2023, ജൂൺ 19, തിങ്കളാഴ്‌ച

ഫിൻലാൻഡ് ഏറെ അകലെയാണ്

ഇക്കഴിഞ്ഞ ദിവസമാണ് പ്രശസ്ത മലയാളം എഴുത്തുകാരനായ ശ്രീ. എൻ. എസ് മാധവൻ  മലയാളമനോരമ  ദിനപത്രത്തിൽ "ഇങ്ങനെയല്ല ഫിൻലാൻഡ്" എന്ന തലവാചകത്തിൽ ഒരു ലേഖനമെഴുതിയത്. കേരളത്തിലെ വിദ്യാലയങ്ങളിൽ ശനിയാഴ്ച പ്രവർത്തിദിവസമാക്കുന്ന തീരുമാനത്തിനെതിരെയുള്ള പ്രതികരണമെന്ന നിലയിലായിരുന്നു ആ എഴുത്ത്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി കേരളത്തിൽ വിദ്യാഭ്യാസമേഖലയിൽ ഫിൻലാൻ‍ഡ് മാതൃകയെക്കുറിച്ചുള്ള പ്രസംഗങ്ങളും പ്രഖ്യാപനങ്ങളും കേട്ടുവരുന്ന സാഹചര്യത്തിലാവണം  ഇവിടെയിതു വീണ്ടും ചർച്ചയായത്. ധാരാളം ഒഴിവുസമയങ്ങളും ഇടവേളകളും അവധികളും നിറഞ്ഞ ഫിൻലാൻഡ് മാതൃക പിൻതുടരുമെന്നു പറയുമ്പോൾ കുട്ടികളുടെ പഠനസമയം കൂട്ടുകയും അവധി ദിനങ്ങൾ കുറക്കുകയും ചെയ്യുമെന്ന തീരുമാനമാണ്  ശ്രീ എൻ.എസ് മാധവന്റെ ലേഖനത്തിന് വിഷയമായത്.

വിദ്യാഭ്യാസമേഖല എല്ലായിടത്തും എപ്പോഴും പരീക്ഷണങ്ങൾക്കും ഒപ്പമുള്ള വിവാദങ്ങൾക്കും സ്ഥിരം അരങ്ങായിത്തീരാറുണ്ട്. കേരളത്തിലും എന്നും അങ്ങിനെയായിരുന്നു. മുണ്ടശ്ശേരിയിൽത്തുടങ്ങി ചാക്കീരി വഴി  ഡി.പി.ഇ.പിയും ലോകബാങ്കും സാമ്രാജ്യത്ത്വഗൂഢാലോചനയും കടന്ന് ഇടതടവില്ലാതെ ഏറിയുംകുറഞ്ഞും മാറിയുംമറിഞ്ഞും  ഇന്നും വിവാദങ്ങൾക്ക് ഒരു ക്ഷാമവുമില്ല.  ദേശീയവിദ്യാഭ്യാസനയങ്ങളും മലയാളിക്ക് തൊള്ളായിരത്തിഎൺപത്തിയാറായലും  രണ്ടായിരത്തിഇരുപതായാലും തർക്കിക്കാനും എതിർക്കാനും അധ്യാപകസംഘടനകൾക്ക് സമരാഹ്വാനങ്ങൾകൊണ്ട് അണികൾക്ക്  ആവേശം പകരാനുമുള്ള മികച്ച അവസരങ്ങളാണ്. സജീവമായ ചർച്ചകളും സംവാദങ്ങളും ഇടപെടലുകളും ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ലക്ഷണമായിക്കാണേണ്ടതും  സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പ്രയോജനപ്രദമാകേണ്ടതും  ആണെങ്കിലും ഇവിടെയങ്ങനെയല്ല. പിടിക്കുന്ന മുയലുകൾക്കൊക്കെ കൊമ്പുകളുണ്ടാവുമ്പോൾ ചർച്ചകൾ പ്രഹസനങ്ങളും 'ഗ്വാ ഗ്വാ' വിളികളും ആയിമാറുകയാണ് പതിവ്. "പ്ളേഗു പരന്നാലുണ്ട് നിവൃത്തി,ഫ്ലേഗു പരന്നാലില്ല നിവൃത്തി" എന്ന കുഞ്ഞുണ്ണിമാഷുടെ പരിഹാസം അക്ഷരാർത്ഥത്തിൽ ശരിയാവുന്നിടമാണ് നമ്മുടേത്.    


വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട ഇത്തരം ചർച്ചകൾക്കിടയിൽ സമീപകാലത്തായിപലപ്പോഴും സ്ഥാനത്തും അസ്ഥാനത്തും പലരും ഉയർത്തിക്കാണിക്കുന്ന മാതൃകയാണ് ഫിൻലൻഡ് എന്ന കൊച്ചുരാജ്യത്തിന്റേത്. ഫിൻലാൻഡിലെ വിദ്യാഭ്യാസ രീതികളുടെ പ്രത്യേകതകളും വ്യത്യസ്തതകളും എന്താണ്? പത്തിരുപതു‍വർഷങ്ങളായി മികച്ച വിദ്യാഭ്യാസമാതൃകകളിലൊന്ന് എന്ന വിശേഷണത്തിന്  അന്താരാഷ്ട്രതലത്തിൽ അർഹമായിരിക്കുന്ന രാജ്യമാണ് നോർഡിക് രാജ്യങ്ങളിൽപ്പെട്ട കൊച്ചുഫിൻലാൻ‍ഡ്. അറുപതുലക്ഷത്തോളം മാത്രം  ജനസംഖ്യയുള്ള ഫിൻലാൻഡ് വിദ്യാഭ്യാസമാതൃക ലോകമെങ്ങുമുള്ള വിദ്യാഭ്യാസപ്രവ‍ർത്തകരുടെയും ചിന്തകൻമാരുടെയും ശ്രദ്ധനേടുന്നത് സ്ക്കൂൾ വിദ്യാഭ്യാസത്തിന്റെ മേൻമ അളക്കാനായി ഒ.ഇ.സി.ഡി രാജ്യങ്ങൾ (Organisation for Economic Co-operation and Development ) നടത്തുന്ന പിസ (The Program for International Student Assessment) ടെസ്റ്റിൽ അപ്രതീക്ഷിതമായി ഒന്നാംസ്ഥാനത്ത് അവരെത്തിയപ്പോഴാണ്. രണ്ടായിരാമാണ്ട് മുതൽ പതിനഞ്ച് വയസ്സുകാരുടെ ഗണിതം, വായന, ശാസ്ത്രസാക്ഷരത എന്നിവ അളക്കുകയാണ് പിസ ടെസ്ററിൽ ചെയ്യുന്നത്. മൂന്നു വർഷത്തിലൊരിക്കൽ നടക്കുന്ന ഈ പരീക്ഷയിൽ  2009 ൽ ഇന്ത്യയിൽ നിന്നും ഹിമാചലിലേയും തമിഴ്‍നാട്ടിലെയും കുട്ടികൾ പങ്കെടുത്തു.  ആകെ പങ്കെടുത്ത എഴുപത്തിമൂന്നുരാജ്യങ്ങളിൽ  കിർഗിസ്ഥാനിനു തൊട്ടുമുന്നിലായി എഴുപത്തിരണ്ടാം സ്ഥാനത്തായിരുന്നു അന്ന് നമ്മൾ. ഈ പരീക്ഷയുടെ ആദ്യവർഷങ്ങളിലെല്ലാം ഫിൻലാൻഡ് ഒന്നാംസ്ഥാനം നിലനിർത്തി. അതോടുകൂടി ലോകമെമ്പാടും വിദ്യാഭ്യാസവിചക്ഷണരും ഭരണകൂടങ്ങളും ഫിൻലാൻഡിനെക്കുറിച്ച് അന്വേഷിക്കാനും അവിടുത്തെ മാതൃക അനുവർത്തിക്കാനാവുമോയെന്ന് ആലോചിക്കാനും തുടങ്ങി.



    അവർതന്നെ പറയുന്നതനുസരിച്ച് വിദ്യാഭ്യാസത്തിന് പ്രത്യേക പ്രാധാന്യമൊന്നും കൊടുക്കാത്ത ആ രാജ്യത്തിന് പിസടെസ്റ്റിലെ  പ്രഥമസ്ഥാനം ആദ്യം തികഞ്ഞ വിസ്മയമായിരുന്നു. ഫിൻലാൻഡ് മാതൃകയെക്കുറിച്ച് ലേഖനങ്ങളും ചർച്ചകളും മാധ്യമങ്ങളിൽ നിറഞ്ഞു. ധാരാളം പഠനങ്ങളും പ്രബന്ധങ്ങളും എല്ലായിടത്തുമുണ്ടായി. പാസി സാൽബർഗ് എന്ന ഫിൻലാൻഡ് വിദ്യാഭ്യാസ വിചക്ഷണന്റെ 'ഫിന്നിഷ് ലസ്സൻസ് 2.0’ (Sahlberg, Pasi. Finnish lessons 2.0: what can the world learn from educational change in finland, 2015), ഫിൻലാൻഡിലെ സ്ക്കൂളിൽ ജോലി തേടിയെത്തിയ അമേരിക്കൻ ടീച്ചറായ തിമോത്തി ഡി വോക്കറുടെ 'ടീച്ച് ലൈക്ക് ഫിൻലാൻ‍ഡ് ‘ (Timothy D Walker. Teach like Finland: 33 simple strategies for joyful classrooms,2017)  തുടങ്ങിയ പുസ്തകങ്ങൾ ഇതുമായി ബന്ധപ്പെട്ട് ലോകമാകെ ഏറെ വായിക്കപ്പെടുന്നവയായി.  തിമോത്തി വോക്കറുടെ പുസ്തകം ശാസ്ത്രസാഹിത്യപരിഷത് മലയാളത്തിലാക്കി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. മറ്റിടങ്ങളിൽ എന്തു പഠിപ്പിക്കുന്നു, എങ്ങിനെ പഠിപ്പിക്കുന്നു എന്നൊക്കെ അറിയുന്നത് സ്വയം വളരാനും മെച്ചപ്പെടാനും ആഗ്രഹിക്കുന്ന അധ്യാപികക്ക് ഏറെ താൽപര്യമുണ്ടാവേണ്ട ഒന്നാണ്. ക്ലാസ്സ്മുറികളിലെ നിത്യനൂതനതയും സജീവതയും പുത്തൻപരീക്ഷണങ്ങളും ജോലി രസകരമാക്കുന്നതോടൊപ്പം തന്റെ കുട്ടികളുടെ വളർച്ചയും മികവും ഉറപ്പിക്കാനും സഹായിക്കും. സ്വയം നവീകരിക്കാനും കാതങ്ങൾ മുന്നോട്ടുപോകാനും ആഗ്രഹിക്കുന്നവരെങ്കിലും തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്കകങ്ങളാണ് ഇവ. 

