കാലചക്രം തിരിയുമ്പോൾ സമൂഹജീവിതത്തിലും ഭരണക്രമങ്ങളിലും സമൂലമായ മാറ്റങ്ങളുണ്ടാവും. ലോകചരിത്രം പഠിപ്പിക്കുന്നത് അതാണ്. പൂർണമായ ജനാധിപത്യസംവിധാനത്തിന്റെ ആവിർഭാവത്തോടെ നാമിന്ന് ഭരണഘടനയിലും നിയമവാഴ്ചയിലും അധിഷ്ഠിതമായ ഒരു സംവിധാനത്തിലേക്കെത്തിനിൽക്കുന്നു. ഭൂമി അധികാരത്തിന്റെയും അധീശത്വത്തിന്റെയും അളവുകോലാകുന്നതിന്നു മുന്നേ കായബലവും നേതൃശ്ശക്തിയും ആചാരപരമായ അവകാശങ്ങളും പ്രാമുഖ്യം നിശ്ചയിച്ച കാലം. അന്നുതൊട്ടേ പഴയ നായർത്തറവാടുകൾ ജനജീവിതത്തിന്റെ കേന്ദ്രസ്ഥാനത്തുണ്ടായിരുന്നു. മൈസൂർ ആക്രമണങ്ങൾക്കും ബ്രിട്ടീഷ് അധിനിവേശത്തിനും ശേഷം ഭൂസ്വത്തിന്റെ നിയന്ത്രണാധികാരം കൂടി കൈവശമായപ്പോൾ തറവാടുകൾ പലതും സർവ്വപ്രതാപങ്ങളുടെയും കേന്ദ്രങ്ങളായി. കാലാന്തരത്തിൽ സ്വാതന്ത്ര്യപ്രസ്ഥാനവും തുടർന്നുണ്ടായ ചലനങ്ങളും തറവാടുകളുടെ അധികാരത്തിന്റെയും പ്രാമാണ്യത്തിന്റെയും അനിവാര്യമായ അന്ത്യത്തിലേക്ക് നയിച്ചു. രാജവാഴ്ചയും ഫ്യൂഡലിസവും നവോത്ഥാനമൂല്യങ്ങൾക്കും ദേശീയപ്രസ്ഥാനങ്ങൾക്കും പതുക്കെ വഴിമാറുന്നതിന്ന് പത്തൊൻപത് - ഇരുപത് നൂറ്റാണ്ടുകൾ സാക്ഷിയായി. സർവ്വതലസ്പർശിയായ മാറ്റങ്ങൾ സൃഷ്ടിച്ച പ്രകമ്പനങ്ങളും ഉഴുതുമറിക്കലുകളും ഏറെ വിസ്മയകരമായിരുന്നു. ദേശീയബോധത്തിലടിയുറച്ച സ്വാതന്ത്ര്യസമരമുന്നേറ്റങ്ങളൊരു വശത്ത്, കഷ്ടപ്പെടുന്നവരുടെ വിമോചനം സ്വപ്നംകണ്ട് പിന്നീടുവന്ന കമ്യൂണിസ്റ്റ് മുന്നേറ്റങ്ങൾ മറുവശത്ത്. ഇവയൊക്കെ ഉത്തരമലബാറിനെ സംഭവബഹുലമായ കഥാകേന്ദ്രമാക്കി മാറ്റി. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപാദം തൊട്ട് അറുപതുകൾവരെയുള്ള ഘട്ടം സാമൂഹ്യവ്യവസ്ഥിതിയിൽ അതിവേഗമുള്ള മാറ്റിമറിക്കലുകളുടെ കാലമായിരുന്നു.