കാലചക്രം തിരിയുമ്പോൾ സമൂഹജീവിതത്തിലും ഭരണക്രമങ്ങളിലും സമൂലമായ മാറ്റങ്ങളുണ്ടാവും. ലോകചരിത്രം പഠിപ്പിക്കുന്നത് അതാണ്. പൂർണമായ ജനാധിപത്യസംവിധാനത്തിന്റെ ആവിർഭാവത്തോടെ നാമിന്ന് ഭരണഘടനയിലും നിയമവാഴ്ചയിലും അധിഷ്ഠിതമായ ഒരു സംവിധാനത്തിലേക്കെത്തിനിൽക്കുന്നു. ഭൂമി അധികാരത്തിന്റെയും അധീശത്വത്തിന്റെയും അളവുകോലാകുന്നതിന്നു മുന്നേ കായബലവും നേതൃശ്ശക്തിയും ആചാരപരമായ അവകാശങ്ങളും പ്രാമുഖ്യം നിശ്ചയിച്ച കാലം. അന്നുതൊട്ടേ പഴയ നായർത്തറവാടുകൾ ജനജീവിതത്തിന്റെ കേന്ദ്രസ്ഥാനത്തുണ്ടായിരുന്നു. മൈസൂർ ആക്രമണങ്ങൾക്കും ബ്രിട്ടീഷ് അധിനിവേശത്തിനും ശേഷം ഭൂസ്വത്തിന്റെ നിയന്ത്രണാധികാരം കൂടി കൈവശമായപ്പോൾ തറവാടുകൾ പലതും സർവ്വപ്രതാപങ്ങളുടെയും കേന്ദ്രങ്ങളായി. കാലാന്തരത്തിൽ സ്വാതന്ത്ര്യപ്രസ്ഥാനവും തുടർന്നുണ്ടായ ചലനങ്ങളും തറവാടുകളുടെ അധികാരത്തിന്റെയും പ്രാമാണ്യത്തിന്റെയും അനിവാര്യമായ അന്ത്യത്തിലേക്ക് നയിച്ചു. രാജവാഴ്ചയും ഫ്യൂഡലിസവും നവോത്ഥാനമൂല്യങ്ങൾക്കും ദേശീയപ്രസ്ഥാനങ്ങൾക്കും പതുക്കെ വഴിമാറുന്നതിന്ന് പത്തൊൻപത് - ഇരുപത് നൂറ്റാണ്ടുകൾ സാക്ഷിയായി. സർവ്വതലസ്പർശിയായ മാറ്റങ്ങൾ സൃഷ്ടിച്ച പ്രകമ്പനങ്ങളും ഉഴുതുമറിക്കലുകളും ഏറെ വിസ്മയകരമായിരുന്നു. ദേശീയബോധത്തിലടിയുറച്ച സ്വാതന്ത്ര്യസമരമുന്നേറ്റങ്ങളൊരു വശത്ത്, കഷ്ടപ്പെടുന്നവരുടെ വിമോചനം സ്വപ്നംകണ്ട് പിന്നീടുവന്ന കമ്യൂണിസ്റ്റ് മുന്നേറ്റങ്ങൾ മറുവശത്ത്. ഇവയൊക്കെ ഉത്തരമലബാറിനെ സംഭവബഹുലമായ കഥാകേന്ദ്രമാക്കി മാറ്റി. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപാദം തൊട്ട് അറുപതുകൾവരെയുള്ള ഘട്ടം സാമൂഹ്യവ്യവസ്ഥിതിയിൽ അതിവേഗമുള്ള മാറ്റിമറിക്കലുകളുടെ കാലമായിരുന്നു.
ഈ കാലഘട്ടത്തിലെ മാറ്റങ്ങളെ പൊതുവെ ഇരുപതുകൾ തൊട്ട് മുപ്പത്തിയഞ്ചു വരെയുള്ള ഒന്നാം ഘട്ടം, മുപ്പത്തിയഞ്ചുതുടങ്ങി സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുശേഷമുള്ള വർഷങ്ങളുൾപ്പെടുന്ന അടുത്ത ഘട്ടം, തറവാടുകളുടെ ഭാഗംവെക്കലും ഭൂപരിഷ്ക്കരണവും നടക്കുന്ന തുടർന്നുള്ള ഘട്ടം എന്നിങ്ങനെ ക്രമീകരിക്കാം.
മഹാത്മജിയുടെ നേതൃത്ത്വത്തിലുള്ള കോൺഗ്രസ്സുൾപ്പടെയുള്ള ദേശീയപ്രസ്ഥാനങ്ങളുടെ സ്വാധീനം വ്യാപകമായിത്തുടങ്ങിയത് ആയിരത്തിത്തൊള്ളായിരത്തിഇരുപതുകളിലാണ്. പരിവർത്തനത്തിന്റെയും നവോത്ഥാനത്തിന്റെയും പൊൻവെളിച്ചം നായർത്തറവാടുകളുടെ ഉൾത്തളങ്ങളിലേക്ക് പ്രവേശിക്കാൻ തുടങ്ങിയകാലമായിരുന്നുവത്. ഉത്തരകേരള നായർസമാജം പോലുള്ള ഒട്ടനവധി സംഘടനകളും ഇംഗ്ളീഷ് വിദ്യാഭ്യാസവും നാട്ടുകാർക്കിടയിൽ ഐക്യബോധവും പുരോഗമനേച്ഛയുമുണ്ടാക്കി. ഗാന്ധിജിയുടേയും മറ്റു നേതാക്കളുടെയും ആശയങ്ങളാലാകൃഷ്ടരായി ഖദർധാരികളും സ്വാതന്ത്ര്യസമരഭടൻമാരും തറവാട്ടകങ്ങളിൽനിന്നുമുയർന്നുവന്നു. ഐക്യവും സമാജബോധവും അത്യാവശ്യമാണെന്ന് ഏവർക്കും തോന്നിത്തുടങ്ങി. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പൊതുവികാരമുയർന്നുവന്നു. കല്ല്യാട്ട് താഴത്തുവീട്ടിൽ ചാത്തുക്കുട്ടിനമ്പ്യാർ, വാഗ്ഭടാനന്ദന്റെ അനുയായിയായി മാറുന്നതും ആത്മവിദ്യാസംഘത്തിന്റെ അഖിലകേരള രക്ഷാധികാരിയായി മാറുന്നതും ഇക്കാലയളവിലാണ്. തീവ്രയാഥാസ്ഥിതികവിരുദ്ധ നിലപാടുകൾ സ്വീകരിച്ചു സാമൂഹ്യവിപ്ളവത്തിന് ആഹ്വാനം നൽകിയയാളായിരുന്നു വാഗ്ഭടാനന്ദൻ. ചാത്തുക്കുട്ടിനമ്പ്യാർ വാഗ്ഭടാനന്ദന്റെ ആഹ്വാനമുൾക്കൊണ്ട്, അന്നത്തെ പൊതുസമൂഹം ദൂരെ മാറ്റിനിർത്തിയിരുന്ന കരിമ്പാലരും മാവിലരും ഉൾക്കൊള്ളുന്ന പിന്നാക്കജനവിഭാഗങ്ങളെ തറവാടുഭവനത്തിൽ താമസിപ്പിച്ച് സമത്വമെന്തെന്ന് നേരിട്ട് കാണിച്ചുകൊടുത്തതിനെക്കുറിച്ച് വാഗ്ടാനന്ദന്റെ ജിവചരിത്രകാരനായ എം.ടി കുമാരൻ വിശദമായി എഴുതിയിട്ടുണ്ട്.