'ടീച്ച് ലൈക് ഫിൻലാൻഡ് 'എന്ന പുസ്തകത്തിന്റെ ആമുഖത്തിലെ ,  “ഇത് നിങ്ങളുടെ നാട്ടിൽ പരീക്ഷിക്കരുത്"  ( WARNING: Don’t try this at home”) എന്ന മുന്നറിയിപ്പ് ചിന്തോദ്ദീപകമാണ്. വിദ്യാഭ്യാസം എന്നത്  സ്വന്തം മണ്ണിലൂന്നി തനത് അന്തരീക്ഷത്തിൽ നടക്കേണ്ട   സാംസ്ക്കാരിക-ജൈവിക പ്രവർത്തനമാണ്  എന്നതാണ് ഈ കൗതുകകരമായ മുന്നറിയിപ്പിനടിസ്ഥാനം. നമ്മുടെ നാട്ടിലെ വിദഗ്ദ്ധർ എപ്പോഴും മറക്കുകയും മറയ്ക്കുകയും ചെയ്ത്പോരുന്ന അടിസ്ഥാനതത്വമാണിത്. അറുപതു‍ലക്ഷം മാത്രം ജനസംഖ്യയും അതിനനുസരിച്ചുള്ള മികച്ച ജീവിതസൂചികകളുമുള്ള ഒരു നാട്ടിലെ സൗകര്യങ്ങൾ എങ്ങിനെ ഉള്ളതായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.  എങ്കിലും ഉൾക്കാഴ്ചയും പുതുമയും നൽകുന്ന അനുകരണീയമായ ഒട്ടനവധി നിരീക്ഷണങ്ങളും പരീക്ഷണങ്ങളും അവിടെ നടക്കുന്നുവെന്നത് വസ്തുതയാണ്.

അമേരിക്കയിലുൾപ്പടെ, എൺപതുകളിലും തൊണ്ണൂറുകളിലും ഉയർന്ന  'ഒരു കുട്ടിയും പിന്നിലാവരുത്' (No Child Left Behind – NCLB),  'മികച്ചതിലേക്കുള്ള മൽസരം' (Race to the Top) തുടങ്ങിയ വിദ്യാഭ്യാസപരിഷ്ക്കരണപ്രവർത്തനങ്ങളുടെ അടിസ്ഥാനം മൂന്നു കാര്യങ്ങളാണ്. പരീക്ഷകൾ, ഉത്തരവാദിത്തം, തിരഞ്ഞെടുപ്പ് എന്നിവയായിരുന്നു അത്. നിരന്തരമായ പരീക്ഷകൾ നിലവാരം വർധിപ്പിക്കുമെന്നായിരുന്നു അവരുടെ ചിന്ത. അതോടൊപ്പം മെച്ചപ്പെട്ട റിസൽട്ടിന് അധ്യാപികയ്ക്ക് പ്രോൽസാഹനവും റിസൽട്ട്  മോശമാവുമ്പോൾ ശകാരവും കുറ്റപ്പെടുത്തലും ഉൾപ്പടെയുള്ള ശിക്ഷണനടപടികളും. ഇത്തരം പ്രവർത്തനങ്ങളിലൂടെ വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്തുവാനായിരുന്നു ശ്രമം. പാസിസാൽബർഗ് പറയുന്നത്, ഇവിടെനിന്ന് തുടങ്ങുന്നു ഫിൻലാൻഡ് വിദ്യാഭ്യാസത്തിന്റെ മൗലികമാറ്റങ്ങളെന്നാണ്. തൊണ്ണൂറുകളിലെ സാമ്പത്തികമാന്ദ്യത്തിൽനിന്നും