2022, ഡിസംബർ 22, വ്യാഴാഴ്‌ച

ഒരു പേരിൽ പലതുമിരിക്കുന്നു



    എന്തുപേരിട്ടു വിളിച്ചാലും പനിനീർപുഷ്പം അതുതന്നെയെന്നു മഹാകവി ഷെക്സ്പിയർ. ആറുനാട്ടിൽ നൂറുഭാഷയെന്നത് പതിരുള്ള പാഴ്ചൊല്ലുമല്ല. സ്ഥലവും കാലവും മാറുമ്പോൾ ഉപയോഗിക്കുന്ന ഭാഷയും വാക്കുകളും വ്യത്യസ്തമാവുകയെന്നത് സ്വാഭാവികം. ലോകം ക്രമേണ ഒന്നാവുകയും ഒരേ ജീവജാലങ്ങൾ പല പേരുകളിൽ വിളിക്കപ്പെടുകയും ചെയ്യുമ്പോളുണ്ടാവുന്ന പ്രശ്നങ്ങൾക്ക് പരിഹാരമെന്ന നിലയിലാണല്ലോ ശാസ്ത്രീയ നാമകരണ രീതി ഉപയോഗിക്കപ്പെട്ടുതുടങ്ങിയത്. സസ്യങ്ങൾ പല നാടുകളിൽ വ്യത്യസ്ത പേരുകളുള്ളവ മാത്രമല്ല, ഒരേ നാട്ടിൽ പല പേരുകളുള്ളവ കൂടിയാണ്. പക്ഷികളുടെയും പൂമ്പാറ്റകളുടെയും മറ്റ് ജീവികളുടെയും മലയാളത്തിലുള്ള പേരുകളിൽ ചിലത് വളരെ പണ്ടുതൊട്ട് ഉപയോഗിച്ചു വരുമ്പോൾ ചിലത് സമീപകാലത്തായി ബോധപൂർവ്വമോ അല്ലാതെയോ ഉണ്ടാക്കിയതാണ്. നൂറുകണക്കിന് ഷഡ്പദങ്ങളും നിശാശലഭങ്ങളും വണ്ടുകളും പേരും ഊരും ഇല്ലാത്തവരായി തുടരുകയും ചെയ്യുന്നു. മലയാളത്തിൽ പേരില്ലാതിരുന്ന ഒട്ടനവധി പൂമ്പാറ്റകൾക്ക് ആകർഷകമായ പേരുകൾ നൽകിയത് സീക്കിന്റെ ആഭിമുഖ്യത്തിൽ ഈ മേഖലയിലെ വിദഗ്ദ്ധർ കൂടിച്ചേ‍ർന്നായിരുന്നല്ലോ. എന്നിട്ടും തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും ഒരേ പൂമ്പാറ്റകൾക്ക് ഇന്നും പല പേരുകളാണ്. ആയിരക്കണക്കായ നിശാശലഭങ്ങളെ ആകർഷകമായ മലയാളം പേരുകളിട്ട് പഠനവിധേയമാക്കുന്ന ബാലകൃഷ്ണൻ വളപ്പിലിനെയും ഇവിടെ പരാമർശിക്കണം.

    പക്ഷികളുടെ മലയാളം പേരുമാറ്റമാണല്ലോ ഇവിടെ ചർച്ചാ വിഷയം. ജീവികളുടെ ഇംഗ്ളീഷ് പേരുകളും ശാസ്ത്രനാമങ്ങൾ തന്നെയും ശരിയായതും തെറ്റായതും ആയ കാരണങ്ങൾ കൊണ്ട് ചർച്ചയാവുകയും ചിലപ്പോഴെങ്കിലും മാറ്റപ്പെടുകയും ചെയ്യാറുണ്ട്. വംശീയത സൂചിപ്പിക്കുന്നതും മറഞ്ഞുപോയ അടിമത്തത്തിന്റെയും കൊളോണിയൽ കാലത്തിന്റെയും ഓർമ്മകൾ അവശേഷിപ്പിക്കുന്നതുമായ പേരുകൾ മാറ്റാനുള്ള ആവശ്യം ലോകത്തിന്റെ പലയിടങ്ങളിലും ഉയരാറുണ്ട്. കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഭരണാധികാരികളോടും ഉദ്യോഗസ്ഥരോടുമുള്ള ആദരസൂചകമായി നൽകിയ പേരുകളൊട്ടനവധിയാണ്. 'പക്ഷികൾക്ക് പക്ഷികളുടെ പേര് ' (Birds names for birds) എന്ന പ്രചാരണവുമായി അമേരിക്കയിൽ വംശീയതയും കൊളോണിയൽ അവശിഷ്ടങ്ങളും പക്ഷികളുടെ പേരിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള വലിയ മുന്നേറ്റങ്ങൾ കഴിഞ്ഞ വ‍ർഷങ്ങളിൽ നടന്നു.

    പക്ഷികളുടെ ഇംഗ്ളീഷ്ഭാഷയിലുള്ള നിരവധി സാധാരണപേരുകൾ സ്വയംവിവരണാത്മകവും ഓരോന്നിനെയും തിരിച്ചറിയാൻ സഹായിക്കുന്നതുമാണെന്നു പറയാം. വെള്ളക്കണ്ണനും (White-eyed), മഞ്ഞപുരികക്കാരിയും (Yellow- browed), കരിന്തലയനും (Black-headed) തിരിച്ചറിയാൻ ഏറെ സഹായകമാണെന്നതിൽ തർക്കമില്ല. പോതപ്പൊട്ടനും കള്ളിക്കുയിലും പേക്കുയിലും ഉൾപ്പെടെയുള്ള മലയാളം പേരുകളിലെയും സൂചനകളെ ഈ അർത്ഥത്തിലാണോ കാണേണ്ടത് എന്നതിൽ ഇനിയും ചർച്ചകൾ ആവശ്യമാണെന്നു തോന്നുന്നു. 'പൊട്ടനെ'ന്നത് അക്ഷരാർത്ഥത്തിൽ അധിക്ഷേപാർഹമായ ഒന്നാണെങ്കിലും ഗ്രാമ്യ പ്രയോഗത്തിൽ സ്നേഹവും അടുപ്പവും സൂചിപ്പിക്കുന്ന പദമായി അതു മാറാറുണ്ട്. അമ്മ മകനെ പൊട്ടനെന്നും കടിഞ്ഞൂൽപൊട്ടനെന്നും വിളിക്കുന്നത് ഏന്തായാലും അധിക്ഷേപിക്കാനാവില്ലല്ലോ. ‘ഞാങ്ങളും നിങ്ങളും ഭേദങ്ങളില്ല ' എന്ന് പ്രഖ്യാപിക്കുന്ന പൊട്ടൻ ദൈവം ഉദ്ഘോഷിക്കുന്നത് വംശീയതയുമാകാൻ സാധ്യതയില്ല. കള്ളനും കള്ളിയും അടുപ്പവും പ്രണയവുമുള്ളിടത്ത് നേരെ വിപരീതാർത്ഥത്തിലുപയോഗിക്കുമ്പോൾ പക്ഷികളോടുള്ള പ്രണയവും അടുപ്പവുമാണ് പിന്നിലെന്ന് ആർക്കെങ്കിലും സംശയമായാലോ? മണ്ണാത്തിയും കുറവനും മുണ്ടനും തണ്ടാനും ചാത്തനും വേർതിരിവും അധിക്ഷേപവുമാണെന്നു വാദത്തിനു സമ്മതിച്ചാലും സാമൂഹ്യശാസ്ത്രപരമായും ഭാഷാപരമായും ആ വാദത്തിനു നിലനിൽപ്പുണ്ടോയെന്നു കൂടി ചർച്ച ചെയ്യേണ്ടി വരും.

    ഇന്ത്യയിലെമ്പാടുമുള്ള പൂമ്പാറ്റകളുടെ പേരുകളെക്കുറിച്ചന്വേഷിക്കുമ്പോൾ അവ ഇംഗ്ളീഷ് പേരുകൾ ഇന്നും ബ്രിട്ടീഷ് ഭരണത്തിന്റെ തികഞ്ഞ ഹാങ്ഓവറിൽ നിന്നും ഒട്ടും മുക്തമായിട്ടില്ല. എമ്പററും (Golden Emperor, Tawny Emperor,,) രാജയും (Black Rajah,,) ബാരണും ‍(Common Baron,,,)ബാരണറ്റും (Baronet) ഡ്യൂക്കും (Red Spot Duke,,)ആർച്ച് ഡ്യൂക്കും (Arch Duke)ഡച്ചസ്സും (Blue Duchess)മാർക്വിസും (Marquis) വിസ്കൗണ്ടും (Viscount) പ്രിൻസും (Black Prince) നവാബും (Common Nawab,,,) ഏളും (Common Earl) ജോക്കറും (Joker) ജസ്റ്ററും (Jester,,,)അകമ്പടിക്കും സുരക്ഷയ്ക്കും സെയിലറും (Sailor,,)ലാസ്ക്കറും (Lascar,,) അഡ്മിറലും (Admiral,,)കോൺസ്റ്റബിളും (Constable) കൊമ്മഡോറും (Commodore) ഇന്നും മലകളിലും താഴ്‍വരകളിലും തെന്നിനീങ്ങുന്നുണ്ട്. സാമ്രാജ്യത്വത്തിന്റെയും ദുഷ്പ്രഭുത്വത്തിന്റെും അധിനിവേശത്തിന്റെയും കൊടിയടയാളങ്ങളായി കാണണോ വൈവിധ്യത്തിന്റെയും പ്രൗഢിയുടേയും വർണ്ണസങ്കലനത്തിന്റെയും മനോഹാരിതയായിക്കാണണോ എന്നുള്ളത് കാഴ്ചക്കാരന്റെ ഇഷ്ടം. സമീപകാലത്തായി നിഗ്ഗർ (Nigger- Medus Bushbrown), കൂൺ (Coon- Indian Dusky Partwing) എന്നീ പൂമ്പാറ്റ പേരുകളിലെ വംശീയാധിക്ഷേപം തിരിച്ചറിഞ്ഞ് മറ്റു പേരുകളിലേക്ക് മാറിയെങ്കിലും പലയിടത്തും പഴയതു തന്നെ ഉപയോഗിക്കപ്പെടുന്നുമുണ്ട്.

    അബദ്ധധാരണകളാലോ തെറ്റിദ്ധരിക്കപ്പെട്ടോ വന്നുപെട്ട പേരുകളുണ്ടെന്നത് വാസ്തവം തന്നെ. ഇവയെക്കുറിച്ചുള്ള നിഗമനങ്ങളിലേക്കും തീ‍ർപ്പുകളിലേക്കും എത്തിച്ചേരുന്നതിന്നു മുന്നേ ഈ പേരുകൾ എങ്ങിനെ വന്നു എന്നുള്ളതുകൂടി പരിഗണിക്കേണ്ടതുണ്ടെന്നു തോന്നുന്നു. ചിലതൊക്കെ പ്രാദേശികമായി ഉപയോഗിച്ചു പ്രചാരം കിട്ടിയതാവണം. ചിലതു പ്രത്യേകതകളുടെ സൂക്ഷ്മനിരീക്ഷണത്തിൽ നിന്നും ആരൊക്കെയോ പരുവപ്പെടുത്തിയതാവണം. സമൂഹത്തിന്റെ സ്വത്വത്തിലും വിശ്വാസങ്ങളിലും കഥകളിലും കയറിനിൽക്കുന്നതാവാം മറ്റു ചിലത്. വാമൊഴിവഴക്കങ്ങളും പ്രാദേശികപ്രയോഗങ്ങളും അതിന്നു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടാവാം. വിവിധ ജനസമൂഹങ്ങളുടെ അറിവുകളുടെ ഈടുവെയ്പ്പിൽ വികസിച്ചുവന്നവയുമുണ്ടാകാം. ഇന്നും ഗുഹകളിൽ താമസിക്കുന്ന നിലമ്പൂർ കാടുകളിലെ പരിമിതാംഗങ്ങൾ മാത്രമുള്ള ചോലനായ്ക്കവിഭാഗക്കാർ നാലഞ്ച് ഇനം ചിവീടുകളെ പേരു ചൊല്ലിവിളിക്കുകയും അവയുടെ ശബ്ദംതിരിച്ചറിഞ്ഞ് മഴക്കാലവും മഞ്ഞുകാലവും ചൂടുകാലവും പ്രവചിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് വിശദമായി വായിച്ചതോർക്കുന്നു. (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2021, ജൂൺ 20-26). ആ പേരുകളോരോന്നും നിശ്ചയിച്ചതിന്ന് ആ പ്രാക്തനസമൂഹത്തിന് കാരണങ്ങളുമുണ്ടായിരുന്നു. കാലൻകോഴിയെ മരമൂങ്ങയാക്കി അന്ധവിശ്വാസനിർമ്മാ‍ർജ്ജനത്തിനു കോപ്പുകൂട്ടുമ്പോൾ വേലികൾ വൻമതിലുകൾക്ക് വഴിമാറിയപ്പോൾ വേലിത്തത്തകളെ മതിൽപക്ഷികളായും അമ്പലപ്രാവുകളെ പാറപ്രാവുകളായും മാറ്റേണ്ടി വരുമോയെന്നത് ന്യായമായ ചോദ്യമാവുന്നുണ്ട്. വിഷുപ്പക്ഷിയും സാമ്രാജ്യത്വകഴുകനും വന്യതയിൽ പാടുകയോ നിലവിളിക്കുകയോ ചെയ്യുന്നുമുണ്ട്. 

    ശാസ്ത്രസമൂഹത്തിന് സ്വന്തമായ പേരുകളാവാം. പുതിയ അറിവുകൾക്കനുസരിച്ച് മാറ്റുകയുമാവാം. പ്രാദേശികഭാഷയിലെ പദങ്ങൾക്കുപകരം ഭൂരിഭാഗമാളുകളും ഇംഗ്ളീഷ് സാധാരണപേരുകളും ശാസ്ത്രനാമങ്ങളും ഉപയോഗിക്കുന്നവരാണല്ലോ. ഒരു ജീവിതന്നെ പല പേരുകളിൽ അറിയപ്പെടുന്നതിൽ എന്താണ് പ്രശ്നം? ഗ്രാമ്യപദങ്ങളും പ്രയോഗങ്ങളും സമ്പന്നമാക്കിയ സസ്യജന്തു നാമങ്ങളെ അതുപോലെ അവിടെ വിട്ടേക്കുക. സാങ്കേതികവിദ്യയുടെ വ്യാപനം പ്രാദേശികഭാഷകളുടെയും സംസ്ക്കാരത്തിന്റെയും സംരക്ഷണത്തിനും പോഷണത്തിനും പ്രാധാന്യം തിരിച്ചുകൊണ്ടുവന്ന ഇക്കാലത്ത് അതാവും നല്ലത്. പേരില്ലാത്തവർക്ക് പേരുനൽകുമ്പോൾ രാഷ്ട്രീയ തെറ്റുശരികളും ലിംഗേതര-വർഗേതര പദങ്ങളും തേടിപ്പോവാം. കാലങ്ങൾ കൊണ്ടുണ്ടായ പേരുകൾ പൊടുന്നനെ മാറ്റാൻ തയ്യാറാവുമ്പോൾ ഇക്കാര്യങ്ങൾ കൂടി ഉൾക്കൊണ്ടുള്ള കൂടുതൽ ചർച്ചകളുണ്ടാവണം.


