എന്തുപേരിട്ടു വിളിച്ചാലും പനിനീർപുഷ്പം അതുതന്നെയെന്നു മഹാകവി ഷെക്സ്പിയർ. ആറുനാട്ടിൽ നൂറുഭാഷയെന്നത് പതിരുള്ള പാഴ്ചൊല്ലുമല്ല. സ്ഥലവും കാലവും മാറുമ്പോൾ ഉപയോഗിക്കുന്ന ഭാഷയും വാക്കുകളും വ്യത്യസ്തമാവുകയെന്നത് സ്വാഭാവികം. ലോകം ക്രമേണ ഒന്നാവുകയും ഒരേ ജീവജാലങ്ങൾ പല പേരുകളിൽ വിളിക്കപ്പെടുകയും ചെയ്യുമ്പോളുണ്ടാവുന്ന പ്രശ്നങ്ങൾക്ക് പരിഹാരമെന്ന നിലയിലാണല്ലോ ശാസ്ത്രീയ നാമകരണ രീതി ഉപയോഗിക്കപ്പെട്ടുതുടങ്ങിയത്. സസ്യങ്ങൾ പല നാടുകളിൽ വ്യത്യസ്ത പേരുകളുള്ളവ മാത്രമല്ല, ഒരേ നാട്ടിൽ പല പേരുകളുള്ളവ കൂടിയാണ്. പക്ഷികളുടെയും പൂമ്പാറ്റകളുടെയും മറ്റ് ജീവികളുടെയും മലയാളത്തിലുള്ള പേരുകളിൽ ചിലത് വളരെ പണ്ടുതൊട്ട് ഉപയോഗിച്ചു വരുമ്പോൾ ചിലത് സമീപകാലത്തായി ബോധപൂർവ്വമോ അല്ലാതെയോ ഉണ്ടാക്കിയതാണ്. നൂറുകണക്കിന് ഷഡ്പദങ്ങളും നിശാശലഭങ്ങളും വണ്ടുകളും പേരും ഊരും ഇല്ലാത്തവരായി തുടരുകയും ചെയ്യുന്നു. മലയാളത്തിൽ പേരില്ലാതിരുന്ന ഒട്ടനവധി പൂമ്പാറ്റകൾക്ക് ആകർഷകമായ പേരുകൾ നൽകിയത് സീക്കിന്റെ ആഭിമുഖ്യത്തിൽ ഈ മേഖലയിലെ വിദഗ്ദ്ധർ കൂടിച്ചേർന്നായിരുന്നല്ലോ. എന്നിട്ടും തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും ഒരേ പൂമ്പാറ്റകൾക്ക് ഇന്നും പല പേരുകളാണ്. ആയിരക്കണക്കായ നിശാശലഭങ്ങളെ ആകർഷകമായ മലയാളം പേരുകളിട്ട് പഠനവിധേയമാക്കുന്ന ബാലകൃഷ്ണൻ വളപ്പിലിനെയും ഇവിടെ പരാമർശിക്കണം.