ഇക്കഴിഞ്ഞ ദിവസമാണ് പ്രശസ്ത മലയാളം എഴുത്തുകാരനായ ശ്രീ. എൻ. എസ് മാധവൻ മലയാളമനോരമ ദിനപത്രത്തിൽ "ഇങ്ങനെയല്ല ഫിൻലാൻഡ്" എന്ന തലവാചകത്തിൽ ഒരു ലേഖനമെഴുതിയത്. കേരളത്തിലെ വിദ്യാലയങ്ങളിൽ ശനിയാഴ്ച പ്രവർത്തിദിവസമാക്കുന്ന തീരുമാനത്തിനെതിരെയുള്ള പ്രതികരണമെന്ന നിലയിലായിരുന്നു ആ എഴുത്ത്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി കേരളത്തിൽ വിദ്യാഭ്യാസമേഖലയിൽ ഫിൻലാൻഡ് മാതൃകയെക്കുറിച്ചുള്ള പ്രസംഗങ്ങളും പ്രഖ്യാപനങ്ങളും കേട്ടുവരുന്ന സാഹചര്യത്തിലാവണം ഇവിടെയിതു വീണ്ടും ചർച്ചയായത്. ധാരാളം ഒഴിവുസമയങ്ങളും ഇടവേളകളും അവധികളും നിറഞ്ഞ ഫിൻലാൻഡ് മാതൃക പിൻതുടരുമെന്നു പറയുമ്പോൾ കുട്ടികളുടെ പഠനസമയം കൂട്ടുകയും അവധി ദിനങ്ങൾ കുറക്കുകയും ചെയ്യുമെന്ന തീരുമാനമാണ് ശ്രീ എൻ.എസ് മാധവന്റെ ലേഖനത്തിന് വിഷയമായത്.
2023, ജൂൺ 19, തിങ്കളാഴ്‌ച
2021, ഡിസംബർ 29, ബുധനാഴ്‌ച
ഒരു ദേശത്തിന്റെ കഥ
1948 ൽ പുറത്തിറങ്ങിയ എസ്.കെ പൊറ്റക്കാട്ടിന്റെ നോവലാണ് 'വിഷകന്യക'. ഒരുപക്ഷെ അദ്ദേഹം ഒരു നോവലിസ്റ്റായി അറിയപ്പെട്ടുത്തുടങ്ങിയത് വിഷകന്യകയുടെ പ്രസിദ്ധീകരണത്തിനു ശേഷമാണെന്നു പറയാം. തിരുവിതാംകൂറിൽ നിന്നും മലബാറിലേക്കുള്ള കൃസ്ത്യൻകുടിയേറ്റമാണ് പ്രതിപാദ്യവിഷയം. ആമുഖത്തിൽ എഴുത്തുകാരൻ തന്നെ സൂചിപ്പിക്കുന്നതുപോലെ "ഐക്യകേരളത്തിന്റെ ആദ്യത്തെപ്പടവുകൾ വെട്ടിയിറക്കിയ തിരുവിതാംകൂർ സഹോദരരുടെ" കഷ്ടപ്പാടുകൾ കൊണ്ടുണ്ടായ സഹതാപമാണ് ഈ നോവലിനു പ്രചോദനം. സുബന്ധിതമായ ഇഴയടുപ്പമോ വികാരതീക്ഷ്ണതയോ വിസ്തരിച്ചുള്ള നിരീക്ഷണങ്ങളോ ഒന്നും നോവലിൽ കണ്ടെന്നുവരില്ല. എങ്കിലും മലബാറിന്റെ നാൽപ്പതുകളിലെ സങ്കീർണ്ണമായ സാമൂഹ്യവ്യവസ്ഥിതിയിലേക്ക് വെളിച്ചംവീശുന്ന വിവരണങ്ങളാൽ പ്രാധാന്യമുള്ളതാണ് കഥാതന്തു. കഥാപാത്രത്തിന് ജീവിച്ചിരുന്ന ആരുമായും സാമ്യമില്ലെന്നു പ്രഖ്യാപിക്കുന്നുണ്ടെങ്കിലും യഥാർത്ഥ ജീവിതമുഹൂർത്തങ്ങളിൽ നിന്നാണ് അവരൊക്കെ രൂപംകൊള്ളുന്നതെന്ന് അക്കാലത്തെ മലബാറിന്റെ ചരിത്രം പഠിക്കാൻ ശ്രമിച്ചവർക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്നതെയുള്ളൂ. മലബാർ കുടിയേറ്റം വിഷയമായി പിന്നീട് ധാരാളം പുസ്തകങ്ങൾ പുറത്തുവന്നു. സമീപകാലത്ത് ഏറെ ചർച്ചയായ 'കരിക്കോട്ടക്കരി'യുടെയും വിഷയവും കുടിയേറ്റവും തദ്ദേശീയരും ഒക്കെത്തന്നെ.
2021, ജൂൺ 28, തിങ്കളാഴ്‌ച
ഇനി ഞാൻ തള്ളട്ടെ -
ഉദ്യോഗസ്ഥൻമാരുടെ സർവ്വീസ് കഥകൾ അനുവാചകരെ ആകർഷിക്കാറുണ്ട്,പ്രത്യേകിച്ചും അധികാരത്തിന്റെ ഉന്നതശ്രേണികളിലിരുന്നു ഭരണവ്യവസ്ഥയുടെ അണിയറനീക്കങ്ങളെ നിയന്ത്രിക്കാൻ കെൽപ്പുണ്ടായിരുന്ന ആളുകളുടെ. പലരും വിരമിച്ചതിന്നു ശേഷം എഴുതുന്ന പുസ്തകങ്ങൾ അറിവിനേക്കാളേറെ വിവാദത്തിനു കാരണമാകാറുമുണ്ട്. കിരൺബേദിയുടെ "ഞാൻ ധൈര്യപ്പെടുന്നു" എന്ന പുസ്തകവും അൽഫോൻസ് കണ്ണന്താനത്തിന്റെ "ഇന്ത്യ- മാറ്റത്തിന്റെ ഇടിമുഴക്കം" എന്ന പുസ്തകവും ടി. എൻ ശേഷന്റെ പുസ്തകങ്ങളും ഒക്കെ അതത് കാലഘട്ടത്തിന്റെ കഥകൾ പറയുന്നവ കൂടിയാണ്. ഐ. പി.എസ് ഉപേക്ഷിച്ച് രാഷ്ട്രീയക്കാരനായിത്തീർന്ന 'സിംഹം' എന്നറിയപ്പെട്ടിരുന്ന കെ അണ്ണാമലൈയുടെ “Stepping beyond Khaki” യും ഡിജിപിയായി റിട്ടയർ ചെയ്ത ജേക്കബ് തോമസ്സിന്റെ "സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ" എന്ന പുസ്തകവും അടുത്തിടെ പുറത്തിറങ്ങി പുസ്തകവിൽപ്പനയിൽത്തന്നെ വാർത്തകൾ സൃഷ്ടിച്ചവയാണ്. ഇവയിൽ മിക്കതും എഴുതിയവരുടെ സർവ്വീസ് കാലയളവിനുശേഷം എഴുതിയതോ പൂർത്തിയാക്കിയതോ ആയ പുസ്തകങ്ങളാണ്. എന്നാൽ സർവ്വീസിനിടയിൽത്തന്നെ സ്വന്തം അനുഭവങ്ങളും തന്റെതു മാത്രമായ പരിഷ്ക്കാരങ്ങളും വിശദമാക്കിക്കൊണ്ട് ഐ.എ.എസ് ഓഫീസറായ പ്രശാന്ത് നായർ എഴുതിയ "കളക്റ്റർ ബ്രോ- ഇനി ഞാൻ തള്ളട്ടെ" എന്ന പുസ്തകം ഇക്കഴിഞ്ഞ മാസം (2021 മെയ്) പുറത്തിറങ്ങുകയുണ്ടായി. രണ്ടു വർഷം കോഴിക്കോട് കലക്റ്ററായിരുന്നപ്പോൾ അദ്ദേഹത്തിന്റെ നേതൃത്ത്വത്തിൽ ചെയ്ത കാര്യങ്ങളും വിജയിച്ചതും പരാജയപ്പെട്ടതും ആയ പരിഷ്ക്കാരങ്ങളും വിമർശനങ്ങളും എതിർപ്പുകളും ഒക്കെ ആ പുസ്തകത്തിന്റെ ഇരുന്നൂറിൽപ്പരം പേജുകളിലായി വിവരിക്കപ്പെടുന്നു.
