ജനതകളുടെ സ്വയംനിർണ്ണയത്തിനും പരമാധികാരത്തിനും ഉള്ള മുറവിളികൾ ലോകത്തിന്റെ പലയിടങ്ങളിലും പലകാലങ്ങളിലും മുഴങ്ങികേൾക്കാറുണ്ട്. ചരിത്രവും സംസ്ക്കാരവും ഒപ്പം വികസനാർത്തിപൂണ്ട മതങ്ങളും അധിനിവേശ പ്രത്യയശാസ്ത്രങ്ങളും ഇവയ്ക്ക് കളമൊരുക്കുമ്പോൾ തീർത്താൽ തീരാത്ത കലാപങ്ങൾക്കും രക്തച്ചൊരിച്ചലുകൾക്കും ദുരിതങ്ങൾക്കും കഷ്ടപ്പാടുകൾക്കും അവ വഴിയൊരുക്കുമെന്നതിന് ഒട്ടനവധി ഉദാഹരണങ്ങൾ ഇന്ന് സജീവമാണ്. വിശാലമായ ദേശീയബോധവും തൃണമൂലതലംവരെയുള്ള ജനാധിപത്യബോധവും നിയമവാഴ്ച്ചയിലുള്ള വിശ്വാസവും മാത്രമേ ഇത്തരം സങ്കീർണ്ണ പ്രശ്നങ്ങൾക്ക് സമാധാനമാവുകയുള്ളൂ എന്നതും വസ്തുതയാണ്. എന്നാൽ സമ്പന്നമായ സംസ്ക്കാരത്തേയും വിശ്വാസങ്ങളെയും സർവ്വാശ്ളേഷിയായ സ്റ്റേറ്റ് ചവുട്ടിമെതിക്കുകയും ജനാധിപത്യത്തിന്റെ ശുദ്ധവായു കിട്ടാതെ കൊട്ടിയടക്കപ്പെടുകയും ചെയ്തിട്ടും സായുധസമരത്തിലേക്ക് തിരിയാതെ സമാധാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ശുദ്ധവായു ശ്വസിക്കാൻ എന്നെങ്കിലും അവസരം ലഭിക്കുമെന്ന പ്രതീക്ഷയോടെ ആത്മവിശ്വാസം കൈവിടാതെ പ്രവർത്തിക്കുന്ന ഒരു ജനതയാണ് ടിബറ്റുകാർ. ഭാരതവുമായി സഹസ്രാബ്ദങ്ങളുടെ ബന്ധം പുലർത്തുന്ന 'ത്രിവിഷ്ടപ’ക്കാർ.