ഗുഹാവതിയിൽ നിന്നും നഗർലഹോണിലേക്കുള്ള ഡോണിപോളോ എക്സ്പ്രസ്സ് (Donyi-Polo എന്നാൽ സൂര്യനും ചന്ദ്രനും. അരുണാചൽ-ടിബറ്റൻ-ബർമ്മ പ്രദേശങ്ങളിലെ തദ്ദേശീയരുടെ പ്രകൃത്യാരാധനയിൽ അധിഷ്ഠിതമായ വിശ്വാസസംഹിതയെ സൂചിപ്പിക്കുന്നു.) രാത്രി 9 മണിക്കു തന്നെ പുറപ്പെട്ടു. സാധാരണ സഞ്ചരിച്ചിട്ടുള്ള തീവണ്ടികളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ എ.സി കോച്ചുകളുള്ള വൃത്തിയും വെടിപ്പുമുള്ള പുതിയ കമ്പാർട്ട്മെന്റുകൾ. 2015 ൽ ആരംഭിച്ചതാണത്രേ ഈ വണ്ടി. അന്തസ്സിൽ വേഷം ധരിച്ച് ഗൗരവം തോന്നിക്കുന്ന ഭാവമുള്ള യാത്രക്കാർ. പൂമ്പാറ്റകളെത്തേടിയുള്ള വടക്കു കിഴക്കൻ യാത്രയുടെ രണ്ടാം പാദത്തിൽ ചിത്രശലഭവിദഗ്ദ്ധനായ ബാലകൃഷ്ണൻ വളപ്പിൽ കൂടി എത്തിയതോടെ ചന്ദ്രേട്ടനും പപ്പൻമാഷും അടങ്ങിയ സംഘത്തിന്റെ ആവേശം ഉയരത്തിലായി. ഇനിയുള്ള നാലഞ്ച് ദിനങ്ങൾകൊണ്ട് അരുണാചൽ പ്രദേശിന്റെ അതിവിപുലവും വ്യത്യസ്തവുമായ ശലഭ വൈവിധ്യം അനുഭവിച്ചറിയാനുള്ള യാത്രയുടെ തുടക്കത്തിലായിരുന്നു ഞങ്ങളുടെ സംഘം.
2020, സെപ്റ്റംബർ 4, വെള്ളിയാഴ്‌ച
2020, ഓഗസ്റ്റ് 2, ഞായറാഴ്‌ച
Spotting the Great Spotted .....
On
that deserted road in the far-flung hill ranges, three of us were
engaged in butterfly watching. One side of the serpentine road had
thick low lying vegetation while on the other side, sharp hill
slopes. A signboard painted in dark orange assured that we had
reached the entrance of Dzuleke, our destination 40 km away from
Kohima, the capital of Nagaland and 20
km away from Khonoma, where we
were staying for the last couple of days. The road and surroundings
were drenched due to drizzle that accompanied us all the way from
Khonoma. As we informed the main intention of the trip, our friendly
driver stopped the vehicle near a stream crossing the road just after
a sharp curve. The number of butterflies was very less in that wet
and cool climate. After a preliminary observation in the vicinity of
the stream-side, each one of us walked towards different directions
for a chance to find out some butterflies around.
On the way to Dzuleke |
2020, ജൂലൈ 26, ഞായറാഴ്‌ച
Story-stuffed Hills and Valleys
![]() |
Welcome gate on the Dimapur- Kohima Road |
Years
ago read the book “The philosophy for NEFA” written by Verrier
Elwin. He was a missionary turned anthropologist who was the
advisor of Jawaharlal Nehru on the North-Eastern states. Diversity,
both of the geography and the culture of the North-Eastern region of
India was an excitement during my postgraduate days at the
University. Still remember collecting and reading many books on
people of North-east and Andaman then. That interest continued for
some more years. As time and tide didn't wait for me too and the
predestination made that passion alter to some other spheres.
2020, ജൂലൈ 16, വ്യാഴാഴ്‌ച
ലോഗന്റെ പക്ഷികൾ
ബ്രിട്ടീഷ്
അധിനിവേശ സമയത്ത് മലബാർ
ജില്ലയുടെ കലക്ടർ,
മജിസ്ട്രേറ്റ്
എന്നിവ ഉൾപ്പെടെയുള്ള വ്യത്യസ്ത
ചുമതലകൾ വഹിച്ചിരുന്ന
വ്യക്തിയായിരുന്നു വില്യം
ലോഗൻ. അദ്ദേഹം
രചിച്ച 'മലബാർ
മാനുവൽ; കേരളത്തിന്റെയും
പ്രത്യേകിച്ച് മലബാറിന്റെയും
സമഗ്രമായ ചരിത്രത്തെക്കുറിച്ച്
ലഭ്യമായ ഏറ്റവും പ്രമുഖമായ ഗ്രന്ഥമാണ്. 1887 ലാണ് ഇത് പുറത്തിറങ്ങുന്നത്.
ചരിത്രത്തോടൊപ്പം
പ്രദേശത്തെ ജനങ്ങളും
ഭൂമിശാസ്ത്രവും സംസ്കാരവും
ഭരണപരമായ ആവശ്യത്തിനായുള്ള
സ്ഥിതിവിവരകണക്കുകളും എല്ലാം
അതിന്റെ വിഷയമായിത്തീരുന്നുണ്ട്.
'മലബാർമാനുവലി'ന്റെ ഒന്നാമത്തെയും
രണ്ടാമത്തെയും വാല്യങ്ങളിൽ
അന്നത്തെ മലബാർ പ്രദേശങ്ങളിൽ
സാധാരണയായി കണ്ടുവരുന്ന
സസ്യങ്ങളെക്കുറിച്ചും
ജന്തുക്കളെക്കുറിച്ചും
സംക്ഷിപ്തരൂപത്തിലുള്ള
വിവരങ്ങൾ കാണാം.
രണ്ടാം
വാല്യത്തിൽ
അന്നു കണ്ടു വന്നിരുന്ന
സസ്യങ്ങളുടെയും പക്ഷികളുടെയും
ചിത്രശലഭങ്ങളുടെയും ചെക്ക്
ലിസ്റ്റുകളും നൽകിയിട്ടുണ്ട്.
താരതമ്യേന
വിശാലമായ ഈ പ്രദേശങ്ങളിൽ
അന്നുണ്ടായിരുന്ന സസ്യ-ജന്തു
ജാലങ്ങളെക്കുറിച്ച് ഏകദേശ
ധാരണ ലഭിക്കാൻ ഇത് സഹായകമാണ്.
നൂറ്റിമുപ്പതിൽപ്പരം
വർഷങ്ങൾക്കു ശേഷം ഇന്ന്
അത്തരം ജീവജാലങ്ങളുടെ
സാന്നിധ്യത്തിലുണ്ടായ
വ്യത്യാസങ്ങൾ അന്വേഷിക്കുന്നത്
കൗതുകകരമായിരിക്കും.
'മലബാർ
മാനുവലി'ൽ സസ്യ-ജന്തു
വിഭാഗങ്ങളെക്കുറിച്ച്
വിവരിച്ചിരിക്കുന്ന ഭാഗത്ത്
പക്ഷികളെക്കുറിച്ചു
പരാമർശിക്കപ്പെട്ടിട്ടുള്ള
വിവരങ്ങളന്വേഷിക്കുകയാണ്
ഈ കുറിപ്പിന്റെ ഉദ്ദേശ്യം.
2020, മേയ് 5, ചൊവ്വാഴ്ച
വില്യം ലോഗന്റെ മലബാർ
"ചരിത്രമില്ലാത്തവർ
എന്നും സന്തോഷവാൻമാരാണ്"
എന്നത്
ചിലപ്പോഴൊക്കെ കേട്ടുവരുന്ന
ഒരു പഴമൊഴിയാണ്.
ചരിത്രത്തിന്റെ
ബാക്കിയിരിപ്പുകളും നീക്കിയിരുപ്പുകളും
സൃഷ്ടിക്കുന്ന കലുഷിതമായ
വർത്തമാനത്തിനിടയിൽ ചിലപ്പോഴൊക്കെ
അതു ശരിയാണെന്നും തോന്നാറുണ്ട്.എങ്കിലും
പരാജയങ്ങളുടെ ചരിത്രം
ആവർത്തിക്കാതിരിക്കാനും
ചരിത്രത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളാനും ചരിത്രബോധമുള്ളവരായിരിക്കുക
എന്നത് ഏറെ പ്രധാനപ്പെട്ട
കാര്യമത്രെ.
ശകലിതവും
പൂർവ്വാപരവൈരുദ്ധ്യങ്ങൾ
നിറഞ്ഞതും പ്രകാശപൂരിതമേഖലകളേക്കാൾ
തമോമയ ദിശാസന്ധികൾ നിറഞ്ഞതും
ആണ് പൊതുവെ കേരള ചരിത്രം
എന്നു മാത്രമാണ് പണ്ഡിതൻമാർ
പൂർണമായും യോജിക്കുന്ന ഏക
കാര്യം. രേഖകൾ
സൂക്ഷിക്കുന്നതിലെ താൽപര്യക്കുറവോ
ശ്രദ്ധയില്ലായ്മയോ 'ജഗദ്മിഥ്യ'
യെന്ന
ദർശനമോ ഇക്കാരണങ്ങൾ എല്ലാം
കൂടിയോ നമ്മുടെ ചരിത്രബോധത്തെ
ഏറെ പിന്നിലാക്കിയിരുന്നു
എന്നുള്ളതാണ് വസ്തുത.
ഇന്നു
ലഭ്യമായതിൽ നല്ലൊരളവ് ചരിത്രം
വാമൊഴികളിലെയും ഐതിഹ്യങ്ങളിലെയും
നെല്ലും പതിരും വേർതിരിച്ചെടുക്കുകയെന്ന
ഭഗീരഥ പ്രയത്നത്തിന്റെ ഫലമായി
ലഭിച്ചതാണ്.
ചരിത്രകാരൻമാർ
പ്രധാനമായും ആശ്രയിക്കുന്ന,
പുരാതനകാലത്ത്
നമ്മുടെ നാട്ടിലെത്തിച്ചേർന്ന
സഞ്ചാരികളുടെ യാത്രാവിവരണങ്ങളാവട്ടെ
മിക്കതും കുരുടൻ ആനയെക്കണ്ട
രീതിയിലുള്ളവയാണ്.
ഭൂതകാലത്തിലേക്ക്
വസ്തുനിഷ്ഠമായി പൂർണവെളിച്ചം
പകരാൻ പര്യാപ്തമല്ല അവയും
എന്നതാണ് പൊതുനിരീക്ഷണം.