2021, ഫെബ്രുവരി 11, വ്യാഴാഴ്‌ച
ബുദ്ധനെ വിഴുങ്ങുന്നവർ
ജനതകളുടെ സ്വയംനിർണ്ണയത്തിനും പരമാധികാരത്തിനും ഉള്ള മുറവിളികൾ ലോകത്തിന്റെ പലയിടങ്ങളിലും പലകാലങ്ങളിലും മുഴങ്ങികേൾക്കാറുണ്ട്. ചരിത്രവും സംസ്ക്കാരവും ഒപ്പം വികസനാർത്തിപൂണ്ട മതങ്ങളും അധിനിവേശ പ്രത്യയശാസ്ത്രങ്ങളും ഇവയ്ക്ക് കളമൊരുക്കുമ്പോൾ തീർത്താൽ തീരാത്ത കലാപങ്ങൾക്കും രക്തച്ചൊരിച്ചലുകൾക്കും ദുരിതങ്ങൾക്കും കഷ്ടപ്പാടുകൾക്കും അവ വഴിയൊരുക്കുമെന്നതിന് ഒട്ടനവധി ഉദാഹരണങ്ങൾ ഇന്ന് സജീവമാണ്. വിശാലമായ ദേശീയബോധവും തൃണമൂലതലംവരെയുള്ള ജനാധിപത്യബോധവും നിയമവാഴ്ച്ചയിലുള്ള വിശ്വാസവും മാത്രമേ ഇത്തരം സങ്കീർണ്ണ പ്രശ്നങ്ങൾക്ക് സമാധാനമാവുകയുള്ളൂ എന്നതും വസ്തുതയാണ്. എന്നാൽ സമ്പന്നമായ സംസ്ക്കാരത്തേയും വിശ്വാസങ്ങളെയും സർവ്വാശ്ളേഷിയായ സ്റ്റേറ്റ് ചവുട്ടിമെതിക്കുകയും ജനാധിപത്യത്തിന്റെ ശുദ്ധവായു കിട്ടാതെ കൊട്ടിയടക്കപ്പെടുകയും ചെയ്തിട്ടും സായുധസമരത്തിലേക്ക് തിരിയാതെ സമാധാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ശുദ്ധവായു ശ്വസിക്കാൻ എന്നെങ്കിലും അവസരം ലഭിക്കുമെന്ന പ്രതീക്ഷയോടെ ആത്മവിശ്വാസം കൈവിടാതെ പ്രവർത്തിക്കുന്ന ഒരു ജനതയാണ് ടിബറ്റുകാർ. ഭാരതവുമായി സഹസ്രാബ്ദങ്ങളുടെ ബന്ധം പുലർത്തുന്ന 'ത്രിവിഷ്ടപ’ക്കാർ.
2020, മേയ് 5, ചൊവ്വാഴ്ച
വില്യം ലോഗന്റെ മലബാർ
ഇത്തരത്തിലുള്ള പുസ്തങ്ങളോടൊപ്പം ചേർക്കേണ്ടവയാണ്, പ്രധാനമായും ബ്രിട്ടീഷുകാർ ഭരണസൗകര്യത്തിനായി തയ്യാറാക്കിയ ഭരണരേഖകളും മാനുവലുകളും ഗസറ്റിയറുകളും ഉദ്യോഗസ്ഥരുടെ ഡയറിക്കുറിപ്പുകളും അടങ്ങിയ വിപുലമായ സഞ്ചയം. പ്രധാനപ്പെട്ട ഓരോ ഉദ്യോഗസ്ഥനും തങ്ങളുടെ മേലാപ്പീസിലേക്ക് അയച്ച ദൈനംദിന റിപ്പോർട്ടുകൾ, അവരുടെ വ്യക്തിപരമായ ഡയറിക്കുറിപ്പുകൾ എന്നിവ അതത് കാലഘട്ടങ്ങളെക്കുറിച്ച് വളരെ വിശദമായ ചിത്രം ലഭ്യമാക്കുന്നു. ജില്ല കലക്റ്റർമാരും മജിസ്ട്രേട്ടുമാരും മറ്റ് ഉദ്യോഗസ്ഥൻമാരും തയ്യാറാക്കിയ അത്തരം രേഖകൾ പലതും ഇന്റർനെറ്റിലും മറ്റും ലഭ്യമാണ്. ഒരു ഉദാഹരണം എന്ന നിലയിൽ ഇരിക്കൂറിനടുത്ത് കല്യാട് 1852 ൽ നടന്ന മാപ്പിള കലാപകാരികളുടെ ആക്രമണത്തെക്കുറിച്ച് വിവിധ തലങ്ങളിലുള്ള ബ്രിട്ടീഷ് ഉദ്യോഗസ്ഥൻമാർ തയ്യാറാക്കിയ വിശദമായ റിപ്പോർട്ടുകളെക്കുറിച്ച് ഇവിടെ വായിക്കാം. ഈ റിപ്പോർട്ടുകളിലെ വിശദാംശങ്ങളുടെ വിവരണം നമ്മെ അൽഭുതപ്പെടുത്തും. പോരാട്ടത്തിന്റെയും അതോടനുബന്ധിച്ച കാര്യങ്ങളുടെയും തൽസമയ ദൃക്സാക്ഷി വിവരണം പോലുള്ള അവയിൽ വ്യക്തികളെക്കുറിച്ചുപോലും കൃത്യമായി എഴുതി സൂക്ഷിച്ചിരിക്കുന്നു. ഡിജിറ്റൽ സൗകര്യങ്ങൾ ലഭ്യമായ ഇന്നത്തെ കാലത്ത് പോലും ഔദ്യോഗികവും അല്ലാത്തതുമായ രേഖകൾ ഇത്ര വിശദാംശങ്ങളോടെ രേഖപ്പെടുത്താറില്ല എന്ന് തീർച്ച. അങ്ങിനെയുള്ള സ്രോതസ്സുകൾ ചരിത്രവിദ്യാർത്ഥികൾ വേണ്ട വിധം പ്രയോജനപ്പെടുത്തിയോ എന്നുള്ളത് സംശയമാണ്. അത്തരത്തിലുള്ള പുസ്തകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മലബാർ കലക്റ്ററായിരുന്ന വില്യം ലോഗൻ തയ്യാറാക്കിയ 'മലബാർ മാനുവൽ'. ഇന്നത്തെ കേരളത്തിന്റെ പ്രത്യേകിച്ച് മലബാറിന്റെ സമഗ്രമായ ചരിത്രം രേഖപ്പെടുത്തി വെച്ചിരിക്കുന്ന ഈ പുസ്തകം വിജ്‍ഞാനകുതുകികളെ സംബന്ധിച്ചിടത്തോളം ഒരു അമൂല്യനിധിയാണ്.
മൂന്നു വാല്യങ്ങളിലായാണ് മലബാർ മാനുവൽ തയ്യാറാക്കിയിരിക്കുന്നത്. എണ്ണൂറോളം പേജുകളടങ്ങിയ ഒന്നാം വാല്യം, ചാർട്ടുകളും പട്ടികകളും അധിക വിവരങ്ങളും അടങ്ങിയ രണ്ടാം വാല്യം, 1694 ൽ സ്ഥാപിതമായ ഇംഗ്ളീഷ് ഈസ്റ്റിൻഡ്യ കമ്പനിയുടെ തലശ്ശേരി ഫാക്റ്ററിയിലെ എഴുത്ത്കുത്തുകളും മറ്റ് രേഖകളും ഒരുമിച്ച് ചേർത്തുള്ള മൂന്നാം വാല്യം (A Collection of treaties, Engagements and other papers of importance Relating to British Affairs in Malabar) എന്നിവയാണ് അവ. മൂന്നാം വാല്യം തയ്യാറാക്കിയതിനു ശേഷമാണ് ഒന്നും രണ്ടും വോള്യങ്ങൾ പുറത്തിറങ്ങിയത്. ആദ്യ രണ്ടു വോളിയങ്ങളിലും മിക്ക വിവരണങ്ങൾക്കും റഫറൻസായി നൽകിയിട്ടുള്ളത് മൂന്നാം വോള്യത്തിലെ സമാഹരണത്തിലുള്ള പഴയ രേഖകളും അവയുടെ തർജമകളും ആണ് . ഒന്നാം വോള്യത്തിൽ തിരുവിതാംകൂറിനെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടെ മലബാറിന്റെ ചരിത്രം
1841 മെയ് 17 ന് സ്ക്കോട്ലാൻഡിൽ ജനിച്ച ലോഗൻ 1862 ൽ തന്റെ ഇരുപത്തി ഒന്നാം വയസ്സിലാണ് ഇൻഡ്യയിലെത്തുന്നത്. ഈസ്റ്റിൻഡ്യാ കമ്പനിയിൽ നിന്നും ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് ചക്രവർത്തി നേരിട്ട് ഏറ്റെടുത്ത ആ കാലഘട്ടത്തിൽ ബ്രിട്ടീഷുകാർ വിദ്യാസമ്പന്നരായ ധാരാളം വെള്ളക്കാരെ ഉദ്യോഗസ്ഥൻമാരായി ഇൻഡ്യയിൽ എത്തിച്ചുക്കൊണ്ടിരിക്കുകയായിരുന്നു. നോർത്ത് ആർക്കോട്ട് ജില്ലയുടെ അസിസ്റ്റൻഡ് കലക്റ്ററായി ജോലി ആരംഭിച്ച ലോഗൻ 1866 ൽ മലബാറിന്റെ ഹെഡ് അസിസ്റ്റൻഡായി നിയമിതനായി. തന്റെ 35ാമത്തെ വയസ്സിൽ മലബാർജില്ലയുടെ ചീഫ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റു. 1872 ൽ തലശ്ശേരിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ സ്ക്കോട്ട്ലന്റുകാരി തന്നെയായ ആനി സെൽബി ബുറൽ വല്ലാസിനെ വിവാഹം കഴിച്ചു. ലോഗന്റെ ജിവിതത്തിലും എഴുത്തിലും ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു ആ സ്ത്രീ.
ഹൈദരലിയുടെയും ടിപ്പുസുൽത്താന്റെയും മലബാർ ആക്രമണങ്ങൾ പ്രദേശത്തിന്റെ സാമൂഹിക ജീവിതത്തെയും ജനസംഖ്യാനുപാതത്തെയും കാർഷിക വ്യവസ്ഥയെയും ആകെ ഇളക്കി മറിച്ചിരുന്നു. കൂട്ട പാലായനങ്ങളും വർഷങ്ങൾക്കു ശേഷമുള്ള തിരിച്ചു വരവുകളും സമൂഹത്തിൽ കാലുഷ്യം നിറച്ചു. മതാടിസ്ഥാനത്തിലുള്ള വിശ്വാസതീവ്രത കൂടി അതോടൊപ്പം ചേർന്നപ്പോൾ മലബാറിൽ ലഹളകളും കലാപവും സ്ഥിരം കാഴ്ചകളായി. ഇതിനു പിന്നിൽ സ്വന്തം മതത്തിലെ പണക്കാരായവർ പാവപ്പെട്ടവരുടെ മതവികാരം ചൂഷണം ചെയ്തതും രക്തസാക്ഷിത്വത്തിന്റെ മതപരമായ സ്വീകാര്യതയും (" Religion gave them a philosophy of action and nourished their feelings of antagonism")ഒപ്പം കൃഷിഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങളും ഒക്കെ കാരണങ്ങളായി ലോഗൻ സൂചിപ്പിച്ചിട്ടുണ്ട് . മാപ്പിള പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനുള്ള സ്പെഷൽ കമ്മീഷണറായി 1881ൽ നിയമിതനായ ലോഗൻ മേലധികാരികളുമായുള്ള അഭിപ്രായ വ്യത്യസങ്ങളെത്തുടർന്ന് 1887 ൽ ആന്ധ്രയിലേ കടപ്പയിലേക്ക് സ്ഥലം മാറ്റപ്പെട്ടു. തുടർന്ന് ആ വർഷം തന്നെ ജോലി രാജിവെച്ച് തന്റെ 47ാം വയസ്സിൽ സ്വദേശത്തേക്ക് മടങ്ങുകയാണുണ്ടായത്. മലബാറിലെ ജനങ്ങളെ ഇഷ്ടപ്പെട്ടിരുന്ന ലോഗൻ തുടർന്നും അവരുമായി കത്തിടപാടുകൾ നടത്തിയിരുന്നു. ഉത്തരമലബാറിലെ പ്രമുഖ ജൻമിയായിരുന്ന വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുമായി നല്ല സൗഹൃദത്തിലായിരുന്ന ലോഗൻ പിന്നീട് അദ്ദേഹത്തിന്റെ മകനായിരുന്ന എ.സി മാധവൻ നായരെ സ്ക്കോട്ടലന്റിലെ തന്റെ വസതിയിൽ അതിഥിയായി താമസിപ്പിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ശക്തനും കർക്കശക്കാരനുമായ ഭരണാധികാരിയായിരുന്നു ലോഗൻ. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നിദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കി. അട്ടപ്പാടിയിലെ വിശാലമായ വനപ്രദേശങ്ങൾ, ലഭ്യമായ റവന്യൂ രേഖകൾ പരിശോധിച്ച് ഗവൺമെന്റിലേക്ക് നിക്ഷിപ്തമാക്കിയത്, അതീവ പ്രാധാന്യമർഹിക്കുന്ന ജൈവകേന്ദ്രമായ ഇന്നത്തെ സൈലന്റ് വാലി പ്രദേശങ്ങൾ നിലനിൽക്കാൻ കാരണമായി എന്നു പറയാം. ഉറച്ച ദൈവവിശ്വാസിയായിരുന്ന ലോഗൻ പണക്കുറികളെ എതിർത്തുവെന്നും വെടിമരുന്നിന്റെ ഉപയോഗം ക്ഷേത്രങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയെന്നും ഡോ. കെ.കെ.എൻ. കുറുപ്പ് എഴുതുന്നു. നായർ സമുദായത്തോട് കൂടുതൽ അടുപ്പത്തോടും സ്നേഹത്തോടും ഇടപഴകി എന്ന വിമർശനവും അദ്ദേഹത്തിനെതിരെ ചിലർ ഉയർത്തിയിട്ടുണ്ട്. ആമുഖത്തിൽ തന്റെ പുസ്തകത്തിന്റെ പരിമിതികളെക്കുറിച്ചും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ലഭിച്ച വിവരങ്ങൾ വെച്ചാണ് പുസ്തകം എഴുതിയിരിക്കുന്നതെന്നും കൂടുതൽ വിവരങ്ങൾ കിട്ടുമ്പോൾ താൻ എഴുതിയത് തെറ്റാകാമെന്നും ചിലപ്പോൾ നേരെ വിപരീതമാവാം ശരിയെന്നും എഴുതിയിരിക്കുന്നത് അദ്ദേഹത്തിന്റെ വസ്തുനിഷ്ഠ രീതിയുടെ തെളിവായി ചിലർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രശസ്ത നോവലിസ്റ്റ് കെ .ജെ ബേബി ലോഗന്റെ ജീവിതത്തെ ആസ്പദമാക്കി മലയാളത്തിൽ എഴുതിയ പുതിയ നോവലായ 'ഗുഡ് ബൈ മലബാർ' വായനയാണ് ലോഗനെക്കുറിച്ചുള്ള ചിന്തകളിലേക്ക് വീണ്ടും നയിച്ചത്. ലോഗന്റെ ഭാര്യയായ ആനിയുടെ കണ്ണിൽക്കൂടി അന്നത്തെ ജീവിതം ആവിഷ്ക്കരിക്കുന്ന രീതിയിലാണ് നോവൽ മുന്നോട്ട് പോകുന്നത്. ലോഗന്റെ ഔദ്യോഗിക ജീവിതത്തിരക്കുകളും അന്തർസംഘർഷങ്ങളും ഹൃദയസ്പൃക്കായി ചിത്രീകരിച്ചിരിക്കുന്ന നോവലിൽ ധാരാളം സാങ്കൽപിക കഥാപാത്രങ്ങളും പ്രത്യക്ഷപ്പെടുന്നു. തുടക്കം മുതൽ ഒടുക്കം വരെ സുഖമുള്ള വായനാനുഭവം നൽകുന്ന പുസ്തകം ലോഗൻ കുടുംബത്തിന്റെ സ്ക്കോട്ട്‍ലന്റിലേക്കുള്ള മടക്കയാത്രയിൽ ആനിയും ലോഗനും 'ഗുഡ് ബൈ മലബാർ' പറയുന്നതോടെ അവസാനിക്കുന്നു. നൂറ്റാണ്ടിനപ്പുറമുള്ള ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ സ്വന്തം നാട്ടിലേക്കുള്ള തിരിച്ചു പോക്കായിട്ടു പോലും അത് വായനക്കാരനിൽ ചില നഷ്ടബോധങ്ങളും ഗൃഹാതുരതകളും സൃഷ്ടിക്കുന്നുണ്ടെങ്കിൽ അതിനു കാരണം എഴുത്തുകാരന്റെ