2021, ഡിസംബർ 29, ബുധനാഴ്‌ച

ഒരു ദേശത്തിന്റെ കഥ

വിഷകന്യക മുഖചിത്രം     1948 ൽ പുറത്തിറങ്ങിയ എസ്.കെ പൊറ്റക്കാട്ടിന്റെ നോവലാണ് 'വിഷകന്യക'. ഒരുപക്ഷെ അദ്ദേഹം ഒരു നോവലിസ്റ്റായി അറിയപ്പെട്ടുത്തുടങ്ങിയത് വിഷകന്യകയുടെ പ്രസിദ്ധീകരണത്തിനു ശേഷമാണെന്നു പറയാം. തിരുവിതാംകൂറിൽ നിന്നും മലബാറിലേക്കുള്ള കൃസ്ത്യൻകുടിയേറ്റമാണ് പ്രതിപാദ്യവിഷയം. ആമുഖത്തിൽ എഴുത്തുകാരൻ തന്നെ സൂചിപ്പിക്കുന്നതുപോലെ "ഐക്യകേരളത്തിന്റെ ആദ്യത്തെപ്പടവുകൾ വെട്ടിയിറക്കിയ തിരുവിതാംകൂർ സഹോദരരുടെ" കഷ്ടപ്പാടുകൾ കൊണ്ടുണ്ടായ സഹതാപമാണ് ഈ നോവലിനു പ്രചോദനം. സുബന്ധിതമായ ഇഴയടുപ്പമോ വികാരതീക്ഷ്ണതയോ വിസ്തരിച്ചുള്ള നിരീക്ഷണങ്ങളോ ഒന്നും നോവലിൽ കണ്ടെന്നുവരില്ല. എങ്കിലും  മലബാറിന്റെ നാൽപ്പതുകളിലെ സങ്കീർണ്ണമായ സാമൂഹ്യവ്യവസ്ഥിതിയിലേക്ക് വെളിച്ചംവീശുന്ന വിവരണങ്ങളാൽ പ്രാധാന്യമുള്ളതാണ് കഥാതന്തു. കഥാപാത്രത്തിന് ജീവിച്ചിരുന്ന ആരുമായും സാമ്യമില്ലെന്നു പ്രഖ്യാപിക്കുന്നുണ്ടെങ്കിലും യഥാർത്ഥ ജീവിതമുഹൂർത്തങ്ങളിൽ നിന്നാണ് അവരൊക്കെ രൂപംകൊള്ളുന്നതെന്ന് അക്കാലത്തെ മലബാറിന്റെ ചരിത്രം പഠിക്കാൻ ശ്രമിച്ചവർക്ക്  എളുപ്പത്തിൽ മനസ്സിലാക്കാവുന്നതെയുള്ളൂ. മലബാർ കുടിയേറ്റം വിഷയമായി പിന്നീട് ധാരാളം പുസ്തകങ്ങൾ പുറത്തുവന്നു. സമീപകാലത്ത് ഏറെ ചർച്ചയായ 'കരിക്കോട്ടക്കരി'യുടെയും  വിഷയവും കുടിയേറ്റവും തദ്ദേശീയരും ഒക്കെത്തന്നെ.

