2021, ജൂൺ 28, തിങ്കളാഴ്‌ച

ഇനി ഞാൻ തള്ളട്ടെ -

ഉദ്യോഗസ്ഥൻമാരുടെ സർ‍വ്വീസ് കഥകൾ അനുവാചകരെ ആക‍‍ർഷിക്കാറുണ്ട്,പ്രത്യേകിച്ചും അധികാരത്തിന്റെ ഉന്നതശ്രേണികളിലിരുന്നു ഭരണവ്യവസ്ഥയുടെ അണിയറനീക്കങ്ങളെ നിയന്ത്രിക്കാൻ കെൽപ്പുണ്ടായിരുന്ന ആളുകളുടെ. പലരും വിരമിച്ചതിന്നു ശേഷം എഴുതുന്ന പുസ്തകങ്ങൾ അറിവിനേക്കാളേറെ വിവാദത്തിനു കാരണമാകാറുമുണ്ട്. കിരൺബേദിയുടെ "ഞാൻ ധൈര്യപ്പെടുന്നു" എന്ന പുസ്തകവും അൽഫോൻസ് കണ്ണന്താനത്തിന്റെ "ഇന്ത്യ- മാറ്റത്തിന്റെ ഇടിമുഴക്കം" എന്ന പുസ്തകവും ടി. എൻ ശേഷന്റെ പുസ്തകങ്ങളും ഒക്കെ അതത് കാലഘട്ടത്തിന്റെ കഥകൾ പറയുന്നവ കൂടിയാണ്. ഐ. പി.എസ് ഉപേക്ഷിച്ച് രാഷ്ട്രീയക്കാരനായിത്തീർന്ന 'സിംഹം' എന്നറിയപ്പെട്ടിരുന്ന കെ അണ്ണാമലൈയുടെ “Stepping beyond Khaki” യും ഡിജിപിയായി റിട്ടയർ ചെയ്ത ജേക്കബ് തോമസ്സിന്റെ "സ്രാവുക‍ൾക്കൊപ്പം നീന്തുമ്പോൾ" എന്ന പുസ്തകവും അടുത്തിടെ പുറത്തിറങ്ങി പുസ്തകവിൽപ്പനയിൽത്തന്നെ വാ‍ർത്തകൾ സൃഷ്ടിച്ചവയാണ്. ഇവയിൽ മിക്കതും എഴുതിയവരുടെ സർവ്വീസ് കാലയളവിനുശേഷം എഴുതിയതോ പൂ‍ർത്തിയാക്കിയതോ ആയ പുസ്തകങ്ങളാണ്. എന്നാൽ സർവ്വീസിനിടയിൽത്തന്നെ സ്വന്തം അനുഭവങ്ങളും തന്റെതു മാത്രമായ പരിഷ്ക്കാരങ്ങളും വിശദമാക്കിക്കൊണ്ട് ഐ.എ.എസ് ഓഫീസറായ പ്രശാന്ത് നായർ എഴുതിയ "കളക്റ്റർ ബ്രോ- ഇനി ഞാൻ തള്ളട്ടെ" എന്ന പുസ്തകം ഇക്കഴിഞ്ഞ മാസം (2021 മെയ്) പുറത്തിറങ്ങുകയുണ്ടായി. രണ്ടു വ‍ർഷം കോഴിക്കോട് കലക്റ്ററായിരുന്നപ്പോൾ അദ്ദേഹത്തിന്റെ നേതൃത്ത്വത്തിൽ ചെയ്ത കാര്യങ്ങളും വിജയിച്ചതും പരാജയപ്പെട്ടതും ആയ പരിഷ്ക്കാരങ്ങളും വിമ‍ർശനങ്ങളും എതി‍ർപ്പുകളും ഒക്കെ ആ പുസ്തകത്തിന്റെ ഇരുന്നൂറിൽപ്പരം പേജുകളിലായി വിവരിക്കപ്പെടുന്നു.