അതോടൊപ്പം
ലഭ്യമായ സ്രോതസ്സുകളുപയോഗിച്ചുള്ള
ചരിത്രരചനയിൽ സജീവമായ
'കൊളോണിയൽ-മതവ്യാപന-പ്രത്യയശാസ്ത്ര'
താൽപര്യങ്ങൾ
അവയുടെ തുടക്കം മുതൽ ഇക്കാലം
വരെ ചരിത്രത്തെ ചട്ടുകങ്ങളാക്കിയതിന്റെ
പരിണിതഫലങ്ങളും ഇന്നും നിലനിൽക്കുന്നു.
പാശ്ചാത്യ കൊളോണിയൽ അധിനിവേശ സമയത്ത് അവർ എഴുതിവെച്ച രേഖകൾ ചരിത്രപരമായി ഏറെ പ്രധാനപ്പെട്ടതാവുന്നത് ഈ പശ്ചാത്തലത്തിലാണ്. പോർച്ചുഗീസുകാരും ഫ്രഞ്ചുകാരും ഡച്ചുകാരും തുടർന്ന് ഏറെക്കാലം ബ്രിട്ടീഷുകാരും അവരുടെ ഭരണപരമായ ആവശ്യങ്ങൾക്കും അല്ലാതെയും തയ്യാറാക്കിയ രേഖകളും പുസ്തകങ്ങളും ഒട്ടനവധിയാണ്. തികച്ചും പുതുമ നിറഞ്ഞ വിദൂരദേശത്ത് അവർ പരിചയപ്പെട്ട ജനങ്ങളും സംസ്ക്കാരങ്ങളും സസ്യങ്ങളും ജന്തുക്കളും മലയും കുന്നും പുഴയും കടലും അവരിൽ തീർത്താൽ തീരാത്ത കൗതുകം സൃഷ്ടിച്ചത് സ്വാഭാവികം. ഇന്നാട്ടിലെ സസ്യ വൈവിധ്യത്തെക്കുറിച്ചും ജന്തു വൈവിധ്യത്തെക്കുറിച്ചും ഭൂമിശാസ്ത്രത്തെക്കുറിച്ചും ഉള്ള ഏറ്റവും ആധികാരികമായ രേഖകളായിത്തിർന്നു ആ പുസ്തകങ്ങൾ. വാൻ റീഡിന്റെ 'ഹോർത്തുസ് മലബാറിക്കസ്'(https://en.wikipedia.org/wiki/Hortus_Malabaricus) ഇന്നും ഒരു വിസ്മയമായി നിൽക്കുന്നുണ്ടല്ലോ. സസ്യങ്ങളെക്കുറിച്ച് ആധികാരികമായി എഴുതിയ ജെ.എച്ച് ഹുക്കറെ (https://en.wikipedia.org/wiki/Joseph_Dalton_Hooker) പോലുള്ളവരും ഇന്ത്യയിലെ ചിത്രശലഭങ്ങളെക്കുറിച്ച് ഏറ്റവും ആധികാരികമായി പഠിച്ച (അവർ ഒട്ടനവധിയുണ്ട്)ഡബ്ളിയുു. എച്ച് ഇവാൻസും (https://en.wikipedia.org/wiki/William_Harry_Evans) തുമ്പികളെക്കുറിച്ച് വിശദമായി എഴുതിയ എഫ്.സി ഫ്രേസറും (https://en.wikipedia.org/wiki/Frederic_Charles_Fraser)നിശാശലഭങ്ങളെക്കുറിച്ച് ആധികാരികമായി വിവരങ്ങൾ
രേഖപ്പെടുത്തിവെച്ച ജോർജ് ഫ്രാൻസിസ് ഹാംപ്സണും (https://en.wikipedia.org/wiki/George_Hampson) 'ഇന്ത്യയിലെ പക്ഷിനിരീക്ഷണത്തിലെ പോപ്പ് 'എന്നറിയപ്പെട്ടിരുന്ന, ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്റെ സ്ഥാപക നേതാവു കൂടി ആയിരുന്ന എ. ഒ ഹ്യൂമും (https://en.wikipedia.or/wiki/Allan_Octavian_Hume) ഒക്കെ ഇക്കൂട്ടത്തിൽ പ്രഥമഗണനീയരാണ്. ഭാരതത്തിലെ വ്യത്യസ്ത ജനവിഭാഗങ്ങളെക്കുരിച്ചും അവരുടെ സംസ്ക്കാരങ്ങളെക്കുരിച്ചും സമഗ്രമായും ശാസ്ത്രീയമായും പഠനം നടത്തിയ മദ്രാസ് ഗവൺമെന്റ് മ്യൂസിയത്തിന്റെ സൂപ്രണ്ട് കൂടിയായിരുന്ന എഡ്ഗാർ തേസ്റ്റൺ, ഒരേ സമയം മികച്ച നരവംശശാസ്ത്രജ്ഞനും സസ്യശാസ്ത്രജ്ഞനും ജന്തു ശാസ്ത്രജ്ഞനും ഭൂമിശാസ്ത്രജ്ഞനും ആയ അസാമാന്യ പ്രതിഭയായിരുന്നു (https://en.wikipedia.org/wiki/Edgar_Thurston). പ്രേഷിത പ്രവർത്തനം എന്ന ജീവിതലക്ഷ്യവുമായി ഇന്നാട്ടിലെത്തിയ നൂറുകണക്കിന് മിഷണറിമാരും, വിവിധ ജനവിഭാഗങ്ങളെ തങ്ങളുടെ പാതയിലേക്ക് മാർഗം കൂട്ടുവാനായി അവരുടെ ഭാഷയേയും സംസ്ക്കാരത്തേയും സാഹിത്യത്തേയും വിശദമായി പഠിച്ച് ഒട്ടനവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മലയാള ഭാഷക്ക് ആദ്യ നിഘണ്ടു നിർമ്മിച്ച ഹെർമൻ ഗുണ്ടർട്ടിന്റെ മുഴുവൻ കൃതികളും ജർമ്മനിയിലെ തുബിങ്ജൻ യുണിവേഴ്സിറ്റി അടുത്ത കാലത്ത് പൊതുസഞ്ജയത്തിൽ ലഭ്യമാക്കിയിട്ടുണ്ട്(https://www.gundert-portal.de/). അവയിൽ ഗുണ്ടർട്ടിന്റെ സ്വന്തം രചനകളോടൊപ്പം അദ്ദേഹം ശേഖരിച്ച രേഖകളും മിഷണറി പ്രവർത്തനത്തിന്റെ ഭാഗമായ റിപ്പോർട്ടുകളും 'പശ്ചിമോദയം' തുടങ്ങിയ മാസികകളും ഒക്കെ ലഭ്യമാണ്. ഈ പട്ടികയിൽ ഇനിയും നൂറു കണക്കിന് പേരുകൾ ഉൾപ്പെടാനുണ്ട്. അവരിൽ ഭൂരിഭാഗവും ഈസ്റ്റ് ഇൻഡ്യാ കമ്പനിയുടെയോ ബ്രിട്ടീഷ് ഗവൺമെന്റിന്റെയോ ഉദ്യോഗസ്ഥരോ സൈനിക മേധാവികളോ ഭരണാധികാരികളുടെ എല്ലാ ആശിസ്സുകളോടും പ്രവർത്തിച്ചിരുന്ന മിഷണറിമാരോ ആയിരുന്നു. അധികാരത്തിന്റെയും സ്വാധീനത്തിന്റെയും സൗകര്യങ്ങളും പ്രാദേശികമായ മനുഷ്യശേഷിയും ഇത്തരം പഠനങ്ങളിൽ അവർക്ക് ഏറെ സഹായകമായി എന്നുള്ളത് തീർച്ച. അതിലും വിസ്മയകരമായ കാര്യം ഇവരിൽ മിക്കവരുടെയും പഠനങ്ങൾ തന്നെയാണ് അതത് വിഷയങ്ങളിൽ ഇന്നും ഏറ്റവും ആധികാരികവും അന്തിമവും ആയ റഫറൻസ് ഗ്രന്ഥങ്ങളെന്നതത്രെ. ഉപകരണങ്ങളുടെയും യാത്രാസൗകര്യങ്ങളുടെയും സാങ്കേതിക വിദ്യയുടെയും ലഭ്യത ഏറെയുള്ള ഇക്കാലഘട്ടത്തിലും നാമമാത്രമായ സൗകര്യങ്ങളുണ്ടായിരുന്ന പതിറ്റാണ്ടുകൾക്കപ്പുറം അവർ നടത്തിയ പഠനങ്ങൾ എത്ര ഗൗരവത്തോടെയുള്ളതായിരുന്നു എന്നു നാം അറിയുന്നു.
ഇത്തരത്തിലുള്ള പുസ്തങ്ങളോടൊപ്പം ചേർക്കേണ്ടവയാണ്, പ്രധാനമായും ബ്രിട്ടീഷുകാർ ഭരണസൗകര്യത്തിനായി തയ്യാറാക്കിയ ഭരണരേഖകളും മാനുവലുകളും ഗസറ്റിയറുകളും ഉദ്യോഗസ്ഥരുടെ ഡയറിക്കുറിപ്പുകളും അടങ്ങിയ വിപുലമായ സഞ്ചയം. പ്രധാനപ്പെട്ട ഓരോ ഉദ്യോഗസ്ഥനും തങ്ങളുടെ മേലാപ്പീസിലേക്ക് അയച്ച ദൈനംദിന റിപ്പോർട്ടുകൾ, അവരുടെ വ്യക്തിപരമായ ഡയറിക്കുറിപ്പുകൾ എന്നിവ അതത് കാലഘട്ടങ്ങളെക്കുറിച്ച് വളരെ വിശദമായ ചിത്രം ലഭ്യമാക്കുന്നു. ജില്ല കലക്റ്റർമാരും മജിസ്ട്രേട്ടുമാരും മറ്റ് ഉദ്യോഗസ്ഥൻമാരും തയ്യാറാക്കിയ അത്തരം രേഖകൾ പലതും ഇന്റർനെറ്റിലും മറ്റും ലഭ്യമാണ്. ഒരു ഉദാഹരണം എന്ന നിലയിൽ ഇരിക്കൂറിനടുത്ത് കല്യാട് 1852 ൽ നടന്ന മാപ്പിള കലാപകാരികളുടെ ആക്രമണത്തെക്കുറിച്ച് വിവിധ തലങ്ങളിലുള്ള ബ്രിട്ടീഷ് ഉദ്യോഗസ്ഥൻമാർ തയ്യാറാക്കിയ വിശദമായ റിപ്പോർട്ടുകളെക്കുറിച്ച് ഇവിടെ വായിക്കാം. ഈ റിപ്പോർട്ടുകളിലെ വിശദാംശങ്ങളുടെ വിവരണം നമ്മെ അൽഭുതപ്പെടുത്തും. പോരാട്ടത്തിന്റെയും അതോടനുബന്ധിച്ച കാര്യങ്ങളുടെയും തൽസമയ ദൃക്സാക്ഷി വിവരണം പോലുള്ള അവയിൽ വ്യക്തികളെക്കുറിച്ചുപോലും കൃത്യമായി എഴുതി സൂക്ഷിച്ചിരിക്കുന്നു. ഡിജിറ്റൽ സൗകര്യങ്ങൾ ലഭ്യമായ ഇന്നത്തെ കാലത്ത് പോലും ഔദ്യോഗികവും അല്ലാത്തതുമായ രേഖകൾ ഇത്ര വിശദാംശങ്ങളോടെ രേഖപ്പെടുത്താറില്ല എന്ന് തീർച്ച. അങ്ങിനെയുള്ള സ്രോതസ്സുകൾ ചരിത്രവിദ്യാർത്ഥികൾ വേണ്ട വിധം പ്രയോജനപ്പെടുത്തിയോ എന്നുള്ളത് സംശയമാണ്. അത്തരത്തിലുള്ള പുസ്തകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മലബാർ കലക്റ്ററായിരുന്ന വില്യം ലോഗൻ തയ്യാറാക്കിയ 'മലബാർ മാനുവൽ'. ഇന്നത്തെ കേരളത്തിന്റെ പ്രത്യേകിച്ച് മലബാറിന്റെ സമഗ്രമായ ചരിത്രം രേഖപ്പെടുത്തി വെച്ചിരിക്കുന്ന ഈ പുസ്തകം വിജ്‍ഞാനകുതുകികളെ സംബന്ധിച്ചിടത്തോളം ഒരു അമൂല്യനിധിയാണ്.
മൂന്നു വാല്യങ്ങളിലായാണ് മലബാർ മാനുവൽ തയ്യാറാക്കിയിരിക്കുന്നത്. എണ്ണൂറോളം പേജുകളടങ്ങിയ ഒന്നാം വാല്യം, ചാർട്ടുകളും പട്ടികകളും അധിക വിവരങ്ങളും അടങ്ങിയ രണ്ടാം വാല്യം, 1694 ൽ സ്ഥാപിതമായ ഇംഗ്ളീഷ് ഈസ്റ്റിൻഡ്യ കമ്പനിയുടെ തലശ്ശേരി ഫാക്റ്ററിയിലെ എഴുത്ത്കുത്തുകളും മറ്റ് രേഖകളും ഒരുമിച്ച് ചേർത്തുള്ള മൂന്നാം വാല്യം (A Collection of treaties, Engagements and other papers of importance Relating to British Affairs in Malabar) എന്നിവയാണ് അവ. മൂന്നാം വാല്യം തയ്യാറാക്കിയതിനു ശേഷമാണ് ഒന്നും രണ്ടും വോള്യങ്ങൾ പുറത്തിറങ്ങിയത്. ആദ്യ രണ്ടു വോളിയങ്ങളിലും മിക്ക വിവരണങ്ങൾക്കും റഫറൻസായി നൽകിയിട്ടുള്ളത് മൂന്നാം വോള്യത്തിലെ സമാഹരണത്തിലുള്ള പഴയ രേഖകളും അവയുടെ തർജമകളും ആണ് . ഒന്നാം വോള്യത്തിൽ തിരുവിതാംകൂറിനെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടെ മലബാറിന്റെ ചരിത്രം
1841 മെയ് 17 ന് സ്ക്കോട്ലാൻഡിൽ ജനിച്ച ലോഗൻ 1862 ൽ തന്റെ ഇരുപത്തി ഒന്നാം വയസ്സിലാണ് ഇൻഡ്യയിലെത്തുന്നത്. ഈസ്റ്റിൻഡ്യാ കമ്പനിയിൽ നിന്നും ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് ചക്രവർത്തി നേരിട്ട് ഏറ്റെടുത്ത ആ കാലഘട്ടത്തിൽ ബ്രിട്ടീഷുകാർ വിദ്യാസമ്പന്നരായ ധാരാളം വെള്ളക്കാരെ ഉദ്യോഗസ്ഥൻമാരായി ഇൻഡ്യയിൽ എത്തിച്ചുക്കൊണ്ടിരിക്കുകയായിരുന്നു. നോർത്ത് ആർക്കോട്ട് ജില്ലയുടെ അസിസ്റ്റൻഡ് കലക്റ്ററായി ജോലി ആരംഭിച്ച ലോഗൻ 1866 ൽ മലബാറിന്റെ ഹെഡ് അസിസ്റ്റൻഡായി നിയമിതനായി. തന്റെ 35ാമത്തെ വയസ്സിൽ മലബാർജില്ലയുടെ ചീഫ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റു. 1872 ൽ തലശ്ശേരിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ സ്ക്കോട്ട്ലന്റുകാരി തന്നെയായ ആനി സെൽബി ബുറൽ വല്ലാസിനെ വിവാഹം കഴിച്ചു. ലോഗന്റെ ജിവിതത്തിലും എഴുത്തിലും ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു ആ സ്ത്രീ.
ഹൈദരലിയുടെയും ടിപ്പുസുൽത്താന്റെയും മലബാർ ആക്രമണങ്ങൾ പ്രദേശത്തിന്റെ സാമൂഹിക ജീവിതത്തെയും ജനസംഖ്യാനുപാതത്തെയും കാർഷിക വ്യവസ്ഥയെയും ആകെ ഇളക്കി മറിച്ചിരുന്നു. കൂട്ട പാലായനങ്ങളും വർഷങ്ങൾക്കു ശേഷമുള്ള തിരിച്ചു വരവുകളും സമൂഹത്തിൽ കാലുഷ്യം നിറച്ചു. മതാടിസ്ഥാനത്തിലുള്ള വിശ്വാസതീവ്രത കൂടി അതോടൊപ്പം ചേർന്നപ്പോൾ മലബാറിൽ ലഹളകളും കലാപവും സ്ഥിരം കാഴ്ചകളായി. ഇതിനു പിന്നിൽ സ്വന്തം മതത്തിലെ പണക്കാരായവർ പാവപ്പെട്ടവരുടെ മതവികാരം ചൂഷണം ചെയ്തതും രക്തസാക്ഷിത്വത്തിന്റെ മതപരമായ സ്വീകാര്യതയും (" Religion gave them a philosophy of action and nourished their feelings of antagonism")ഒപ്പം കൃഷിഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങളും ഒക്കെ കാരണങ്ങളായി ലോഗൻ സൂചിപ്പിച്ചിട്ടുണ്ട് . മാപ്പിള പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനുള്ള സ്പെഷൽ കമ്മീഷണറായി 1881ൽ നിയമിതനായ ലോഗൻ മേലധികാരികളുമായുള്ള അഭിപ്രായ വ്യത്യസങ്ങളെത്തുടർന്ന് 1887 ൽ ആന്ധ്രയിലേ കടപ്പയിലേക്ക് സ്ഥലം മാറ്റപ്പെട്ടു. തുടർന്ന് ആ വർഷം തന്നെ ജോലി രാജിവെച്ച് തന്റെ 47ാം വയസ്സിൽ സ്വദേശത്തേക്ക് മടങ്ങുകയാണുണ്ടായത്. മലബാറിലെ ജനങ്ങളെ ഇഷ്ടപ്പെട്ടിരുന്ന ലോഗൻ തുടർന്നും അവരുമായി കത്തിടപാടുകൾ നടത്തിയിരുന്നു. ഉത്തരമലബാറിലെ പ്രമുഖ ജൻമിയായിരുന്ന വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുമായി നല്ല സൗഹൃദത്തിലായിരുന്ന ലോഗൻ പിന്നീട് അദ്ദേഹത്തിന്റെ മകനായിരുന്ന എ.സി മാധവൻ നായരെ സ്ക്കോട്ടലന്റിലെ തന്റെ വസതിയിൽ അതിഥിയായി താമസിപ്പിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ശക്തനും കർക്കശക്കാരനുമായ ഭരണാധികാരിയായിരുന്നു ലോഗൻ. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നിദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കി. അട്ടപ്പാടിയിലെ വിശാലമായ വനപ്രദേശങ്ങൾ, ലഭ്യമായ റവന്യൂ രേഖകൾ പരിശോധിച്ച് ഗവൺമെന്റിലേക്ക് നിക്ഷിപ്തമാക്കിയത്, അതീവ പ്രാധാന്യമർഹിക്കുന്ന ജൈവകേന്ദ്രമായ ഇന്നത്തെ സൈലന്റ് വാലി പ്രദേശങ്ങൾ നിലനിൽക്കാൻ കാരണമായി എന്നു പറയാം. ഉറച്ച ദൈവവിശ്വാസിയായിരുന്ന ലോഗൻ പണക്കുറികളെ എതിർത്തുവെന്നും വെടിമരുന്നിന്റെ ഉപയോഗം ക്ഷേത്രങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയെന്നും ഡോ. കെ.