(Published in Malabar Trogon -Newsletter of Malabar Natural History SocietyVol. 20-2&3 2022 MAY-DEC)

.



2022, ജനുവരി 15, ശനിയാഴ്‌ച

പഴശ്ശിയും കല്ല്യാടും



    നൂറ്റാണ്ടുകൾക്കപ്പുറം സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധിനിവേശ ശ്രമങ്ങൾക്കെതിരെ ധീരമായ ചെറുത്തുനിൽപ്പിന് നേതൃത്ത്വം നൽകിയ ധീരദേശാഭിമാനിയായിരുന്നു കേരളവർമ്മ പഴശ്ശിരാജ. ഏറ്റവും മികച്ച കുരുമുളക് ലഭിക്കുന്ന സ്ഥലമായി ഇൻഡ്യയിലെ വടക്കേമലബാറിന്റെ കിഴക്കൻമലയോരങ്ങൾ ലോകമാകെ അടയാളപ്പെടുത്തപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെയാണ് അറബികൾ, പാശ്ചാത്യർ തുടങ്ങിയ വൈദേശിക കച്ചവടക്കാരുടെ ആഗമനവും തുടർന്നുള്ള അധിനിവേശങ്ങളും സംഭവിച്ചതും. കച്ചവടക്കാരായെത്തിയവർ പെട്ടെന്ന് ഭരണാധികളായിത്തീർന്നത് എവിടെയുമെന്നപോലെ ഇവിടെയും സംഘർഷങ്ങളിലേക്കും പോരാട്ടങ്ങളിലേക്കും യുദ്ധങ്ങളിലേക്കും നയിച്ചു. അക്കാലത്ത് സൈനികശക്തിയിലും തന്ത്രങ്ങളിലും കുതന്ത്രങ്ങളിലും കൗശലങ്ങളിലും അഗ്രഗണ്യരായിരുന്ന കമ്പനിയോട് പഴശ്ശി ഏറെക്കാലം വിജയകരമായി ചെറുത്തുനിന്നത് ഇന്നും അൽഭുതവും ആവേശവും നിറഞ്ഞ ചരിത്രമാണ്. ധീരമായ പോരാട്ടത്തിന് ഊർജ്ജം പകർന്നത് താൻ ഈ നാടിന്റെ ധർമ്മത്തിന്റെയും സംസ്കൃതിയുടേയും സംരക്ഷണത്തിനായാണ് പ്രവർത്തിക്കുന്നതെന്ന് തന്റെ നാട്ടുകാരെ ബോധ്യപ്പെടുത്തി അവരെക്കൂടി തന്റെ പക്ഷത്തു ചേർത്തുനിർത്താൻ കഴിഞ്ഞതുകൊണ്ടാണ്. നാട്ടിലെ ഭൂവുടമകളുടെയും സാധാരണക്കാരുടെയും വനവാസികളുടെയും അകമഴിഞ്ഞ പിൻതുണ അദ്ദേഹത്തിന് ഇക്കാര്യത്തിൽ ലഭിച്ചു. എല്ലാവരും സ്വന്തം നിലനിൽപ്പിനായുള്ള പോരാട്ടമായി അതേറ്റെടുത്തു. നാട്ടിടവഴികളും മലഞ്ചെരിവുകളും പുഴയോരങ്ങളും മഹാവനങ്ങളും വർഷങ്ങളോളം സംഘർഷഭൂമിയായിമാറി. എതിരാളികൾ സർവ്വായുധസന്നദ്ധരായിരുന്നു. അവർ അനേകം നാട്ടുകാരെ പ്രലോഭനങ്ങൾവഴി കമ്പനിപക്ഷത്തുചേർത്തു. എന്നിട്ടും ആദ്യകാലങ്ങളിൽ പഴശ്ശിയും കൂട്ടരും ഉജ്ജ്വല വിജയങ്ങൾ നേടി. ചിലപ്പോൾ എതിരാളികളെ അമ്പേ പരാജയപ്പെടുത്തി, മറ്റു ചിലപ്പോൾ തന്ത്രങ്ങളാൽ എതിരാളികൾക്ക് നിൽക്കക്കള്ളിയില്ലാതാക്കി.

    കോട്ടയം പ്രദേശത്തെ ഒട്ടുമിക്ക നായർത്തറവാടുകളും ഏറിയും കുറഞ്ഞും പഴശ്ശിത്തമ്പുരാന് പരിപൂർണ്ണ പിൻതുണയുമായി ചേർന്നുനിന്നു. സ്വന്തം നിലനിൽപ്പുപോലും പരിഗണിക്കാതെ ആളും അർത്ഥവും നൽകി പഴശ്ശിയെ സഹായിച്ചു. പലരും കൊല്ലപ്പെട്ടു, മറ്റുചിലർ നാടുകടത്തപ്പെട്ടു, സ്വത്തും സ്വാധീനവും നഷ്ടപ്പെടുത്തി, നേതൃത്ത്വം നൽകിയവരെ പരസ്യമായി ആൾക്കുട്ടത്തിനുമുന്നിൽ തൂക്കിക്കൊന്നു. സ്വാതന്ത്ര്യത്തിന് സ്വന്തം ജീവനേക്കാൾ വില നൽകിയവരായിരുന്നു പലരും. എല്ലാം സഹിച്ചും പഴശ്ശിയുടെ പതനം വരെ നിരവധിപേർ അദ്ദേഹത്തെ പിൻതുണച്ചു. കോട്ടയം രാജ്യത്തിന്റെ യഥാർത്ഥഭൂമിശാസ്ത്രാതിർത്തിക്ക് പുറത്തായിരുന്നെങ്കിലും പ്രതാപികളും അതിലേറെ അഭിമാനികളുമായിരുന്ന കല്ല്യാട്ടു നമ്പ്യാരും അദ്ദേഹത്തിന്റെ ആളുകളും പഴശ്ശിക്ക് സർവ്വവിധ പിൻതുണയുമായി അവസാനം വരെ ചേർന്നു നിന്നു. കല്ല്യാട്ട് മലനിരകൾ പോരാട്ടവേദിയായി മാറി. ചരിത്രകാരനായ ഡോ.കെ.കെ.എൻ കുറുപ്പ് പഴശ്ശിസമരങ്ങളെക്കുറിച്ച് ഈസ്റ്റ് ഇൻഡ്യാ കമ്പനിരേഖകളിൽ നിന്നും മറ്റുമായി ശേഖരിച്ചെഴുതിയ പഴശ്ശി സമരരേഖകൾ (മാതൃഭൂമി ബുക്സ് , 2018, p111) എന്ന പുസ്തകത്തിൽ കല്ല്യാട് നടന്ന പോരാട്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കാണാം..

    പഴശ്ശി നിരന്തരം നാട്ടുകാരോട് ഇടപഴകി. നാടുവാഴികളോടും പ്രമാണിമാരോടും തന്റെ സമരത്തിന് പിൻതുണ അഭ്യർത്ഥിച്ചു. ചില അവസരങ്ങളിൽ എതിരെനിന്നവർക്ക് മുന്നറിയിപ്പുകൾ നൽകി. മറ്റുചിലപ്പോൾ എല്ലാവരും ഒത്തുചേർന്ന് വിദേശികളെ തുരത്തുന്നതിനെക്കുറിച്ച് ആഹ്വാനം നൽകി. ജൻമനാട്ടിന്റെ പാരമ്പര്യവും സംസ്ക്കാരവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഉദ്ബോധിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട നിരവധി തരകുകളും ഓലകളും പല സ്രോതസ്സുകളിൽ നിന്നും സമീപകാലത്തായി വെളിച്ചം കണ്ടിട്ടുണ്ട്. പലയിടത്തായി ചിതറിക്കിടക്കുന്ന അമൂല്യമായ അത്തരം അവശേഷിപ്പുകൾ ഇനിയും വീണ്ടെടുക്കേണ്ടതുമുണ്ട്. ആയിരത്തിതൊള്ളായിരത്തിമുപ്പതുകളിൽ ആരംഭിച്ച കലാപകലുഷിതമായ കർഷകസമരങ്ങളുടേ കഥകൾപ്പുറം, നൂറ്റാണ്ടുകൾക്കുമുന്നേ വൈദേശിക ശക്തികൾക്കെതിരെ വ്യത്യാസങ്ങൾക്കുമപ്പുറം എല്ലാവരും ഒരുമിച്ചു ചേർന്ന് പോരാടിയ അഭിമാനകരമായ ചരിത്രത്തെക്കുറിച്ച് എല്ലാവരും അറിയേണ്ടതുണ്ട്. നാം അവയെ ആദരവോടെ സ്മരിക്കേണ്ടതുമുണ്ട്.

    പഴശ്ശിയുടെ പോരാട്ടവുമായി ബന്ധപ്പെട്ട് കല്ല്യാട് പ്രദേശത്ത് നിന്നും മൂന്നു പേരുകളാണ് ഇതു സംബന്ധിച്ച എല്ലാ രേഖകളിലും പൊതുവായി കാണുന്നത്. കല്ല്യാട്ടു നമ്പ്യാർ എന്നപേരിൽ കാരണവരായ കല്ല്യാട്ട് കുഞ്ഞമ്മനാണ് അതിലൊന്ന്. സമരങ്ങളുടെ ആദ്യകാലം തൊട്ട് നിരവധി തവണ കല്ല്യാട്ട് കുഞ്ഞമ്മന്റെ പേര് പരാമർശിക്കപ്പെടുന്നുണ്ട്. കല്ല്യാട്ട് മൂന്നാമൻ എന്നു മാത്രം പരാമ‍ർശിക്കപ്പെടുന്ന ആളാണ് അടുത്ത ആൾ. കല്ല്യാട്ട് നമ്പ്യാർ തറവാട്ടിലെ പ്രായം കൊണ്ട് മൂന്നാമത്തെ ആൾ എന്നു വേണം ഊഹിക്കാൻ. സമീപപ്രദേശങ്ങളിൽ നിന്നുൾപ്പടെ പോരാട്ടത്തിനുവേണ്ടി ആളുകളെ സംഘടിപ്പിക്കാനും പണവും വിഭവങ്ങളും സ്വരൂപിക്കാനും കല്ല്യാട്ട് മൂന്നാമൻ നടത്തിയ പരിശ്രമത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ലഭ്യമാണ്. അതോടൊപ്പം ഇവരുടെ ഉറ്റസഹചാരിയായി പോരാട്ടസമയത്തും അല്ലാത്തപ്പോഴും പ്രവർത്തിച്ച ചേണിച്ചേരി രയരപ്പനാണ് പേരു പരാമർശിക്കപ്പെടുന്ന മൂന്നാമത്തെയാൾ. ഇവർക്കൊപ്പം നാട്ടുപ്രമാണികളും സാധാരണക്കാരുമായ ഒട്ടനവധി ആളുകളും ഉണ്ടായിരിക്കമെന്നുറപ്പാണെങ്കിലും വരുടെ പേരുകൾ എങ്ങും സൂചിപ്പിക്കപ്പെട്ടതായി കാണുന്നില്ല. ഇക്കാര്യങ്ങളെക്കുറിച്ചു വിവിധ രേഖകളിൽ ലഭ്യമായ പരാമർശങ്ങൾ ഈ സംഭവങ്ങളുട അന്നത്തെ പ്രാധാന്യത്തെയും പ്രാമുഖ്യത്തെയുംകുറിച്ച് വ്യക്തമായ ധാരണ തരുന്നുണ്ട്. ഇക്കാലമത്രയും ബോധപൂർവ്വമായുംജ്ഞതയാലും അവഗണിക്കപ്പെട്ട ചരിത്രവസ്തുതകളിലേക്ക് ആ രേഖകളുടെ വെളിച്ചത്തിൽ ഒരെത്തിനോട്ടമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

    കുരുമുളകുൾപ്പടെയുള്ള കാർഷികവിളകൾ കൊണ്ട് സമൃദ്ധമായ ഇടങ്ങളായിരുന്നു കല്ല്യാടും പരിസരപ്രദേശങ്ങളും. പൊതുവെ കുറഞ്ഞ ജനസംഖ്യ. സാംസ്ക്കാരികമായും വ്യാപാരപരമായും കുടകുജനതയുമായുള്ള കൊടുക്കൽവാങ്ങലുകൾ. തിങ്ങിനിറഞ്ഞ കാടുകളും വനസമ്പത്തും. ഭൂമിശാസ്ത്രപരമായി ഇരുപുഴകൾക്കുമിടയിൽ പീഠഭൂമിരൂപത്തിലുള്ള കിടപ്പു്. വലിയപാറപ്പരപ്പുകളും ഫലപുഷ്ടിയേറിയ വിശാലമായ വയലേലകളും. ഇതൊക്കെ പ്രദേശത്തിന്റെ തനതു പ്രത്യേകതകളായിരുന്നു. അറബികളും മറ്റും നേരിട്ട് കച്ചവടത്തിനെത്തുന്ന ഇരീക്കൂർ എന്ന വ്യാപാരകേന്ദ്രം വളപട്ടണം പുഴയിലെ ജലഗതാഗതസൗകര്യം കൊണ്ടു പ്രാധാന്യം നേടിയ ഒരിടമായിരുന്നു. എല്ലാതരത്തിലും തന്ത്രപരമായ പ്രദേശം. പഴശ്ശിയുടെ പോരാട്ടവുമായി ബന്ധപ്പെട്ടുള്ള കമ്പനി എഴുത്തുകുത്തുകളിലും ഗുണ്ടർട്ട് ശേഖരത്തിലെ പഴശ്ശി രേഖകളിലും ചിലയിടത്ത് കല്ല്യാടിനെക്കുറിച്ചും അവിടെ നടന്ന പോരാട്ടങ്ങളെക്കുറിച്ചും പരാമർശങ്ങൾ ഉണ്ട്.