സാമൂഹ്യമാധ്യമങ്ങൾ വഴി നിരന്തരം ജനങ്ങളുമായി സംവദിച്ച് അവരുടെ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടുക വഴിയാണ് പ്രശാന്ത് നായർക്ക് 'കലക്റ്റ‍ർ ബ്രോ' എന്ന പേരു ലഭിക്കുന്നത്. ഇന്നത്തെപ്പോലെ സ‍ർക്കാരുകൾ സാമൂഹ്യമാധ്യമങ്ങളെ  ഉപയോഗിക്കാതിരുന്ന അക്കാലത്ത് ഔദ്യോഗിക ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് ധൈര്യപൂ‍ർവ്വം അവയെ പൊതുജനസംവാദത്തിനുപയോഗിച്ച് സ്വയം പഥപ്രദർശകനായി എന്നത് ഒരുപക്ഷെ അദ്ദേഹത്തിന്റ വെറും "തള്ള"ല്ല. ഫേസ്‍ബുക്ക് കലക്റ്റർ എന്ന രൂക്ഷവിമർശനം നേരിട്ട അദ്ദേഹത്തിനെതിരെ രാഷ്ട്രീയപാർട്ടികൾ ചന്ദ്രഹാസമിളക്കി. പിന്നീട് അതിവേഗം നാട്ടിലെ രാഷ്ട്രീയപ്പാർട്ടികളും നേതാക്കളും സാമൂഹ്യമാധ്യമങ്ങളിൽ സജീവമാകുന്നതും തിരഞ്ഞെടുപ്പു പ്രചരണം പോലും ഇത്തരം മാധ്യമങ്ങളുപയോഗിച്ചാക്കുന്നതും നാം കണ്ടു. ഒരു പക്ഷെ കേരളം ഇന്ത്യക്ക് പിന്നിൽ നടന്ന ഒരു പ്രതിഭാസം കൂടിയാണ് ഇത് എന്ന് പറയാം. 2014 ലെ പൊതുതിരഞ്ഞെടുപ്പേ തൊട്ടു തന്നെ ദേശീയതലത്തിൽ ഈ മാധ്യമങ്ങൾ നിർണായക പങ്ക് വഹിച്ചപ്പോൾ കേരളത്തിലെ നേതാക്കൻമാരും പാർട്ടികളും ഇതിലേക്ക് കാലെടുത്തുവെച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. ആ ഘട്ടത്തിൽ തന്നെ ട്വിറ്റ‍ർ പോലുള്ള മാധ്യമങ്ങളുപയോഗിച്ച് കേന്ദ്രസ‍ർക്കാർ റെയിൽവെ തുടങ്ങിയ മന്ത്രാലയങ്ങളിൽ സമൂല പരിവർ‍‍ത്തനത്തിന് നാന്ദി കുറിച്ചിരുന്നു. ഇന്ന് പോരാളിഷാജിമാരും കാവിപ്പടക്കാരും സ്വന്തം പാർട്ടികളെപ്പോലും വിഷമത്തിലാക്കി ഈ രംഗത്ത് തികഞ്ഞ ജനാധിപത്യം കൊണ്ടുവന്നുവെന്നതു മറ്റൊരു കാര്യം. ആർക്കും ആരുടെയും നിയന്ത്രണത്തെ പേടിക്കാതെ എന്തും പരസ്യമായി എഴുതാനും വെല്ലുവിളിക്കാനും ഉള്ളതും ഇല്ലാത്തതും പ്രചരിപ്പിക്കാനും അവസരം നൽകുന്ന സാമൂഹ്യമാധ്യമങ്ങൾക്ക് മൂക്കുകയറിടാൻ ആലോചനകൾ നടക്കുന്നിടത്ത് എത്തി നിൽക്കുന്നു കാര്യങ്ങൾ. അവിടെയാണ്  തികച്ചും ഔദ്യോഗിക സംവിധാനത്തിന്റെ എല്ലാ സാങ്കേതികതകളും സങ്കീ‍ർണ്ണതകളും  മറികടന്ന് അദ്ദേഹം തികച്ചും ജനകീയനാവുന്നത്. ആകാവുന്നിടത്തോളം ചോദ്യങ്ങൾക്ക് സ്വയം തന്നെ ഉത്തരം നൽകി, വാക്കുകൾ സൂക്ഷിച്ചുപയോഗിച്ച് ഫേസ്‍ബുക്കിൽ നിറഞ്ഞുനിന്ന ആ കാലത്തെക്കുറിച്ച് രസകരമായ രീതിയിൽ അദ്ദേഹം വിവരിക്കുന്നുണ്ട്.