    നാൽപ്പതുകളുടെ പകുതിയിൽ ആരംഭിച്ച തിരുവിതാംകൂറിൽ നിന്നുമുള്ള കൃസ്ത്യൻ ജനതയുടെ കുടിയേറ്റം എഴുപതുകളിനിപ്പുറവും തുടർന്നു. കൃസ്ത്യാനികളോടൊപ്പം പിന്നീടുള്ള വർഷങ്ങളിൽ കുറഞ്ഞസംഖ്യയിൽ നായൻമാരും ഈഴവരും  ഇവിടെയെത്തി. പട്ടിണിക്കും ജീവിതയാതനകൾക്കും പരിഹാരംതേടി  വാഗ്ദത്തഭൂമി തേടിയുള്ള ഈ യാത്ര, ജീവിതസൗകര്യങ്ങൾ പരിമിതമായ അക്കാലത്ത് തിരിച്ചുപോകാനുള്ള  ഒന്നായിരുന്നില്ല. ഘോരവനങ്ങളും ചെങ്കുത്തായ മലനിരകളും നിറഞ്ഞ കണ്ണൂരിന്റെ കിഴക്കൻ മലയോരപ്രദേശങ്ങൾ അക്ഷരാർത്ഥത്തിൽ കന്യാവനങ്ങളായിരുന്നു. ആനയും പുലിയും മറ്റു വന്യമൃഗങ്ങളും യഥേഷ്ടം വിഹരിച്ചിരുന്ന ഇവിടെ മണ്ണിനോട് മല്ലിട്ടു ജീവിതം കുരുപ്പിടിപ്പിക്കാൻ ശ്രമിച്ചവരുടെ കഥകളാണ് എഴുത്തുകാരൻ ചിത്രീകരിച്ചിരിക്കുന്നത്. അവസാനം ആ സമരത്തിൽ തോറ്റു പിൻമാറേണ്ടി വരുന്ന കുടിയേറ്റക്കാരുടെ കഷ്ടപ്പാടുകൾക്കാണ് നോവലിൽ പ്രാമുഖ്യം; വർഷങ്ങൾക്കുശേഷം കഥമാറിയെങ്കിലും. രണ്ടു പകാരങ്ങളെ (പട്ടിണിയും സർ സി.പി എന്ന പട്ടരും!) പേടിച്ച് മലബാറിലെത്തിയവർ മൂന്നു പകാരത്താൽ (പുല്ല്,പന്നി,പനി) ഇവിടെയും തോറ്റെന്ന പ്രസ്താവം ഒരിടത്ത് കാണാം. കുടിയേറ്റക്കാരോടൊപ്പം പള്ളിയും പള്ളീലച്ഛനും മാർഗ്ഗംകൂട്ടലും കൂടെയെത്തുന്നുണ്ട്. കാടിനോടുചേർന്ന കൃഷിയിടങ്ങളിൽ താമസിച്ചിരുന്ന പണിയരും  ഉൾവനങ്ങളിൽ ജീവിച്ചിരുന്ന കരിമ്പാലരും ഇടയ്ക്കിടെ നോവലിൽ പ്രത്യക്ഷപ്പെടുന്നു. ഒപ്പം അവരുടെ അദ്ധ്വാനത്തിന് തുച്ഛമായ പ്രതിഫലം കൊടുക്കുന്ന ഭൂവുടമകളും -നാട്ടുകാരും കുടിയേറ്റക്കാരും ഇതിൽ ഒരുപോലെ. ഭൂവുടമകളായവർ തങ്ങളുടെ ജൻമാവകാശമുള്ള ഭൂമി തുച്ഛമായ വിലയ്ക്ക് കുടിയേറ്റക്കാർക്കു  വിറ്റൊഴിയാൻ ശ്രമിക്കുന്നു. ഉള്ളതെല്ലാം വിറ്റുപെറുക്കി വന്നവർ ജീവിതസമ്പാദ്യം മുഴുവൻ കാടുവാങ്ങാൻ ചെലവഴിക്കുന്നു.

Letter-S K Pottekkad

ഒരുകാലഘട്ടത്തെ പിടിച്ചുലച്ച പ്രചണ്ഢമായ സാമൂഹ്യമാറ്റങ്ങൾ പൊതുവായി ആവിഷ്ക്കരിക്കപ്പെടുന്നുണ്ട് ഇവിടെ. തിരുവിതാംകൂറിലെ പട്ടിണിയും സ്വേച്ഛാധിപത്യപരമായ ഭരണവും കുടിയേറ്റത്തിനു പ്രേരണയായപ്പോൾ ഒട്ടേറെ കാരണങ്ങളാൽ പൊതുവെ അന്ത്യശ്വാസം വലിച്ചുതുടങ്ങിയ മലബാറിലെ ഭൂവുടമാസമ്പ്രദായത്തിന്റെ ചരമപ്പെട്ടിയിലെ അവസാനത്തെ ആണിയാവുന്നുണ്ട് കുടിയേറ്റം. പ്രാതാപമാണ്ട മരുമക്കത്തായ നായർത്തറവാടുകളിലെ കാരണവരും മരുമകനും ഒപ്പം കാര്യസ്ഥനും കൂടി അന്ത്യകൂദാശ ചൊല്ലുന്നത് നൂറ്റാണ്ടുകൾ പലതുകടന്ന ഒരു വ്യവസ്ഥിതിക്ക് കൂടിയാണ്. തുച്ഛമായ പണത്തിന് നൂറുകണക്കിന്നേക്കർ കാട് ചാർത്തിക്കൊടുത്ത് സ്വന്തംകാര്യം നോക്കുന്ന കാരണവൻമാരും കാരണവരറിയാതെ മറ്റുള്ളവർക്ക് തറവാട്ട് സ്വത്ത് കൈമാറുന്ന അനന്തിരവൻമാരും വസ്തുവിൽക്കുന്നവരോടും വാങ്ങുന്നവരോടും ഒരേസമയം കമ്മീഷൻ വാങ്ങുന്ന ഭൂവുടമയുടെ വിശ്വസ്തനെന്നു നടിക്കുന്ന കാര്യസ്ഥനും കേവലകഥാപാത്രങ്ങളല്ല, ഈ മണ്ണിൽ ജീവിച്ചവർ തന്നെയായിരുന്നു. മണ്ണ് കൈമാറ്റം ചെയ്യപ്പെട്ടപ്പോൾ നേർക്കുമനാഥരായവ‍ർ ദൈവങ്ങളായിരുന്നു. അതിരില്ലാത്ത ഭൂസ്വത്തിന് അവകാശികളായിരുന്ന വിഷ്ണുവും ശിവനും ദേവിയും കുറച്ചുകാലത്തേക്കെങ്കിലും തിരിഞ്ഞുനോക്കാനാളില്ലാത്തവസ്ഥയിലായി. കാട്ടുദൈവങ്ങൾ വെറും പാറക്കല്ലുകളായപ്പോൾ തിരുവായുധങ്ങൾ തുരുമ്പണിഞ്ഞു കാട്ടിലും ആറ്റിലും വലിച്ചെറിയപ്പെട്ടു.നാസ്തികവിശ്വാസങ്ങൾക്കു പൊടുന്നനെ കിട്ടിയ സ്വീകാര്യത ഈ അനാഥത്ത്വത്തിന് മൂർച്ചകൂട്ടി.  

എസ്.കെ പൊറ്റക്കാട് 'വിഷകന്യക'യുടെ ഈറ്റില്ലം എന്നു നോവലിസ്റ്റ് വിശേഷിപ്പിക്കുന്നത് കല്ല്യാട്ട് താഴത്തുവീട്ടു തറവാടുകാരുടെ പടിയൂരും തന്തോടുമുണ്ടായിരുന്ന ബംഗ്ളാവുകളെയാണ്(നൽകിയിരിക്കുന്ന പൊറ്റക്കാട് തന്നെ എഴുതിയ കത്ത് കാണുക). അദ്ദേഹത്തിന്റെ സുഹൃത്തും നിരവധി നായാട്ടുകഥകളെഴുതിയിട്ടുള്ളയാളുമായ എ.കെ ചാത്തുക്കുട്ടിനമ്പ്യാരുടെ (അപ്പനു) അതിഥിയായാണ് അദ്ദേഹം ഇവിടെ താമസിച്ചത്. അക്കാലത്ത് മലബാറിലെ പ്രമുഖമായ ഭൂവുടമകളായിരുന്ന ആ വലിയ മരുമക്കത്തായ തറവാട്, മുഴുവൻ സ്വത്തും അതിലെ നൂറിൽപ്പരം അംഗങ്ങൾക്കിടയിൽ വിഭജിക്കുന്നതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾ ചെയ്യുന്നകാലത്താണ് പൊറ്റക്കാട് അവിടെയെത്തുന്നത്. പതിറ്റാണ്ടുകളായി ഏകശിലാഘടനയിൽ മുന്നോട്ടുപോയിരുന്ന തറവാടിന്റെ വിഭജനം കുടുംബാംഗങ്ങളിലും വിശാലമായ പ്രദോശങ്ങളിൽ താമസിച്ചിരുന്ന കുടിയാൻമാരിലും ഉണ്ടാക്കിയിരുന്ന ആഘാതം വളരെ വലുതായിരുന്നു. ഒരു ഭാഗത്ത് കൊടുമ്പിരിക്കൊണ്ട സ്വാതന്ത്ര്യസമര-ദേശീയ പ്രസ്ഥാനപ്രവർത്തനങ്ങൾ, മറുഭാഗത്ത് പലപ്പോഴും സംഘർഷാവസ്ഥ സൃഷ്ടിച്ച കമ്യൂണിസ്റ്റ് -കർഷക പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ, മറ്റൊരു ഭാഗത്ത് കാരണവരുടെ നടപടികളിൽ പ്രതിഷേധമുള്ള മരുമക്കളും മറ്റുകുടുംബാംഗങ്ങളും, നിയമത്തിന്റെയും ഗവൺമെന്റ് സംവിധാനങ്ങളുടെയും സങ്കീർണ്ണതകൾ. തികച്ചും അസ്വസ്തജനകമായ ഇവയ്ക്കിടയിലാണ് തിരുവിതാംകൂറിൽ നിന്നുള്ള കുടിയേറ്റവും നടക്കുന്നത്. ബാധ്യതകളൊഴിവാകാൻ കിട്ടിയ പണത്തിന് ഭൂമി നൽകി രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു ചില തറവാടുകളെങ്കിലും. അനന്തിരവൻമാരുടെ പ്രതിഷേധം ആളിക്കത്തുന്നതിന് ഇത് കാരണമായി. സംഭവബഹുലമായിരിക്കണം ആ നാളുകൾ. പേരുകൾക്കോ ആളുകൾക്കോ യഥാർത്ഥത്തിലുള്ളരുമായി യാതൊരു ബന്ധവുമില്ലെന്ന് ആവർത്തിക്കുന്നുണ്ടെങ്കിലും താൻ നേരിട്ട് കണ്ടതും കേട്ടതും അനുഭവിച്ചതുമായകാര്യങ്ങളിൽ നിന്നാണ് 'വിഷകന്യക' ജനിച്ചതെന്ന്  വളരെ വ്യക്തം. 

വിജനമായ മലനിരകളിൽ കാട്ടുമൃഗങ്ങൾക്കൊപ്പം താമസിച്ചിരുന്നത് എണ്ണത്തിൽക്കുറഞ്ഞ പണിയരും കരിമ്പാലരും അടങ്ങിയ ജനവിഭാഗങ്ങൾ മാത്രം. പരിമിതമായ ആവശ്യങ്ങൾ മാത്രമുണ്ടായിരുന്ന വനവാസിസമുദായങ്ങൾക്ക് പരാധീനതകൾക്കപ്പുറം പൊതുസമൂഹത്തിലുണ്ടായിരുന്ന വിശ്വാസ്യത വെളിവാകുന്ന ഒന്നിൽക്കൂടുതൽ സന്ദർഭങ്ങൾ നോവലിൽ കാണാം. മലകളിലെല്ലാം കുരിശുയർന്നപ്പോഴും ഒപ്പം കാട്ടുമരങ്ങൾ റബ്ബറിനു വഴി മാറിയപ്പോഴും മലഞ്ചെരിവുകളിലെല്ലാം  പള്ളികളും പള്ളിക്കൂടങ്ങളുമുയർന്നപ്പോഴും 'മലയാളംകാടു'കളിലും 'കരിക്കോട്ടക്കരി'കളിലും 'മണിപ്പാറ'കളിലും യഥാർത്ഥ അവകാശികളൊതുങ്ങിപ്പോവുകയും പതുക്കെ എണ്ണിയെണ്ണിക്കുറയുകയും ചെയ്തു. ഭാഷയും സംസ്ക്കാരവും അന്യവൽക്കരിക്കപ്പെട്ടപ്പോൾ  തുടിതാളവും മുളന്തണ്ടീണങ്ങളും മലമുകളിലെ മണിനാദങ്ങളിൽ അലിഞ്ഞില്ലാതായി. പ്രാക്തനവിശ്വാസത്തിന്റെ പോതിത്തറകളും മാണിഭഗവതിയുടെ കരിമ്പാറക്കൂട്ടങ്ങളും പെരുവെള്ളപ്പാച്ചിലിലും വനജീവിതങ്ങൾ തുഴഞ്ഞുകയറിയ മാണിക്കടവുകളും ജീവനിശ്വാസത്തിന്റെ ഭാഗമായിരുന്നവർ. പുതുമണ്ണിന്റെയും ഒപ്പം വിശ്വാസത്തിന്റെയും വിതയ്ക്കും വിളവെടുപ്പിനുനിടയിൽ ഇങ്ങിനിവരാത്തവണ്ണം മണ്ണിന്നാഴത്തിലേക്ക് ആഴ്ന്നുപോയത് അവർ കൂടിയായിരുന്നു. ഒരുപക്ഷെ ആ നിഷ്ക്കളങ്കജീവിതങ്ങളെക്കുറിച്ചുള്ള ഗവേഷണപ്രബന്ധങ്ങളാണ് ഇനി അവശേഷിക്കുന്നത്. കമ്യൂണിസ്റ്റ്പച്ചയുടെയും കൊങ്ങിണിച്ചെടികളുടെയും അധിനിവേശത്തിൽ തഴുതാമയും വനജ്യോൽസ്നയും നാടുനീങ്ങുന്നത് പ്രകൃതിനിയമം.