കെ.എൻ. കുറുപ്പ് എഴുതുന്നു. നായർ സമുദായത്തോട് കൂടുതൽ അടുപ്പത്തോടും സ്നേഹത്തോടും ഇടപഴകി എന്ന വിമർശനവും അദ്ദേഹത്തിനെതിരെ ചിലർ ഉയർത്തിയിട്ടുണ്ട്. ആമുഖത്തിൽ തന്റെ പുസ്തകത്തിന്റെ പരിമിതികളെക്കുറിച്ചും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ലഭിച്ച വിവരങ്ങൾ വെച്ചാണ് പുസ്തകം എഴുതിയിരിക്കുന്നതെന്നും കൂടുതൽ വിവരങ്ങൾ കിട്ടുമ്പോൾ താൻ എഴുതിയത് തെറ്റാകാമെന്നും ചിലപ്പോൾ നേരെ വിപരീതമാവാം ശരിയെന്നും എഴുതിയിരിക്കുന്നത് അദ്ദേഹത്തിന്റെ വസ്തുനിഷ്ഠ രീതിയുടെ തെളിവായി ചിലർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രശസ്ത നോവലിസ്റ്റ് കെ .ജെ ബേബി ലോഗന്റെ ജീവിതത്തെ ആസ്പദമാക്കി മലയാളത്തിൽ എഴുതിയ പുതിയ നോവലായ 'ഗുഡ് ബൈ മലബാർ' വായനയാണ് ലോഗനെക്കുറിച്ചുള്ള ചിന്തകളിലേക്ക് വീണ്ടും നയിച്ചത്. ലോഗന്റെ ഭാര്യയായ ആനിയുടെ കണ്ണിൽക്കൂടി അന്നത്തെ ജീവിതം ആവിഷ്ക്കരിക്കുന്ന രീതിയിലാണ് നോവൽ മുന്നോട്ട് പോകുന്നത്. ലോഗന്റെ ഔദ്യോഗിക ജീവിതത്തിരക്കുകളും അന്തർസംഘർഷങ്ങളും ഹൃദയസ്പൃക്കായി ചിത്രീകരിച്ചിരിക്കുന്ന നോവലിൽ ധാരാളം സാങ്കൽപിക കഥാപാത്രങ്ങളും പ്രത്യക്ഷപ്പെടുന്നു. തുടക്കം മുതൽ ഒടുക്കം വരെ സുഖമുള്ള വായനാനുഭവം നൽകുന്ന പുസ്തകം ലോഗൻ കുടുംബത്തിന്റെ സ്ക്കോട്ട്‍ലന്റിലേക്കുള്ള മടക്കയാത്രയിൽ ആനിയും ലോഗനും 'ഗുഡ് ബൈ മലബാർ' പറയുന്നതോടെ അവസാനിക്കുന്നു. നൂറ്റാണ്ടിനപ്പുറമുള്ള ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ സ്വന്തം നാട്ടിലേക്കുള്ള തിരിച്ചു പോക്കായിട്ടു പോലും അത് വായനക്കാരനിൽ ചില നഷ്ടബോധങ്ങളും ഗൃഹാതുരതകളും സൃഷ്ടിക്കുന്നുണ്ടെങ്കിൽ അതിനു കാരണം എഴുത്തുകാരന്റെ
2020, ഏപ്രിൽ 30, വ്യാഴാഴ്‌ച
കറിവേപ്പില വെറും കറിവേപ്പിലയല്ല
ചിത്രശലഭങ്ങളെ ആകർഷിക്കുന്ന സസ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് കറിവേപ്പില. നാരകക്കാളിയും കൃഷ്ണശലഭവും നാരകശലഭവും തങ്ങളുടെ മുട്ടകൾ കറിവേപ്പിലയുടെ തളിരിലകളിൽ നിക്ഷേപിക്കാറുണ്ട്. അതോടൊപ്പം കറിവേപ്പില പൂക്കുന്ന സമയത്ത് ചിത്രശലഭങ്ങളുടെ യൂണിറ്റ് സമ്മേളനത്തിനും കറിവേപ്പിലച്ചെടികൾ സാക്ഷ്യം വഹിക്കാറുണ്ടെന്നു തോന്നുന്നു. മെയ് മാസത്തിലെ വേനൽമഴയോട് കൂടിയാണ് കറിവേപ്പില പൂത്തുതുടങ്ങുന്നത്. രണ്ടാഴ്ചയിലധികം നിൽക്കുന്ന പൂക്കാലത്തിനിടയിൽ വീട്ടിനു തൊട്ടുപിന്നിലുള്ള ഒരു കറിവേപ്പിലച്ചെടിയിൽ മുപ്പതിൽപ്പരം ഇനം പൂമ്പാറ്റകളെയാണ് നിരീക്ഷിക്കാൻ കഴിഞ്ഞത്.ദിവസത്തിന്റെ മുഴുവൻ സമയവും കറിവേപ്പില നിരീക്ഷണത്തിനായി മാറ്റിവെക്കാൻ സാധിച്ചിരുന്നുവെങ്കിൽ എണ്ണം നാൽപ്പതിലെത്തുമെന്ന് തീർച്ച. കറിവേപ്പില തേൻ സദ്യ ഉണ്ണാൻ വന്നവരിൽ ഏറ്റവും വലിയ പൂമ്പാറ്റകളിൽപ്പെട്ട ഗരുഢശലഭവും കൃഷ്ണശലഭവും തൊട്ട് പുൽച്ചിന്നനും പട്ടാണിനീലിയും വരെയുണ്ട്. മറ്റെല്ലാ വിഭാഗങ്ങളിലും പെട്ട ശലഭങ്ങൾ ഈ വിശേഷാവസരത്തിൽ എത്തിച്ചേർന്നപ്പോൾ തുള്ളൻ (ഹെസ്പിരിഡേ) വിഭാഗത്തിലുള്ള ശലഭങ്ങൾ തീരെ കുറവായിരുന്നു.രാവിലെ മാത്രം പ്രത്യക്ഷപ്പെടുന്നവയും ഉച്ചയ്ക്ക് ശേഷവും വൈകുന്നേരങ്ങളിലും ഊഴമിട്ട് തേനുണ്ണാനെത്തുന്നവയും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. കുറച്ചുകൂടി സൂക്ഷ്മമായി നിരീക്ഷിക്കാൻ അവസരം ലഭിച്ചിരുന്നുവെങ്കിൽ ശലഭങ്ങളുടെ ഈ പട്ടിക ഇനിയും നീളുമെന്ന് തീർച്ച.
ശലഭങ്ങൾ സസ്യങ്ങളെ ആശ്രയിക്കുന്നത് ശലഭപ്പുഴുക്കളുടെ ആഹാരത്തിനായി മാത്രമല്ല. പൂന്തേനുണ്ണും പൂമ്പാറ്റയെക്കുറിച്ച് കവികൾ ധാരാളം പാടിയിട്ടുണ്ടല്ലോ.വർണ്ണപ്പട്ടുടുത്ത ശലഭങ്ങളുടെ വൈവിധ്യമാർന്ന പൂക്കളിലേക്കുള്ള യാത്ര അതിമനോഹരമത്രെ. യഥേഷ്ടം തേൻ ലഭ്യമായ പൂക്കൾ തേടിയാണ് സാധാരണയായി മിക്കവരും എത്തിച്ചേരുക. ശലഭോദ്യാനങ്ങളിൽ പൂമ്പാറ്റകളെ ആകർഷിക്കാൻ ഇത്തരം ചെടികളാണ് വച്ചുപിടിപ്പിക്കാറുള്ളത്. ചെത്തിയും രാജമല്ലിയും മല്ലികയും ഒക്കെ അക്കൂട്ടത്തിലെ ഉദ്യാനസസ്യങ്ങളാണ്. പെരുവലവും ഹനുമാൻ കിരീടവും തൊട്ട് വന്യമായ് വളരുന്ന മരങ്ങളിലെയും കുറ്റിച്ചെടികളിലേയും പൂക്കൾ വരെ ഇവയ്ക്ക് വിശിഷ്ടഭോജ്യങ്ങൾ പ്രദാനം ചെയ്യുന്നവയത്രെ. അഴകിയ പഴവർഗ്ഗങ്ങളും ചീഞ്ഞളിഞ്ഞ ജൈവാവശിഷ്ടങ്ങളും മാത്രം ആഹാരമാക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇനി മറ്റൊരുകൂട്ടർ ചെടികളിലെ നീരൂറ്റിക്കുടിച്ച് തങ്ങളുടെ പ്രത്യൽപാദനസംബന്ധിയായ ഒരുക്കങ്ങൾ നിറവേറ്റുന്നുമുണ്ട്. പൂമ്പാറ്റകൾ ഇക്കാര്യങ്ങളിലൊക്കെ പുലർത്തുന്ന ശ്രദ്ധയും ഇതുമായി ബന്ധപ്പെട്ട അവയുടെ പെരുമാറ്റത്തിലെ പ്രത്യേകതകളും പ്രകൃതിയെന്ന വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകത്തിലെ ഏറ്റവും രസകരമായ താളുകളിലാവണം ഉണ്ടാവുക.
ചിത്രശലഭങ്ങളും സസ്യങ്ങളും തമ്മിലുള്ള ബാന്ധവം പ്രകൃതിയുടെ ഇഴയടുപ്പമുള്ളതും വിസ്മയകരമായതും ആയ ബന്ധങ്ങളിൽ ഒന്നാണ്. മിക്ക പൂമ്പാറ്റകകളുടെയും തീറ്റക്കൊതിയൻമാരായ പുഴുക്കളുടെ അതിജീവനത്തിന് പ്രത്യേകം സസ്യങ്ങൾ കൂടിയേ തീരൂ. ഒരു പ്രദേശത്തെ പൂമ്പാറ്റകളുടെ വൈവിധ്യം ആ പ്രദേശത്തെ സസ്യങ്ങളുടെ വൈവിധ്യത്തെ ആശ്രയിച്ചിരിക്കുന്നു. സമതല പ്രദേശങ്ങളിലും ഉയരം കൂടിയപ്രദേശങ്ങളിലും കാണപ്പെടുന്ന വ്യത്യസ്തങ്ങളായ പൂമ്പാറ്റകളുടെ സാന്നിദ്ധ്യത്തിനും അസാന്നിദ്ധ്യത്തിനും പ്രധാന കാരണം അതു തന്നെയാണ്. ഈശ്വരമുല്ല (Aristolachia indica)) ഉള്ളിടത്ത് ധാരാളം ഗരുഢശലഭങ്ങളും (Southern Birdwing) ചക്കരപൂമ്പാറ്റകളും (Crimson Rose)തത്തിക്കളിക്കുന്നതിനും കറിവേപ്പിലയും നാരകവർഗചെടികളും ഉള്ളിടത്ത് നാരകക്കാളിയും നാരകശലഭവും കൃഷ്ണശലഭവും ഉയർന്ന് താഴ്ന്ന് വിഹരിക്കുന്നതും സ്ഥിരം കാഴ്ചയാണ്. സസ്യങ്ങളും പ്രാണിവർഗ്ഗങ്ങളും ഒരുമിച്ചുള്ള സഹപരിണാമത്തിനും(co-evolution) സമാന്തരപരിണാമത്തിനും(parallel evolution) മികച്ച ഉദാഹരണമായി ഈ ബന്ധം വിവരിക്കപ്പെടാറുണ്ട്. വളരെ കൗതുകകരമായ ഒട്ടനവധി സവിശേഷതകൾ ഇതുമായി ബന്ധപ്പെട്ട് അറിയാനുണ്ട്. ശലഭങ്ങളിലെ അനുകരണവും അനുകരിക്കുന്നവരെ അനുകരിക്കുന്നതും ഒക്കെ പരിണാമത്തെക്കുറിച്ച് പഠിക്കുന്നവർക്ക് എത്രമാത്രം വിസ്മയം നിറഞ്ഞതാണോ അതിലേറെ അൽഭുതകരമായിത്തോന്നും സാധാരണക്കാർക്കും.