പുസ്തകത്തിന് അവതാരിക എഴുതിയ മാന്യദേഹം സംസ്കൃത സുഭാഷിതം ഉദ്ധരിച്ച് സൂചിപ്പിച്ചതുപോലെ അയോഗ്യരായി ഈ ഭൂമിയിൽ ആരുമില്ലെന്നും അവരെ ശരിയായ രീതിയിൽ കൂട്ടിച്ചേർത്ത് ഉപയോഗിക്കാൻ കഴിവുള്ള ആളുകളുടെ എണ്ണമാണ് കുറവെന്നും ഉള്ള വസ്തുത ശരിയായ രീതിയിൽ ഉൾക്കൊണ്ടാണ് കലക്റ്റർ ബ്രോ എല്ലാ കാര്യങ്ങളും മുന്നോട്ടു കൊണ്ടുപോകുന്നത്. തന്റെ സഹപ്രവർത്തകരേ ഓരോരുത്തരേയും പൂ‍ർണ്ണമായി മനസ്സിലാക്കി, അവരുടെ കഴിവുകൾക്കനുസരിച്ച് വിവിധ മേഖലകളിൽ അവരെ പ്രയോജനപ്പെടുത്തുക എന്നുള്ളത് നേതൃസ്ഥാനത്ത് വിജയകഥകൾ രചിക്കുന്നവരുടെ ലക്ഷണമത്രെ. കസേലയിൽ ഇരുന്ന് സ‍ർവ്വീസ് ചട്ടങ്ങളെന്ന അച്ചടക്കത്തിന്റെ വടിവാൾ വീശി കാർക്കശ്യം നടപ്പിലാക്കുന്ന സർക്കാർ മേലുദ്യോഗസ്ഥൻമാ‍രാണല്ലോ ഭൂരിപക്ഷവും. സ്വയം സന്നദ്ധരായി കൂട്ടായ്മയോടൊത്ത് ചേർന്നവരെയും വിദ്യാർത്ഥികളെയും സന്നദ്ധപ്രവർത്തകരെയും ഇന്റേർൺഷിപ്പിനെത്തിയവരെയും ഒക്കെ കൂട്ടി വലിയൊരു മുന്നേറ്റം സാധ്യമാക്കിയത് അത്തരത്തിലൊരു സമീപനം കൊണ്ടാണെന്ന് തീർച്ച. എന്നിരുന്നാലും ചിലയിടങ്ങളിൽ താപ്പാനകൾക്കെതിരെ മേലുദ്യോഗസ്ഥനെന്ന നിലയിൽ അറ്റകൈപ്രയോഗം നടത്തേണ്ടി വന്നതിനെക്കുറിച്ചും അദ്ദേഹം പരാമ‍ർശിക്കുന്നുണ്ട്.

ഔദ്യോഗിക സന്ദർശനത്തിനിടയിൽ കുതിരവട്ടം മാനസികരോഗാശുപത്രിയിൽ പോയി കണ്ട കാഴ്ചകൾ തീർത്തും ഹൃദയസ്പൃക്കായി കുറേയേറെ പേജുകളിൽ വിവരിക്കുന്നുണ്ട്. കൊടുംവേദനയോടും കുറ്റബോധത്തോടും ലജ്ജയോടും കൂടി മാത്രമേ ആർദ്രമാനസ‍ർക്ക് ആ വരികളിലൂടെ കടന്നുപോകാൻ സാധിക്കൂ. ഏതോ ഒരു ദുർബ്ബല നിമിഷത്തിൽ മനസ്സിന്റെ നേരിയ നൂൽപ്പാലത്തിൽ കാലോ കൈയ്യോ വിട്ട് തൂങ്ങിയാടുന്നവരെ, കാലവും ചികിൽസാരീതികളും സമീപനങ്ങളും സമൂല പരിവ‍ർത്തനത്തിനു വിധേയമായിട്ടും നാം എങ്ങിനെയാണ് കൈകാര്യം ചെയ്തുവന്നത് എന്നത് ‍‍ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. അതിലെന്തങ്കിലും മാറ്റം വരുത്താൻ ഇറങ്ങിത്തുനിഞ്ഞ ഒരു ജില്ലാ കലക്റ്റർക്കുപോലും എന്തൊക്കെ വെല്ലുവിളികളാണ് നേരിടേണ്ടി വന്നത് എന്ന് അറിയുമ്പോൾ ജനാധിപത്യത്തിലും നീതിബോധത്തിലും ഒക്കെ ആർക്കെങ്കിലും വിശ്വാസം നഷ്ടപ്പെട്ടാൽ അവരെ കുറ്റം പറയാനാവില്ല. ചുവന്ന നാടകൾക്കുള്ളിൽ നിത്യസുഷുപ്തിയിലായ എത്രയെത്ര ജീവിതങ്ങളാണ് നമുക്ക് ചുറ്റും. ഒട്ടനവധി മേഖലകളിലാണ് അദ്ദേഹത്തിന്റെ കണ്ണെത്തിയതും കൈവെച്ചതും. ചിലത് വിജയിച്ചു; മറ്റു ചിലത് പരാജയപ്പെട്ടു. "ഓപ്പറേഷൻ സുലൈമാനി" എന്ന പേരു ചൊല്ലി, വിശക്കുന്നവർക്ക് ഭക്ഷണം നൽകാനുള്ള പദ്ധതിയിൽ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻകാരെയാണ് മുൻനിരയിൽ നിർത്തിയത്. കുട്ടികളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിന്ന് ബസ്സുടമകളെയും ബസ്സ് തൊഴിലാളികളെയുമാണ് അദ്ദേഹം സമീപിച്ചത്. ഓട്ടോറിക്ഷ ഓടിക്കുന്നവരെ അൽപമൊന്ന് പൊക്കി അവരിലും കൂടുതൽ സേവന മനോഭാവമെത്തിക്കാൻ ശ്രമമുണ്ടായി. സാമൂഹ്യക്ഷേമ പരിപാടികൾക്കായി "കംപാഷണേറ്റ് കോഴിക്കോട് " എന്ന പദ്ധതിക്കായി പണക്കാരെയും സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരെയും സമീപിച്ചു, അവ‍ർ നി‍ർലോപം സഹായിച്ചു. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഇടയ്ക്കുള്ള ലിംഗഭേദവും ലിംഗബോധവും സൃഷ്ടിക്കുന്ന പ്രശ്നങ്ങളും സ്ത്രീകളുടെ സുരക്ഷിതമായ രാത്രനടത്തവും മിഠായിത്തെരുവിന്റെ തനിമയും പ്രൗഢിയും നിലനിർത്താനുള്ള സംരംഭവും,  തുടങ്ങി രണ്ടു വർഷത്തെ തന്റെ തനതു പ്രവർത്തനങ്ങളൊക്കെ തനതു ശൈലിയിൽ വിവരിക്കുന്നത് തികച്ചും പാരായണക്ഷമമെന്ന് പറയണം. പുസ്തകം തുറന്നാൽ അവസാന താളിലെത്തി മാത്രം വായിച്ചവസാനിപ്പിക്കാൻ തോന്നുന്ന ആക‍ർഷകമായ ശൈലിയിലാണ് രചന.