ഫിൻലാൻഡ് കരകയറിയത് 'നോക്കിയ' എന്ന ലോകത്തിലെ ഏറ്റവുംവലിയ മൊബൈൽഫോൺ നി‍ർമാണകമ്പനിയുടെ സഹായത്തോടെ മാത്രമല്ല തങ്ങളുടെ നൂതനമായ ഒമ്പതുവർഷ സമഗ്രവിദ്യാഭ്യാസസമ്പ്രദായം കൊണ്ടുകൂടിയാണ് എന്ന് 'ഫിന്നിഷ് ലസ്സൻസ്' എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നു. ഉത്തരവാദിത്തത്തിനും ശിക്ഷകൾക്കും  പകരം പരസ്പരവിശ്വാസവും സംഘബോധവും സ്വയംഭരണവുമാണ് അധ്യാപകർക്ക് ഫിൻലാൻഡ് നൽകിയത്. മെഡിക്കൽവിദ്യാഭ്യാസത്തിനും നിയമവിദ്യാഭ്യാസത്തിനും തിരിയുന്നവരേക്കാൾ കൂടുതലാണ് ഫിൻലാൻഡിൽ അധ്യാപകവൃത്തിയിലേക്ക് - അതും പ്രൈമറി അധ്യാപകവൃത്തി, താൽപര്യമെടുക്കുന്ന യുവജനങ്ങളെന്ന കാര്യം നമ്മെ സംബന്ധിച്ചിടത്തോളം മനസ്സിലാക്കാൻ അൽപം വിഷമമാണ്. അവിടെ നഴ്സറിക്ലാസ്സുകൾ തൊട്ടുള്ള എല്ലാ അധ്യാപകജോലിക്കും മാസ്റ്റേഴ്സ്ഡിഗ്രി ആവശ്യമാണെന്നു മാത്രമല്ല, കോഴ്‍സ് പൂർത്തിയാവണമെങ്കിൽ നിശ്ചയിച്ച വിഷയത്തിൽ ഗവേഷണപ്രബന്ധവും സമർപ്പിക്കേണ്ടതുണ്ട്. സ്വയമാ‍ർജിക്കുന്ന ആന്തരികപ്രചോദനത്തോടെയും താൽപര്യത്തോടെയും അധ്യാപകരാവുന്നു യുവാക്കൾ, അതിൽ എൺപത് ശതമാനവും സ്ത്രീകൾ. കഠിനമായ പാഠ്യപദ്ധതിയോ തങ്ങളുടെ കുട്ടികളുടെ ഗ്രേഡുകൾ മെച്ചപ്പെടുമ്പോൾ ലഭിക്കുന്ന അധികവേതനമോ ഗ്രേഡുകൾ മോശമാവുമ്പോൾ നേരിടുന്ന ശകാരമോ   അധികശിക്ഷാനടപടികളോ അല്ല അവരെ കർമനിരതരാക്കുന്നത്. പരീക്ഷകളിലും പരിശോധനയിലുമല്ല ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്, മറിച്ച് അധ്യാപകരിലും ബോധനരീതിയിലുമാണ്.  നിങ്ങളെന്ത് പരിഷ്ക്കാരം നടത്തുമ്പോഴും ആലോചിക്കേണ്ട് അത് കുട്ടികളെ എങ്ങിനെ മെച്ചപ്പടുത്താൻ സഹായിക്കുന്നുവെന്നും അത് അധ്യാപകർക്ക് എന്ത് നല്ലത്ചെയ്യും എന്നുമാണെന്ന്  അവ‍ർ പറയുന്നത് നമ്മുടെ നാട്ടിലെ നയരൂപീകരണക്കാരും വിദഗ്ദ്ധരും പലതവണ വായിക്കേണ്ടതാണ്. 

