നൂറ്റാണ്ടുകൾക്കപ്പുറം സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധിനിവേശ ശ്രമങ്ങൾക്കെതിരെ ധീരമായ ചെറുത്തുനിൽപ്പിന് നേതൃത്ത്വം നൽകിയ ധീരദേശാഭിമാനിയായിരുന്നു കേരളവർമ്മ പഴശ്ശിരാജ. ഏറ്റവും മികച്ച കുരുമുളക് ലഭിക്കുന്ന സ്ഥലമായി ഇൻഡ്യയിലെ വടക്കേമലബാറിന്റെ കിഴക്കൻമലയോരങ്ങൾ ലോകമാകെ അടയാളപ്പെടുത്തപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെയാണ് അറബികൾ, പാശ്ചാത്യർ തുടങ്ങിയ വൈദേശിക കച്ചവടക്കാരുടെ ആഗമനവും തുടർന്നുള്ള അധിനിവേശങ്ങളും സംഭവിച്ചതും. കച്ചവടക്കാരായെത്തിയവർ പെട്ടെന്ന് ഭരണാധികളായിത്തീർന്നത് എവിടെയുമെന്നപോലെ ഇവിടെയും സംഘർഷങ്ങളിലേക്കും പോരാട്ടങ്ങളിലേക്കും യുദ്ധങ്ങളിലേക്കും നയിച്ചു. അക്കാലത്ത് സൈനികശക്തിയിലും തന്ത്രങ്ങളിലും കുതന്ത്രങ്ങളിലും കൗശലങ്ങളിലും അഗ്രഗണ്യരായിരുന്ന കമ്പനിയോട് പഴശ്ശി ഏറെക്കാലം വിജയകരമായി ചെറുത്തുനിന്നത് ഇന്നും അൽഭുതവും ആവേശവും നിറഞ്ഞ ചരിത്രമാണ്. ധീരമായ പോരാട്ടത്തിന് ഊർജ്ജം പകർന്നത് താൻ ഈ നാടിന്റെ ധർമ്മത്തിന്റെയും സംസ്കൃതിയുടേയും സംരക്ഷണത്തിനായാണ് പ്രവർത്തിക്കുന്നതെന്ന് തന്റെ നാട്ടുകാരെ ബോധ്യപ്പെടുത്തി അവരെക്കൂടി തന്റെ പക്ഷത്തു ചേർത്തുനിർത്താൻ കഴിഞ്ഞതുകൊണ്ടാണ്. നാട്ടിലെ ഭൂവുടമകളുടെയും സാധാരണക്കാരുടെയും വനവാസികളുടെയും അകമഴിഞ്ഞ പിൻതുണ അദ്ദേഹത്തിന് ഇക്കാര്യത്തിൽ ലഭിച്ചു. എല്ലാവരും സ്വന്തം നിലനിൽപ്പിനായുള്ള പോരാട്ടമായി അതേറ്റെടുത്തു. നാട്ടിടവഴികളും മലഞ്ചെരിവുകളും പുഴയോരങ്ങളും മഹാവനങ്ങളും വർഷങ്ങളോളം സംഘർഷഭൂമിയായിമാറി. എതിരാളികൾ സർവ്വായുധസന്നദ്ധരായിരുന്നു. അവർ അനേകം നാട്ടുകാരെ പ്രലോഭനങ്ങൾവഴി കമ്പനിപക്ഷത്തുചേർത്തു. എന്നിട്ടും ആദ്യകാലങ്ങളിൽ പഴശ്ശിയും കൂട്ടരും ഉജ്ജ്വല വിജയങ്ങൾ നേടി. ചിലപ്പോൾ എതിരാളികളെ അമ്പേ പരാജയപ്പെടുത്തി, മറ്റു ചിലപ്പോൾ തന്ത്രങ്ങളാൽ എതിരാളികൾക്ക് നിൽക്കക്കള്ളിയില്ലാതാക്കി.