അവസാനപുറവും വായിച്ചു തീർന്നപ്പോൾ രണ്ടു രീതിയിലുള്ള ചിന്തകളാണ് അവശേഷിച്ചത്. മഹത്തായ നമ്മുടെ ജനാധിപത്യത്തിന് എഴുപത്തഞ്ചിന്റെ നിറവെത്തുമ്പോഴും ഭരണസംവിധാനങ്ങളും, പിടിപാടുകളോ രാഷ്ട്രീയക്കാരുടെ പിൻതുണയോ ഇല്ലാത്ത സാധാരണക്കാരം തമ്മിലുള്ള അകൽച്ച എത്ര വലുതാണ് എന്നതാണ് അതിലൊന്ന്. ആ വിടവുകൾ നികത്താനാണല്ലോ ഇദ്ദേഹം തന്റെ തനത് ശൈലിയിലൂടെ ശ്രമിച്ചത്. സുജനമര്യാദകൊണ്ടെന്നോണം താൻ തുടങ്ങിവെച്ച പ്രവർത്തനങ്ങൾ തന്റെ പിൻഗാമികൾ ഭംഗിയിൽ എറ്റെടുത്തു നടത്തുന്നുവെന്ന് അദ്ദേഹം പലയിടത്തും കുറിക്കുന്നുണ്ടെങ്കിലും അത് കേവലം ഭംഗിവാക്കായിരിക്കുമെന്ന് സാധാരണക്കാരായ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. രണ്ടാമത്തെ ചോദ്യം അൽപം കൂടി അപകടം പിടിച്ചതാണ്; പൗരൻമാർക്ക് യഥാർത്ഥത്തിൽ ആവശ്യമുള്ളതും അവകാശപ്പെട്ടതും നൽകാൻ പണക്കാരന്റെയും കീശക്ക് കനമുള്ളവന്റെയും സഹായം - അത് എത്ര തുറന്ന മനസ്സോടെയുള്ളതാണെങ്കിലും - തേടേണ്ടി വരികയാണെങ്കിൽ ഇക്കാണുന്ന സംവിധാനങ്ങളെല്ലാം പരാജയമാണെന്ന് ആരെങ്കിലും പറഞ്ഞാൽ നാമെന്തു മറുപടി നൽകും?

വിദ്യാർത്ഥികളും അധ്യാപകരും ഉത്തരവാദസ്ഥാനങ്ങളിലിരിക്കുന്നവരും അവശ്യം വായിക്കുകയും ഉൾക്കൊള്ളുകയും ചെയ്യേണ്ടതാണ് "ഇനി ഞാൻ തള്ളട്ടെ". ഗ്രന്ഥകാരൻ തന്നെ സൂചിപ്പിക്കുന്നതു പോലെ, നിങ്ങളുടെ തീരുമാനങ്ങൾ നിസ്വരിൽ നിസ്വരെ എങ്ങിനെ ബാധിക്കുമെന്ന് മാത്രം നോക്കി മുന്നോട്ടു പോവുക എന്ന മഹാത്മാഗാന്ധിയുടെ രക്ഷാമന്ത്രം അധികാരസ്ഥാനത്തുള്ള എല്ലാവരെയും നയിച്ചാൽ നന്ന്.

അഭിപ്രായങ്ങളൊന്നുമില്ല: