(ഈ ചിത്രം വിക്കിമീഡിയകോമണ്‍സില്‍ നിന്നും എടുത്തതാണ്) |
മറ്റൊരു
അധ്യാപക ദിനം കൂടി കടന്നു
പോയി.മഹാനായ
അധ്യാപകന്‍ ഡോ .എസ്
രാധാകൃഷ്ണന്റെ ജന്മദിനം.നിരവധി
ലോകഗുരുക്കന്‍മാര്‍ക്ക്
ജന്‍മം നല്‍കിയ ഈ നാട്ടില്‍
അധ്യാപകരുടെ ഇടയിലെ തത്വചിന്തകനും
തത്വചിന്തകരിലെ അധ്യാപകനും
ആയിരുന്നു ഡോ. എസ്
. രാധാകൃഷ്ണന്‍
.അദ്ദേഹത്തിന്റ
സുചിന്തിതമായ അഭിപ്രായം
അധ്യാപകര്‍ പ്രതിഭകളാകണം
എന്നതായിരുന്നു.കുറച്ചുകാലം
മുന്നെപ്പോലും സര്‍വ്വജ്ഞനും
മാര്‍ഗ്ഗദര്‍ശ്ശിയും
മാതൃകാപുരുഷോത്തമനും ആയി
സങ്കല്‍പ്പിക്കപ്പെട്ടവനായിരുന്നു
അധ്യാപകന്‍.
പ്രാചീനഭാരതത്തില്‍
അധ്യാപകന്‍ ഗുരുവായിരുന്നു.അന്ധകാരത്തില്‍
നിന്നും അതിനെ ഇല്ലായ്മ
ചെയ്യുന്നതിലേക്ക് നയിച്ചവന്‍.അവന്‍
ജ്ഞാനവൃദ്ധനായിരുന്നു.മഹാമൗനങ്ങളാല്‍
സംശയങ്ങളെ ഛിന്നമാക്കാന്‍
കഴിവുള്ളവനായിരുന്നു.അന്വേഷിക്കേണ്ടത്
ഉള്ളിലേക്കാണെന്നും എല്ലായിടത്തും
നിറഞ്ഞിരിക്കുന്ന അറിവ്
തന്നെയാണ് നേടേണ്ടതും തേടേണ്ടതും
പ്രാപിക്കേണ്ടതും എന്നും
പറഞ്ഞവനായിരുന്നു. ഗുഹ്യതമമായ
സര്‍വ്വഅറിവുകളും
പകര്‍ന്നുകൊടുത്തതിനുശേഷം
സ്വന്തം വിവേചനശക്തിയുപയോഗിച്ച്
തള്ളേണ്ടതിനെ തള്ളി കൊള്ളേണ്ടതു
മാത്രം കൊള്ളാന്‍ ശിഷ്യനെ
ഉപദേശിച്ചവനായിരുന്നു.ഇതൊന്നും
ഏശാത്തവര്‍ക്ക് കണ്ണാടിയില്‍
ദൈവത്തെ കാണിച്ചുതന്നതും
അവന്‍ തന്നെ.
പവിത്രമായ
അധ്യാപക-വിദ്യാര്‍ത്ഥി
ബന്ധത്തിന്റെ നിര്‍വൃതി
അറിഞ്ഞവരാണ് നമ്മളില്‍
മിക്കവരും.മണലെഴുത്തും
സ്ലേറ്റെഴുത്തു പോലും അന്യം
നിന്നെങ്കിലും അധ്യാപകന്‍
/അധ്യാപിക അറിവിന്റെ
ആദ്യാക്ഷരങ്ങള്‍ കോറിയിട്ടത്
കേവല ഗൃഹാതുരത്ത്വമെന്ന്
തള്ളിക്കളായാന്‍ ഇപ്പോഴും
നമുക്കാവില്ല.പ്രൈമറി,സെക്കന്ററി
ക്ലാസ്സുമുറികളിലും
കലാലയചുവരുകള്‍ക്കുള്ളിലും
അറിവു പകര്‍ന്നുതന്നവര്‍
എല്ലാവരും പൂര്‍ണ്ണമായും
സുവര്‍ണ്ണസ്മൃതികള്‍ പ്രദാനം
ചെയ്തവരല്ലെങ്കിലും
ഒരിക്കലെങ്കിലും അകക്കനലുകളിലെങ്ങോ
അധ്യാപനമെന്ന മഹത്ദൗത്യത്തിന്റെ
മിന്നലാട്ടങ്ങള്‍
പകര്‍ന്നാടിയവരായിരുന്നുവെന്ന്
തീര്‍ച്ച.സ്വന്തം
മാഷെന്നും ടീച്ചറെന്നും
പറയാന്‍ സ്വന്തമായി ചിലരെങ്കിലും
ഉണ്ടാകും.അവര്‍
നേരിട്ട് അറിയുന്നവരാകാം.അല്ലെങ്കില്‍
ക്ലാസ്സിനകത്തോ അതിന് പുറത്തോ
ഒരു പ്രവര്‍ത്തിയോ
വാക്കോ ഒരു ക്ലാസ്സോ ഒരു
പക്ഷെ കേവലമൗനമോ കൊണ്ട് നമ്മെ
സ്വാധീനിച്ചവരാകാം അവര്‍.തീര്‍ത്തും
അകക്കണ്ണു തുറപ്പിച്ചവര്‍
,ഒരു പക്ഷെ വേറിട്ട
ചിന്തകളിലൂടെ നമ്മെ നയിച്ചവര്‍.
