ഗുഹാവതിയിൽ നിന്നും നഗർലഹോണിലേക്കുള്ള ഡോണിപോളോ എക്സ്പ്രസ്സ് (Donyi-Polo എന്നാൽ സൂര്യനും ചന്ദ്രനും. അരുണാചൽ-ടിബറ്റൻ-ബർമ്മ പ്രദേശങ്ങളിലെ തദ്ദേശീയരുടെ പ്രകൃത്യാരാധനയിൽ അധിഷ്ഠിതമായ വിശ്വാസസംഹിതയെ സൂചിപ്പിക്കുന്നു.) രാത്രി 9 മണിക്കു തന്നെ പുറപ്പെട്ടു. സാധാരണ സഞ്ചരിച്ചിട്ടുള്ള തീവണ്ടികളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ എ.സി കോച്ചുകളുള്ള വൃത്തിയും വെടിപ്പുമുള്ള പുതിയ കമ്പാർട്ട്മെന്റുകൾ. 2015 ൽ ആരംഭിച്ചതാണത്രേ ഈ വണ്ടി. അന്തസ്സിൽ വേഷം ധരിച്ച് ഗൗരവം തോന്നിക്കുന്ന ഭാവമുള്ള യാത്രക്കാർ. പൂമ്പാറ്റകളെത്തേടിയുള്ള വടക്കു കിഴക്കൻ യാത്രയുടെ രണ്ടാം പാദത്തിൽ ചിത്രശലഭവിദഗ്ദ്ധനായ ബാലകൃഷ്ണൻ വളപ്പിൽ കൂടി എത്തിയതോടെ ചന്ദ്രേട്ടനും പപ്പൻമാഷും അടങ്ങിയ സംഘത്തിന്റെ ആവേശം ഉയരത്തിലായി. ഇനിയുള്ള നാലഞ്ച് ദിനങ്ങൾകൊണ്ട് അരുണാചൽ പ്രദേശിന്റെ അതിവിപുലവും വ്യത്യസ്തവുമായ ശലഭ വൈവിധ്യം അനുഭവിച്ചറിയാനുള്ള യാത്രയുടെ തുടക്കത്തിലായിരുന്നു ഞങ്ങളുടെ സംഘം.