചെയ്ത ഭൂമിയിലായിരുന്നു എന്നാണ്. തന്റെ മുൻഗാമികളുടെ കാലത്ത്  അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാൻ അനന്തൻ നടത്തിയ ശ്രമങ്ങളാണ് ഇരിക്കൂറിൽ അദ്ദേഹത്തിന് ശത്രുക്കളെ ഉണ്ടാക്കിയത്. ഏറ്റുമുട്ടലിൽ അവസാനം കല്യാടു വെച്ചും പിന്നീട് ചാവശ്ശേരി വെച്ചും മരിച്ച രണ്ടുപേർ ആക്രമണത്തിന്റെ കാരണത്തെക്കുറിച്ച് വിവരിച്ചത്,  മട്ടന്നൂരിൽ ആക്രമണം നടത്തിയത് കളത്തിൽ തങ്ങൾ എന്ന ദുഷ്ടനായ ജൻമി പള്ളിക്ക് വേണ്ടി നീക്കിവെച്ച സ്ഥലത്തിന്റെ കാര്യത്തിൽ മാപ്പിളമാരെ വഞ്ചിച്ചതുകൊണ്ടാണെന്നും എന്നാൽ കല്ല്യാട് നമ്പ്യാരോട് പ്രത്യേകിച്ചു വിരോധമൊന്നുമില്ലെന്നുമാണ്. അവരെ അങ്ങോട്ടു നയിച്ചവരുടെ സ്വന്തം താൽപര്യങ്ങൾക്ക് മാത്രമായിരുന്നു ആക്രമണത്തിന് പ്രകോപനമായത് എന്ന് വ്യക്തമാവുന്നു. 
1921 ലെ ലഹളയെക്കുറിച്ച് കേരളാ പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടും ലഹളയുടെ ദൃക്സാക്ഷിയും ആയിരുന്ന  കെ . മാധവൻ നായർ  മലബാർ കലാപം എന്ന തന്റെ പുസ്തകത്തിൽ വിശദമായി എഴുതുന്നുണ്ട്. സത്യസന്ധമായി മുഖംനോക്കാതെ കാര്യങ്ങൾ വിശദീകരിക്കുന്ന അദ്ദേഹത്തിന്റെ പുസ്തകം മരണാനന്തരം മാത്രമേ  പ്രസിദ്ധീകരിക്കാൻ സാധിച്ചുള്ളൂ. പ്രസ്തുത  പുസ്തകത്തിൽ കല്ല്യാട് നടന്ന ലഹളയെപ്പറ്റി മാധവൻനായർ പ്രതിപാദിക്കുന്നുണ്ട്. പക്ഷെ ലഹളസമയത്തെ തറവാട്ട് കാരണവരുടെ പേര് തെറ്റായി കല്യാട്ട് ചാത്തുക്കുട്ടി നമ്പ്യാർ എന്നാണ് പുസ്തകത്തിൽ പ്രതിപാദിച്ചു കാണുന്നത്.  മാധവൻ നായർ എഴുതുന്നു,
“മട്ടന്നൂരിൽ ക്ഷേത്രങ്ങൾ നശിപ്പിക്കുകയും ചിലരെ കൊല്ലുകയും ചെയ്തതതിന്നു ശേഷം ലഹളക്കാർ കല്യാട്ട് ചാത്തുക്കുട്ടി നമ്പ്യാരുമായി ഏറ്റുമുട്ടി. അതിനിടയിൽ ഇവരുടെ നേരെ യുദ്ധത്തിനായി കണ്ണൂരിൽ നിന്നും പട്ടാളം പുറപ്പെട്ടു. പക്ഷെ പട്ടാളം എത്തുന്നതിനു മുമ്പായി കല്യാട്ടു നമ്പ്യാരുടെ ആൾക്കാർ ലഹളക്കാരെ കൊന്നു. ഹിന്ദുക്കൾ ലഹളക്കാരുമായി പൊരുതി ലഹളക്കാരെ നശിപ്പിച്ചതിന്ന് ഈ ദൃഷ്ടാന്തം മാത്രമേ 1836 നു ശേഷം മാപ്പിള ലഹളകളുടെ ചരിത്രത്തിൽ കാണുന്നുള്ളൂ. അതു വടക്കെ മലബാറിൽ ആയിരുന്നു താനും8".

