2025, മാർച്ച് 4, ചൊവ്വാഴ്ച

അപൂ‌‍ർവ്വമാമൊരു സുനീലചൈതന്യം


2018 ൽ നീലക്കുറിഞ്ഞികൾ നീലാകാശത്തുനിന്നെന്നോണം പൂത്തിറങ്ങിയ കാലത്ത് പതഞ്ഞിളകുന്ന പൂങ്കടൽത്തിരകൾ കാണാൻ  ഇന്നാട്ടിൽ നിന്നും പരദേശങ്ങളിൽ നിന്നുമായി പതിനായിരങ്ങളാണ് മൂന്നാറിലേക്കും സമീപപ്രദേശങ്ങളിലേക്കും ഒഴുകിയെത്തിയത്. മലനിരകളിലാകെ നീലച്ഛവി പക‌‌ർന്നു പൂങ്കാറ്റിൽ ഇളകിയാടിയ പുഷ്പവസന്തം നി‌ർന്നിമേഷരായി കണ്ണകകളിലാവഹിച്ചവരിലെ  സ്മരണകളിലതിന്നും നിറഞ്ഞുനിൽക്കുന്നുണ്ടാവണം. ആ കാഴ്ചകൾക്ക് അൽഭുതകരമായ അപൂർവ്വചാരുതയായിരുന്നു. പശ്ചിമഘട്ടത്തിൽ താണും കയറിയും നിൽക്കുന്ന


ചെറുതും വലുതുമായ മലനിരകളാകെ നീലനിറമാർന്നു തിളങ്ങുന്നതിലാകൃഷ്ടരായവരാകണം ആ പ്രദേശത്തെ മലകൾക്കാകെ നീലഗിരികൾ എന്ന അതിസുന്ദരനാമം നൽകിയത്. നീലഗിരികളും സഖികളും നിത്യഹരിതഗാനങ്ങളിലും രചനകളിലും കാൽപനികത കല‌ർത്തി അനശ്വരമായിത്തിർന്നിരിക്കുന്നു. ഒരു പന്തീരാണ്ടിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞികളെ മിഴിയുള്ളവരാകെ കൺകുളിർക്കെ കാണാനാഗ്രഹിക്കുന്നു. പ്രകൃതിതൽപരരും പരിസ്ഥിതിസ്നേഹികളും  പ്രകൃതിയുടെ നിഗൂഢതകളിൽ വിനായന്വിതരും വിസ്മയഭരിതരുമാകുന്നു. സുഗതകുമാരി പാടിയതുപോലെ, വാ‌ർദ്ധക്യം പടിവാതിലിൽ വന്നിരിക്കുന്നവർ ഇനി വരേണ്ട വിദൂരമായ പൂക്കാലം കാണാനാവില്ലേയെന്ന ആശങ്കയിൽ 'നിനക്കുവേണ്ടി നിൻ കിടാങ്ങൾ കാണുമാവസന്തമെന്നു’ സമാശ്വാസം കൊള്ളുന്നു. കണ്ടുനി‌ർവ‌ൃതിപൂണ്ടവ‌ർ, 'ഇനിപ്പന്തീരാണ്ടു കഴിയണം, കാത്തിങ്ങിരിക്കവയ്യെന്നു'  യാഥാ‌ർത്ഥ്യമുൾക്കൊള്ളുമ്പോഴും  മനുഷ്യന്റെ ഒടുങ്ങാത്ത ആ‌‌ർത്തിക്കുമുന്നിൽ 'ഇനിപ്പന്തീരാണ്ടുകഴിയുമ്പോൾ വീണ്ടും കിഴക്കൻ മേട്ടിലാക്കുറിഞ്ഞിപൂക്കുമോ'യെന്നു ആശങ്കയോടെ ചോദ്യമുയ‍ർത്തുന്നു. 2030 ൽ വന്നണയേണ്ട നീലവസന്തത്തെ പലരും ഇന്നേ സ്വപ്നത്തിലാവാഹിക്കുന്നു.