പൗരപ്രമുഖരായവർ ചേർന്നു തിരുന്നാവായയിൽ രൂപീകരിച്ച കേരള ഹിന്ദുസഭയുടെ നടത്തിപ്പ് കമ്മിറ്റിയിൽ കെടി കുഞ്ഞിരാമൻനമ്പ്യാർ അംഗമായിരുന്നു (മാതൃഭൂമി,1929 മെയ് 9). ബന്ധുതറവാടുകളിലും സമാനമായ മാറ്റങ്ങൾ നടക്കുന്നുണ്ടായിരുന്നു. മഹാത്മാഗാന്ധിയേയും മോത്തിലാൽ നെഹ്റുവിനേയും ഡൽഹിയിലെത്തി നേരിൽക്കണ്ടു സംസാരിച്ച കല്ല്യാട്ട് താഴത്തുവീട്ടിൽ കുഞ്ഞിരാമൻ നമ്പ്യാരെയും കൂടാളിത്താഴത്തുവീട്ടിൽ കുഞ്ഞികമ്മാരൻ നമ്പ്യാരെയും കുറിച്ച് പുത്തേഴത്തുരാമൻ മേനവൻ രേഖപ്പെടുത്തിയിട്ടുണ്ട്. കല്ല്യാട്ട് കുഞ്ഞിരാമൻ നമ്പ്യാർ തന്റെ മൂത്തമകളെ കോൺഗ്രസ്സ് കുഞ്ഞിരാമനെന്നും വിളിക്കപ്പെട്ടിരുന്ന കൂടാളിത്താഴത്തുവീട്ടിലെ കുഞ്ഞിരാമൻ നമ്പ്യാർക്ക് വിവാഹം ചെയ്തുകൊടുത്തു. വർഷങ്ങളോളം സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിൽ പ്രവർത്തിച്ച് കെ.പി.സി.സി പ്രസിഡണ്ടായിത്തീർന്ന കൂടാളി കുഞ്ഞിരാമൻ നമ്പ്യാർ പിന്നീട് സോഷ്യലിസ്റ്റ് കോൺഗ്രസ്സിന്റെ പ്രധാന നേതാവായി. 'കയ്യൂർ കൊലക്കേസിൽ ഉൾപ്പെട്ട കർഷകർ പലരും സംഘടിപ്പിക്കപ്പെട്ടത് ഇയാളുടെ നേതൃത്വത്തിലാണെന്നും നിരക്ഷരരായ കർഷകരെ പോലീസിന്നെതിരായി ഹിംസാത്മകപ്രവർത്തനങ്ങളിലേർപ്പെടാൻ പ്രേരണയായതും മൊറാഴക്കേസിലെ പ്രതികളെ ഒളിപ്പിക്കാൻ സഹായിച്ചതും ഇയാളാണ്' എന്നും 1944 ൽ മദ്രാസ് ഗവൺമെന്റ് പ്രഖ്യാപിക്കുന്നു1.
ഇന്ത്യൻ നാഷണൽകോൺഗ്രസ്സിന്റെ പ്രവർത്തനങ്ങൾ സജീവമായതോടെ ഒരുവിഭാഗം നോതാക്കൾ കോൺഗ്രസ്സ് സോഷ്യലിസ്റ്റ്കക്ഷിക്കും കർഷകസംഘത്തിനും തുടർന്ന് കമ്യൂണിസ്റ്റ് പാർട്ടിക്കും രൂപംനൽകി. നിരന്തര സംഘർഷങ്ങളും ഏറ്റുമുട്ടലുകളും പതിവായി. ദേശീയപ്രസ്ഥാനങ്ങളുടെ നിലപാടുകൾക്കു തീവ്രതപോരെന്നായിരുന്നു അവരുടെ അഭിപ്രായം. പരസ്പരവിശ്വാസമില്ലായ്മയും ആക്രമണങ്ങളും പോലീസ് അതിക്രമങ്ങളും സ്ഥിരം സംഭവങ്ങളായി. അതൊക്കെ മഹത്തായ ലക്ഷ്യങ്ങൾക്കുവേണ്ടിയാണെന്ന് പ്രസ്താവിക്കപ്പെട്ടു. ഇരുഭാഗത്തും വീറും വാശിയുമേറിവന്നു. ബ്രിട്ടീഷ് പോലീസിന്റെ നടപടികൾ സ്ഥിതിഗതികൾ രൂക്ഷമാക്കി. മാറ്റം അനിവാര്യമാണെന്നറിഞ്ഞിട്ടും ഭൂവുടമകളുടെ ഭാഗത്തുനിന്നുണ്ടായ ചെറുത്തുനിൽപ്പും മറുഭാഗത്ത്, സ്വന്തം ചേരിയിലേക്ക് ആളുകളെചേർക്കുന്നതിന്നായുള്ള അർദ്ധസത്യവും അസത്യവും കൂടിക്കലർന്ന പ്രചരണങ്ങളും നടന്നു. സ്വാഭാവികാന്ത്യത്തിലേക്കുള്ള പ്രയാണമാരംഭിച്ചിരുന്ന മരുമക്കത്തായവും കൂട്ടുകുടുംബവ്യവസ്ഥയും പാളയത്തിലും പടകളുണ്ടാക്കി. റോബിൻ ജഫ്രി പറയുന്നത് അസംതൃപ്തരായ മരുമക്കളാണ് കമ്യുണിസത്തിന്റെ വളർച്ചക്ക് ആക്കം കൂട്ടിയതെന്നാണ്.