പാസി സാൽബർഗ്

    അടിസ്ഥാനപരമായി അഞ്ചുകാര്യങ്ങളാണ്  ഈ മാതൃകയുടെ പൊതുപ്രത്യേകതയായി കാണാൻകഴിയുക എന്ന് പാസിസാൽബർഗ്  ചൂണ്ടികാട്ടുന്നു. ഏഴുവയസ്സിലാരംഭിക്കുന്ന പ്രാഥമിക വിദ്യാഭ്യാസം എല്ലാവർക്കും ഒരുപോലെ ലഭ്യമാക്കാൻ ശ്രമിക്കുന്നു.  വിദ്യാലയങ്ങൾക്കിടയിൽ കഴുത്തറപ്പൻ മൽസരങ്ങളില്ലാതെ, വിദ്യാലയങ്ങളെ നല്ലതെന്നും മോശമെന്നും തരംതിരിക്കാതെ എല്ലാ കുട്ടികളെയും സാമ്പത്തിക-സാമൂഹ്യ വ്യത്യസങ്ങളില്ലാതെ  തുല്യമായ രീതിയിൽ  കാണാൻ അവർ ശ്രദ്ധിക്കുന്നു.  രണ്ടാമത്തെക്കാര്യം,  അന്നാട്ടിലെ അധ്യാപകവിദ്യാഭ്യാസവും പരിശീലനങ്ങളും ഏറ്റവും മികച്ചതാണെന്നുള്ളതാണ്. പരിശീലനങ്ങൾ വിരസവും കാമ്പില്ലാത്തതുമായ വഴിപാടുകളായി മാറുന്നത് കാണുന്നവരാണല്ലോ നമ്മൾ. നേരത്തെ സൂചിപ്പിച്ചതുപോലെ, പ്രാഥമിക വിദ്യാലയങ്ങളിൽ ജോലിചെയ്യുന്നത് മാസ്റ്റർബിരുദവും ഗവേഷണപരിശീലനവും ഉള്ളവരാകുമ്പോൾ അവരുടെ വേതനവും സാമൂഹ്യപദവിയും ആകർഷകമായതാവുന്നു. ഏറ്റവും മിടുക്കരെ മറ്റു പ്രൊഫഷണൽകോഴ്സുകളിലേക്ക് തള്ളിവിടുന്ന നമ്മുടെ സമൂഹമനോഭവവുമായി താരതമ്യം ചെയ്തുനോക്കുക, അനന്തരഫലമെന്നോണമുണ്ടാവുന്ന അധ്യാപനരംഗത്തെ ഗുണനിലവാരത്തകർച്ചയ്ക്ക് പലപ്പോഴും ഒരു കാരണമിതാവുന്നു.  മൂന്നാമതായി, എല്ലാ കുട്ടികളുടെയും ഭൗതികസാഹചര്യങ്ങൾ ഉറപ്പു വരുത്തുക എന്ന പ്രധാനകാര്യമാണ്. പട്ടിണിയായ മനുഷ്യനോട് പുസ്തകം കൈയ്യിലെടുക്കാനാവശ്യപ്പെടുന്നത്, നല്ലൊരു മുദ്രാവാക്യമാവാം, പക്ഷെ പരിമിതമായ ചുറ്റുവട്ടത്തിൽ നിന്നുവരുന്ന ഗോത്രവിഭാഗം കുട്ടികൾക്ക് ഉറക്കെയൊന്ന് മുദ്രാവാക്യം വിളിക്കുള്ള ഊർജം പോലുമില്ലെന്ന് അറിയാൻ നമ്മുടെ നാടിന്റെ നേരുദാഹരണം മതിയല്ലോ. ഓരോ കുട്ടിയുടെയും ഭൗതികാവശ്യങ്ങൾ കണ്ടറിയാനുള്ള സംവിധാനവും ആവശ്യമായ പിൻതുണ നൽകാനുള്ള സംവിധാനവും അവിടെത്തെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നാലാമത്തെയും അഞ്ചാമത്തെയും കാരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്, അധ്യാപനച്ചുമതലകൂടി സന്തോഷത്തോടെ ഏറ്റെടുക്കുന്ന സ്ക്കൂൾഭരണാധികാരികളെയും നാട്ടിലെ ഗവൺമെന്റിതരസന്നദ്ധസംഘടനകളെയുമാണ്. കാര്യക്ഷമമായി പ്രവർത്തിക്കുന്ന പൊതുലൈബ്രറിസംവിധാനം സ്ക്കൂൾസമയത്തിനു പുറത്ത് കുട്ടികളും രക്ഷിതാക്കളും പ്രയോജനപ്പെടുത്തുന്നു. ഒരിക്കലും ആരും തുറന്നുനോക്കാത്ത പുസ്തകങ്ങൾ ഏറെയുള്ള സ്ക്കൂൾ ലൈബ്രറികളും പാഠപുസ്തകത്തിനപ്പുറം എല്ലാ വായനകളും നിലച്ചുപോയ അധ്യാപകസമൂഹവും ഇവിടെ  സാമാന്യാവസ്ഥയാണല്ലോ. കളികളിലേർപ്പെടാനും അതൊരു ഹോബിയായി കൊണ്ടു നടക്കാനും സ്ക്കൂൾസമയത്തിനു പുറത്തുലഭിക്കുന്ന അവസരങ്ങൾ കുട്ടികളുടെ ശാരീരീക-മാനസികാരോഗ്യത്തിനും ഗൂണപരമായി സ്വാധീനിക്കുന്നു. പഠിക്കാനുള്ള  താൽപര്യം വർദ്ധിപ്പിക്കുന്നു. ഗവൺമെന്റിതര സന്നദ്ധസംഘടനകളുടെ ഇടപെടലാണ് ഇക്കാര്യങ്ങളിൽ ഏറെ സഹായകമാവുന്നത്. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെ കളികളെങ്ങിനെ ആവേശംകൊള്ളിക്കുന്നു എന്ന് മനസ്സിലാക്കാൻ ഫിൻലാൻഡിലേക്കു പോകേണ്ടതില്ല. സംസ്ഥാനത്ത്  ഈയ്യിടെ നടന്ന ജനകീയപാഠ്യപദ്ധതി ചർച്ചയിൽ കുട്ടികൾക്ക് അഭിപ്രായം പറയാൻ അവസരം ലഭിച്ചപ്പോൾ എല്ലാ സ്ഥലങ്ങളിലുമവരുന്നയിച്ച ഏറ്റവും പ്രധാനകാര്യം അവരുടെ പി.ഇ.ടി പിരീഡുകൾ നഷ്ടപ്പെടുന്നതിനെക്കുറിച്ചായിരുന്നു. മതിയായ കളിസ്ഥലമോ പരിശീലനത്തിന് അധ്യാപകരോ നമുക്കില്ലെന്നു മാത്രമല്ല, ലോവർപ്രൈമറി ക്ലാസ്സുകളിൽ പോലും കുട്ടികളെ 'കളിച്ച് മോശമാക്കുന്നതിലും' നല്ലത് ഇരുത്തി പഠിപ്പിച്ച് നന്നാക്കിക്കളയുന്നതാണെന്നാണ് അധ്യാപകരുടെ ചിന്ത, ഒപ്പം ഭൂരിഭാഗം രക്ഷിതാക്കളുടെയും. 