ഇവിടെ കറിവേപ്പിലച്ചെടിയിൽ വിരുന്നുണ്ണാനെത്തിയ ചില ശലഭങ്ങളുടെ ചിത്രമാണ് താഴെ....
- അരളിശലഭം- Common Crow
(Euploea core) - മരോട്ടി ശലഭം-Rustic
(Cupha erymanthis) - കരിനീല കടുവ- Dark Blue Tiger
- ചോക്കളേറ്റ് ആൽബട്രോസ്സ്- Chocolate Albatross
(Appias lyncida) - തീച്ചിറകൻ-Tawny Coster
(Acraea terpsicore) - വഴന പൂമ്പാറ്റ- Common Mime
(Papilio clytia) - പനന്തുള്ളൻ- Dark Palm Dart(Telicota bambusae)
- ചോക്കലേറ്റ് ശലഭം-Chocolate Pansy
(Junonia iphita) - ആൽ ശലഭം- Brown King Crow
Euploea kluugii - മഞ്ഞപ്പുൽത്തുള്ളൻ-Tamil Dart
(Taractrocera ceramus) - പുള്ളിക്കുറുമ്പൻ- Lemon Pansy
(Junonia lemonias) - മഞ്ഞപ്പാപ്പാത്തി- Common Grass Yellow
(Eurema hecabe) - നീലക്കടുവ- Blue Tiger
(Tirumala limniace) - തെളിനീലക്കടുവ- Glassy Tiger
(Parantica aglea) - നീൾവെള്ളിവരയൻ- Long banded Silverline
(Spindasis lohitha) - നാൽക്കണ്ണി- Common Fourring
(Ypthima huebneri) - നാട്ടുവേലിനീലി -Common Hedge Blue
(Acytolepis puspa) - നാട്ടുറോസ്-Common Rose
(Pachilopta aristolochiae) - ചക്കര റോസ്- Crimson Rose
(Pachilopta hector) - വരയൻ കടുവ- Striped Tiger
(Danaus genutia) - വൻ ചൊട്ടശലഭം- Great Eggfly
(Hypolimnas bolina) - ചെങ്കുറുമ്പൻ-Chestnut Bob
Lambrix salsala - Potanthus Sp.
- കുഞ്ഞിപ്പരപ്പൻ-Common Small Flat
(Sarangesa dasahara) - നാട്ടുമാരൻ- Plains Cupid
(Chilades pandava) - വരയൻ കോമാളി-Angled Pierrrot
Caleta decidia - പഞ്ചനേത്രി- Common fivering
(Ypthima baldus) - കനിത്തോഴൻ-Common Baron
Euthalia aconthea - -Common Line Blue
Prosotas nora - ഗരുഢശലഭം-Sahyadri Birdwing
(Troides minos)
2020, ജനുവരി 6, തിങ്കളാഴ്‌ച
പ്രാണവായു പ്രാണനെടുക്കുമ്പോൾ
വെള്ളം
വെള്ളം സർവ്വത്ര , തുള്ളി
കുടിക്കാനില്ലത്രേ എന്നത്
അൽപം കളിയായും ഏറെ കാര്യമായും
പറഞ്ഞു നടന്നിരുന്ന ഈരടികളാണ്.
മൂന്നിൽ രണ്ടു
ഭാഗം ജലത്താൽ ചുറ്റപ്പെട്ട
ഈ ഗ്രഹത്തിൽ കുടിക്കാൻ ഒരു
തുള്ളി പോലും ജലം ലഭ്യമല്ലെന്നത്
ഒരു കാലത്ത് നമ്മുടെ നാടിനെ
സംബന്ധിച്ചിടത്തോളം തികഞ്ഞ
അതിശയോക്തി തന്നെയായിരുന്നു.
ലോകത്തിലെ
പലരാജ്യങ്ങളിലും മരുപ്രദേശങ്ങളിലും
ജലം കിട്ടാക്കനിയായ അപൂർവ്വവസ്തുവായി
മാറിയപ്പോഴും നമ്മുടെ നാട്
ശുദ്ധജല സമൃദ്ധമായിരുന്നു.
വേനലിലും
നിറഞ്ഞൊഴുകുന്ന പുഴകളും
അരുവികളും തടാകങ്ങളും കുളങ്ങളും
കൊടും ചൂടിലും വറ്റാത്ത
കിണറുകളും ശുദ്ധജലത്തിന്റെ
ഒടുങ്ങാത്ത സ്രോതസ്സുകളായി
വർത്തിച്ചു. ഒരു
കാലത്ത് ശുദ്ധജലം ജീവദായിനിയും
മോക്ഷദായിനിയും നദികൾ
പുണ്യതീർത്ഥങ്ങളും ആയിരുന്നു.യഥേഷ്ടം
ശുദ്ധജലം ലഭ്യമായിരുന്ന
ഹരിതസമൃദ്ധമായ കാലം എങ്ങോ
പോയ് മറഞ്ഞത് വളരെ പെട്ടെന്നായിരുന്നു.
ഒരിക്കലും
ശുദ്ധജലത്തിന് വില കൊടുക്കേണ്ടി
വരില്ലെന്നു കരുതിയ,
നാൽപത്തിനാലു
നദികളൊഴുകുന്ന കേരളത്തിൽ
വില കൊടുത്ത് കുപ്പിവെള്ളം
വാങ്ങിയില്ലെങ്കിൽ ശുദ്ധജലം
കുടിക്കാതെ ജീവിക്കുകയോ
മരിക്കുകയോ ചെയ്യേണ്ടുന്ന
അവസ്ഥ വന്നെത്തിച്ചേർന്നത്
നമ്മുടെ കൺമുന്നിലായിരുന്നു.
പെട്ടിക്കടകളും
സാധാരണ കടകളും കുപ്പിവെള്ളം
കൊണ്ട് അലംകൃതമായിരിക്കുന്ന
അവസ്ഥ, ഗ്രാമ-നഗര
വ്യത്യാസമില്ലാത്ത കാഴ്ചയാണിന്ന്.
വെള്ളം കുടിച്ച്
വലിച്ചെറിയുന്ന പ്ലാസ്റ്റിക്
ബോട്ടിലുകൾ ഓടകളിലും റോഡുകളിലും
ജലാശയങ്ങളിലും കുമിഞ്ഞുകൂടിയിരിക്കുന്ന
കാഴ്ച സർവ്വസാധാരണം.
അവ സൃഷ്ടിക്കുന്ന
പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങളോ?
തീർത്തും
ഗുരുതരം.
ശുദ്ധജലം
എങ്ങിനെ അമൂല്യവും അപൂർവ്വവും
ആയോ അതിലും അൽഭുതകരവും അതി
വേഗത്തിലുള്ളതുമത്രെ
ശുദ്ധവായുവിന് സംഭവിക്കുന്ന
മാറ്റം. അന്തരീക്ഷവായുഘടനയുടെ
ഇരുപത്തി ഒന്ന് ശതമാനത്തോളം
വരുന്ന ഓക്സിജൻ ലോകത്തിലെ
ഒട്ടേറെ രാജ്യങ്ങളിലെ വ്യവസായ
നഗരങ്ങളിൽ അപൂർവ്വമായ കഥ നാം
കേട്ടിട്ടുണ്ട്. എന്നാൽ
ഈയിടെ രാജ്യ തലസ്ഥാനമായ
ഡൽഹിയിലെ അന്തരീക്ഷമലിനീകരണം
അപകടകരമായ രീതിയിൽ രൂക്ഷമായപ്പോൾ
രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ
നേരിട്ടുള്ള ഇടപെടലിനു
കാരണമായി. 2019 നവമ്പർ
25ന് ഡൽഹി
നരകത്തിനേക്കാൾ മോശമായിത്തീർന്നെന്ന
പരാമർശമാണ് കോടതി നടത്തിയത്.
തുടർന്ന്
ഡല്‍ഹിയിലും പരിസരപ്രദേശത്തും
ആരോഗ്യ അടിയന്തരാവസ്ഥ
പ്രഖ്യാപിച്ചു. സുപ്രീം
കോടതിയുടെ നിര്‍ദേശപ്രകാരം
പരിസ്ഥിതി മലിനീകരണ അതോറിറ്റിയാണ്
ആരോഗ്യ അടിയന്തരാവസ്ഥ
പ്രഖ്യാപിച്ചത്. അതോടൊപ്പം
വിദ്യാലയങ്ങൾക്ക് അവധി
പ്രഘ്യാപിക്കുകയും ചെയ്തു.
ലോകാരോഗ്യ
സംഘടന ലോകത്തിലെ 1650
നഗരങ്ങളിൽ
നടത്തിയ പഠനത്തിൽ ഏറ്റവും
കൂടുതൽ വായു മലിനീകരണം
കണക്കാക്കിയത് ഡൽഹിയിലാണെന്ന
വാത്ത വന്നതിന് തൊട്ടു
പിന്നാലെയായിരുന്നു ഈ പരാമർശം.
ഇന്ത്യയിൽ
ഒരു വർഷം രണ്ടര ദശലക്ഷം
ആളുകളാണ് വായുമലിനീകരണത്തിന്റെ
ഇരകാളായി കൊല്ലപ്പെടുന്നതെമ്മാണ്
ഒരു പഠനം പറയുന്നത്,
ഇന്ത്യയിൽ
ആളുകളുടെ മരണത്തിനു കാരണമാവുന്നതിൽ
അഞ്ചാം സ്ഥാനത്ത് വായുമലിനീകരണമാണത്രെ.
ആസ്തമയും
സ്ഥിരമായ ശ്വാസകോശ രോഗങ്ങളും
കാരണം സംഭവിക്കുന്ന മരണ
നിരക്കിൽ ഇന്ത് ഒന്നാം
സ്ഥാനത്താണെന്നും ഡൽഹിയിൽ
ജനിക്കുന്ന കുട്ടികളിൽ അമ്പതു
ശതമാനത്തിനും മലിനീകരണം
കാരണമുണ്ടാകുന്ന ശ്വാസകോശ
പ്രശ്നങ്ങളുണ്ടാവാറുണ്ടെന്നും
ലോകാരോഗ്യ സംഘടനയുടെ പഠനം
തന്നെ പറയുന്നു.
പ്രാണവായുവിന്റെ
അക്ഷയപാത്രമായ അന്തരീക്ഷം
മറ്റ് വിഷവാതകങ്ങൾ കൊണ്ട്
നിറഞ്ഞപ്പോൾ ശ്വാസകോശ രോഗങ്ങളും
ശ്വാസതടസ്സവും മറ്റ് വായുജന്യ
രോഗങ്ങളും സാധാരണമായി.