കല്യാടു നടന്ന മാപ്പിള കലാപത്തിന്റെയും അതിന്റെ അനനതര സംഭവങ്ങളുടെയും ചരിത്രപ്രാധാന്യം പല കാരണങ്ങളാൽ ശരിയായരീതിയിൽ മനസ്സിലാക്കപ്പെടുകയോ ചർച്ചചെയ്യപ്പെടുകയോ ഉണ്ടായിട്ടില്ല. പത്തൊൻപതാം നൂറ്റാണ്ടിലെ മാപ്പിള കലാപങ്ങൾ ജൻമി- ഭൂവുടമ പ്രശ്നങ്ങളുമായി ബന്ധിപ്പിച്ച് ചർച്ച ചെയ്യപ്പെട്ടപ്പോൾ അത്തരത്തിൽ നേരത്തെ പ്രശ്നങ്ങളൊന്നും നിലവില്ലാത്തിടത്ത് നടന്ന ലഹളയെന്ന വിശേഷണം ഇതിന്നുണ്ട്.  അതോടൊപ്പം ലഹളയെപ്പേടിച്ച് കാടുകളിലും മറുനാടുകളിലും ഓടിരക്ഷപ്പെട്ട ഒട്ടേറെ കഥകൾക്കിടയിൽ ധീരമായ ചെറുത്തു നിൽപ്പെന്ന നിലയിൽ രേഖപ്പെടുത്തപ്പെടേണ്ട ഒന്നാണ് ഈ സംഭവം.  ഹിന്ദുക്കളുടെ ഇടയിൽ മാപ്പിള കലാപങ്ങൾക്കെതിരെ ഉണ്ടായ ഏക ചെറുത്തു നിൽപ്പായി ഈ സംഭവത്തെ പലരും വിശേഷിപ്പിച്ചിട്ടുണ്ട്.9. ജാതി-സമുദായ ഭിന്നതകൾ കർശ്ശനമായി നിലനിന്നു എന്നു കരുതപ്പെടുന്ന കാലത്ത് അത്തരം വ്യത്യാസങ്ങൾക്കതീതമായുള്ള ഒത്തുചേർന്ന ചെറുത്ത് നിൽപ്പ് പ്രാധാന്യമർഹിക്കുന്നു. ഈ സംഭവത്തിനു ശേഷം ബ്രിട്ടീഷുകാർ പാരിതോഷികങ്ങൾ പ്രഖ്യാപിച്ചവരുടെ പട്ടിക പരിശോധിച്ചാൽ ആ പ്രത്യേകത  മനസ്സിലാവും.  അക്കാലത്തെ തറവാട്ടംഗങ്ങളോടൊപ്പം   താഴ്ന്നതെന്നും കീഴ്ജാതിയെന്നും ഉയർന്നതെന്നും വിശേഷിപ്പിക്കുന്ന  എല്ലാ വിഭാഗങ്ങളിലും പെട്ടയാളുകൾ അതിലുണ്ട്.




1 Logan, W.,Malabar Manual, Volume 2, Reprint 1989, Asian Educational Service.p. 569
2 Panikkar, K.N, Against Lord and State- Religion and Peasant Uprisings in Malabar 1836-1921.,Oxford University Press,p82.
3 Correspondence of Moplah Outrages in Malabar for the year 1849-53, United Scottish Press, 1863.
4 Logan, W.,Malabar Manual, Volume 2, Reprint 1989, Asian Educational Service.p 570
5 Correspondence of Moplah Outrages in Malabar for the year 1849-53, United Scottish Press, 1863.
6 Logan, W.,Malabar Manual, Volume 2, Reprint 1989, Asian Educational Service.p 570
7 Panikkar, K.N, Against Lord and State- Religion and Peasant Uprisings in Malabar 1836-1921.,Oxford University Press,p82
8 മാധവൻ നായർ, കെ, മലബാർ കലാപം pp40
9 Dr. Deepesh V.K, 1921 പാഠവും പൊരുളും,ജൻമഭൂമി ബുക്ക്സ് 2016


2021, ഫെബ്രുവരി 11, വ്യാഴാഴ്‌ച

ബുദ്ധനെ വിഴുങ്ങുന്നവർ

 

ജനതകളുടെ സ്വയംനിർണ്ണയത്തിനും പരമാധികാരത്തിനും ഉള്ള മുറവിളികൾ ലോകത്തിന്റെ പലയിടങ്ങളിലും പലകാലങ്ങളിലും മുഴങ്ങികേൾക്കാറുണ്ട്. ചരിത്രവും സംസ്ക്കാരവും ഒപ്പം വികസനാർത്തിപൂണ്ട മതങ്ങളും അധിനിവേശ പ്രത്യയശാസ്ത്രങ്ങളും ഇവയ്ക്ക് കളമൊരുക്കുമ്പോൾ തീർത്താൽ തീരാത്ത കലാപങ്ങൾക്കും രക്തച്ചൊരിച്ചലുകൾക്കും ദുരിതങ്ങൾക്കും കഷ്ടപ്പാടുകൾക്കും അവ വഴിയൊരുക്കുമെന്നതിന് ഒട്ടനവധി ഉദാഹരണങ്ങൾ ഇന്ന് സജീവമാണ്. വിശാലമായ ദേശീയബോധവും തൃണമൂലതലംവരെയുള്ള ജനാധിപത്യബോധവും നിയമവാഴ്ച്ചയിലുള്ള വിശ്വാസവും മാത്രമേ ഇത്തരം സങ്കീർണ്ണ പ്രശ്നങ്ങൾക്ക് സമാധാനമാവുകയുള്ളൂ എന്നതും വസ്തുതയാണ്. എന്നാൽ സമ്പന്നമായ സംസ്ക്കാരത്തേയും വിശ്വാസങ്ങളെയും സർവ്വാശ്ളേഷിയായ സ്റ്റേറ്റ് ചവുട്ടിമെതിക്കുകയും ജനാധിപത്യത്തിന്റെ ശുദ്ധവായു കിട്ടാതെ കൊട്ടിയടക്കപ്പെടുകയും ചെയ്തിട്ടും സായുധസമരത്തിലേക്ക് തിരിയാതെ സമാധാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ശുദ്ധവായു ശ്വസിക്കാൻ എന്നെങ്കിലും അവസരം ലഭിക്കുമെന്ന പ്രതീക്ഷയോടെ ആത്മവിശ്വാസം കൈവിടാതെ പ്രവർത്തിക്കുന്ന ഒരു ജനതയാണ് ടിബറ്റുകാർ. ഭാരതവുമായി സഹസ്രാബ്ദങ്ങളുടെ ബന്ധം പുല‍ർത്തുന്ന  'ത്രിവിഷ്ടപ’ക്കാർ.

നൂറ്റാണ്ടുകളുടെ സംസ്ക്കാരിക പാരമ്പര്യത്തിനുടമകളായ ടിബറ്റുകാർ അടിസ്ഥാനപരമായി ബുദ്ധമതവിശ്വാസികളാണ്. ബുദ്ധനിലും ധർമ്മത്തിലും സംഘത്തിലും അടിയുറച്ച് ദുർഗമമായ ഭൂപ്രകൃതിയെയും കഠിനമായ ശൈത്യത്തെയും  അതിലംഘിച്ച് കാലയാപനം കഴിച്ചിരുന്ന ടിബറ്റൻ ജനത 1920 കളുടെ രണ്ടാം പകുതിയിൽ ആദ്യമായും 1950 ൽ എന്നേക്കുമായും ചൈനീസ് അധിനിവേശത്തിന് കീഴ്‍പ്പെടുകയാണുണ്ടായത്. മാവോസേതൂങിന്റെ സാംസ്ക്കാരിക വിപ്ളവം തങ്ങളുടെ സംസ്ക്കാരത്തെയും മാനബിന്ദുക്കളെയും തരിപ്പണമാക്കിയപ്പോൾ ആത്മീയ ആചാര്യനായ ദലൈലാമയുടെ നേതൃത്ത്വത്തിൽ  വലിയൊരു സംഘം ഭാരതത്തിലെത്തുകയും താൽക്കാലിക ടിബറ്റൻ പ്രവാസി സർക്കാർ ഇവിടെ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. സാംസ്കാരികമായുള്ള നാഭീനാളബന്ധം, സ്വന്തം നാട്ടിൽ നിന്നും ആട്ടിയോടിക്കപ്പെട്ടവരോട് സഹാനുഭൂതി കാണിക്കാൻ ഭാരതത്തെ പ്രേരിപ്പിച്ചെങ്കിലും ചൈനയുടെ കണ്ണുരുട്ടലും പ‍ഞ്ചശീലങ്ങളിലൂടെ നല്ലവരായി അറിയപ്പെടാനുള്ള ആഗ്രഹവും അന്നത്തെ ഭരണാധികാരികളെ പലതവണ ചിന്തിപ്പിച്ചുവെന്നത് ചരിത്രം. എങ്കിലും ഭാരതത്തിൽ അമ്പതിലേറെ പ്രത്യേക കേന്ദ്രങ്ങളിലായി ഒരു ലക്ഷത്തിലധികം ടിബറ്റൻ അഭയാർത്ഥികൾ സ്വന്തം നാടിനെക്കുറിച്ചുള്ള സ്വപ്നവുമായി കഴിഞ്ഞുകൂടുന്നു. 