ജനിച്ചനാടും വീടും കുടിയുംവിട്ട് ലക്ഷ്യമില്ലാത്ത ദേശാടനത്തിനുതുനിഞ്ഞവരുടെ ധൈര്യവും ദൃഢനിശ്ചയവും പരാമർശിക്കപ്പെടാതിരിക്കുന്നത് അനീതിയാവും. കാട്ടാനകളും കാട്ടുപോത്തും വിളയാടുന്ന കാനനഭൂമിയിലേക്ക് തിരിയുമ്പോൾ സ്വന്തം ജീവിതം മാത്രമല്ല, സ്വന്തക്കാരുടെ മുഴുവൻ ജീവിതവും വെച്ച് അമ്മാനമാടുകയായിരുന്നു അവർ. കഠിനാധ്വാനവും ദൃഢനിശ്ചയവും   കൂട്ടുചേർന്നപ്പോൾ മണ്ണിൽ കനകംവിളയിക്കുവാനും ജീവിതം കരുപ്പിടിപ്പിക്കുവാനും അവർക്കായി. ദൈവവിശ്വാസം അവർക്ക് ജീവതപ്രതീക്ഷയേകി, മതപുരോഹിതർ കൂട്ടായ്മയും സമർപ്പിതനേതൃത്ത്വവും ഒരുക്കി. ഒരിരുപത്തഞ്ച് വർഷങ്ങൾക്കുശേഷമാണ്  പൊറ്റക്കാട് ഈ ജീവിതം പറയുന്നതെങ്കിൽ 'വിഷകന്യക' എന്ന പേര് 'അമൃതകന്യക' എന്നോ 'സ്വർഗകന്യക' എന്നോ ആക്കിമാറ്റിയേനെയെന്ന്  ആരെങ്കിലും അഭിപ്രായപ്പെട്ടാൽ  അതിലതിശയോക്തി ഒട്ടുമില്ലതന്നെ. കാടിന്നും കാട്ടുമൃഗങ്ങൾക്കുമിടയിൽ ജീവിതം കരുപ്പിടിപ്പിച്ചവരുടെ പിൻമുറക്കാർ ജീവിതവിജയം നേടി. വിയർപ്പ് വളമാക്കി മണ്ണിൽ പൊന്നുവിളയിച്ചു. അജപാലകർ തെളിച്ചവഴിയെ  പള്ളികളും പള്ളിക്കൂടങ്ങളുമുണ്ടാക്കി. പ്രേഷിതപ്രവർത്തകരും കർത്താവിന്റെ മണവാട്ടികളും സർവ്വകാര്യങ്ങളിലും മുന്നിട്ടിറങ്ങി. വർണ്ണവസ്ത്രങ്ങളണിഞ്ഞ കുട്ടികളും ശുഭ്രവസ്ത്രം ധരിച്ച സ്ത്രീകളും പുരുഷൻമാരും ഞായറാഴ്ചകളിൽ ദേവാലയങ്ങളിലൊരുമിച്ചുചേർന്ന് സഹനത്തിന്റെയും പ്രതീക്ഷയുടെയും ആവേശം നിറച്ചു. കുഞ്ഞാടുകളുടെ സംഘടിതവോട്ടിനും നോട്ടിനും മുന്നിൽ ജനാധിപത്യസംവിധാനങ്ങളും രാഷ്ട്രീയപാർട്ടികളും വീണുതൊഴുതു. നാൽപ്പതുകൊല്ലത്തോളം കോട്ടയത്തിരുന്നുകൊണ്ട്  മലയോരത്തിന്റെ ഭാഗധേയം നിർണയിക്കുന്ന ജനപ്രതിനിധിയെ തികച്ചും ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കുന്നതുവരെയെത്തി ആ ആത്മബന്ധം. ഇനികാണില്ലെന്നു കരുതി കൂട്ടുപിരിഞ്ഞവരെയും ബന്ധംമുറിച്ചവരെയും വീണ്ടുമൊരുമിച്ചുചേർക്കാൻ തീവണ്ടികളും മറ്റുവാഹനങ്ങളും രാത്രിപകലാക്കി. 