1948 ൽ പുറത്തിറങ്ങിയ എസ്.കെ പൊറ്റക്കാട്ടിന്റെ നോവലാണ് 'വിഷകന്യക'. ഒരുപക്ഷെ അദ്ദേഹം ഒരു നോവലിസ്റ്റായി അറിയപ്പെട്ടുത്തുടങ്ങിയത് വിഷകന്യകയുടെ പ്രസിദ്ധീകരണത്തിനു ശേഷമാണെന്നു പറയാം. തിരുവിതാംകൂറിൽ നിന്നും മലബാറിലേക്കുള്ള കൃസ്ത്യൻകുടിയേറ്റമാണ് പ്രതിപാദ്യവിഷയം. ആമുഖത്തിൽ എഴുത്തുകാരൻ തന്നെ സൂചിപ്പിക്കുന്നതുപോലെ "ഐക്യകേരളത്തിന്റെ ആദ്യത്തെപ്പടവുകൾ വെട്ടിയിറക്കിയ തിരുവിതാംകൂർ സഹോദരരുടെ" കഷ്ടപ്പാടുകൾ കൊണ്ടുണ്ടായ സഹതാപമാണ് ഈ നോവലിനു പ്രചോദനം. സുബന്ധിതമായ ഇഴയടുപ്പമോ വികാരതീക്ഷ്ണതയോ വിസ്തരിച്ചുള്ള നിരീക്ഷണങ്ങളോ ഒന്നും നോവലിൽ കണ്ടെന്നുവരില്ല. എങ്കിലും മലബാറിന്റെ നാൽപ്പതുകളിലെ സങ്കീർണ്ണമായ സാമൂഹ്യവ്യവസ്ഥിതിയിലേക്ക് വെളിച്ചംവീശുന്ന വിവരണങ്ങളാൽ പ്രാധാന്യമുള്ളതാണ് കഥാതന്തു. കഥാപാത്രത്തിന് ജീവിച്ചിരുന്ന ആരുമായും സാമ്യമില്ലെന്നു പ്രഖ്യാപിക്കുന്നുണ്ടെങ്കിലും യഥാർത്ഥ ജീവിതമുഹൂർത്തങ്ങളിൽ നിന്നാണ് അവരൊക്കെ രൂപംകൊള്ളുന്നതെന്ന് അക്കാലത്തെ മലബാറിന്റെ ചരിത്രം പഠിക്കാൻ ശ്രമിച്ചവർക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്നതെയുള്ളൂ. മലബാർ കുടിയേറ്റം വിഷയമായി പിന്നീട് ധാരാളം പുസ്തകങ്ങൾ പുറത്തുവന്നു. സമീപകാലത്ത് ഏറെ ചർച്ചയായ 'കരിക്കോട്ടക്കരി'യുടെയും വിഷയവും കുടിയേറ്റവും തദ്ദേശീയരും ഒക്കെത്തന്നെ.