ഇന്ത്യയില്‍
വില്‍പന നടത്തുന്നതിന്
വിദേശത്തുനിന്ന് ടിന്നിലടച്ച
ശുദ്ധവായു എത്തുന്നതായുള്ള
വാര്‍ത്ത ഏതാനും ദിവസം മുന്‍പാണ്
പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.
കാനഡയിലെ
മലനിരകളില്‍നിന്ന് ശേഖരിച്ച്
അലുമിനിയം കുപ്പികളിലാക്കി
എത്തിക്കുന്ന ശുദ്ധവായുവിന്
പത്തുലിറ്ററിന് 25 ഡോളര്‍
(1750 രൂപയോളം)
ആണ് വില.
ചിലയിടങ്ങളിൽ ശുദ്ധവായു വിൽക്കുന്ന ഓക്സിജൻ പാർലറുകൾ തുറന്നതായും വാർത്തകൾ വന്നു.പത്ത് പതിനഞ്ച് മിനുട്ട് സമയം ശുദ്ധമായ ഓക്സിജൻ ശ്വസിക്കാൻ ഇരുന്നൂറ്റമ്പതോ മുന്നൂറോ രൂപ കൊടുക്കേണ്ട അവസ്ഥ. മണമുള്ള ശുദ്ധവായുവും ഇങ്ങനെ ലഭ്യമാണത്രെ. പ്രാണവായു വിൽപന ആദ്യം ആരംഭിച്ച കമ്പനി രാജ്യമാകെ അമ്പത് ഓക്സിജൻ പാർലറുകൾ തുറക്കാനുള്ള തയ്യാറെടുപ്പിലാണ്. പുറമേ നിന്നുള്ള വായു വലിച്ചെടുത്ത് മറ്റ് വാതകങ്ങൾ ഫിൽട്ടർ ചെയ്ത് ഒഴിവാക്കി ഓക്സിജൻ മാത്രം നേരിട്ട് ശ്വസിക്കാൻ ലഭ്യമാക്കുന്ന ഈ സംവിധാനത്തിൽ സുഗന്ധപൂരിതമായ പ്രാണവായുവും അൽപം ലഹരി നിറഞ്ഞ ശുദ്ധവായുവും ലഭിക്കും എന്നത് തികച്ചും കൗതുകം നിറഞ്ഞ വാർത്തയാണെങ്കിലും അത് നാം നേരിടുന്ന അതി ഭീഷണമായ ഒരു വിപത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ആ വിപത്താവട്ടെ മനുഷ്യനെ സംബനിധിച്ചിടത്തോളം സ്വയം കൃതാനാർത്ഥവും. എങ്ങിനെയാണ് ഡൽഹിയിലെ അന്തരീക്ഷം ഇത്രയും മലിനമാകുന്നത്? മറ്റിടങ്ങളിലെ സ്ഥിതിയും ഇതാവില്ലേ, കുറച്ചു വർഷങ്ങൾ കഴിഞ്ഞാലെങ്കിലും? എന്താണ് ഇതിനു പരിഹാരം? വ്യക്തികൾക്കും സമൂഹങ്ങൾക്കും ഇതിൽ എന്തൊക്കെ ചെയ്യാൻ സാധിക്കും? ഇക്കാര്യങ്ങളുടെ ഉത്തരം തേടാനാണ് ഇവിടെ ശ്രമിക്കുന്നത്.
ചിലയിടങ്ങളിൽ ശുദ്ധവായു വിൽക്കുന്ന ഓക്സിജൻ പാർലറുകൾ തുറന്നതായും വാർത്തകൾ വന്നു.പത്ത് പതിനഞ്ച് മിനുട്ട് സമയം ശുദ്ധമായ ഓക്സിജൻ ശ്വസിക്കാൻ ഇരുന്നൂറ്റമ്പതോ മുന്നൂറോ രൂപ കൊടുക്കേണ്ട അവസ്ഥ. മണമുള്ള ശുദ്ധവായുവും ഇങ്ങനെ ലഭ്യമാണത്രെ. പ്രാണവായു വിൽപന ആദ്യം ആരംഭിച്ച കമ്പനി രാജ്യമാകെ അമ്പത് ഓക്സിജൻ പാർലറുകൾ തുറക്കാനുള്ള തയ്യാറെടുപ്പിലാണ്. പുറമേ നിന്നുള്ള വായു വലിച്ചെടുത്ത് മറ്റ് വാതകങ്ങൾ ഫിൽട്ടർ ചെയ്ത് ഒഴിവാക്കി ഓക്സിജൻ മാത്രം നേരിട്ട് ശ്വസിക്കാൻ ലഭ്യമാക്കുന്ന ഈ സംവിധാനത്തിൽ സുഗന്ധപൂരിതമായ പ്രാണവായുവും അൽപം ലഹരി നിറഞ്ഞ ശുദ്ധവായുവും ലഭിക്കും എന്നത് തികച്ചും കൗതുകം നിറഞ്ഞ വാർത്തയാണെങ്കിലും അത് നാം നേരിടുന്ന അതി ഭീഷണമായ ഒരു വിപത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ആ വിപത്താവട്ടെ മനുഷ്യനെ സംബനിധിച്ചിടത്തോളം സ്വയം കൃതാനാർത്ഥവും. എങ്ങിനെയാണ് ഡൽഹിയിലെ അന്തരീക്ഷം ഇത്രയും മലിനമാകുന്നത്? മറ്റിടങ്ങളിലെ സ്ഥിതിയും ഇതാവില്ലേ, കുറച്ചു വർഷങ്ങൾ കഴിഞ്ഞാലെങ്കിലും? എന്താണ് ഇതിനു പരിഹാരം? വ്യക്തികൾക്കും സമൂഹങ്ങൾക്കും ഇതിൽ എന്തൊക്കെ ചെയ്യാൻ സാധിക്കും? ഇക്കാര്യങ്ങളുടെ ഉത്തരം തേടാനാണ് ഇവിടെ ശ്രമിക്കുന്നത്.
മറ്റിടങ്ങളിലേതുപോലം
ഡൽഹിയെ സംബന്ധിച്ചും മഞ്ഞ്
കാലത്തിന്റെ ആഗമനത്തോടെയാണ്
അന്തരീക്ഷ മലിനീകരണം ഏറ്റവും
രൂക്ഷമാവുന്നത്. 2019 നവംബർ
മാസം അവിടുത്തെ വായു നിലവാര
സൂചിക അതിരൂക്ഷമായ മേഖലയിലായിരുന്നു.
അത് സൂചിപ്പിക്കുന്നത്
കുട്ടികൾക്കും പ്രായമായവക്കും
മാത്രമല്ല പൂർണ്ണ ആരോഗ്യവാനായ
വ്യക്തിക്ക് പോലും ഹാനികരമായ
അന്തരീക്ഷമാണ് അവിടെ
നിലനിർക്കുന്നതെന്നാണ്.പ്രദേശത്തെയാകെ
മൂടിക്കിടക്കുന്ന മൂടൽമഞ്ഞ്
വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ
നിന്നും പുറംതള്ളപ്പെടുന്ന
വിഷവാതകങ്ങളെ ഏറ്റവും താഴെയുള്ള
അന്തരീക്ഷത്തിൽത്തന്നെ
പിടിച്ചുവെക്കുന്നു.
മഞ്ഞുമൂടിക്കിടക്കുന്നിടത്തോളം
വിഷവാതകങ്ങളെ പിടിച്ചുവെക്കുകയും
അത് ശ്വസിക്കുന്ന ആളുകളിൽ
പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുകയും
ചെയ്യുന്നു. കാറ്റിന്റെ
ദിശയിലുണ്ടാവുന്ന ചെറിയ
മാറ്റം പോലും പ്രശ്നം
രൂക്ഷമാക്കും. പടക്കം
പൊട്ടിക്കലിനു നിയന്ത്രണങ്ങളുണ്ടായിട്ടും
ഒക്ടോബർ മാസം ദീപാവലി
ആഘോഷങ്ങളുടെ സമാപനത്തോടെ
വായുവിന്റെ ഗുണനിലവാരം
തീർത്തും മോശമായി. അയൽ
സംസ്ഥാനങ്ങളിലേതുൾപ്പടെയുള്ള
കർഷകർ കൃഷിയിടങ്ങളിലെ
കാർഷികാവശിഷ്ടങ്ങൾ കത്തിച്ചു
തുടങ്ങിയതോടെ പ്രശ്നം വീണ്ടും
വഷളായി. ഏറെ
വൈകിയും പോകാതെ നിന്ന മൺസൂൺ
മേഘങ്ങളും അറബിക്കടലിലുണ്ടായ
ചുഴലിക്കാറ്റും എരിതീയിൽ
എണ്ണഒഴിക്കുന്ന അവസ്ഥയിലേക്ക്
കാര്യങ്ങൾ കൊണ്ടെത്തിച്ചുവെന്ന്
സെന്റർ ഫോർ എൻവയണമെന്റ്
സ്റ്റഡീസ് നടത്തിയ പഠനങ്ങൾ
പറയുന്നു.
ഡൽഹിയെ
സംബന്ധിച്ചിടത്തോളം വായുവിന്റെ
ഗുണനിലവാരം പരിശോധിക്കാനും
റിപ്പോർട്ടു ചെയ്യാനും സ്ഥിരം
സംവിധാനങ്ങളുണ്ട്.
അതിന്റെയൊക്കെ
ഫലമായി മലിനീകരണത്തോതിൽ
ചെറിയ തോതിലുള്ള കുുറവും
ചിലപ്പോഴൊക്കെ രേഖപ്പെടുത്തിയിട്ടുണ്ട്.
വാഹനങ്ങളില്ലാ
അവധി ദിനങ്ങളും ഒറ്റ അക്ക
നമ്പറുകൾക്ക് ഒരു ദിവസവും
ഇരട്ട അക്ക നമ്പറുള്ള വാഹനങ്ങൾ
തൊട്ടടുത്ത ദിവസവും മാത്രം
റോഡിലിറക്കാനുള്ള തീരുമാനങ്ങളും
ഒക്കെ താൽക്കാലികമായി
മലിനീകരണത്തോത് കുറച്ചതായി
കാണിക്കുന്നുണ്ട്.
ഇന്ത്യയിലെ
മറ്റ് നൂറ്റി ഇരുപതോളം നഗരങ്ങളും
വായുമലിനീകരണത്തിന്റെ
കാര്യത്തിൽ അതിജാഗ്രത
പാലിക്കേണ്ട പ്രദേശങ്ങളായാണ്
അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്.