'ഹോളിഫാമിലി'യും 'നിർമല'യും കിഴക്കുനിന്നും വൈകുന്നേരങ്ങളിൽ മലയിറങ്ങുന്നവരെ  സൂര്യനുദിക്കുമ്പോഴേക്കും കോട്ടയത്തും മൂവാറ്റുപുഴയിലും പാലയിലും തങ്ങളുടെ പൂർവ്വികസ്വപ്നഭൂമികളിലെത്തിച്ചു, തിരിച്ചും. പൂർവ്വികർ വിഷമിച്ചു നൂണും നുഴഞ്ഞും നടന്നുതാണ്ടിയ ഊടുവഴികളിലൂടെ ഇന്ന് മാനന്തവാടിയിലേക്കും വെള്ളരിക്കുണ്ടുകളിലേക്കും കൊന്നക്കാടുകളിലേക്കും ലിമിറ്റ‍ഡ്സ്റ്റോപ്പ് ബസ്സുകൾ പറപറക്കുന്നു. നരിനിരങ്ങിയ മലമേടുകളിൽ നവഎൻജിനീയ‍മാ‍ർ ഭാവിരൂപരേഖകൾ വരച്ചുചേർത്തു. ആതുരശ്രുശ്രൂഷാരംഗത്തെ മാലാഖമാരായി രാജ്യത്തും ലോകമാകെയും പ്രവർത്തിക്കുന്നവരിൽ മഹാഭൂരിപക്ഷവും കുടിയേറ്റക്കാരുടെ മക്കൾ. മണ്ണിൽ സ്വർണം വിളയുന്നത് സ്വപ്നമാക്കിയവ‍രുടെ പിൻമുറക്കാർ ഇന്ന് ഐ.ഐ.ടികളിലും ഐ.ഐ.എമ്മുകളിലും ആ സ്വപ്നം യാഥാർത്ഥ്യമാക്കുന്നു.അധ്യാപനപരിശീലനവും തൊഴിൽപരിശീലനവും തൊട്ട് പുരോഹിത-പ്രേഷിതപ്രവർത്തകരെ നിർമിച്ചെടുക്കുന്ന സെമിനാരികളും മഠങ്ങളും വരെ കാടുതെളിഞ്ഞ് പട്ടണമായിടങ്ങളിലൊക്കെ നിറഞ്ഞു.

    'വിഷകന്യക' അങ്ങിനെ 'ഒരു ദേശത്തിന്റെ കഥ' കൂടെയായിത്തീരുന്നു,സമാനദേശങ്ങളുടെ കഥകളും. അവിടങ്ങളിലെ  ഇന്നത്തെ വർത്തമാനത്തിൽ ബോധപൂർവ്വവും അല്ലാതെയും വിസ്മൃതിയിലാക്കപ്പെട്ടവ. മാറ്റങ്ങൾ പ്രകൃതി നിയമത്തിന്റെ ഭാഗമാണ് എന്നും എവിടെയും. ചില മാറ്റങ്ങൾ ചിലർക്ക് സന്തോഷകരമാവും മറ്റു ചിലർക്ക് ദുഃഖദായകവും.ചില മാറ്റങ്ങളുണ്ടാക്കുന്ന പുറന്തള്ളലുകളും തുടച്ചുനീക്കലുകളും ചരിത്രവിദ്യാർത്ഥിക്ക് കൗതുകകരമായ വസ്തുതകളാണ്, അത് ചിലതിന്റെ എന്നെന്നേക്കുമായുള്ള പറിച്ചുമാറ്റലും.