തിമോത്തി ഡി വോക്കർ

    തിമോത്തി വോക്കർ തന്റെ വിദ്യാലയാന്തരീക്ഷം കുട്ടികൾക്കും അധ്യാപികമാർക്കും എങ്ങിനെ സന്തോഷകരമായി അനുഭവപ്പെടുന്നുവെന്ന് വിശദമാക്കുന്നുണ്ട്.  നിറഞ്ഞ സന്തോഷത്തോടൊപ്പം ആ ക്ലാസ്സ് മുറികളിൽ ഏറ്റവും മികച്ചകുട്ടികളും സൃഷ്ടിക്കപ്പെടുന്നുണ്ട്. അവിടെ നടക്കുന്ന ചിലതൊക്കെ നമ്മെ സംബന്ധിച്ചിടത്തോളം തീർത്തും വിസ്മയകരമാണ്.  ഓരോ പിരീഡിനും ശേഷവും പതിനഞ്ച് മിനുട്ട് ഇടവേളയാണ് ക്ലാസ്സുകളിൽ. ഇത് കുട്ടികൾക്കും ഒപ്പം അധ്യാപകർക്കും അടുത്ത പിരീഡിലേക്കുള്ള ഊർജവും സജീവതയും നൽകുന്നുവെന്ന് അദ്ദേഹത്തിന്റെ അനുഭവസാക്ഷ്യം.  ആദ്യ ദിവസം ഒരു  മുതിർന്ന അധ്യാപകൻ അദ്ദേഹത്തിനു നൽകുന്ന ഉപദേശം കേൾക്കുക. അത് ഏറെ രസകരവും അർത്ഥപൂർണ്ണവുമാണ്. നിങ്ങൾ , ‘Human doing’ അല്ല 'Human being ‘ ആണെന്നതായിരുന്നു അത്.  "അതുചെയ്തില്ലേ, ഇതു ചെയ്തില്ലേ , അതിനപ്പുറം ചെയ്തില്ലേ" എന്ന്കേട്ട് ഒന്നും ചെയ്യാത്തവരായിത്തീർന്ന നമുക്കീ വാക്കുകൾ മനസ്സിലാകാൻ വിഷമമാണ്. ക്ലാസ്സുകൾ മാനസികമായും ശാരീരികമായും  സജീവമാകേണ്ടത് പഠനത്തിനാവശ്യമത്രെ, കുട്ടികൾക്ക് മാത്രമല്ല, അധ്യാപകനുകൂടി. സ്ക്കൂൾ സമയത്തിനു ശേഷം എപ്പോഴും കളികളിലൂടെയോ വായനയിലൂടെയോ നടത്തത്തിലൂടെയോ അധ്യാപകൻ വീണ്ടും ഊർജവും ആവേശവും ഉൾക്കൊള്ളേണ്ടതുണ്ട്. ക്ലാസ്സ്റൂമിനു പുറത്തുള്ള അധ്യയനവും പഠനസാമഗ്രികൾ വാരിവെലിച്ചൊട്ടിക്കാത്ത ചുമരുകളും വാതിൽപ്പുറനടത്തങ്ങളും ശാന്തമായ ക്ലാസ്സന്തരീക്ഷവും തന്റെ കുട്ടികളെ എങ്ങനെ ഗുണപരമായി സ്വാധീനിക്കുന്നുവെന്ന്  അദ്ദേഹം മനസ്സിലാക്കുന്നു.     

  കുട്ടികളെ എല്ലാവിധത്തിലും ചേർത്തുനിർത്തുകയെന്നത് വിദ്യാലയപ്രവർത്തനങ്ങളുടെ അടിസ്ഥാനമാകേണ്ടതുണ്ട്. അതോടൊപ്പമോ അതിനപ്പുറമോ പ്രധാനമാണ് അധ്യാപകരുടെയിടയിലുണ്ടാവേണ്ട ഊഷ്മളമായ പരസ്പരബന്ധങ്ങളും ഒത്തുചേർന്നുള്ള പ്രശ്നപരിഹാരപ്രവർത്തനങ്ങളും മികച്ച മാതൃകകളുടെ പങ്കുവെപ്പുകളും.  അത്തരം ബന്ധങ്ങൾ സ്ക്കൂളിനകത്തും പുറത്തും നാട്ടിലും വീട്ടിലും പൂത്തുലയുമ്പോൾ അധ്യാപനമെന്നത് വിരസതയില്ലാത്തതും ആവേശഭരിതവുമായ ജോലിയായിത്തീരുമെന്നാണ് തിമോത്തി വോക്കർ പറയുന്നത്. 'മുന്നിലിരിക്കുന്ന കുട്ടി എന്ന് തന്റേതല്ലെന്ന് തോന്നുന്നുവോ അന്ന് അധ്യാപനം അവസാനിപ്പിക്കണ'മെന്ന് അബ്രഹാം ലിങ്കന്റേതെന്ന പേരിൽ ഒരു ഉദ്ധരണി പലയിടങ്ങളിലും വായിച്ചത്കൂടി ഓർക്കുക. കുട്ടിയോടുള്ള ഒരു ‘Good Morning’ പോലും അവളിലുണ്ടാക്കുന്ന ഭാവാത്മകമായ അനുരണനങ്ങൾ എത്ര വലുതാണെന്ന് അധ്യാപിക മനസ്സിലാക്കേണ്ടതുണ്ട്. കുട്ടികളെ അറിഞ്ഞും അവരോടൊത്ത് കളിച്ചും പഠനം ഉൽസവമാക്കിയും നിറമാർന്ന സ്വപ്നങ്ങളേകിയും വഴക്കാളികളെ കൂട്ടാളികളാക്കിയും അധ്യാപനം ആഘോഷമാക്കാനാവും.

മികവിന്റെ മറ്റൊരടിസ്ഥാനം സ്വാതന്ത്ര്യവും സ്വയംനിർണ്ണയാധികാരങ്ങളുമാണെന്നു പറയുമ്പോൾ ഇവിടെ ചിലരെങ്കിലും അൽപമൊന്ന് നെറ്റിചുളിക്കും. പ്രഥമാധ്യാപകനുവേണ്ടി എഴുതുന്ന ടീച്ചിങ് മാനുവലുകളും ആരെയോ ബോധിപ്പിക്കാനുള്ള കെട്ടുകാഴ്ചയാവുന്ന സ്ക്കൂൾറിസോഴ്സ്ഗ്രൂപ്പുകളും മോണിട്ടറിങ്ങില്ലാത്തതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് ആവർത്തിക്കുന്ന അധികാരികളും അരങ്ങുവാഴുന്നിടത്ത് തങ്ങളുടെ ജോലി ഭാരമായിത്തീരുന്നുവെന്ന് ആർക്കെങ്കിലും തോന്നിയാൽ അതിൽ ആശ്ചര്യമില്ലതന്നെ. പഠനത്തിലും പാഠ്യവസ്തുക്കളിലും മതിലുചാടാനോ മറുവഴിതേടിപ്പോവാനോ ഇന്നത്തെ വ്യവസ്ഥിതി അനുവദിക്കില്ലെന്നത് നമുക്കറിയാവുന്ന സത്യമാണ്. കോവിഡ്കാലപരീക്ഷയിലെ ഫോക്കസ് ഏരിയകളെക്കുറിച്ച് ക്രിയാത്മകമായി നടത്തിയ ചർച്ച പോലും സർവ്വീസ് ചട്ടങ്ങളുടെ ലംഘനവും അച്ചടക്കനടപടിക്ക് കാരണവും ആയിത്തീരുന്ന ഇന്നാട്ടിലെ 'ഓട്ടോണമി' ഫിൻലാൻഡിലെത്താൻ മൈലുകൾ താണ്ടേണ്ടതുണ്ടെന്നതാണ് യാഥാർത്ഥ്യം. കുട്ടികളോടൊത്ത് പാഠഭാഗങ്ങളാസൂത്രണം ചെയ്യലും സാഹചര്യമനുസരിച്ച ലക്ഷ്യങ്ങൾ പുനർനിശ്ചയിക്കലും (കാലുകൾ സുശക്തമാവുന്നതുവരേയോ കളിപഠിക്കുന്നതുവരേയോ ഗോൾപോസ്റ്റുകൾ മാറ്റിസ്ഥാപിക്കേണ്ടി വരും) തെരഞ്ഞെടുക്കാനുള്ള അവകാശംനൽകലും അവർക്ക് സാധ്യമാവുന്നത് പരീക്ഷകളില്ലാത്തതുകൊണ്ടുകൂടിയാണ്. പാഠഭാഗം 'കവർ' ചെയ്യാൻ പാടുപെടുന്നവർക്ക് കവറിനുപുറത്തുള്ളതിന്റെ സാധ്യതകളും അനുഭവങ്ങളും വിരളമാവുന്നു. തികഞ്ഞ സ്വാതന്ത്ര്യം അനുക്രമമായി പൂർണഉത്തരവാദിത്തത്തിലേക്ക് വികസിക്കുന്നതിന്റെ ദൃഷ്ടാന്തങ്ങൾ മനോഹരമായി ടിമോത്തി വോക്കർ  വിവരിക്കുന്നുണ്ട്. 