    അതിലൊന്ന് പഴശ്ശി രാജാവ് കല്ല്യാട്ട് അപ്പുക്കുട്ടിക്ക് എഴുതിയ ഒരു തരകാണ്. കല്ല്യാട്ട് ഇടവകയിലെ പാർവത്യക്കാരനാണ് (അധികാരി) അപ്പുകുട്ടി. ഇതെഴുതിയിരിക്കുന്നത് 972 (1797) മലയാളവർഷം തുലാമാസം നാലാം തീയതിയാണ്. കല്ല്യാട്ട് ഇടവകയിൽ നെല്ല്, മുളക്, പണം എന്നിവയുടെ നികുതി പിരിവ് നിർത്തിവെക്കാനും അദ്ദേഹത്തോട് രാജാവിനെചെന്ന് കാണാനുമാണ് ഇതിൽ ആവശ്യപ്പെടുന്നത്. എന്താണ് കാര്യമെന്നോ കമ്പനിയുമായുള്ള പ്രശ്നങ്ങളാണോ എന്നൊന്നും അതിൽ വ്യക്തമാക്കിയിട്ടില്ല. (47 A&B, പഴശ്ശിരേഖകൾ, ജനറൽ എ‍ഡിറ്റർ ഡോ സ്കറിയാ സക്കറിയ, ഡിസി ബുക്ക്സ്, കോട്ടയം 1994, p120 )

    കല്ല്യാട് കുഞ്ഞമ്മനുമായി ബന്ധപ്പെട്ട് പരാമർശമുള്ള മറ്റൊരു എഴുത്ത് 972 ധനുമാസം 28 നു (1797 ജനുവരി 9) രാത്രി പന്ത്രണ്ടു മണിക്കു എഴുതിയത് എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഒന്നാണ്. പഴശ്ശിയുമായി തെറ്റിപ്പിരിഞ്ഞ പഴയവീട്ടിൽ ചന്തു, തലശ്ശേരി ക്രിസ്റ്റഫർ പീലി സായിപ്പിന് എഴുതിയതാണ് ആ കത്ത്. കാലം പഴശ്ശിയുടെ നേതൃത്ത്വത്തിലുള്ള സമരം അന്തിമഘട്ടത്തിലേക്ക് എത്തുന്നതിന്നും ആറുവർഷങ്ങൾക്ക് മുന്നെയാണ്. കമ്പനി പട്ടാളക്കാരുടെ ആവശ്യങ്ങൾക്ക് മയ്യഴിയിൽ നിന്നും അരിയും മറ്റു സാധനങ്ങളും വേങ്ങാട്ടെക്കെത്തിക്കണം എന്ന് ആവശ്യപ്പെട്ട് ചൊവ്വക്കാരൻ മൂസ്സയ്ക്ക് കമ്പനി അധികാരികൾ അയച്ച എഴുത്ത് കതിരൂരിൽ വെച്ച് കൈതേരി അമ്പു, കല്ല്യാട്ടെ കുഞ്ഞമ്മൻ തുടങ്ങിയവരുടെ നേതൃത്ത്വത്തിൽ പഴശ്ശിയുടെ ആളുകൾ കമ്പനി പട്ടാളത്തിനു നേരെ വെടിയുതിർത്ത് പിടിച്ചുവാങ്ങി എന്നാണ് പഴയവീട്ടിൽ ചന്തു എഴുതിയ കത്തിലുള്ളത്. ഇവിടെ പരാമർശിക്കപ്പെട്ട കല്ല്യാട്ട്കു‍‍ഞ്ഞമ്മൻ തന്നെയാവണം പിന്നീട് ആറുവർഷങ്ങൾക്കിപ്പുറം കമ്പനിക്കെതിരെ നടന്ന ധീരോദാത്തമായ കല്ല്യാട്ട് പോരാട്ടങ്ങൾക്ക് സ്വന്തമായി നേതൃത്ത്വം നൽകിയതും. ഇത്ര ദീർഘകാലം പഴശ്ശിക്കുവേണ്ടി പോരാടിയ കുഞ്ഞമ്മന്റെ അന്തിമസമരത്തെക്കുറിച്ച് കമ്പനിയുടെ ഔദ്യോഗിക എഴുത്തുകുത്തുകളിൽ വിശദമായി എഴുതിയിട്ടുണ്ട്. ( 164 A&B പഴശ്ശിരേഖകൾ223A, ജനറൽ എ‍ഡിറ്റർ ഡോ.സ്കറിയാ സക്കറിയ, ഡി.സി ബുക്ക്സ് കോട്ടയം 1994,P 134)

    നീണ്ടുനിന്ന പോരാട്ടങ്ങളിൽ മുഴുവാനാളുകളേയും ഒരുമിച്ചുചേർക്കാൻ പഴശ്ശി രാജാവ് ശ്രമിച്ചു. വിവിധപ്രദേശങ്ങൾ സന്ദർശിച്ചും വിവിധ തരത്തിൽ ആളുകളെ ബന്ധപ്പെട്ടും തന്റെ പിൻതുണ വർദ്ധിപ്പിച്ചു. നാടിന്റെ പാരമ്പര്യവും സംസ്ക്കാരവും സംരക്ഷിക്കാൻ എപ്പോഴും ശ്രദ്ധിച്ചു. ആരാധനാലയങ്ങളുടെ നേരെ ബ്രിട്ടീഷുകാർ കാണിച്ച അതിക്രമങ്ങളും അധിക്ഷേപങ്ങളും അദ്ദേഹത്തെ ക്രോധാകുലനാക്കി. ഇതിന്നെതിരെ പ്രബലരായ നാടുവാഴികളുടെയും ഭൂപ്രഭുക്കളുടെയും പിൻതുണ തേടി. അത്തരത്തിൽ കല്ല്യാട്ട് നമ്പ്യാർക്കെഴുതിയ വിളംബരത്തിൽ രാഷ്ട്രീയ മോഹങ്ങളെക്കാൾ ധാർമ്മികമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കി ഐക്യം കെട്ടിപ്പടുത്ത് കമ്പനിപട്ടാളത്തെ പരാജയപ്പെടുത്തുന്നതിന്നുള്ള ശ്രമവും ആഹ്വാനവും കാണാം. 975 കർക്കിടകം 8 ന് (1800 ജൂലായ് 21 ) അദ്ദേഹം കല്ല്യാട്ട് നമ്പ്യാർക്ക് അയച്ച തരക് താഴെ നൽകുന്നു.

    ഇന്നാട്ടിലെ ദൈവങ്ങൾ, പെരുമാളും ഭഗവതിയും , നിങ്ങളുടെ മനസ്സിനെ സ്വാധീനിക്കുന്നുണ്ടെങ്കിൽ, നിങ്ങളെന്നെ പരിഗണിക്കുന്നുണ്ടെങ്കിൽ നിങ്ങളിപ്പോഴാണ് സൗഹാർദ്ദം കാണിക്കേണ്ടത്. തങ്ങളുടെ പ്രിയപ്പെട്ട കാര്യങ്ങൾ ബലികഴിക്കുകയും ദൈവങ്ങളെ ഉപേക്ഷിക്കുകയും ചെയ്തിട്ടുള്ള എന്റെ ശത്രുക്കൾ എനിക്കു ഹാനികരമായി പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നു, അതൊന്നും തന്നെ ഞാൻ കണക്കിലെടുക്കുന്നില്ല. ഇംഗ്ളീഷുകാരുടെ ശക്തി അതെത്രതന്നെ വലുതായാലും ശരി, എനിക്കു കഴിയുന്ന വിധം ഫലപ്രദമായി ഞാൻ അവർക്കെതിരായി പ്രവർത്തിച്ചുകൊണ്ടിരിക്കുമെന്നും അടങ്ങിയിരിക്കുകയില്ലെന്നും നിങ്ങൾക്കുറപ്പുതരുന്നു. മണത്തണയിലെ നമ്മുടെ പരിപാവനമായ ക്ഷേത്രത്തിലെ ദൈവങ്ങൾക്കുനേരെ ഇംഗ്ളീഷുകാർ കാണിച്ച അപമാനങ്ങൾക്കുശേഷം അതിന്നു പകരം ചോദിക്കാതെ മറ്റൊരുവിധം പ്രവ‍ർത്തിക്കുവാൻ എനിക്കു സാധ്യമല്ലെന്നും നമ്മുടെ ധർമ്മത്തിന്റെ ഭാഗത്താണ് നാമെല്ലാം നിൽക്കേണ്ടതെന്നും ഞാൻ നിൽക്കുന്നത് സ്ഥൈര്യത്തോടെ തന്നെയാണെന്നും എല്ലാ ജനങ്ങളെയും അറിയിക്കുക.” (ഫോറിൻ പൊളിറ്റിക്കൽ കൺസ.നമ്പർ 34, 18 സപ്തംബ‍ർ,1800 – പഴശ്ശി സമരരേഖകൾ- ‍ഡോ കെ.കെ.എൻ കുറുപ്പ്)

