ഉദ്യോഗസ്ഥൻമാരുടെ സർവ്വീസ് കഥകൾ അനുവാചകരെ ആകർഷിക്കാറുണ്ട്,പ്രത്യേകിച്ചും അധികാരത്തിന്റെ ഉന്നതശ്രേണികളിലിരുന്നു ഭരണവ്യവസ്ഥയുടെ അണിയറനീക്കങ്ങളെ നിയന്ത്രിക്കാൻ കെൽപ്പുണ്ടായിരുന്ന ആളുകളുടെ. പലരും വിരമിച്ചതിന്നു ശേഷം എഴുതുന്ന പുസ്തകങ്ങൾ അറിവിനേക്കാളേറെ വിവാദത്തിനു കാരണമാകാറുമുണ്ട്. കിരൺബേദിയുടെ "ഞാൻ ധൈര്യപ്പെടുന്നു" എന്ന പുസ്തകവും അൽഫോൻസ് കണ്ണന്താനത്തിന്റെ "ഇന്ത്യ- മാറ്റത്തിന്റെ ഇടിമുഴക്കം" എന്ന പുസ്തകവും ടി. എൻ ശേഷന്റെ പുസ്തകങ്ങളും ഒക്കെ അതത് കാലഘട്ടത്തിന്റെ കഥകൾ പറയുന്നവ കൂടിയാണ്. ഐ. പി.എസ് ഉപേക്ഷിച്ച് രാഷ്ട്രീയക്കാരനായിത്തീർന്ന 'സിംഹം' എന്നറിയപ്പെട്ടിരുന്ന കെ അണ്ണാമലൈയുടെ “Stepping beyond Khaki” യും ഡിജിപിയായി റിട്ടയർ ചെയ്ത ജേക്കബ് തോമസ്സിന്റെ "സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ" എന്ന പുസ്തകവും അടുത്തിടെ പുറത്തിറങ്ങി പുസ്തകവിൽപ്പനയിൽത്തന്നെ വാർത്തകൾ സൃഷ്ടിച്ചവയാണ്. ഇവയിൽ മിക്കതും എഴുതിയവരുടെ സർവ്വീസ് കാലയളവിനുശേഷം എഴുതിയതോ പൂർത്തിയാക്കിയതോ ആയ പുസ്തകങ്ങളാണ്. എന്നാൽ സർവ്വീസിനിടയിൽത്തന്നെ സ്വന്തം അനുഭവങ്ങളും തന്റെതു മാത്രമായ പരിഷ്ക്കാരങ്ങളും വിശദമാക്കിക്കൊണ്ട് ഐ.എ.എസ് ഓഫീസറായ പ്രശാന്ത് നായർ എഴുതിയ "കളക്റ്റർ ബ്രോ- ഇനി ഞാൻ തള്ളട്ടെ" എന്ന പുസ്തകം ഇക്കഴിഞ്ഞ മാസം (2021 മെയ്) പുറത്തിറങ്ങുകയുണ്ടായി. രണ്ടു വർഷം കോഴിക്കോട് കലക്റ്ററായിരുന്നപ്പോൾ അദ്ദേഹത്തിന്റെ നേതൃത്ത്വത്തിൽ ചെയ്ത കാര്യങ്ങളും വിജയിച്ചതും പരാജയപ്പെട്ടതും ആയ പരിഷ്ക്കാരങ്ങളും വിമർശനങ്ങളും എതിർപ്പുകളും ഒക്കെ ആ പുസ്തകത്തിന്റെ ഇരുന്നൂറിൽപ്പരം പേജുകളിലായി വിവരിക്കപ്പെടുന്നു.