അമേരിക്കയിലെ
പ്രസിദ്ധമായ ജോണ്‍ ഹോപ്കിന്‍സ്
സര്‍വ്വകലാശാലയിലെ സോഷ്യോളജി
വിഭാഗം ഒരു ചേരിപ്രദേശത്തു
നടത്തിയ പഠനത്തെക്കുറിച്ച്
ഈയ്യിടെ വായിച്ചു.
ബിരുദാനന്തരബിരുദ
വിദ്യാര്‍ത്ഥികളെവെച്ച്
ഇരുപത്തിഅഞ്ച് വര്‍ഷം മുന്‍പ്
നടത്തിയ പഠനവും അതുമായി
ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം
നടത്തിയ ഒരു തുടര്‍പഠനത്തിന്റെ
റിപ്പോര്‍ട്ടുമാണ്
പരാമര്‍ശിക്കുന്നത്.മോശം
ജീവിതസാഹചര്യം,കുറ്റകൃത്യങ്ങളുടെ
കേന്ദ്രം,എല്ലാ
അനാശാസ്യ പരിപാടികളുടെയും
ആസ്ഥാനം .ഇങ്ങനെ
യുള്ള ചേരിപ്രദേശത്തു വളരുന്ന
കുട്ടികളുടെ കാര്യം വളരെ
കഷ്ടം .ഈ ജീവിത
സാഹചര്യങ്ങളില്‍ വളരുന്ന
ഇരുപതോളം കുട്ടികള്‍ വളര്‍ന്നു
വലുതായാല്‍ സമൂഹത്തിലെ
കുറ്റവാളികളും തെമ്മാടികളും
ആയി മാറുമെന്ന് ആദ്യം പഠനം
നടത്തിയവര്‍ റിപ്പോര്‍ട്ടെഴുതി.
ഇരുപത്തിഅഞ്ചു
വര്‍ഷത്തിനു ശേഷം ഇതേക്കുറിച്ച്
വീണ്ടും അന്വേഷണം നടത്തിയ
സോഷ്യോളജി വിഭാഗത്തിനു
കണ്ടെത്താന്‍ കഴിഞ്ഞത്
അല്‍ഭുതകരമായ കാര്യങ്ങളായിരുന്നു.കേസ്
സ്റ്റഡിക്കു വിധേയമാക്കിയ
ഇരുപതുപേരില്‍ രണ്ടോ മൂന്നോ
പേരൊഴിച്ച് മറ്റെല്ലാവരും
ജീവിതത്തില്‍ ഉന്നതമായ വിജയം
നേടി നല്ല നിലയിലായിരുന്നു.തുടരന്വേഷണം
എത്തിയത് ഇരുപത്തിഅഞ്ച്
വര്‍ഷം മുന്നേ ചേരിപ്രദേശത്തെ
വിദ്യാലയത്തില്‍ സ്ഥലം മാറി
എത്തിയ ഒരു അധ്യാപികയിലാണ്.ആ
അധ്യാപിക തെരുവുകുട്ടികളില്‍
സൃഷ്ടിച്ചെടുത്ത മാറ്റം
അതൊന്നാണത്രെ തെമ്മാടികളെന്നും
അസാന്‍മാര്‍ഗ്ഗികളെന്നും
സാമൂഹികശാസ്ത്രം വിലയിരുത്തിയ
കുട്ടികളെ മനുഷ്യരാക്കിയത്.ഇത്തരം
അധ്യാപകരെക്കുറിച്ചുള്ള
കഥകളും നമ്മളേറെ കേട്ടിട്ടുണ്ട്.
'മധുരച്ചൂരലും'
ഒപ്പം 'ചോക്ക്പൊടിയും'
ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും
മറ്റൊന്നല്ല.
കാലപ്രവാഹത്തില്‍
മഹാവൃക്ഷങ്ങളുടെ ചുവടുകള്‍
മുറിഞ്ഞു,ആശ്രമവാടങ്ങള്‍
ആളൊഴിഞ്ഞു.ലൈസിയവും
നളന്ദയും തക്ഷശിലയും
പരസ്യവാചകങ്ങളായി.കാലം
പിന്നെയും കറങ്ങി.സ്വാതന്ത്ര്യാനന്തരം
വിദ്യാഭ്യാസം മാഷിലും
ടീച്ചറിലും അധ്യാപകത്തൊഴിലാളിയിലും
ഒടുവില്‍ 'സംരക്ഷിത'
അധ്യാപകനിലും വരെ
എത്തി നില്‍ക്കുന്നു.ഒരു
പക്ഷെ സംരക്ഷിതവിഭാഗത്തില്‍പ്പെട്ടവരെ
endangered,highly endangered എന്നീ
വിഭാഗങ്ങളും കടന്ന് വംശനാശം
സംഭവിച്ചത് (Extinct) എന്ന
വിഭാഗത്തില്‍പ്പെടുത്തേണ്ടി
വരുമോ എന്ന് ചിലരെങ്കിലും
ആശങ്ക പ്രകടിപ്പിക്കുന്നു.ഒട്ടു
പൊടുന്നനെതന്നെ സമൂല
പരിവര്‍ത്തനത്തിന്
വിധേയമായിക്കൊണ്ടിരിക്കുന്ന
അക്കാദമിക-വൈജ്ഞാനിക
അന്തരീക്ഷവും തികച്ചും
അപരിചിതമെന്ന് തോന്നിയ
പുത്തന്‍ പണിയായുധങ്ങളും
ആണ് അധ്യാപകന്റെ
ഇതികര്‍ത്തവ്യതാമൂഢതയ്ക്ക്
കാരണം. ഒപ്പം
മുന്നിലിരുന്ന കുട്ടികള്‍
തങ്ങളുടെയും മുന്നില്‍ നടന്നു
തുടങ്ങിയെന്ന തിരിച്ചറിവും.സ്വന്തം
കുട്ടികളുടെ ആദരവും സ്നേഹവും
നഷ്ടപ്പെടുന്നു.ഇതൊക്കെക്കൂടി
ആ പഴയ അധ്യാപകനെയും സമ്മോഹിതനായ
സവ്യസാചിയാക്കി.പദവിയും
പീഠങ്ങളും ഇല്ലാതാവുന്നു.ആയുധങ്ങള്‍
ഒന്നടങ്കം അറുപഴഞ്ചനും
തുരുമ്പെടുത്തതും ആയി
മാറുന്നു.അധികാരത്തിന്റെ
(അച്ചടക്കത്തിന്റെ
!)അടയാളമായ വടി
കൈയ്യില്‍ നിന്ന് താഴെപ്പോകുന്നു.വടി
അങ്ങോട്ട് കൊടുത്ത് അടി
ഇങ്ങോട്ട് വാങ്ങുക മാത്രമേ
ഇനി കരണീയമായിട്ടുള്ളൂ
.സാര്‍വ്വത്രിക
വിദ്യാഭ്യാസം വിഭാവനം ചെയ്യുന്ന
വിദ്യാഭ്യാസാവകാശനിയമത്തിലെ
വിദ്യാലയ മാനേജ്മെന്റ്
കമ്മിറ്റി അംഗങ്ങളെ മുന്നില്‍
കണ്ടതുകൊണ്ടല്ല ശരീരത്തില്‍
ഈ വേപഥു .കുട്ടികളൊഴിയുന്ന
പൊതുവിദ്യാലയങ്ങള്‍ മാത്രമല്ല
ഇത്തരം വേവലാതിയ്ക്ക്
അടിസ്ഥാനം. വലിപ്പവും
അകലവും കുറഞ്ഞ് ചെറുതായിവരുന്ന
ലോകവും സൗകര്യങ്ങളും സാങ്കേതിക
വിദ്യയും കൂടി വലുതായി വരുന്ന
ലോകവും കൂടി സൃഷ്ടിക്കുന്ന
അവസ്ഥയത്രെ ഇത്.അങ്കം
പൂര്‍ത്തിയാവുന്നിന് മുന്നേ
തന്നെ നാടകം മാറ്റിയെഴുതേണ്ട
അവസ്ഥ.ഇത
പര്യന്തമുള്ള ലോകചരിത്രം
മാറ്റങ്ങളുടെ കഥയാണ്.പക്ഷെ
വൈജ്ഞാനിക രംഗത്തെ ഈ മഹാവിസ്ഫോടനം
പൊടുന്നനെ കാര്യങ്ങളെ കീഴ്മേല്‍
മറിച്ചു.ഈ
അധ്യാപകനെക്കൊണ്ട് ഇനി
ആര്‍ക്ക് എന്ത് പ്രയോജനം?അധ്യാപകനിലും
പാഠപുസ്തകത്തിലും(ഒപ്പം
ഗൈഡുപുസ്തകങ്ങളിലും) മാത്രം
ഒതുങ്ങിനിന്ന വിവരസഞ്ചയം
മഹാവിവരപ്രളയം ആര്‍ത്തലച്ച്
കുതിച്ചൊഴുകി പ്രവഹിക്കുമ്പോള്‍
തടുത്തുനിര്‍ത്താനോ
പിടിച്ചുനില്‍ക്കാനോ വല്ല
മാര്‍ഗ്ഗവും ഇനി അവശേഷിക്കുന്നുണ്ടോ?മാറ്റത്തെക്കുറിച്ച്
വിലപിച്ചതുകൊണ്ടോ അതിനെതിരെ
പുറം തിരിഞ്ഞുനിന്നതുകൊണ്ടോ
ഒന്നും ചെയ്യാനില്ലെന്ന്
പഠിപ്പിച്ചതും മഹാഗുരുക്കന്മാര്‍
തന്നെ.കാലത്തിനനുസരിച്ച്
കോലം മാറേണ്ടത് ഏതായാലും
കോലം കെട്ടലല്ല .പ്രവാഹത്തില്‍
ലയിച്ചുചേര്‍ന്ന് അസ്മിതയുടെ
ഭാഗമായിമാറാത്തതെന്തും
തീരങ്ങളില്‍ അടിഞ്ഞുകൂടി
വിസ്മൃതമാകുമെന്നത് മറ്റൊരു
മഹാപാഠം.
മാറുന്ന
ഈ ലോകത്തില്‍ അധ്യാപന്‍
എങ്ങനെയൊക്കെ മാറേണ്ടി വരും?
എ പി ജെ അബ്ദുള്‍കലാം
തന്റെ ഇന്ത്യയെക്കുറിച്ചുള്ള
സ്വപ്നങ്ങളില്‍ ആവര്‍ത്തിക്കുന്ന
ഒരു കാര്യം പ്രഗല്‍ഭരായ
അധ്യാപകരുടെ ക്ലാസ്സുകള്‍
രാജ്യം മുഴുവനുള്ള ക്ലാസ്സ്മുറികളില്‍
എത്തിക്കണം എന്നതായിരുന്നു.സ്വന്തം
ക്ലാസ്സിന്റെ മധ്യത്തില്‍
എല്ലാ വിവരങ്ങളുടെയും
അവസാനവാക്കായി നിന്ന അധ്യാപിക
പെട്ടെന്ന് ക്ലാസ്സ്മുറിയില്‍
ഒരു വശത്തേക്ക്
എടുത്തെറിയപ്പെടുന്നു.വിജ്ഞാനത്തിനായുള്ള
ഒടുങ്ങാത്ത തൃഷ്ണയുള്ള
കുട്ടിയ്ക്ക് എന്തു വിവരവും
ലഭ്യമാക്കാന്‍ പര്യാപ്തമായ
വിവരസാങ്കേതിക വിദ്യ കൈത്തുമ്പില്‍
ലഭ്യം.മാറിയ
സാഹചര്യം അധ്യപകനെ ഒരു
പഠിതാവാക്കിമാറ്റുമ്പോള്‍
പുതിയസാഹചര്യവും സൗകര്യങ്ങളും
പരമാവധി പ്രയോജനപ്പെടുത്തുക
എന്നത് മാത്രമേ കരണീയമായിട്ടുള്ളൂ.
അറിവിന്റെ കുത്തകയും
അപ്രമാദിത്തവും നഷ്ടപ്പെട്ടുവെങ്കിലും
പഠിക്കാനും പഠിപ്പിക്കാനുമുള്ള
സൗകര്യങ്ങള്‍ ഏറെ കൂടുകയാണ്
ചെയ്തിട്ടുള്ള്.വിവരാന്വേഷണത്തിനായി
പുസ്തകങ്ങളും ഗ്രന്ഥശാലകളും
തേടിയുള്ള അലച്ചല്‍ ഒരു
കാലത്ത് ഏറെ പ്രയാസകരായിരുന്നു.അനുയോജ്യാ
മായ പുസ്തകങ്ങളുടെ അഭാവം
അന്വേഷണങ്ങളെ പാതിവഴിയില്‍
അവസാനിപ്പിച്ചു.ഇന്ന്
ഇന്റര്‍നെറ്റിന്റെ വ്യാപനം
ഏതു വിവരവും നിമിഷങ്ങള്‍ക്കകം
വിരല്‍ത്തുമ്പില്‍
എത്തിക്കുന്നു.കലാലയങ്ങളില്‍
വര്‍ഷങ്ങള്‍ക്കുമുന്നേ
പഠിച്ചത് അവതരിപ്പിച്ച്
പഴഞ്ചനാവേണ്ടതില്ല ഇന്ന്
അധ്യാപകന്.ഏറ്റവുംവലിയ
സ്വതന്ത്ര സൗജന്യ ഓണ്‍ലൈന്‍
വിജ്ഞാനകോശമായ വിക്കിപ്പീഡിയ
തുടങ്ങി പതിനായിരകണക്കിന്
വെബ്സൈറ്റുകളാണ് വിവരങ്ങളുമായി
മുന്നില്‍. ശാസ്ത്രവിഷയങ്ങളുടെ
വിനിമയത്തിന് ഉപകരങ്ങളുടെ
അഭാവം പ്രശ്നമായിരുന്നു.നൂറുകണക്കിന്
സിമുലേഷന്‍ വീഡിയോ പഠനോപകരണങ്ങള്‍
-പലതും തികച്ചും
സൗജന്യം ഏതാവശ്യത്തിനും
ലഭ്യമാണ് ഇന്ന്.അബ്ദുള്‍
കലാമിന്റെ സ്വപ്നം
യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്ന്
ഓരോ വിദ്യാലയത്തിനും
കഴിയും.ഗൂഗിളിന്റെ
ഹാങ്ങൗട്ടും യൂട്യൂബും ഒക്കെ
ഇതിനുപയോഗിക്കാവുന്നതേയുള്ളൂ.കാണാത്ത
ദേശങ്ങളും കാലങ്ങളും ക്ലാസ്സ്
മുറിയില്‍ നേരിട്ടവതരിക്കുമ്പോള്‍
അത് സൃഷ്ടിക്കുന്ന പഠനാനുഭവം
മായാത്തതും മറക്കാത്തുമാവുമെന്നു
തീര്‍ച്ച.(നേരിട്ടുള്ള
അനുഭവങ്ങളുടെ തീക്ഷ്ണത
അതിനില്ലെന്ന് സമ്മതിക്കുന്നു,നാം
എല്ലാം നേരിട്ടുകണ്ടവരല്ലല്ലോ)
.ചെറിയ ക്ലാസ്സുകളില്‍
ശബ്ദചിത്ര അകമ്പടിയോടെ
കാര്യങ്ങള്‍ അവതരിപ്പിച്ചാല്‍
പിഞ്ചുമുഖങ്ങളില്‍
സൂര്യനുദിക്കുന്നതു കാണാം.
സോഷ്യല്‍നെറ്റ്
വര്‍ക്കിംഗ് സൈറ്റുകളുടെ
ദോഷങ്ങളെക്കുറിച്ച് ഈയ്യിടെ
ഏറെ കേള്‍ക്കാറുണ്ട്.എന്നാല്‍
വികസിത രാജ്യങ്ങളില്‍ അത്
വിദഗ്ധരുമായി ആശയവിനിമയം
ചെയ്യാനുള്ള വേദി മാത്രമല്ല,അധ്യാപകനും
കുട്ടിക്കും വിവരവിനിമയത്തിനും
ആശയസംവാദത്തിനും ഉള്ളതുകൂടിയാണ്.നമ്മുടെ
വിദ്യാഭ്യാസ ആസൂത്രകര്‍
ഇതുള്‍ക്കൊണ്ടായിരിക്കാം
ഈയ്യിടെ നടന്ന അധ്യാപക
പരിശീലനത്തില്‍ ഫേസ്ബുക്ക്
പോലുള്ള കാര്യങ്ങള്‍
ഉള്‍പ്പെടുത്തിക്കാണുന്നത്.
'അര്‍ഹിപ്പതതിജീവിക്കുമെന്നല്ലോ
തത്ത്വസംഹിത' എന്നതിന്
ഇവിടെ പ്രാധാന്യമേറുന്നു.വിദേശരാജ്യങ്ങളിലെ
സര്‍വ്വകലാശാലകളില്‍ മാത്രമല്ല
പ്രൈമറി-സെക്കന്ററി
വിദ്യാലയങ്ങളിലും
ഹോംവര്‍ക്കുകളുംഅസൈന്‍മെന്റുകളും
ഇന്റര്‍നെറ്റധിഷ്ഠിതമായിക്കഴിഞ്ഞു.ഒട്ടും
വൈകാതെ നമുക്കുമുന്നിലും
ഇതത്രയും പ്രത്യക്ഷപ്പെടുമെന്ന്തീര്‍ച്ച.
എല്ലാകുട്ടികള്‍ക്കും
ലോകം മുഴുവന്‍ ഒറ്റ ക്ലാസ്സുമുറിയും
സ്വന്തംമുറി വിദ്യാലയവും
ആയി മാറുമ്പോള്‍ നേരത്തെ
സൂചിപ്പിച്ചതുപോലെ വംശനാശം
വരുന്ന വിഭാഗമായി മാറുകമാത്രമാണോ
ഇനി അധ്യാപകന്
കരണീയമായിട്ടുള്ളത്?തീര്‍ച്ചയായും
ആവരുത്.വിവരങ്ങളുടെ
ആധിക്യം പ്രശ്നമാകുന്ന ആധുനിക
ലോകത്തില്‍ ഏത് തിരഞ്ഞെടുക്കണം
എന്ത് തള്ളണം എന്നതിന്
ശരിയുത്തരം നല്‍കാന്‍
മറ്റാരാണുള്ളത്? ശരിയും
തെറ്റും ആര് കാണിച്ചുകൊടുക്കും?വിവരങ്ങള്‍
എങ്ങിനെയും ലഭിക്കട്ടെ,മൂല്യബോധം
ആരു നല്‍കും.പിഞ്ചുമനസ്സുകളുമായി
തദാത്മ്യം പ്രാപിക്കാനും
പുല്‍ക്കൊടിത്തുമ്പിലെ
കുഞ്ഞുസൂര്യനെക്കാട്ടാനും
ആരുണ്ടിവിടെ.പുല്ലിലും
പുഴുവിലും പൂക്കളിലും
പൂമ്പാറ്റയിലും മനുഷ്യനിലും
മാമരങ്ങളിലും പ്രകാശിക്കുന്ന
ഏകചൈതന്യത്തെ അനുഭവവേദ്യമാക്കുന്നത്
ആരാണ്? പുതിയ
പാഠ്യപദ്ധതി പരിഷ്ക്കരണ
കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍
(അത് മറ്റൊരു കഥ!)
കമ്മറ്റിയംഗവും
പ്രശസ്തസാഹിത്യകാരനും ആയ
ശ്രീ കെ പി രാമനുണ്ണി എഴുതിയ
വിയോജനക്കുറിപ്പില്‍ പറയുന്നു
,"അധ്യാപകന്‍
കേവലം 'ഫെസിലിറ്റേറ്റര്‍'
ആയാല്‍ പോരാ,അളവുകളെ
അതിവര്‍ത്തിക്കുന്ന
ജ്ഞാനവ്യക്തിത്വപ്രഭാവമാകണം
"എന്ന്.(മാതൃഭൂമി 10/09/2013)തീര്‍ച്ചയായും
ആ "ജ്ഞാനവ്യക്തിത്വപ്രഭാവങ്ങള്‍ക്കു"മാത്രമേ
അധ്യാപകനെ വംശനാശഭീഷിയില്‍
നിന്നും രക്ഷിക്കാന്‍
സാധിക്കുകയുള്ളു,ഒപ്പം
ഈ ലോകത്തെയും.