birds എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
birds എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020, ജൂലൈ 16, വ്യാഴാഴ്‌ച

ലോഗന്റെ പക്ഷികൾ



ബ്രിട്ടീഷ് അധിനിവേശ സമയത്ത് മലബാർ ജില്ലയുടെ കലക്ടർ, മജിസ്ട്രേറ്റ് എന്നിവ ഉൾപ്പെടെയുള്ള വ്യത്യസ്ത ചുമതലകൾ വഹിച്ചിരുന്ന വ്യക്തിയായിരുന്നു വില്യം ലോഗൻ. അദ്ദേഹം രചിച്ച 'മലബാർ മാനുവൽ; കേരളത്തിന്റെയും പ്രത്യേകിച്ച് മലബാറിന്റെയും സമഗ്രമായ ചരിത്രത്തെക്കുറിച്ച് ലഭ്യമായ ഏറ്റവും പ്രമുഖമായ ഗ്രന്ഥമാണ്. 1887 ലാണ് ഇത് പുറത്തിറങ്ങുന്നത്. ചരിത്രത്തോടൊപ്പം പ്രദേശത്തെ ജനങ്ങളും ഭൂമിശാസ്ത്രവും സംസ്കാരവും ഭരണപരമായ ആവശ്യത്തിനായുള്ള സ്ഥിതിവിവരകണക്കുകളും എല്ലാം അതിന്റെ വിഷയമായിത്തീരുന്നുണ്ട് 'മലബാർമാനുവലി'ന്റെ ഒന്നാമത്തെയും രണ്ടാമത്തെയും വാല്യങ്ങളിൽ അന്നത്തെ മലബാർ പ്രദേശങ്ങളിൽ സാധാരണയായി കണ്ടുവരുന്ന സസ്യങ്ങളെക്കുറിച്ചും ജന്തുക്കളെക്കുറിച്ചും സംക്ഷിപ്തരൂപത്തിലുള്ള വിവരങ്ങൾ കാണാം. രണ്ടാം വാല്യത്തിൽ  അന്നു കണ്ടു വന്നിരുന്ന സസ്യങ്ങളുടെയും പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും ചെക്ക് ലിസ്റ്റുകളും നൽകിയിട്ടുണ്ട്. താരതമ്യേന വിശാലമായ ഈ പ്രദേശങ്ങളിൽ അന്നുണ്ടായിരുന്ന സസ്യ-ജന്തു ജാലങ്ങളെക്കുറിച്ച് ഏകദേശ ധാരണ ലഭിക്കാൻ ഇത് സഹായകമാണ്. നൂറ്റിമുപ്പതിൽപ്പരം വർഷങ്ങൾക്കു ശേഷം ഇന്ന് അത്തരം ജീവജാലങ്ങളുടെ സാന്നിധ്യത്തിലുണ്ടായ വ്യത്യാസങ്ങൾ അന്വേഷിക്കുന്നത് കൗതുകകരമായിരിക്കും. 'മലബാ‍ർ മാനുവലി'ൽ സസ്യ-ജന്തു വിഭാഗങ്ങളെക്കുറിച്ച് വിവരിച്ചിരിക്കുന്ന ഭാഗത്ത് പക്ഷികളെക്കുറിച്ചു പരാമർശിക്കപ്പെട്ടിട്ടുള്ള വിവരങ്ങളന്വേഷിക്കുകയാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം.