ഇക്കഴിഞ്ഞ ദിവസമാണ് പ്രശസ്ത മലയാളം എഴുത്തുകാരനായ ശ്രീ. എൻ. എസ് മാധവൻ മലയാളമനോരമ ദിനപത്രത്തിൽ "ഇങ്ങനെയല്ല ഫിൻലാൻഡ്" എന്ന തലവാചകത്തിൽ ഒരു ലേഖനമെഴുതിയത്. കേരളത്തിലെ വിദ്യാലയങ്ങളിൽ ശനിയാഴ്ച പ്രവർത്തിദിവസമാക്കുന്ന തീരുമാനത്തിനെതിരെയുള്ള പ്രതികരണമെന്ന നിലയിലായിരുന്നു ആ എഴുത്ത്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി കേരളത്തിൽ വിദ്യാഭ്യാസമേഖലയിൽ ഫിൻലാൻഡ് മാതൃകയെക്കുറിച്ചുള്ള പ്രസംഗങ്ങളും പ്രഖ്യാപനങ്ങളും കേട്ടുവരുന്ന സാഹചര്യത്തിലാവണം ഇവിടെയിതു വീണ്ടും ചർച്ചയായത്. ധാരാളം ഒഴിവുസമയങ്ങളും ഇടവേളകളും അവധികളും നിറഞ്ഞ ഫിൻലാൻഡ് മാതൃക പിൻതുടരുമെന്നു പറയുമ്പോൾ കുട്ടികളുടെ പഠനസമയം കൂട്ടുകയും അവധി ദിനങ്ങൾ കുറക്കുകയും ചെയ്യുമെന്ന തീരുമാനമാണ് ശ്രീ എൻ.എസ് മാധവന്റെ ലേഖനത്തിന് വിഷയമായത്.