കുട്ടികളെ പാഠഭാഗങ്ങളിൽ പ്രാവീണ്യമുള്ളവരും മിടുക്കരുമാക്കാൻ വ്യതിരിക്തമായ വഴികളിലൂടെയാണ് ഓരോ അധ്യാപകനും കടന്നുപോകുന്നത്. പാഠപുസ്കങ്ങളുടെ പ്രാധാന്യം ഒട്ടും കുറയുന്നില്ല. ഏറ്റവും രസകരമായിത്തോന്നിയ കാര്യം വിദ്യാഭ്യാസത്തിലെ സാങ്കേതികവിദ്യയുടെ ഉപയോഗമാണ്. അമേരിക്കയിലെ തന്റെ പഴയ ചെറിയ പ്രൈമറിസ്ക്കൂളിൽ 25 മാക്‍ബുക്കുകൾ കണ്ട ടിമോത്തി വോക്കർക്ക്   എണ്ണം കുറഞ്ഞ പഴകിയ കുറേ കമ്പ്യൂട്ടറുകളാണ് തന്റെ ഫിൻലാൻഡിലെ വിദ്യാലയത്തിൽ കാണാൻ സാധിച്ചത്. സ്മാർട്ട്ബോർഡുകളും മറ്റും ചില ക്ലാസ്സുകളിലുണ്ടായിരുന്നുവെങ്കിലും ക്ലാസ്സ്മുറികളിൽ അവ ഉപയോഗിക്കണെമന്ന് അധ്യാപകരേ ആരും നിർബന്ധിക്കില്ല. സാങ്കേതികവിദ്യ മോശം കാര്യമല്ലെങ്കിലും അതിന്നു ചെലവഴിക്കുന്ന പണവും സമയവും ആവശ്യത്തിലധികമാണെന്ന് ഫിൻലാൻഡ് പറയുമ്പോൾ നമ്മുടെ ക്ലാസ്സ് മുറികളിലെ പ്രൊജക്റ്ററുകളും ഉപകരണങ്ങളും  പഠനത്തെ യാന്ത്രികമാക്കി മാറ്റിയെന്ന കടുത്ത വിമർശനങ്ങളെക്കൂടി നമ്മളോർക്കണം.  ഇന്നാവട്ടെ മിക്കയിടങ്ങളിലും അവ ഉപയോഗിക്കപ്പെടാതെ മാറാല പിടിച്ചു കിടക്കുകയും ചെയ്യുന്നു. പഠനത്തെ പിൻതുണക്കാനാണ് സാങ്കേതിയവിദ്യ; അതിൽ നിന്ന് കുട്ടികളുടെ ശ്രദ്ധ തിരിക്കാനാവരുത്. ഈ രംഗത്ത് കാര്യമായ നിക്ഷേപമില്ലാതെ ഫിൻലാൻഡിലെ കുട്ടികൾ മുന്നോക്കം പോയെങ്കിൽ അതു സൂചിപ്പിക്കുന്നത് നിങ്ങൾക്ക് മികവാണ് ആവശ്യമെങ്കിൽ സാങ്കേതികവിദ്യയെ ശരിയായ സ്ഥാനത്ത് പ്രതിഷ്ഠിക്കുകയാണ്  ആദ്യം ചെയ്യേണ്ടതെന്നാണ്.  ലോകമാസകലമുള്ള വിദ്യാഭ്യാസ പ്രവർത്തകരോട് ഫിൻലാൻഡ് ഇത് പറയുമ്പോൾ മുഴുവൻ സ്മാർട്ട്ക്ലാസ്സ് റുമുകളായതിൽ അഭിമാനം കൊള്ളുന്ന നമുക്ക് ചില കാര്യങ്ങളിലെങ്കിലും പുനശ്ചിന്തയും പുനക്രമീകരണവും ആവാം. 

എല്ലാ വിജയങ്ങൾക്കും എവിടെയും അടിസ്ഥാനം നടപ്പിലാക്കുന്നവരുടെ മനോഘടനയാണല്ലോ (Mind-set). ഫിൻലാൻഡിലും അങ്ങിനെതന്നെ.  തങ്ങളുടെ പ്രവർത്തനങ്ങളിൽ സ്ഥിരതയോടെ അവർ താളം കണ്ടെത്തുന്നു. സഹാധ്യാപകരുമായി പരസ്പരം സഹകരിച്ച് വിഭവങ്ങൾ പങ്കുവെച്ച് അധ്യാപനത്തിൽ മുഴുകുന്നു. പരസ്പരസഹകരണവും ഉൾക്കൊള്ളലും അൽഭുതങ്ങൾക്ക് കാരണമാവുന്നു.  വിദഗ്ദ്ധരായ അധ്യാപകരെ സ്വന്തം ക്ലാസ്സുകളിലേക്കെത്തിച്ച് സഹായംതേടുന്നതിൽ ആർക്കുമിവിടെ ഈഗോ പ്രശ്നങ്ങളില്ല.  അത്തരം പ്രവർത്തനങ്ങൾ കുട്ടികളുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതോടൊപ്പം അധ്യാപകരുടെ പരസ്പരബന്ധവും വളർ‍ത്തുന്നു. വിദ്യാലയാന്തരീക്ഷത്തെ സൗഹാർദ്ദപരമാക്കുന്നു.  ഇങ്ങനെയുള്ള മികച്ച തന്ത്രങ്ങളോടൊപ്പം  തങ്ങളുടെ അവധികളാഘോഷിക്കാനും സന്തോഷം എന്നത് മറക്കാതിരിക്കാനും  അദ്ദേഹം അധ്യാപകർക്ക് മുന്നറിയിപ്പുതരുന്നു. ഹോംവർക്കുകളുടെ ഭാരമില്ലാതെ വീടുകളിലേക്ക് തിരിക്കുന്ന വിദ്യാർത്ഥികളുടെ സന്തോഷം പോലെതന്നെ പ്രധാനമാണ് സ്ക്കൂൾകാര്യങ്ങൾ തലയിലവശേഷിപ്പിക്കാതെ സ്വതന്ത്രമായി വീട്ടിലെത്തി നവോൻമേഷത്തോടെയും ആവേശത്തോടെയും തിരിച്ചെത്തുന്ന അധ്യാപകനുമെന്ന് ഫിൻലാൻഡ് ചൂണ്ടികാട്ടുമ്പോൾ, നമുക്കും പ്രശ്നം മനോഘടനതന്നെയാണ്; മാറ്റത്തിന് മുഖം കൊടുക്കാതെ പുറംതിരിഞ്ഞ് മാമൂലുകളെയും ആവർത്തിക്കുന്ന അബദ്ധങ്ങളെയും മുറുകെപിടിക്കുന്ന സംവിധാനങ്ങളും കടുംപിടുത്തങ്ങളും. അതെ , ഫിൻലാൻഡ് ഏറെ അകലെയാണ്.