1935 ൽ കണ്ണൂർ ജില്ലയിലാണ് കർഷകസംഘത്തിന്റെ ആദ്യ ഘടകം വിഷ്ണുഭാരതീയന്റെ വീട്ടിൽ രൂപം കൊള്ളുന്നത്2. പലപ്രദേശങ്ങളിലുമായി വിശാലമായ അളവിൽ ഭൂസ്വത്തും നെൽക്കൃഷിയുമുണ്ടായിരുന്ന തറവാടിനുനേരെയായിരുന്നു പൊതുവെ കർഷകസംഘം ഈ മേഖലകളിൽ പ്രവർത്തിച്ചുതുടങ്ങിയത്. ഇതിനെത്തുടർന്ന് ഊരത്തൂർ, ബ്ളാത്തൂർ, കുയിലൂർ എന്നിവിടങ്ങളിലുൾപ്പടെ സംഘത്തിന്റെ പ്രവർത്തനം ആരംഭിച്ചു. ഈ പ്രദേശങ്ങളിലെ ഭൂസ്വത്തിന്റെ ജൻമാവകാശികൾ കല്ല്യാട്ട് തറവാടായിരുന്നു. സ്വാഭാവികമായും ജൻമിമാരും കർഷകരും തമ്മിലുള്ള അവിശ്വാസം വളരുകയും സംഘർഷാവസ്ഥയിലേക്കു നീങ്ങുകയുംചെയ്തു.
ആയിരത്തിതൊള്ളായിരത്തിമുപ്പത്തിയാറിൽ വിഷ്ണുഭാരതീയൻ 'പ്രഭാതം' വാരികയിൽ എഴുതിയ 'അയ്യോ കല്ല്യാട്ട് ' എന്ന ലേഖനം അക്കാലത്തെ നാട്ടിലെ അന്തരീക്ഷത്തെക്കുറിച്ച് ഒരേകദേശധാരണ തരുന്നുണ്ട്. കർഷകസംഘപ്രചരണാർത്ഥം എഴുതിയ ആ കുുറിപ്പിൽ 1938 ആഗസ്റ്റ് 30ന്, കല്ല്യാട്ട് ജൻമിക്കെതിരെ നുച്യാട്ട് നടന്ന വലിയ ഒരു യോഗവും അനന്തരസംഭവങ്ങളുമാണ് വിവരിക്കുന്നത്. ജൻമിയിൽ ആരോപിക്കപ്പെട്ട അതിക്രമങ്ങൾക്കെതിരെ സംഘടിപ്പിക്കപ്പെട്ട ആ യോഗത്തിൽ എണ്ണൂറോളം ആളുകൾ പങ്കെടുത്തതായി വിഷ്ണുഭാരതീയൻ എഴുതുന്നു. കടവ് കടക്കാനുള്ള തോണി വെള്ളത്തിൽമുക്കിയും ഭീഷണിപ്പെടുത്തിയും നാട്ടുകാരെ യോഗത്തിൽ പങ്കെടുക്കുന്നതിൽനിന്നും യജമാനന്റെ ആളുകൾ വിലക്കിയത്രെ. കല്ല്യാട് തൊട്ട് ബ്ളാത്തൂർവരെയുള്ള വഴിക്കിരുവശവും 'പോകുവിൻ, പോകുവിൻ മടങ്ങിപ്പോകുവിൻ , കളങ്കപ്പെടുത്താതിരിക്കുവിൻ, സോവിയറ്റ് റഷ്യയിലേക്ക് മടങ്ങുവിൻ എന്നെല്ലാമെഴുതിയ ബോർഡുകൾ എഴുതിതൂക്കിയതായി അദ്ദേഹം പറയുന്നു. കോൺഗ്രസ്സിലെ ഇടതുപക്ഷവിഭാഗത്തിനും കമ്യൂണിസ്റ്റ് പാർട്ടിക്കുമെതിരെ അക്കാലത്ത് പൊതുസമൂഹത്തിനുണ്ടായിരുന്ന രൂക്ഷമായ എതിർപ്പ് ശക്തമായ ആശയപോരാട്ടത്തിലേക്ക് നയിച്ചു. മുപ്പതുകളിലെയും നാൽപ്പതുകളിലേയും മാതൃഭൂമിയും സഞ്ജയൻ വാരിക ഉൾപ്പടെ അന്നിറങ്ങിയിരുന്ന മിക്ക പ്രസിദ്ധീകരണങ്ങളും ഇത്തരത്തിലുള്ള അനേകം വാർത്തകളും ലേഖനങ്ങളും കവിതകളുംകൊണ്ടു നിറഞ്ഞിരുന്നു.
നാട്ടിലെ സ്ഥിതിഗതികൾ അതിദ്രുതം മാറുന്നത് മനസ്സിലായ ഭൂവുടമകളും പെട്ടെന്ന് പലനീക്കങ്ങൾക്കും തുടക്കം കുറിച്ചു. 1937 ൽ മലബാർ ജൻമിസഭ കോഴിക്കോട് യോഗം ചേർന്ന് അവരുടെ അവകാശങ്ങൾ സംരക്ഷിച്ചുകിട്ടേണ്ടതിനെക്കുറിച്ച് പ്രമേയങ്ങൾ പാസ്സാക്കി. 1939 ൽ തലശ്ശേരിയിൽ ചേർന്ന ജൻമിമാരുടെ സമ്മേളനത്തിൽ സ്വാഗതം പറഞ്ഞത് അഡ്വക്കറ്റ് കല്ല്യാട്ട്താഴത്തുവീട്ടിൽ ഗോപാലൻനമ്പ്യാരായിരുന്നു. കർഷകരുടെ ന്യായമായ അവശ്യങ്ങൾക്കും അവകാശങ്ങൾക്കും ജൻമിമാരൊരുതരത്തിലും എതിരല്ലെന്ന് അദ്ദേഹം സംസാരിച്ചതായി ജനുവരി 23 ലെ ഹിന്ദുപത്രം റിപ്പോർട്ടുചെയ്യുന്നു. തറവാട്ടുസ്വത്തുക്കളുടെ അന്യാധിനപ്പെടലിലും അവ തെറ്റായ രീതിയിൽ കൈകാര്യം ചെയ്യപ്പെടുന്നതിലുമുള്ള ആശങ്ക തറവാട്ടംഗങ്ങളിലും വർധിച്ചുവരികയായിരുന്നു. 'രാജ്യത്തിൽ വന്നുകാണുന്ന മാറ്റങ്ങൾക്കനുസരിച്ച് നമ്മുടെ കാര്യങ്ങളിൽ കാലോചിതമായ പരിഷ്ക്കാരങ്ങൾ വരുത്തേണ്ടുന്നതിനെസംബന്ധിച്ച് ആലോചിക്കുന്നതിന്നുവേണ്ടി കല്യാട്ട്,കൂടാളി,വേങ്ങയിൽ എന്നീ തറവാടുകളിലെ അനന്തിരവൻമാരുടെ യോഗം നവംബർ 27 നു വൈകുന്നേരം 2 മണിക്ക് പടിയൂരിൽ ചേരുന്നു' എന്ന നോട്ടീസ് 20-11-1938നിറങ്ങിയതാണ്. ഇതിന്റെയൊക്കെ ഫലമായി കല്ല്യാട്ടു തറവാടിന്റെ പ്രശ്നങ്ങളിലിടപെട്ട് പരിഹാരമുണ്ടാക്കാൻ എം.എൽ.സി കൂടിയായ കൂടാളിക്കാരണവർ കുഞ്ഞിക്കമ്മാരൻ നമ്പ്യാർക്ക് കല്ല്യാട്ട് തറവാട്ടിലെ ഇളമുറക്കാർ ഇരുപത്തഞ്ചോളം ആവശ്യങ്ങളടങ്ങിയ മെമ്മോറാണ്ടം സമർപ്പിക്കുന്നുണ്ട്. 27-5-41 നു സമർപ്പിക്കപ്പെട്ട ആ മെമ്മോറാണ്ടത്തിൽ ഒന്നാമതായി ഒപ്പിട്ടിരിക്കുന്നത് അഡ്വക്കറ്റ് കെ.ടി ഗോപാലൻ നമ്പ്യാരാണ്. സമാനമായി, കൂടാളിത്തറവാട്ടിലെ അംഗങ്ങൾ തങ്ങളുടെ ആവശ്യങ്ങൾ അടിയന്തിരപ്രാധാന്യത്തോടെ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒരു നിവേദനം അവിടത്തെ കാരണവർക്ക് നൽകുന്നുണ്ട്. ഒന്നുകിൽ കാര്യങ്ങൾ പൂർണനിയന്ത്രണത്തിൽക്കൊണ്ടു വരിക അല്ലെങ്കിൽ സ്വത്തുക്കൾ തമ്മിൽ വിഭജിച്ച് വേർപിരിയാനുള്ള അവസരമൊരുക്കുക എന്നതായിരുന്നു അവരുടെ ആവശ്യം. പുറമേനടക്കുന്ന സംഘർഷങ്ങളും ചലനങ്ങളും തറവാട്ടുകാര്യങ്ങളെ സ്വാധീനിച്ചതിന്റെ കൂടിഫലമായിരുന്നു ഈ നീക്കങ്ങൾ.
ഇത്തരം പ്രവർത്തനങ്ങളോടൊപ്പം വിദ്യാസമ്പന്നരായ തറവാട്ടംഗങ്ങൾ പത്രമാധ്യമങ്ങളിലെ ലേഖനങ്ങളിലൂടെയും കത്തുകളിലൂടെയും തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു. മാതൃഭൂമിയും ഹിന്ദുവും മറ്റ് ആനുകാലികങ്ങളുമാണ് ഇതിന്നവർ ഉപയോഗിച്ചത്. സ്വന്തം പ്രസിദ്ധീകരണങ്ങൾ ധാരാളമുണ്ടായിരുന്ന കമ്യൂണിസ്റ്റ് പാർട്ടി നോതാക്കൾ അതുവഴിയും പൊതുവായും ആദ്യഘട്ടങ്ങളിൽ ആശയപരമായി ഇവയോട് പ്രതികരിച്ചു. ‘ജൻമികളുടെ പരിഭ്രമം ' എന്ന പേരിൽ ചിറക്കൽ താലൂക്ക് കർഷകസംഘം സെക്രട്ടറിയായിരുന്ന കെ.പി.ആർ ഗോപാലൻ, 15-11-38 ന് 'മലബാറിലെ ജൻമിമാരുടെ ഹൃദയപരിവർത്തനത്തിന് കാത്തുനിൽക്കാതെ, കർശനമായ നിയമനിർമാണംകൊണ്ട് പാവപ്പെട്ട കൃഷിക്കാരെ രക്ഷിപ്പാൻ മദിരാശിയിലെ കോൺഗ്രസ്സ് ഗവൺമെന്റ് മുന്നോട്ടു വരേണ്ടിയിരിക്കുന്നു ' എന്ന് ആഹ്വാനം ചെയ്യുന്നു. ‘സോഷ്യലിസ്റ്റ് പ്രചാരവേല' എന്ന തലക്കെട്ടിൽ കൂടാളിത്താഴത്തുവീട്ടിൽ കുഞ്ഞിക്കമ്മാരൻ നമ്പ്യാർ എഴുതിയ ലേഖനത്തിനുള്ള പ്രതികരണമായാണ് കെ.പി.ആർ ഗോപാലൻ ഇതെഴുതുന്നത്. 1938 ഡിസമ്പർ മാസം മാതൃഭൂമിയിലെഴുതിയ വിശദമായ ലേഖനത്തിൽ കല്യാട്ട് കെ.ടി.കുഞ്ഞിക്കണ്ണൻ നമ്പ്യാർ, കേരളീയന്റെ ഇതേ വിഷയത്തിലുള്ള മറ്റൊരു ലേഖനത്തിന് മറുവാദങ്ങൾ നിരത്തുന്നു. ‘കർഷകസംഘങ്ങളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന നിയമവിരുദ്ധവും ആക്രമപരവുമായ പ്രവൃത്തികൾ കേരളീയൻ യാതൊന്നും അറിയില്ലെന്നാണു പറയുന്നതെങ്കിൽ കല്ല്യാട്ട്, ഊരത്തൂര്, ബ്ളാത്തൂര്,നുച്യാട്ട് മുതലായ ദിക്കുകളിൽ ജൻമിയുടേയും കർഷകസംഘത്തിൽ ചേരാത്തവരുടെയും നേരെ കാണിക്കുന്ന ചില കൃത്യങ്ങൾ ഇവിടെ വിവരിക്കാം. വണ്ണാത്തിമാറ്റും കള്ളും വിരോധിക്കുക, ക്ഷുരകൻ, വെളുത്തേടൻ,കൂലിപ്പണിക്കാർ എന്നിവരെത്തടയുക, കിണറ്റിലെവെള്ളം വിരോധിക്കുക, അടിയന്തിരങ്ങൾ ബഹിഷ്ക്കരിക്കുക, ഭാര്യാ-ഭർത്തൃബന്ധം വിടുവിക്കുക; ഇവയാണ് കർഷകസംഘത്തിൽ ചേരാത്തവരുടെ നേരെ പ്രയോഗിച്ചുവരുന്ന ആയുധങ്ങൾ' എന്ന് ആക്ഷേപിക്കുന്നു. അക്കാലത്തെ സാമൂഹ്യാന്തരീക്ഷത്തിന്റെവിശദമായ ചിത്രം നൽകുന്നുണ്ട് ആ ലേഖനം. 'കർഷകനേതാക്കളുടെ റിപ്പോർട്ടിനെ ശരിവെച്ചു പ്രമേയം പാസ്സാക്കിയ കെ.പി.സി.സി പ്രസിഡണ്ടിന്റെ പ്രവൃത്തിയുടെ ഔചിത്യം മനസ്സിലാവുന്നില്ലെങ്കിലും കാരണം മനസ്സലാവുന്നുണ്ട്' എന്നുകൂടി അദ്ദേഹം എഴുതുന്നത് കോൺഗ്രസ്സിലെ വ്യത്യസ്തതാൽപര്യങ്ങളെ ചൂണ്ടികാട്ടുന്നു.
1938 നവംബർ 4 നു കൂടാളി താഴത്തുവീട്ടിൽ കുഞ്ഞിക്കമ്മാരൻ നമ്പ്യാർ അയച്ചുതന്ന പ്രസ്താവനയെന്നപേരിൽ 'നിണക്കൊടിരാജ്' എന്ന തലക്കെട്ടിൽ 'ഉൾനാട്ടിലെ അനിയന്ത്രിതപ്രചരണത്തിന്റെ ആപത്ക്കരമായ ഫലങ്ങൾ' വിവരിക്കുന്നു. ‘ഭീകരമായ വ്യാജകഥകൾ നിർമിച്ചുും അസഭ്യമായ ഭാഷയിൽ പ്രസംഗിച്ചും പാവങ്ങളായഗ്രാമീണരെ ക്ഷോഭിപ്പിച്ചും .....ചിലരുടെ കുത്സിതവൃത്തികളുടെ അദൃഷ്ഠഫലങ്ങളാണ്’ നാട്ടിൽനടക്കുന്ന ആക്രമസംഭവങ്ങളെന്നു അതിൽഅഭിപ്രായപ്പെടുന്നു. ഇദ്ദേഹം ഹിന്ദുപത്രത്തിലും നിരന്തരം എഴുതിയിരുന്നു. ഉത്തരമലബാറിൽ വലിയവിപ്ളവം വരാൻ പോകുന്നുbzന്നുള്ള രീതിയിൽ കേരളത്തിനു വെളിയിലും കർഷകസംഘത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വാർത്തകളെത്തിക്കാൻ കുഞ്ഞിക്കമ്മാരൻ നമ്പ്യാരുടെ ലേഖനങ്ങൾക്കൊണ്ടായി എന്ന് വിഷ്ണുഭാരതീയൻ തന്റെ ആത്മകഥയിൽ ഇതേക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. അഡ്വക്കറ്റ് കെ.ടി ഗോപാലൻ നമ്പ്യാർ ഹിന്ദു പത്രത്തിൽ 'The Pesantry in Malabar‘ എന്ന കുറിപ്പിൽ അറിവില്ലാത്തവരും നിഷ്ക്കളങ്കരുമായ സാധാരണ കർഷകരുടെയിടയിൽ വെറുപ്പും വിദ്വേഷവും പരത്താനാണ് സോഷ്യലിസ്റ്റ് കക്ഷികൾ ശ്രമിക്കുന്നതെന്ന് ആരോപിക്കുന്നു. ഈ ലേഖനത്തിനും തുടർന്നെഴുതിയ മറ്റൊരു ലേഖനത്തിനും മറുപടിയായി 1939 ജനുവരി 19 ന് മലബാർ കർഷകസംഘം പ്രസിഡണ്ട് പി നാരായണൻ നമ്പ്യാർ ഇതേ പത്രത്തിൽ എഴുതിയിട്ടുണ്ട്. കർഷകരുമായി കൂടിക്കാണാനും കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കാനും തയ്യാറായാൽ സൗഹാർദ്ദപരമായ ഒത്തുതീർപ്പിന് ഇനിയും സമയമുണ്ടെന്ന വാഗ്ദാനവും അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്. 1939 ജനുവരി 2 ലെ മാതൃഭൂമിയിൽ കെ.ടി കുഞ്ഞിക്കേളപ്പൻനമ്പ്യാർ കർഷകസംഘത്തിന്റെ പ്രധാന ആരോപണമായ 'കള്ളപ്പറ'യെപ്പറ്റി രസകരമായി എഴുതുന്നു. മലബാറിൽ അന്നുവരെ പൊതുവായി അളവുതൂക്ക ഉപകരണങ്ങൾ ഔദ്യോഗികമായി നിലവിൽ വന്നിട്ടില്ലെന്നും ഓരോ ജൻമിയും അവരുപയോഗിക്കുന്ന അളവിലുള്ള പറകളുപയോഗിക്കുകയാണ് ചെയ്യുന്നതെന്നും ആ ലേഖനത്തിൽ വിവരിക്കുന്നു. 'വാരം അളവിന്നു മലബാർ മുഴുവൻ ഒരേ പറഉപയോഗിക്കുകയെന്നതാണ് പ്രക്ഷോഭത്തിന്റെ ആവശ്യമെങ്കിൽ അത് ആദരണീയമാണ്' എന്ന് കേളപ്പൻ നമ്പ്യാർ ഉപസംഹരിക്കുന്നു.
സ്വാതന്ത്ര്യത്തിനു തൊട്ടുമുന്നിലും പിന്നിലുമായുള്ള വർഷങ്ങളിൽ ആശയസമരങ്ങളുടെയും സംവാദങ്ങളുടെയും അന്തരീക്ഷം മാറി പ്രത്യക്ഷസമരങ്ങളും കലാപങ്ങളും എല്ലായിടത്തും അരങ്ങേറി. സ്വാതന്ത്ര്യലബ്ധിക്കുശേഷമാണ് മലബാറിലെ കർഷകസമരങ്ങൾ പ്രധാനമായും കൂടുതൽ ആക്രമമാർഗങ്ങളിലേക്ക് തിരിഞ്ഞത്. ഒരിടത്തു നടക്കുന്ന ആക്രമങ്ങളും പോലീസ് അതിക്രമങ്ങളും മറ്റിടങ്ങളിൽ എരിതീയിലെ എണ്ണയായി മാറി. ഈ സമയമാവുമ്പോഴേക്കും പ്രധാന തറവാടുകളിലാവട്ടെ വിഭജനത്തിനായുള്ള കോടതിവ്യവഹാരങ്ങൾ ആരംഭിച്ചിരുന്നു.
ചിറക്കിൽ താലൂക്കിൽ സ്വാതന്ത്ര്യത്തിന് തൊട്ടുമുന്നിലും പിന്നിലുമായി നിലനിന്നിരുന്നത് കലാപസമാനമായ അന്തരീക്ഷമായിരുന്നു. എല്ലാ ഗ്രാമങ്ങളിലും ഒരു തരത്തിലുള്ളതല്ലെങ്കിൽ മറ്റൊരുതരത്തിലുള്ള സംഘർഷങ്ങളുയർന്നുവന്നു. രക്തരൂഷിതമായ സമരങ്ങൾക്കെതിരായി പൊതുവികാരമുയർന്നെങ്കിലും അതൊന്നും ഒരു മാറ്റവും സൃഷ്ടിച്ചില്ല. 1947 ജനുവരി 2 ന് മാതൃഭൂമി എഴുതിയ മുഖപ്രസംഗം. അക്കാലത്തെ ആക്രമസംഭവങ്ങളെക്കുറിച്ച് പൊതുവായി പറയുന്നത്, ‘ഒരു രാഷ്ട്രീയകക്ഷിക്കും സ്വാഭിപ്രായത്തെ ആക്രമമുപയോഗിച്ചു നടപ്പിൽ വരുത്താനുള്ള സ്വാതന്ത്ര്യമില്ല 'എന്നാണ്. 'ഗവൺമെന്റ് കൊടുത്ത അനുമതിയനുസരിച്ച് കൊണ്ടുപോയ നെല്ല് തടഞ്ഞുനിർത്തിയതും ബലപ്രയോഗത്തിനു തുനിഞ്ഞതും തത്ഫലമായി പോലീസുകാർ അമിതബലപ്രയോഗം നടത്തിയതും ജീവഹാനിയുണ്ടായതും പരിതാപകരമാണെങ്കിലും സ്വയം കൃതാനാർത്ഥമെന്നേ പറഞ്ഞുകൂടൂ' എന്നാണ് "സ്വയംകൃതാനാർത്ഥം" എന്ന തലക്കെട്ടിലുള്ള സാമാന്യം ദീർഘമായ മുഖപ്രസംഗം ശക്തമായ ഭാഷയിൽ അഭിപ്രായപ്പെടുന്നത്. കമ്യൂണിസ്റ്റ് സമരങ്ങളുടെ നേരെ അക്കാലത്തുണ്ടായിരുന്ന പൊതുവികാരത്തെയാണ് ഈ മുഖപ്രസംഗം പ്രതിഫലിപ്പിക്കുന്നത്. കരിവെള്ളൂർ സംഭവത്തിനുശേഷം അവിടം സന്ദർശിച്ച കോൺഗ്രസ്സ് നേതാവായിരുന്ന കെ കേളപ്പന്റെ വളരെ വിശദമായ പ്രസ്താവന മാതൃഭൂമി നൽകിയിരിക്കുന്നു. 'നമസ്ക്കരിക്കുന്ന, കിരീടം ധരിച്ച തലക്കു ചവുട്ടിയ വിശ്വാമിത്രനോട് "അങ്ങയുടെ കാൽ നൊന്തുവോ " എന്ന് ചോദിക്കുന്ന ഹരിശ്ചന്ദ്രൻമാരാണ് പോലീസുകാർ എന്ന് വിശ്വസിക്കാനുള്ള മൗഢ്യം എനിക്കില്ല ' എന്ന് ആ പ്രസ്താവന തുടരുന്നു. ഉത്തരമലബാറിൽ അന്ന് നിലവിലുണ്ടായിരുന്ന കലാപാന്തരീക്ഷവും അതേക്കുറിച്ചുള്ള വ്യത്യസ്താഭിപ്രായങ്ങളും ഇതിൽ നിന്നും വ്യക്തമാകം.
കല്ല്യാട്ടെശമാനന്റെ ക്രൂരകൃത്യങ്ങളെപ്പറ്റി പൊടിപ്പും തൊങ്ങലും നിറഞ്ഞകഥകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. പരമ്പരാഗതമായി ഭൂമിയിൽ നിന്നുള്ള നികുതി പിരിവിനുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിന്ന് കഴിയാതെയായി. ബ്രിട്ടീഷ് ഭരണകൂടം തങ്ങൾക്കു ലഭിക്കാനുള്ള നികുതികുടിശ്ശിക ജൻമിമാരിൽ നിന്നും ഈടാക്കാനുള്ള കർശനനടപടികൾ കൈക്കൊള്ളാൻ തീരുമാനിച്ചത് അന്തരീക്ഷം ഒന്നുകൂടി സംഘർഷപൂരിതമാക്കി. തറവാട്ടുകാര്യങ്ങളുടെ അന്നത്തെ ചുമതലക്കാരമായിരുന്ന കല്ല്യാട്ട് കുഞ്ഞിക്കമ്മാരൻ നമ്പ്യാർക്കെതിരെയായിരുന്നു പ്രധാനരോഷം. പ്രകടനങ്ങളിലേയും എഴുത്തുകളിലേയും പ്രധാന ഭീഷണി 'കമ്മാരന്റെ തലവെട്ടും' എന്നായിരുന്നു. നാട്ടിലെങ്ങും പരസ്യമായും രഹസ്യമായും യോഗങ്ങൾ സംഘടിപ്പിക്കപ്പെട്ടു. കർഷകസംഘത്തിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടേയും നേതാക്കൾ സ്ഥിരമായി ഈ യോഗങ്ങൾക്കെത്തിച്ചേർന്നു. കോൺഗ്രസ്സ് സോഷ്യലിസ്റ്റ് ആശയഗതിക്കാരായി പിന്നീട് കമ്യൂണിസ്റ്റ് നേതാക്കൻമാരായ പലരും കല്ല്യാട്ട് തറവാട്ടംഗങ്ങളുമായി നല്ല ബന്ധം പുലർത്തിയവരായിരുന്നു. പ്രമുഖനേതാവായിരുന്ന എ.കെ ഗോപാലൻ തന്റെ കുടുംബക്കാർക്കൂടിയായ തറവാട്ടംഗങ്ങളെക്കണ്ട് ക്ഷേമാന്വേഷണങ്ങൾ നടത്തിയാണ് പലപ്പോഴും നാട്ടിലെ യോഗങ്ങളിൽ പങ്കെടുത്തിരുന്നതെന്ന് പഴമക്കാർ ഓർക്കുന്നു. വിഷ്ണുഭാരതീയനും കേരളീയനും കുടുംബാംഗങ്ങളിൽപ്പലരുമായും അടുത്തബന്ധമുള്ളവരുമായിരുന്നു. ആദ്യകാലങ്ങളിൽ പരസ്പരമുള്ള ഈ ബന്ധം ഗുണപരമായ ചർച്ചകളിലേക്കും പ്രശ്നപരിഹാരങ്ങളിലേക്കും നയിച്ചിട്ടുണ്ട്. വിഷ്ണുഭാരതീയൻ മുഖ്യപ്രാസംഗികനായി കല്ല്യാട്ട് നടന്ന ഒരു യോഗത്തിൽ കെ.ടി കുഞ്ഞിരാമൻനമ്പ്യാർ നേരിട്ടുചെന്ന് യോഗത്തിലുന്നയിക്കപ്പെട്ട ആരോപണങ്ങൾക്ക് മറുപടിപറഞ്ഞതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മറ്റിടങ്ങളിൽ ജൻമിമാർ നേരിട്ട സായുധകൈയ്യേറ്റങ്ങളും ആക്രമണങ്ങളും താരതമ്യേന ഈ മേഖലയിൽ കുറവായതിന്ന് ഇതുമൊരുകാരണമാവണം.
ആ ദിവസങ്ങളിലെ മാതൃഭൂമിപത്രത്തിന്റെ താളുകളിൽ നിന്നും സംഘർഷാവസ്ഥയെക്കുറിച്ചുള്ള വിശദവിവരണങ്ങൾ ലഭിക്കും. 'കമ്മ്യൂണിസ്റ്റുകളെ ഭയന്നു നാടുവിടുന്നു' എന്ന തലവാചകത്തിൽ 1945 ഡിസമ്പർ 17 നിറങ്ങിയ മാതൃഭൂമിയിൽ 'ഒൻപതു കമ്മ്യൂണിസ്ററുകാരെ അറസ്റ്റുചെയ്തെന്നും കമ്യൂണിസ്റ്റുകാരല്ലാത്തവർക്ക് ഇരിക്കൂറിൽ യാതൊരു രക്ഷയുമില്ലെന്നാണ് റിപ്പോർട്ട്' എന്നും എഴുതിയിരിക്കുന്നു. അതിന്ന് തൊട്ടുതാഴെയായി 'കരക്കാട്ടിടം നായനാർ നാടുവിടുന്നു' എന്ന വാർത്തയാണുള്ളത്. കിഴക്കൻമേഖലയിൽ ധാരാളം ഭൂസ്വത്തുള്ളവരായിരുന്നു കരക്കാട്ടിടംകാർ. ഇരിക്കൂർ ഫർക്കയിലുള്ള എള്ളരഞ്ഞിയിൽ സ്ഥിരതാമസക്കാരനായിരിക്കുന്ന കരക്കാട്ടിടം നായനാരും കുടുംബവും അവിടെ നിന്നും ഇരുപത് നാഴിക അകലെയുള്ള മറ്റൊരു ഭവനത്തിലേക്ക് രക്ഷപ്പെട്ടതിനെക്കുറിച്ചാണ് ആ വാർത്ത. 1946 മാർച്ച് മാസം 14 നു പുറത്തിറങ്ങിയ മാതൃഭൂമിയിൽ 'ചിറക്കൽ താലൂക്കിൽ കാർഷിക വിപ്ളവത്തിന്നൊരുക്കം' എന്ന തലവാചകത്തിൽ നൽകിയ സാമാന്യം വലിയ വാർത്തയിൽ ആയിരം കമ്യൂണിസ്റ്റുകാർ ഇരിക്കൂർ പോലീസ് സ്റ്റേഷൻ ആക്രമിച്ചു എന്നെഴുതിയിരിക്കുന്നു. “............... ഡിസമ്പർ 11 ന് കുയിലൂർ അംശത്തിൽ ചേർന്ന ഒരു യോഗത്തിൽവെച്ച് വാറണ്ടനുസരിച്ച് മറ്റു ചില കമ്മ്യൂണിസ്റ്റുകളെ അറസ്റ്റ് ചെയ്യാൻ പോലിസ് ചെന്നപ്പോൾ ജനക്കൂട്ടം പോലീസ്സിനെ എതിർക്കുകയും കല്ലെറിയുകയും ഡിസംബർ 11 ന് ആയിരത്തോളം വരുന്ന കമ്മ്യൂണിസ്റ്റുകാർ ഇരിക്കൂർ പോലീസ്സിനെ കീഴടക്കി അവിടെ തടങ്ങലിൽവെച്ചിരുന്നവരെ രക്ഷപ്പെടുത്തുവാൻശ്രമിക്കയാലും കമ്മ്യൂണിസ്റ്റുകാരെന്നു പറയപ്പെടുന്ന വളരെപേർ ജാഥകളായും സംഘങ്ങളായും കല്ലുകളും കൊടുവാൾകളും കത്തികളും ധരിച്ചും പോലീസ്സിനെ എതിർക്കാനും ക്രിമിനൽക്കോടതികളുടെ നടപടികൾ തടസ്സപ്പെടുത്താനും പെർമിറ്റുപ്രകാരം കൊണ്ടുപോവുകയായിരുന്ന നെല്ല് തടയാനും ഒരുങ്ങുകയാലും തന്റെ അധികാരാതിർത്തിയിൽപ്പെട്ട ചിറക്കൽതാലൂക്കിലെ പടിയൂർ, കല്ല്യാട്, കാഞ്ഞിലേരി, എർവല്ലി, കണ്ടക്കൈ,കുറ്റിയാട്ടൂർ, മലപ്പട്ടം, ശ്രീകണ്ഠപുരം, നിടിയെങ്ങ,ഇരിക്കൂർ എന്നീ അംശങ്ങളിൽ ക്രിമിനൽ നടപടി നിയമം 144ാം വകുപ്പ് പ്രകാരമുള്ള ഒരു നിരോധനാജ്ഞ തലശ്ശേരി ജോയിന്റ് മജിസ്ട്രേട്ട് ടി മാത്യൂസ് പുറപ്പെടുവിച്ചിരിക്കുന്നു. ഇത് ഒരു മാസം നിലവിലുണ്ടാവും" ഇരിക്കൂറിൽ കൂടിയ ആളുകളെ ലാത്തിച്ചാർജ്ചെയ്തു പിരിച്ചുവിട്ട വിവരവും കമ്യൂണിസ്റ്റ് പാർട്ടിയിൽച്ചേരാൻ ഒരാളെ ഭീഷണിപ്പെടുത്തിയതിന് തളിപ്പറമ്പ പോലീസ് കമ്മ്യൂണിസ്റ്റ്നേതാവിന്നെതിരെ കേസ്സെടുത്ത കാര്യവും ചുവടെ വാർത്തയായിട്ടുണ്ട്. ഇരിക്കൂറിൽ പോലീസ് വെടിവെപ്പ് നടന്നെന്നും ആളപായമുണ്ടായെന്നും ഉള്ള 'ദേശാഭിമാനി'യിൽ കാണുന്ന വാർത്ത വ്യാജമാണെന്ന ജില്ലാ അധികൃതരടെ നിഷേധക്കുറിപ്പും തുടർച്ചയായി ആ ദിവസത്തെ മാതൃഭൂമി നൽകുന്നു.
1946 ഏപ്രിൽ മൂന്നിന് കർഷകസംഘം കല്യാട്ടെജമാനന്റെ അതിക്രമങ്ങൾക്കെതിരെയുള്ള പ്രചരണം എന്ന നിലയിൽ നടത്തിയ നാടകവും തുടർന്നുണ്ടായ ഭീകരമായ കുഴപ്പങ്ങളും വാർത്തസൃഷ്ടിച്ചിരുന്നു. 'ഉഷാനിരുദ്ധം' എന്നായിരുന്നു നാടകത്തിന്റെ പേര്. തറവാട്ടുകാര്യങ്ങൾ നിയന്ത്രിക്കുന്ന കുഞ്ഞിക്കമ്മാരൻ നമ്പ്യാറരെ കേന്ദ്രകഥാപാത്രമാക്കിയ നാടകത്തിന് 'കമ്മാരവധം' എന്ന നാമത്തിൽ പരമാവധി പ്രചരണവും നൽകി. നാടകത്തിൽ ജൻമിയെ അവഹേളിക്കുന്ന പരാമർശങ്ങളും രംഗങ്ങളുമാണ് ഉണ്ടായിരുന്നത്. നാടകത്തിന്നെതിരായും അനുകൂലമായും നാട്ടുകാർ ചേരിതിരിഞ്ഞു. നാടൻപടക്കങ്ങളെറിഞ്ഞും പൊട്രോമാക്സുകൾ ഊതിക്കെടുത്തിയും ചിലർ നാടകം അലങ്കേലമാക്കി. തുടർന്ന് ഭീകരമായ അടികലാശവും. ജൻമിയുടെ ഗുണ്ടകൾ നാടകം കലക്കിയെന്നാണ് കർഷകസംഘം ആരോപിച്ചത്. അപ്പനുനമ്പ്യാർ എന്നറിയപ്പെട്ടിരുന്ന എ.കെ ചാത്തുകുട്ടി നമ്പ്യാരുടെ നേതൃത്ത്വത്തിലുള്ള ഏതാനും പേരാണ് ഇതിന്ന് നേതൃത്ത്വം നൽകിയത് എന്ന് പിന്നീട് അദ്ദേഹം തന്നെ സൂചിപ്പിച്ചിട്ടുണ്ട്. അക്കാലത്ത് താഴത്തുവീടിനു സമീപം വരെയും കമ്മാരത്ത് വീടിനു മുന്നിലും പ്രകോപനപരമായ മുദ്രാവാക്യങ്ങളുയർത്തി സ്ഥിരം പ്രകടനങ്ങളും ആൾക്കൂട്ടങ്ങളും ഉണ്ടാവാറുണ്ടത്രെ. മറ്റിടങ്ങളിലേതുപോലെ വീടുകൾ കൈയ്യേറുമെന്നുള്ള സംസാരം നാട്ടിൽപരക്കെയുണ്ടായിരുന്നു. ഇതു സൂചിപ്പിക്കുന്ന 'വാറോലകളും' പുറത്തിറക്കിയിരുന്നതായി കേട്ടിട്ടുണ്ട്. സ്ത്രീകളെയും കുട്ടികളെയും പലപ്പോഴും പട്ടണപ്രദേശങ്ങളിലും മറ്റുമുള്ള ബന്ധുവീടുകളിലേക്കും മറ്റും മാറ്റിപാർപ്പിച്ച് തയ്യാറെടുപ്പുളോടെ കഴിയേണ്ടിവന്നതിനെക്കുറിച്ച് അന്നുണ്ടായിരുന്നവർ പറയാറുണ്ട്.
1946 ഡിസമ്പർ മാസം സമീപപ്രദേശമായ കാവുമ്പായിയിലുണ്ടായ പോലീസ് അതിക്രമങ്ങളും വെടിവെപ്പും പിരിമുറുക്കം വർധിപ്പിച്ചു. പക്ഷെ അതോടുകൂടി പോലീസും ഗവണമെന്റും കലാപകാരികൾക്കെതിരെ നടപടികൾ ശക്തമാക്കി. കാവുമ്പായിക്കുസമാനമായ സമാനമായ സംഘർഷാവസ്ഥ നിലനിന്നിരുന്നുവെങ്കിലും കല്ല്യാട്ടോ അതിനു സ്വാധീനമുള്ള പ്രദേശങ്ങളിലോ കായികമായ ആക്രമങ്ങളോ രൂക്ഷമായ സംഘർഷങ്ങളോ കാര്യമായി ഉണ്ടായില്ല. നേരത്തെ സൂചിപ്പിച്ച പലതും അതിന്നു കാരണമായിട്ടുണ്ട്. സ്വാതന്ത്ര്യം ലഭിച്ചതിന്നുശേഷമുള്ള കുറച്ചേറെ വർഷങ്ങൾ തറവാട് ഭാഗംവെക്കലിന്റെയും കോടതിവ്യവഹാരങ്ങളുടേതുമായിരുന്നു. നൂറ്റാണ്ടുകളായി ഏകശിലാഘടന പുലർത്തിയിരുന്ന ഒരു സംവിധാനം ഇല്ലാതാവുന്നതിന്റെ വേദനയും സന്തോഷവും.
അവലംബം
മാതൃഭൂമി ആർക്കൈവ്
ഹിന്ദു പത്രം, ആനുകാലികങ്ങൾ എന്നിവയുടെ ശേഖരം - കെ.ടി സുധാകരൻ മാസ്ററർ
ശ്രീ വാഗ്ഭടാനന്ദഗുരുദേവൻ, എം.ടി കുമാരൻ, 2013
The history of Communist movement in Kerala, Dr E Balakrishnan,1998
കേരളത്തിലെ കർഷകസമരങ്ങൾ 1946-52, ഡോ. കെ.കെ.എൻ കുറുപ്പ്,1996
കേരളത്തിലെ കുടിയായ്മ പരിഷ്ക്കാരങ്ങളുടെയും കർഷകപോരാട്ടങ്ങളുടെയും ചരിത്രം, ഡോ. വി.കുഞ്ഞികൃഷ്ണൻ , 2023