കമ്യൂണിസ്റ്റ് ചൈന സാമ-ദാന-ഭേദ-ദണ്ഢങ്ങളിലൂടെ അന്നു തൊട്ടിന്നേവരേ ആ ജനതയെ തങ്ങളുടെ ഭാഗമായി മാറ്റാൻ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നു. ടിബറ്റിന്റെ വിശാലമായ ഭൂവിഭാഗങ്ങളിൽ  അധിനിവേശത്തിനു കീഴടങ്ങാതെ ഇന്നും ഒരു വലിയ വിഭാഗം തങ്ങളുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നു. ബുദ്ധമതത്തിന്റെ ആചാരപദ്ധതികളിൽ  മുഴുകി ജീവിതസമർപ്പണം നടത്താൻ തയ്യാറായി കുടുംബാംഗങ്ങൾ തങ്ങളുടെ മക്കളെ മൊണാസ്ട്രികളിലേക്കയക്കുന്നു. കൊടും മനുഷ്യാവകാശ ലംഘനങ്ങളും പീഢനങ്ങളും ഇരുമ്പു മറയ്ക്കുള്ളിൽ നിരന്തരം നടക്കുന്നു. ഇന്ത്യയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഉള്ള ടിബറ്റൻ ജനത വ്യത്യസ്ത മാർഗങ്ങളിലൂടെ ഇക്കാര്യങ്ങൾ ലോകശ്രദ്ധയിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടർന്നു കൊണ്ടേയിരിക്കുന്നു. വിവിധ തരത്തിലുള്ള വേദികളിലൂടെ ടിബറ്റിനായുള്ള ശബ്ദം മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. ഇരുമ്പു മറയ്ക്കുള്ളിലെ ഭീകരതയേക്കുറിച്ച് പുസ്തകങ്ങളും സിനിമകളും ഡോക്യുമെന്ററികളും ധാരാളമായി ലഭ്യമാണ്. ഭാരതത്തിലുൾപ്പടെയുള്ള ടിബറ്റ് യൗവ്വനം, ജീവിതായോധനത്തിനിടയിലും  തങ്ങളുടെ വാഗ്ദത്തഭൂമിയെക്കുറിച്ചുള്ള  ഗൃഹാതുരതകളിൽ അഭിരമിക്കുന്നു. ടിബറ്റിനെക്കുറിച്ചുള്ള എന്തും ലോകശ്രദ്ധയാകർഷിക്കുമെന്നതു കൊണ്ടുതന്നെ പത്രപ്രവർത്തകരും എഴുത്തുകാരും ടിബറ്റിനെക്കുറിച്ച് എഴുതുന്നു. 

ആ കൂട്ടത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ പുസ്തകങ്ങളിലൊന്നാണ്  'Eat the Budha- The story of Modern Tibet Through the People of One Town' (ബുദ്ധനെ ഭക്ഷിക്കുക) . അമേരിക്കൻ പത്രപ്രവർത്തകയായ ബാർബാറ ഡമിക് എഴുതി 2020 ൽ പുറത്തിറങ്ങിയ പുസ്തകം ഗാബ എന്ന ഒരു ടിബറ്റൻ നഗരത്തിന്റെ കഥയിലൂടെ ടിബറ്റൻ പ്രശ്നങ്ങളെ നോക്കിക്കാണാൻ ശ്രമിക്കുന്നു. ഏഴു വർഷത്തോളം ചൈനയിൽ അംഗീകാരമുള്ള  പത്രപ്രവർത്തകയായി പ്രവർത്തിച്ച ലേഖിക, ടിബറ്റിനെക്കുറിച്ച് ഏറെ താൽപര്യമുള്ളവളാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്നു. യൂഗോസ്ലാവിയയിലെ ആക്രമങ്ങളും ഉത്തരകൊറിയയിലെ കമ്യൂണിസ്റ്റ് ഭീകരതയും പുസ്തകങ്ങളാക്കിയിട്ടുള്ള ഡമികിന്റെ ഈ പുസ്തകവും വായനക്കാരുടെ ശ്രദ്ധ ആകർഷിച്ചിട്ടുള്ള ഒന്നാണ്. 

പരമ്പരാഗത ടിബറ്റ് രാജവംശത്തിന്റെ ആസ്ഥാനമായ ഗാബ(Ngaba) എന്ന പർവ്വതപ്രദേശത്തിന്റെയും അവിടത്തെ രാജവംശത്തിന്റെ പിൻതുടർച്ചക്കാരുടെയും ചരിത്രം രേഖപ്പെടുത്തുന്നത് ടിബറ്റിന്റെ വേറിട്ട സംസ്ക്കാരവും പാരമ്പര്യവും സൂചിപ്പിക്കാൻ വേണ്ടി കൂടിയാണ്. 1930  രണ്ടാം പാദത്തിൽ കമ്യൂണിസ്റ്റ് സൈനികർ അവിടം കടന്നാക്രമിക്കുന്നതും രാജവംശത്തെ നാടുകടത്തുന്നതും തുടങ്ങി 1950 കൾക്കു ശേഷം മാവോവിന്റെ സാംസ്ക്കാരിക വിപ്ളവം ആ പ്രദേശത്തെ ഇരുമ്പ് മറയ്ക്കുള്ളിൽ ആക്കുന്നതും വരെയുള്ള കാര്യങ്ങൾ ഓരോന്നായി വിവരിക്കുന്നു.  ആദ്യ കമ്യൂണിസ്റ്റ് അധിനിവേശ സമയത്ത്  പുറമേ നിന്നും വന്ന പട്ടാളക്കാർ വിശപ്പടക്കുന്നതിന്നായ് വെണ്ണയും ധാന്യപ്പൊടിയും കൊണ്ട് നി‍ർമിച്ച  വീടുകളിലെ ബുദ്ധപ്രതിമകളെ ആഹാരമാക്കി വിശപ്പടക്കിയ സംഭവത്തെ കുറിക്കാനാണ് ' ബുദ്ധനെ ഭക്ഷിക്കുക' ( ‘Eat the Budha’)  എന്ന രസകരമായ പേര് പുസ്തകത്തിന് നൽകിയതത്രേ. ' ചിരിക്കുന്ന ബുദ്ധനും' (Budha smiles) 'ട്രാഫിക് ജാമിലെ ബുദ്ധനും' ('Budha in the traffic jam') തുടങ്ങി ബുദ്ധനെ സാക്ഷിയാക്കി എന്തും ചെയ്യാൻ ശീലിച്ചവരാണല്ലോ നമ്മൾ. ഏത് പ്രതിസന്ധി ഘട്ടത്തിലും തങ്ങളുടെ വിശ്വാസത്തെയും മതപഠന കേന്ദ്രങ്ങളെയും മുറുകെപ്പിടിക്കുന്ന ജനത, ദലൈലാമയുടെ പാലായനത്തിനുശേഷവും കടുത്ത പ്രലോഭനങ്ങളും പ്രകോപനങ്ങളും ഉണ്ടായിട്ടും കീഴടങ്ങാൻ തയ്യാറായില്ല. മറ്റ് സമാന പ്രദേശങ്ങളുമായി ദൂരെയാണെങ്കിലും പോരാട്ട വീര്യത്തിന് ഒരു കുറവുമുണ്ടായില്ല. രഹസ്യപോലീസിന്റെയും മറ്റ് കഠിന നിരീക്ഷണങ്ങളുടെയും നടുവിലും സ്വാതന്ത്ര്യബോധം അമരാതെ എങ്ങനെ സൂക്ഷിക്കുന്നു എന്നു നാം വിസ്മയം കൊള്ളും. 

നിശ്ശബ്ദമായി എന്ന് തോന്നുന്ന  പോരാട്ട വീര്യം ഇടയ്ക്കിടെ പുറത്തുവരും. ദലൈലാമയുടെ ചിത്രം സൂക്ഷിക്കുന്നതും സ്വതന്ത്ര ടിബറ്റിനെക്കുറിച്ച്  സംസാരിക്കുന്നതും ടിബറ്റൻ പ്രാദേശികഭാഷ സംസാരിക്കുന്നതും പരമ്പാരാഗത പുതുവർഷം ആചരിക്കുന്നതും ഒക്കെ സൈനികരേയും കമ്യൂണിസ്റ്റ് പാർട്ടിയേയും സംബന്ധിച്ച് വലിയ പ്രകോപനത്തിനു കാരണമായേക്കാം. അതോടനുബന്ധിച്ച് നടക്കുന്ന പ്രശ്നങ്ങളിൽ വർഷങ്ങളോളം തടവു ശിക്ഷയ്ക്കു വിധിക്കപ്പെടുന്നവരുണ്ടാവാം, എന്നേക്കുമായി കാണാതാവുന്നവരുണ്ടാവാം. എങ്കിലും പരമ്പാരാഗത ജീവിതം മുന്നോട്ടു തന്നെ നീങ്ങി. 1989 ലെ തിയാൻമെൻ കൂട്ടക്കുരുതി ആ പ്രദേശങ്ങളിലും സൈന്യത്തേയും പാർട്ടിയേയും എങ്ങിനെ ജാഗ്രതയുള്ളവരാക്കി എന്നു വിശദമാക്കുന്നുണ്ട്. 

2009 ൽ ആണ് പുതിയൊരു സമര മാർഗം ആവിഷ്ക്കരിക്കപ്പെടുന്നത്. മണ്ണെണ്ണയും പെട്രോളുമൊഴിച്ച് തീകൊളുത്തി മരണം ഏറ്റുവാങ്ങുക എന്ന അങ്ങേയറ്റം ഭീതിദമായ സമരമാർഗം. അങ്ങിനെ ആത്മാഹുതി ചെയ്ത നൂറ്റിഅറുപതോളം പേരിൽ എഴുപതോളം ആളുകൾ ഗാബയിലും പരിസരങ്ങളിലുമുള്ളവരായിരുന്നുവെന്നതാണ് മറ്റൊരു കാര്യം. ശരീരത്തിൽ പെട്രോൾ  ഒഴിച്ചതിനു ശേഷം, ഒരു തരത്തിലും രക്ഷപ്പെടാതിരിക്കാനാണത്രേ പെട്രോൾ കുടിക്കുക കൂടി ചെയ്താണ് പലരും ആത്മാഹുതി ചെയ്തത്. മറ്റൊരാളെ ഉപദ്രവിക്കാതിരിക്കുക എന്ന ബൗദ്ധതത്ത്വത്തിനനുസൃതമായാണത്രെ പലരും ഈ രീതി അനുവർത്തിച്ചത്. സ്വന്തം രാഷ്ട്രത്തിന്റെ മോചനത്തിനായി ചെയ്ത ഈ ദാരുണ കൃത്യങ്ങൾ , ടിബറ്റിനെ വീണ്ടും ലോകശ്രദ്ധയിൽ കൊണ്ടുവന്നു. അതിന്റെ പേരിൽ ചൈന മാത്രമല്ല, ഇത്തരം പ്രാകൃത രീതികളെ അപലപിക്കുന്നില്ലാ എന്നതിന്റെ പേരിൽ ദലൈലാമയും ഏറെ പഴി കേട്ടു. ടിബറ്റിലാണെങ്കിൽ സൈന്യം ആത്മാഹുതികൾ കണ്ടു നിന്നവരെയും ആത്മാഹുതി ചെയ്തവരുടെ ബന്ധുക്കളെയും ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി വ‍ർഷങ്ങളോളം ജയിലിലടച്ചുവെന്നതാണ് മറ്റൊരു വൈചിത്ര്യം.  ഇങ്ങനെയുള്ള പ്രതിഷേധങ്ങൾ ആവർത്തിക്കുമ്പോൾ മതപാഠശാലകളിലെ മുതിർന്ന സന്യാസിമാരുൾപ്പടെയുള്ളവർക്ക് ഇടയ്ക്കിടെ പാർട്ടി നേതാക്കൻമാരുടെയും സൈനികോദ്യോഗസ്ഥൻമാരുടെയും നേതൃത്ത്വത്തിൽ പുനർവിദ്യാഭ്യാസ ക്ലാസ്സുകൾ നടക്കുമായിരുന്നു ; ശരിയായ ജീവിത ദർശനവും രാഷ്ട്രീയ ബോധവും ദേശസ്നേഹവും പക‍ർന്നു നൽകാൻ!  ' ആകാശത്തിന്റെയും ഭൂമിയുടെയും നിയന്ത്രണം കമ്യൂണിസ്റ്റ് പാർട്ടിക്കാണെന്നും ഒരു തരത്തിലും ഓടി രക്ഷപ്പെടാമെന്നു കരുതേണ്ടെന്നും'  ഒരു കൂട്ടം ആളുകളോട് പോലീസുകാർ  പറയുമ്പോൾ അവിടത്തെ ജാഗ്രതയും നിരീക്ഷണവും എത്തരത്തിലായിരിക്കുമെന്ന് വ്യക്തമാകുന്നുണ്ട്. 

എല്ലാ വർഷവും ആയിരത്തോളം ആളുകളാണ് ഹിമാലയത്തിലെ ദുർഘടപാതകളിലൂടെ ഒളിച്ചു കടന്ന് നേപ്പാൾ വഴി ഭാരതത്തിലെത്തിയിരുന്നത്. പിന്നീട് ചൈന ഇക്കാര്യത്തിൽ നിലപാട് കടുപ്പിച്ചതോടെ എണ്ണം കുറഞ്ഞുവത്രെ. അത്തരത്തിലുള്ള യാത്രയുടെ ദുരിതവും അപകടലും പുസ്തകത്തിൽ എഴുത്തുകാരി വിശദീകരിക്കുമ്പോൾ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാനുള്ള  ഒരു ജനതയുടെ തീവ്രവികാരം ഉൾക്കൊള്ളാനാവുന്നുണ്ട്. പ്രവാസി ഗവൺമെന്റിന്റെ ആസ്ഥാനമായ ധർമ്മശാലയും മറ്റു റ്റിബറ്റൻ കേന്ദ്രങ്ങളും സന്ദർശിക്കുന്ന ലേഖിക, നിഷ്പക്ഷതയുടെ മൂടുപടം അണിയാൻ ശ്രമിക്കുന്നതു കൊണ്ടാണെന്നു തോന്നുന്നു, ഭാരതം അവർക്കു നൽകുന്ന സൗകര്യങ്ങളെക്കുറിച്ചോ പരിഗണനയെക്കുറിച്ചോ ഒന്നും പറയുന്നില്ല.  ഇന്ത്യൻ പൗരത്വത്തിനുള്ള അവകാശവും വിദ്യാഭ്യാസത്തിനും തൊഴിലെടുക്കാനും ഉള്ള അവകാശങ്ങളും ഏറ്റവും ഒടുവിലായി വോട്ടവകാശം പോലും നൽകിയാണ് പരമ്പാരാഗതമായ സാംസ്ക്കാരിക സൗഹൃദത്തെ ഇന്ത്യ വിലമതിക്കുന്നതെന്ന കാര്യം മനസ്സിലാക്കാത്തതുകൊണ്ടാണോ അല്ല  അന്താരാഷ്ട്ര തലത്തിലുള്ള വായനക്കാരെ പ്രതീക്ഷിച്ചുള്ള രചനയായതുകൊണ്ടാണോ  ഈ  മൗനം എന്നു വ്യക്തമല്ല. എന്തായാലും ടിബറ്റൻ പോരാട്ടത്തിന് സമാനതകളില്ല; അതു പോലെ അഹിംസയിലധിഷ്ഠിതമായ  ആ സമരങ്ങളെ ചോരയിലും ഭീതിയിലും മുക്കികൊല്ലുന്ന   കമ്യൂണിസ്റ്റ് സാമ്രാജ്യത്വത്തിനും.  ഇക്കാര്യങ്ങളെക്കുറിച്ച്  കൂടുതൽ അറിയാൻ പ്രേരിപ്പിക്കുന്ന തരത്തിലാണ് പുസ്തകത്തിന്റെ അവതരണം എന്നുറപ്പിച്ചു പറയാം.