    സ്വന്തം പാരമ്പര്യത്തിലും സംസ്ക്കാരത്തിലും ദൈവങ്ങളിലും അഭിമാനവും വിശ്വാസവുമുള്ള ആർക്കും അവഗണിക്കാനാവാത്ത ആഹ്വാനമായിരുന്നു അത്. എന്തൊക്കെ സംഭവിച്ചാലും ധർമ്മസംരക്ഷണാർത്ഥമുള്ള പോരാട്ടം അവസാനംവരെ തുടരുമെന്ന ആ വിളംബരം എല്ലാ നാടുവാഴികളെയും ആവേശം കൊള്ളിക്കാൻ പ്രാപ്തമായിരുന്നു.

    978 (1803) മിഥുനമാസം 22 ന് താലൂക്ക് ശിരസ്തദാരായ കരക്കാട്ടിടത്തിൽ കമ്മാരൻ നമ്പ്യാർ കണ്ണൂരിലെ തുക്കിടി സായ്പിന് പയ്യാവൂരിൽ നിന്നും എഴുതിയ ഹർജിയും പഴശ്ശിസമരങ്ങൾക്ക് കല്ല്യാടും പരിസരങ്ങളും എങ്ങിനെ രംഗവേദിയായി എന്നതിന്റെ വ്യക്തമായ ചിത്രം തരുന്നുണ്ട്. 1803 ൽ പഴശ്ശിപ്പട പോരാട്ടം രൂക്ഷമാക്കുകയും കല്ല്യാട് ഉൾപ്പടെയുള്ള പ്രദേശങ്ങൾ സംഘർഷഭൂമിയാവുകയും ചെയ്തദിനങ്ങളിലാണ് ഈ എഴുത്ത്. നാടുവാഴികളും ജനങ്ങളും മൊത്തം, ഒന്നുകിൽ പഴശ്ശിക്കൊപ്പം അല്ലെങ്കിൽ കമ്പനിക്കൊപ്പം എന്ന നിലയിലേക്ക് മാറിക്കഴിഞ്ഞിരുന്നു. തദ്ദേശീയരായ ആൾക്കാരെ നിയമിച്ച് കമ്പനിപ്പട്ടാളത്തെ സഹായിക്കാനായി പരിശീലനം നൽകി കോൽക്കാരായി നിയമിച്ചപ്പോൾ പോരാട്ടം രൂക്ഷമായി. എല്ലാ വശങ്ങളിൽനിന്നും പോരാളികൾക്ക് ലഭിക്കുന്ന സഹായങ്ങളും പിൻതുണയും ഇല്ലാതാക്കാൻ ബ്രിട്ടീഷുകാർ പരമാവധി ശ്രമിച്ചു. ശക്തരായ കമ്പനി പട്ടാളത്തിനെതിരെ സുദീർഘവും കഠിനവുമായ പോരാട്ടത്തിന് തങ്ങളുടെ സജ്ജീകരണങ്ങളും വിഭവങ്ങളും മതിയാവില്ലെന്നു കണ്ടപ്പോൾ നേതൃത്ത്വം കൊടുക്കുന്നവരിൽ പ്രധാനിയായ കല്ല്യാട്ട് മൂന്നാമൻ ആളും അർത്ഥവും തേടി ഇക്കാര്യത്തിനായി അടുത്തും അകലയുമുള്ള പ്രദേശങ്ങളിലേക്ക് ഇറങ്ങിത്തിരിച്ചു. പഴശ്ശിക്കെതിരായ നീക്കത്തിൽ ഒട്ടേറെ പ്രമുഖ വ്യക്തികളുടെയും തറവാടുകളുടെയും പിൻതുണ കമ്പനിക്കു ലഭിച്ചു. കമ്മാരൻ നമ്പ്യാർ എഴുതിയ ഹരജിയിൽ കമ്പനിഅനുഭാവികളായ ആളുകളെ സമീപിച്ച് ബലംപ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും കല്ല്യാട്ട് മൂന്നാമനും സംഘവും പിരിവുനടത്തുന്നു എന്നാണ് പരാതിപ്പെട്ടിരിക്കുന്നത്. കല്ല്യാട്ട് നമ്പ്യാരുടെ അധികാരപരിധിയിൽ വരാത്തിടങ്ങളിലും, പ്രത്യേകിച്ച് സ്വാധീനവും സമ്പത്തുമുള്ള കരക്കാട്ടിടം നായനാരുടെ കൈവശമേഖലകളിൽക്കൂടി കടന്നുചെല്ലുന്ന ഇവരെ അടിയന്തിരമായി നിയന്ത്രിക്കണമെന്നതാണ് തുക്കിടി സായിപിനയച്ച പരാതിയുടെ സാരംശം. അതിങ്ങനെ തുടരുന്നു, കല്ല്യാട്ടേക്കു വരുന്ന വഴിക്കുള്ള താഴെ മ്രാണി മുതൽ കല്ല്യാട്ടോളം മരംമുറിച്ചിട്ട് (കമ്പനി പട്ടാളത്തിന്റെ യാത്രയ്ക്ക് തടസ്സം ഉണ്ടാക്കാനായി) മൂന്നുമാസമായി ഇരുപത്തിഒൻപത് ആളുകൾ അവിടെത്തന്നെ കാവൽ നിൽക്കുന്നു. കല്ല്യാട്ട് നമ്പ്യാറും ചേണിച്ചേരി രയരപ്പനും ഇന്നലെ ഇരിക്കൂർ, ചൂളിയാട് എന്നിവിടങ്ങളിൽ ഒക്കെ പോയി കുരുമുളകും നെല്ലും പൊതിയും ഒക്കെ കൊണ്ടുപോവുകുയും നാട്ടിലെ മുഖ്യസ്ഥൻമാരെയൊക്കെ വിളിച്ചുകൂട്ടി എല്ലാവരോടും പണം നൽകണമെന്ന് നിഷ്കർഷിക്കുകയും ചെയ്തതായി കേൾക്കുന്നു. ചൂളിയാട്ടുള്ള ചാലിയൻ അലച്ചി ഒതേനൻ എന്നു പറയുന്ന ആളുടെ അനുജനെ പിടിച്ചുകെട്ടി ഇരുപതുരൂപ വാങ്ങി വിട്ടയച്ചു. എടോൻ ഒതേനനെയും മമ്മഞ്ചേരി കേളു എന്നവരെയും പിടിച്ചുകൊണ്ടുപോയിരിക്കുന്നു. നാലുതറയിലുള്ള കുടിയാന്റെ അതേ അവസ്ഥപോലെ ഇവിടെയും ഉറുപ്പിക ചാർത്തി എടുപ്പിച്ചു തുടങ്ങുകയും ചെയ്തിരിക്കുന്നു. അവ‍ർ പയ്യാവൂർ ഹൊബ്ളിയിലും കടന്നുചെന്ന് കൈതപ്പുറം, എള്ളരഞ്ഞി, കാവുമ്പായി, എരുവേശ്ശി എന്നിവിടങ്ങളിലെ കുടിയാൻമാരോട് എല്ലാവരോടും കല്ല്യാട്ട് വന്ന് കാണണമെന്നും എല്ലാവരും അവരവർക്കു കഴിയുന്ന പോലെ ഉറുപ്പികതരണമെന്ന് നിർബന്ധിക്കുകയും ചെയ്തു. ഭയപ്പെട്ട അവർ, കാര്യത്ത് അമ്മദുമായി ചേർന്ന് ഏതാനും ഉറുപ്പിക അവിടേക്ക് കൊടുക്കുകയും ചെയ്തുവെന്ന് കേൾക്കുന്നു. പയ്യാവൂർ ഹൊബ്ളിയിൽ അധികാരമില്ലാത്ത ഈ മറുഭാഗക്കാർ ഇവിടെ നാനാവിധം പ്രവർത്തിക്കുന്നുവല്ലോ. ചുഴലി പ്രവർത്തിയിലും അവർ കടന്നു ചെല്ലുന്നുവെന്ന് അറിയുന്നു. ഇങ്ങനെ ചെയ്യുന്നത് നമ്മെപ്പോലെയുള്ള പാവങ്ങൾക്ക് സങ്കടമാകുന്നു എന്ന് പയ്യാവൂരിടത്തിൽ ഒതേനൻ നമ്പ്യാരും ആളുകളും ഉണർത്തിക്കുന്നു. ഞങ്ങളെയും ഞങ്ങളുടെ കുഞ്ഞുകുട്ടികളെയും രക്ഷിക്കവേണ്ടിയിരിക്കുന്നു. അങ്ങയുടെ പാദാരവിന്ദമല്ലാതെ ഞങ്ങൾക്ക് മറ്റൊരാശ്രയമില്ല“. (പഴശ്ശിരേഖകൾ223A, ജറൽ എ‍ഡിറ്റർ ഡോ സ്കറിയാ സക്കറിയഡിസി ബുക്ക്സ്കോട്ടയം 1994, p140)

    പഴശ്ശി നേതൃത്ത്വം നൽകിയ സമരത്തിൽ സ‍ർവ്വാത്മനാ പങ്കെടുത്ത് ശത്രുവിനെതിരെ പോരാടാനുള്ള ദൃഢനിശ്ചയവും മനക്കരുത്തും നേതൃപാഠവും കല്ല്യാട്ട് നമ്പ്യാർക്ക് എത്രമാത്രം ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ഈ പരാതി. കഷ്ടപ്പാടുകളും ദുരിതങ്ങളും തൃണവൽഗണിച്ച് ദീർഘമായ പോരാട്ടത്തിലായിരുന്നു അവർ. ആ ത്യാഗങ്ങളുടെയും കഷ്ടപ്പാടുകളുടെയും പരിസമാപ്തിയായാണ് ആ അന്തിമ പോരാട്ടത്തെ അവർ അന്നു കണ്ടതെന്ന് എതിർപക്ഷത്തുള്ള ആ എഴുത്തിൽ നിന്നു വായിച്ചെടുക്കാം.

    പഴശ്ശിസമരങ്ങളുമായി ബന്ധപ്പെട്ട് ബ്രിട്ടീഷുകാർ നടത്തിയ കത്തിടപാടുകളിൽ 1803 ലെ 'കല്ല്യാട്ട് സമര'ങ്ങളെക്കുറിച്ച് കൃത്യമായി വിശദമാക്കുന്നുണ്ട്. അഞ്ചരക്കണ്ടിയിലെ ബ്രൗൺ സായിപ്പിന്റെ കൃഷിയിടത്തിൽ വമ്പിച്ച നാശം വരുത്തിയ പഴശ്ശിയുടെ ആളുകൾ അതേ സമയം കല്ല്യാട്ട് കുന്നുകളെയും സമരഭൂമിയാക്കി. കല്ല്യാട്ട് കുടുംബത്തിലെ കുഞ്ഞമ്മനായിരുന്നു സമരത്തിന്റെ നേതൃത്ത്വം. കല്ല്യാട്ട് മൂന്നാമനും ചേണിച്ചേരി രയരപ്പനും അനുയായികൾക്കൊപ്പം കല്ല്യാട്ട് കുഞ്ഞമ്മന് ശക്തിപകർന്നു. മാസങ്ങളോളം പോരാട്ടം നീണ്ടു. ധാരാളം കുന്നുകളും പാറപ്പരപ്പുകളും താഴ്‍വരകളും ഒത്തു ചേർന്ന പ്രദേശത്തെക്കുറിച്ചുള്ള തദ്ദേശീയരായ പോരാളികളുടെ അറിവും പരിചയവും ആദ്യകാലത്ത് പഴശ്ശി സൈന്യത്തിന് കരുത്തായി. ആ ദിവസങ്ങളിൽ മൂന്നു യൂറോപ്യൻ റജിമെന്റുകളടക്കം 8147 പട്ടാളക്കാർ ഉത്തരമലബാറിലുണ്ടായിട്ടും കേണൽ മോൺട്രിസോറിന് അയ്യായിരം പേരുള്ള പോഷകസൈന്യത്തിനു വേണ്ടി മദ്രാസിലേക്ക് അപേക്ഷിക്കേണ്ടി വന്നു. കല്ല്യാട്ട് കലാപകാരികളെ നിയന്ത്രിക്കാൻ ക്യാപ്റ്റൻ വാട്സൺ കണ്ടവഴി നാട്ടുകാരുടെ ഇടയിൽ നിന്നും 1200 കോൽക്കാരെ നിയമിക്കുകയെന്നതാണ് . തോക്കുകളും ആയുധങ്ങളും കൈവശമുള്ള കമ്പനി സൈന്യത്തോടും ഭൂമിശാസ്ത്രപരിചയം കൂടുതലുള്ള കോൽക്കാരോടും സമരക്കാർക്ക് ഒരേ സമയം ഏറ്റുമുട്ടേണ്ടി വന്നു. ഇത് അവർക്ക് കടുത്ത വെല്ലുവിളി ഉയർത്തി. പോരാളികളെ അടിച്ചമർത്താനും സമാധാനം സ്ഥാപിക്കാനും സബ്കലക്റ്റരായി പുതുതായി ചുമതലയേറ്റ തോമസ് ഹാർവെ ബാബർ കല്ല്യാട്ട് 1803 മാർച്ചിൽ ക്യാമ്പ് ചെയ്ത് അടിച്ചമർത്തലിന് നേതൃത്ത്വം നൽകി. ലഫ്റ്റനന്റ് ഗ്രേ വേണ്ടത്ര സൈനികസാമഗ്രികളുള്ള ഒരു സൈന്യവിഭാഗത്തോടെ അദ്ദേഹത്തെ സഹായിക്കാൻ അവിടെയെത്തി. വയത്തൂർ ഉൾപ്പടെയുള്ള പ്രദേശങ്ങൾ വഴി കുടകിൽ നിന്നും കല്ല്യാട് പ്രദേശത്തേക്ക് ഭക്ഷ്യവസ്തുക്കളും മറ്റും എത്തുന്നത് മനസ്സിലാക്കിയ ബാബർ അത് തടയാനുള്ള എല്ലാ പ്രവർത്തനങ്ങളും ചെയ്തു. ബ്രിട്ടീഷുകാരോട് താരതമ്യേന നല്ല ബന്ധത്തിലായിരുന്ന മാപ്പിളവ്യാപാരികൾ കുരുമുളകിനു പകരമായി വെടിമരുന്നുകളും മറ്റും കല്ല്യാട്ടെ കലാപകാരികൾക്ക് എത്തിച്ചുനൽകുന്നത് അവർ കണ്ടുപിടിച്ചുതടഞ്ഞു. സൈനികോദ്യഗസ്ഥനായ മോൺട്രിസോർ നയിച്ച മറ്റൊരു സൈന്യവിഭാഗം ഇരിക്കൂർ പുഴയുടെ മറുവശങ്ങളിൽ കേന്ദ്രീകരിച്ച് കല്ല്യാട് കുന്നുകളിലേക്ക് ഭക്ഷ്യവസ്തുക്കളും മറ്റ് സഹായങ്ങളും തീരപ്രദേശങ്ങളിൽ നിന്നും എത്തിച്ചേരുന്നതിനും തടയിട്ടു. 1804 ഫിബ്രവരി 25 ന് ഈ രണ്ടു കമ്പനി സൈന്യവിഭാഗങ്ങളും കല്ല്യാട്ട് എത്തിച്ചേർന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. കലാപകാരികൾ കുന്നുകളിൽ നിന്നും ഇറങ്ങിവരികയും കമ്പനിപടയോട് ഏറ്റുമുട്ടുകയും തിരികെ കാടുകളിലേക്ക് മിന്നിമറിയുകയും ചെയ്തുവെന്നാണ് ഇംഗ്ളീഷ് രേഖകൾതന്നെ പറയുന്നത്. വലിയ ആൾസമ്പത്തും സർവ്വായുധ സന്നാഹങ്ങളും കോൽക്കാരുടെ അനുഭവസമ്പത്തും ഒക്കെ ഉണ്ടായിരുന്ന കമ്പനിപ്പടയുടെ രാക്ഷസശക്തിക്കുമുന്നിൽ അടിപതറാതെ പോരാടുക മനുഷ്യസാധ്യമായ ഒന്നാവില്ല. പ്രത്യേകിച്ചും പഴശ്ശി വയനാട്ടിലും കോട്ടയത്തും അന്തിമസമരത്തിൽ മുഴുകിയിരിക്കുന്ന സമയത്ത്. പ്രതീക്ഷിച്ചതുപോലെത്തന്നെ അവർക്കുമുന്നിൽ പിടിച്ചു നിൽക്കാൻ എല്ലാ വശത്തും ചുറ്റപ്പെട്ട സമരപോരാളികൾക്ക് കഴിഞ്ഞില്ല. നേതൃത്ത്വം നൽകിയ കല്ല്യാട്ട് കുഞ്ഞമ്മനും ഒപ്പമുള്ള ചേണിച്ചേരി രയരപ്പനും സൈന്യത്തിന് പിടികൊടുക്കാതെ പുഴകടന്ന് കോട്ടയത്തേക്ക് കടന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നീട് കുഞ്ഞമ്മന് എന്തു സംഭവിച്ചു എന്ന് അറിയില്ല. കമ്പനിയെ അക്ഷരാർത്ഥത്തിൽ വെള്ളം കുടിപ്പിച്ച രൂക്ഷമായ പോരാട്ടത്തിന് നേതൃത്ത്വം നൽകിയ അദ്ദേഹം സൈന്യത്തിന്റ കൈയ്യിൽ അകപ്പെടാനോ വധിക്കപ്പെടാനോ ആണ് സാധ്യത എന്നൂഹിക്കാം.

    പഴശ്ശിയുടെ സമരം വയനാടൻ കുന്നുകളിലേക്ക് ഒതുങ്ങി. കല്ല്യാട്ട് കുഞ്ഞമ്മന്റെ തിരോധാനത്തിനുശേഷം കല്ല്യാട്ട് മൂന്നാമൻ കുറച്ചുകാലം പോരാട്ടം തുടർന്നു. ഒടുവിൽ അദ്ദേഹത്തിന് ബ്രിട്ടീഷുകാർക്ക് മുന്നിൽ കീഴടങ്ങേണ്ടി വന്നു. കല്ല്യാട്ട് മൂന്നാമന് പട്ടാനൂർ മഠത്തിൽ കസ്തൂരിപട്ടരും ഇരിക്കൂർ പള്ളീലകത്ത് ഉസ്സൻകുട്ടിയും ജാമ്യം നിന്നുവെന്നാണ് ആ രേഖകൾ പറയുന്നത്. കല്ല്യാട്ട് മൂന്നാമൻ പതിനേഴുതോക്കുകൾ കമ്പനിക്ക് അടിയറവെച്ചു. കലാപങ്ങൾ അടിച്ചമർത്തിയതിന്ന് ശേഷം നൂറുകോൽക്കാരുള്ള ഒരു സ്ഥിരം പോസ്റ്റ് ഇരിക്കൂറിൽ സ്ഥാപിച്ചാണത്രെ ബാബർ മടങ്ങിയത്. 1805 നവംബറിൽ പഴശ്ശിയുടെ വീരമൃത്യവോടുകൂടി എല്ലാം തൽക്കാലത്തേക്ക് അവസാനിച്ചു. ബ്രിട്ടീഷുകാരുടെ സ്വാധീനശക്തിയെ ചെറുക്കാൻ ആരുമില്ലാതെയായി.

    ഈ തീക്ഷ്ണമായ പോരാട്ടങ്ങൾക്കുശേഷം ഈ പ്രദേശത്തുണ്ടായ മാറ്റങ്ങളെക്കുറിച്ചും അവിടങ്ങളിലെ സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥിതിയെക്കുറിച്ചും വളരെക്കുറച്ചു വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളൂ. മലയാളവർഷം 981 (1806) എഴുതിയ ഒരു ഓലയിൽ കല്ല്യാട്ടു നമ്പ്യാരുടെ താഴത്തുവീട് തറവാട് മൂന്നു താവഴികളായി ഭാഗം പിരിഞ്ഞെന്നും തുടർന്ന് പുരുഷ സന്താനങ്ങളില്ലാതെ ചില ദത്തെടുക്കലുകൾ നടത്തിയെന്നും കാണാം. അന്നത്തെ രൂക്ഷമായ പോരാട്ടവും ഇതും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മറ്റുകാര്യങ്ങൾ ഊഹിക്കുക മാത്രമേ നിവൃത്തിയുള്ളൂ.

    സ്വന്തം വിശ്വാസങ്ങളും ആചാരങ്ങളും നിലനിർത്താൻ എല്ലാം മറന്ന് പോരാട്ടത്തിനിറങ്ങിയവരുടെ ഓർമകൾക്കു പോലും നാം മതിയായ പ്രാധാന്യം കൊടുത്തിട്ടില്ല. പഴശ്ശിയുടെ പോരാട്ടങ്ങൾക്ക് ചരിത്രത്തിൽ മറ്റു സമാനതകളില്ലെന്നു പറയാറുണ്ട്. കല്ല്യാട് മലകളിൽ നടന്ന പോരാട്ടത്തെയും നമ്മൾ അഭിമാനത്തോടെയും ആദരവോടെയും കാണുകയും കൂടുതൽ അറിയുകയും ചെയ്യേണ്ടതുണ്ട്. അവരുടെ സ്വപ്രത്യയസ്ഥൈര്യവും ത്യാഗവും സ്വന്തം ധർമ്മത്തോടും സംസ്ക്കാരത്തോടുമുള്ള അഭിമാനവും ആവേശമാവേണ്ടതുണ്ട്. ആ ധീര പോരാളികളുടെയും അവയ്ക്ക് നേതൃത്ത്വം നൽകിയ പൂർവ്വസൂരികളുടെയും ഓർമയ്ക്കുമുന്നിൽ നമുക്ക് നമ്രശിരസ്ക്കരാകാം.