വളരെ കൃത്യവും
കർക്കശവും ആയ നിയമങ്ങളും
വ്യാപകമായ പൊതുജന അവബോധവും
കൊണ്ടു മാത്രമേ ശുദ്ധവായു
എല്ലാവർക്കും ലഭ്യമാക്കാൻ
സാധിക്കൂ. അതിന്നായി
എന്തൊക്കെ ചെയ്യാൻ സാധിക്കും
എന്ന് പരിശോധിക്കാം.
നഗരങ്ങളെ
സംബന്ധിച്ചിടത്തോളം
മോട്ടോർവാഹനങ്ങളുടെ ബാഹുല്യവും
ഫാക്റ്ററികളിൽ നിന്നുമുള്ള
പുകയുമാണ് പ്രധാന വില്ലൻ.ഡൽഹിയിൽ
പൊതുഗതാഗത സംവിധാനത്തിന്റെ
ഭാഗമായ വാഹനങ്ങൾ പൂണ്ണമായും
പ്രകൃതി വാതകം ഇന്ധനമായി
ഉപയോഗിക്കുന്നു. ഇതോടൊപ്പം
എല്ലായിടത്തും ഇലക്ട്രിക്
വാഹനങ്ങൾ വ്യാപകമാവേണ്ടതുണ്ട്.
ഒരു ഭാഗത്ത്
മോട്ടോർവാഹനങ്ങളുടെ വിൽപന
വർദ്ിക്കുന്നത് സമ്പദ്വ്യവസ്ഥയുടെ
ആരോഗ്യത്തിന്റെ ലക്ഷണമായി
കരുതപ്പെടുമ്പോൾ മറുഭാഗത്ത്
നമ്മുടെ പാരിസ്ഥിതിക
ആരോഗ്യത്തിന്റെ സൂചകങ്ങളെ
അത് ദോഷകരമായി ബാധിക്കുന്നു
എന്നതും ഗൗരവമായ കാര്യമാണ്.
ലോകത്തിൽ
ഏറ്റവും കൂടുതൽവായുമലിനീകരണം
നിലനിന്ന ചൈനയുടെ ബീജിങ്ങിൽ
ഒരു വർഷം വിൽക്കാവുന്ന
വാഹനങ്ങൾക്ക് പരിധി
നിശ്ചയിച്ചിട്ടുണ്ട്.
എണ്ണം കൽക്കരിയുടെ
ഉപയോഗിച്ചുള്ള താപവൈദ്യത
നിലയങ്ങളുടെ പ്രവർത്തനം,ഡീസൽ
ജനറേറ്ററിന്റെ പ്രവർത്തനം,മാലിന്യങ്ങൾ
തുറസ്സായ സ്ഥലത്ത് കത്തിക്കൽ,
പൊടി എന്നിവയൊക്കെ
വായുമലിനീകരണത്തിന്റെ
കാരണമാവുന്നു.
ശുദ്ധവായു
എന്നത് എല്ലാ ജീവജാലങ്ങളുടെയും
അവകാശമാണ്. ഡൽഹി
പോലുള്ള വൻ നഗരങ്ങളുടെ മാത്രം
പ്രശ്നമല്ല ഇന്ന് അത്.
കേരളം പോലുള്ള
താരതമ്യേന ജനസാന്ദ്രത കൂടിയ
പ്രദേശങ്ങളും , പ്രത്യേകിച്ച്
നമ്മുടെ നഗരങ്ങൾ ഇപ്പോൾത്തന്നെ
രൂക്ഷമായ വായു മലിനീകരണം
നിലനിൽക്കുന്ന പ്രദേശങ്ങളാണ്.
എന്തൊക്കെ
നിയമങ്ങളും നിബന്ധനകളും
നിലവിൽ ഉണ്ടായിട്ടും കരിമ്പുക
തുപ്പുന്ന വാഹനങ്ങളുടെ കാഴ്ച
ഇന്നും സാധാരണമാണ്.
വീടുകളെ
സംബന്ധിച്ചിടത്തോളം ശരിയായ
രീതിയിലുള്ള മാലിന്യസംസ്ക്കാരണ
രീതികൾ അനുവർത്തിച്ചേ പറ്റൂ.
നിയമപരമായ
നടപടികൾക്കപ്പുറം ശരിയായ
രീതിയിലുള്ള അവബോധം ഓരോരുത്തരിലും
എത്തിക്കണം. മാലിന്യങ്ങൾ,
പ്രത്യേകിച്ച്
പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ
കത്തിക്കുന്നത് വഴി ഉണ്ടാകുന്ന
ആരോഗ്യപ്രശ്നങ്ങൾ വളരെ
ഗുരുതരമാണ്. ഇത്തരം
മാലിന്യങ്ങൾ ശേഖരിക്കാനും
സംസ്ക്കരിക്കാനും തദ്ദേശ
സ്യം ഭരണ സ്ഥാപനങ്ങൾ
മിക്കയിടങ്ങളിലും സംവിധാനങ്ങൾ
ഒരുക്കാറുണ്ടെങ്കിലും അത്
പാതി വഴിയിൽ അവസാനിക്കുകയോ
വേണ്ടത്ര വിജയിക്കാതിരിക്കുകയോ
ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്.
തീർച്ചയായും
പരിഹാരം നിലവിലുണ്ട്.
അതിന് വ്യക്തികളും
സമൂഹവും ഭരണാധികാരികളും
ഒരുമിച്ച് ആത്മാർത്ഥതയോടെയും
ലക്ഷ്യബോധത്തോടെയും
പ്രവർത്തിക്കണം. ഓരോരുത്തരും
സ്വന്തം പരിസരത്തു നിന്നും
അതിനുള്ള പ്രവർത്തനം നടത്തണം.
എങ്കിൽ മാത്രമേ
തലയ്ക്കുമുകളിൽ തെളിഞ്ഞ
നീലാകാശവും ശരീരത്തിനുള്ളിൽ
തെളിഞ്ഞ ശ്വാസകോശങ്ങളും
നമുക്ക് ഉറപ്പിക്കാൻ സാധിക്കൂ.
(ആകാശവാണി കണ്ണൂർ നിലയത്തിൽ 2019 ഡിസമ്പറിൽ പ്രക്ഷേപണം ചെയ്തത്.)
2019, മാർച്ച് 22, വെള്ളിയാഴ്‌ച
വാളെടുത്തവനെല്ലാം വെളിച്ചപ്പെടാവുമ്പോള്‍.....
വിവരവിനിമയ സാങ്കേതികവിദ്യയുടെ രംഗത്തുണ്ടായ കുതിച്ചുചാട്ടത്തോടുകൂടി ലോകം കൂടുതൽ ചെറുതായി കൊണ്ടിരിക്കുകയാണ്. പ്രദേശങ്ങൾ തമ്മിലുള്ള ദൂരവും സമയവും കുറയുന്നതോടൊപ്പം വ്യക്തികളും സമൂഹങ്ങളും തമ്മിലുള്ള അകലവും ഒരുപാട് കുറക്കുന്നതിന് സമൂഹമാധ്യമങ്ങള്‍ സഹായകമായിട്ടുണ്ട്.
ഇൻറർനെറ്റിന്റെയും അനുബന്ധ സേവനങ്ങളുടെയും വ്യാപനം ലോകത്തെ ഒരു ചെറിയ ഏകകമായി മാറ്റാൻ മാത്രം പര്യാപ്തമാണ്. വിദൂര കോണുകളിൽ നിന്നുമുള്ള അറിയിപ്പുകളും ദൃശ്യ-ശ്രാവ്യ സന്ദേശങ്ങളും തൽസമയം അല്ലെങ്കില്‍ തൊട്ടടുത്ത നിമിഷം സ്വീകരിക്കാവുന്ന രീതിയിൽ സാങ്കേതികവിദ്യ പുരോഗതി പ്രാപിച്ചിട്ടുണ്ട്.ഇമെയിൽ വഴിയുള്ള സന്ദേശങ്ങളും വിനിമയങ്ങളും സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള പരസ്പരഇടപെടലുകളും നഗരഗ്രാമ വ്യത്യാസമില്ലാതെ ഇന്ന് സാധാരണക്കാർ വരെ ഉപയോഗിക്കുന്നു. ഈ നവമാധ്യമങ്ങള്‍ നല്‍കുന്ന എണ്ണിയാല്‍ തീരാത്ത സേവനങ്ങളോടൊപ്പം ഒട്ടനവധി പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള ചില ആലോചനകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്.
കമ്പ്യൂട്ടറുകള്‍ വഴിയുള്ള വിവരങ്ങളുടെയും ആശയങ്ങളുടെയും കൈമാറ്റത്തിന് യോജിച്ച സാങ്കേതിക സംവിധാനങ്ങളാണ് സമൂഹമാധ്യമങ്ങൾ പൊതുവേ ഉപയോഗിക്കുന്നത് .സാധാരണ ഒരു ഉപഭോക്താവിന് ചിത്രങ്ങളും ചലച്ചിത്രങ്ങളും വിവരങ്ങളും പങ്കുവെക്കാനും മറ്റുള്ളവർ പങ്കുവെച്ച ഇത്തരം കാര്യങ്ങളില്‍ സ്വന്തം അഭിപ്രായങ്ങൾ രേഖപ്പെടുത്താനും അവസരം നൽകുന്നു. ഒരുകൂട്ടം ആളുകൾക്ക് ഒന്നിച്ചു സംവദിക്കാനുള്ള വേദി ഒരുക്കുകയാണ് മിക്ക സാമൂഹിക മാധ്യമങ്ങളും ചെയ്യുന്നത്. ഇൻറർനെറ്റിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ വെബ്സൈറ്റായ ഫെയ്സ്ബുക്ക് തുടങ്ങി ട്വിറ്റർ, ലിങ്ക്ഡ്-ഇന്‍, ഏറ്റവും വലിയ വീഡിയോ ഷെയറിംഗ് വെബ്സൈറ്റായ യൂട്യൂബ്, ഫോട്ടോകൾ പങ്കുവയ്ക്കാനുള്ള ഇൻസ്റ്റാഗ്രാം, തൽസമയ ആശയവിനിമയം സാധ്യമാക്കുന്ന വാട്സ് ആപ്പ് തുടങ്ങി ചെറുതും വലുതുമായ ഒട്ടനവധി സാമൂഹിക മാധ്യമങ്ങൾ ഇന്ന് അരങ്ങുവാഴുന്നു.
2018ലെ ഗ്ലോബൽ ഡിജിറ്റൽ റിപ്പോർട്ടനുസരിച്ച് ലോകത്ത് 400 കോടി ജനങ്ങളാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായവരുടെ എണ്ണം 300 കോടി അത്രെ. അവരിൽ പത്തിൽ 9 പേരും സ്മാർട്ട് ഫോണുകൾ വഴിയാണ് നവമാധ്യമങ്ങളിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നത്. ഏറ്റവും ഒടുവില്‍ വന്ന ഒരു പഠനം പറയുന്നത് 2019 ല്‍ ഇന്ത്യയില്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 29 കോടി ആയിത്തീരും എന്നാണ്. നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇപയോഗിക്കുന്ന സമൂഹമാധ്യമങ്ങള്‍ യൂട്യബും ഫോസ്ബുക്കും തൊട്ടു പിന്നാലെ വാട്സപ്പും ആണ്. ഉറങ്ങി എഴുന്നേൽക്കുമ്പോൾ തൊട്ട് കിടന്നുറങ്ങുന്നത് വരെ സ്വന്തം ശരീരത്തിന്റെ അവിഭാജ്യഘടകമായി എല്ലാ സൗകര്യങ്ങളോടും കൂടിയ സ്മാർട്ട്ഫോണുകൾ കൊണ്ടുനടക്കുന്ന സ്വഭാവം വളരെ വേഗം വ്യാപിക്കുകയാണ്.
പത്രങ്ങളില്‍ നിന്നും മറ്റ് ആനുകാലികങ്ങളിൽ നിന്നും വ്യത്യസ്തമായി ഇൻറർനെറ്റ് അധിഷ്ഠിതമായ ഇത്തരം നവമാധ്യമങ്ങൾക്ക് കാതലായ പല വ്യത്യാസങ്ങളുമുണ്ട്. ഒരു വ്യക്തിയും സമൂഹവും തമ്മിലുള്ള ആശയവിനിമയത്തിന്റെ വേഗത, എത്തിച്ചേരുന്ന ആളുകളുടെ എണ്ണത്തിലുള്ള വ്യത്യാസം ,ഏറ്റവും പുതിയ വിവരങ്ങൾ അതത് സമയം ചേർക്കാനുള്ള സൗകര്യം, ഓരോരുത്തർക്കും തൽസമയം പ്രതികരണങ്ങൾക്കുള്ള അവസരം, എന്നിവയൊക്കെ എടുത്തുപറയത്തക്ക സവിശേഷതകളാണ്. എല്ലാ പത്ര മാധ്യമങ്ങള്‍ക്കും ടെലിവിഷന്‍ ചാനലുകള്‍ക്കും ഇത്തരം സമൂഹമാധ്യമങ്ങളില്‍ സജീവ സാന്നിദ്ധ്യമുണ്ട് എന്നതും രസകരമായ വസ്തുതയാണ്. അവിടെ റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകളെക്കുറിച്ചുള്ള വായനക്കാരുടെ സജീവമായചര്‍ച്ചകളും സംവാദങ്ങളും നടക്കുന്നത് ആരോഗ്യകരമായ ഒരു സംസ്ക്കാരമാണെന്നു വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഒരു സ്രോതസ്സിൽ നിന്നും പലരിലേക്കും എന്ന പത്രങ്ങളുടെയും ചാനലുകളുടെയും പരമ്പരാഗത രീതികളിൽനിന്നും വ്യത്യസ്തമായി പല സ്രോതസ്സുകളിൽ നിന്നും പലരിലേക്കും പലവഴിയിൽ എന്നതത്രേ സമൂഹമാധ്യമങ്ങളുടെ രീതി . എല്ലാവിധ സൗകര്യങ്ങളുമുള്ള സ്മാർട്ട്ഫോണുകളുടെ വ്യാപനത്തോടെ ഇവയുടെ പ്രഭാവത്തിൽ നിന്നും നിന്നും ആർക്കും മാറിനിൽക്കാനാവില്ല എന്നായി അവസ്ഥ.
പരസ്പര ഇടപെടലുകൾ സാധ്യമായ ഏറ്റവും ശക്തമായ സമൂഹമാധ്യമങ്ങൾ സമൂഹ ജീവിതത്തെ സ്വാധീനിക്കുന്നത് വ്യത്യസ്ത രീതികളിലാണ് . വ്യക്തികൾ തമ്മിൽ അടിയുറച്ച ബന്ധങ്ങൾ സൃഷ്ടിക്കാനും ആശയവിനിമയം സാധ്യമാക്കാനും ഇവ സഹായിക്കുന്നു .അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും എന്നതുപോലെ ഇന്ത്യയിലും സാമൂഹിക അഭിപ്രായം സ്വരൂപിക്കുന്നതിലും അത് പ്രചരിപ്പിക്കുന്നതിലും ഇന്ന് സമൂഹമാധ്യമങ്ങൾ നല്ല പങ്കുവഹിക്കുന്നുണ്ട്. സംഘടനകളും രാഷ്ട്രീയപാർട്ടികളും തങ്ങളുടെ ആശയപ്രചാരണത്തിനും ജനാഭിപ്രായം തങ്ങള്‍ക്ക് അനുകൂലമാക്കിുന്നതിന്നും ഇന്ന് ഈ മാധ്യമങ്ങളെ കാര്യമായിത്തന്നെ ആശ്രയിക്കുന്നുണ്ട്. നമ്മുടെ രാഷ്ട്രീയ നേതാക്കന്മാർ എല്ലാംതന്നെ വേണ്ടവിധത്തിൽ ഇവയെ ഉപയോഗിക്കാൻ ശ്രദ്ധിക്കുന്നവരാണ്. പ്രകൃതിദുരന്തങ്ങളിലും ആപൽഘട്ടങ്ങളിലും സമൂഹമാധ്യമങ്ങൾ നിർവഹിക്കുന്ന പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. ഈ അടുത്തകാലത്ത് കേരളം കടന്നുപോയ മഹാ പ്രളയ ദിനങ്ങളിൽ ഇന്ത്യക്കകത്തും പുറത്തുമുള്ള സന്നദ്ധസേവകര്‍ വിവരങ്ങൾ അറിയിക്കാനും കുടുങ്ങിക്കിടന്ന വരെ രക്ഷിക്കാനും മുന്നറിയിപ്പുകൾ നൽകാനും വിഭവങ്ങൾ ശേഖരിക്കാനും നവമാധ്യമങ്ങളെ ഉപയോഗിച്ചത് ശ്രദ്ധേയമായിരുന്നു. വിവിധ കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകൾ പൊതുജനങ്ങളുമായി സംവദിക്കാൻ ഇത്തരം മാധ്യമങ്ങൾ പ്രയോജനപ്പെടുത്തുന്നു. ഇന്ത്യൻ റെയിൽവേയുടെ ട്വിറ്റർ അക്കൗണ്ട്, കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ് എന്നിവ എടുത്തുപറയേണ്ടവയാണ്. പത്ത് ലക്ഷം ലൈക്കുകളുമായി കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ് ന്യൂയോര്‍ക്ക് പോലീസിനെയും മറികടന്നത് ഇക്കഴിഞ്ഞ ദീവസം വാര്‍ത്തയായിരുന്നു. ചെറുതും വലുതുമായ വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ അവരുടെ ഉത്പന്നങ്ങളുടെ പ്രചരണത്തിനും വിപണനത്തിനും നവമാധ്യമങ്ങളെ മികച്ച രീതിയിൽ ഉപയോഗിക്കുന്നു. വികസിതരാജ്യങ്ങളിൽ വിദ്യാഭ്യാസ മേഖലയിലും ഈ മാധ്യമങ്ങൾ ഗുണപരമായി പങ്ക് വഹിക്കുന്നു. പാഠവിനിമയത്തിലും സംശയനിവാരണത്തിനും വിവരശേഖരണത്തിനും മൂല്യനിർണയ പ്രവർത്തനങ്ങൾക്ക് പോലും നവമാധ്യമങ്ങൾ ഉപയോഗിക്കപ്പെടുന്നു.
സമൂഹ മാധ്യമങ്ങൾ സമൂഹത്തിൽ ആഴ്ന്നിറങ്ങി പടർന്നു കിടക്കുകയാണ് എന്ന് നാം കണ്ടു. എന്നാൽ വിവേചനമില്ലാത്ത ഇവയുടെ ഉപയോഗം സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും ധാരാളമാണ്. 2018 ല്‍ ഫേസ്ബുക്കുമായി ബന്ധപ്പെട്ട അമേരിക്കയിൽ നടന്ന കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. പൊതുജനാഭിപ്രായത്തെ സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് തങ്ങളുടേതായ രീതിയിൽ മാറ്റിമറിക്കാം എന്ന് അത് കാണിച്ചു കൊടുത്തു. ജനാധിപത്യ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളെ പോലും ഇതു വഴി വ്യാപകമായി സ്വാധീനിക്കാൻ കഴിയുന്നു. ചില സന്ദര്‍ഭങ്ങളിലെങ്കിലും തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചു ജനവികാരങ്ങളെ ഊതിവീർപ്പിച്ച് കാട്ടുതീപോലെ പടർത്തി സമാധാനത്തിനും സഹവർത്തിത്വത്തിനും ഭീഷണിയാവാൻ ഇവയ്ക്ക് കഴിഞ്ഞിട്ടുണ്ട്. തെറ്റായവാര്‍ത്തകള്‍ അതിവേഗം പ്രചരിപ്പിച്ച് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ പോലുള്ള ഭീതിദമായ കുറ്റകൃത്യങ്ങളില്‍ രാസത്വരകമായി പ്രവര്‍ത്തിച്ചത് ഇത്തരം മാധ്യമങ്ങള്‍ ആയിരുന്നു. വാട്സ്ആപ്പ് പോലുള്ള മാധ്യമങ്ങളോട് ഉത്തരവാദിത്വത്തോടെയുള്ള വിവര വിനിമയം സാധ്യമാക്കാൻ നിരവധി ഘടനാപരമായ മാറ്റങ്ങൾവരുത്താന്‍ സർക്കാർ ആവശ്യപ്പെടുകയുണ്ടായി.
വ്യക്തികളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. 2000-ത്തിലെ ഇന്‍ർഫർമേഷൻ ടെക്നോളജി നിയമത്തിലെ 66 ഇ വകുപ്പനുസരിച്ച് ഒരാളുടെ സമ്മതമില്ലാതെ അയാളുടെ സ്വകാര്യ ചിത്രമെടുക്കുകയോ കൈമാറുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. ഈ നിയമം പലരും അറിഞ്ഞും അറിയാതെയും ലംഘിക്കുന്നുണ്ട്. ഇതേ നിയമത്തിലെ 66 എ വകുപ്പ് പ്രകാരം നിന്ദ്യമായ സന്ദേശം അയക്കുന്നതും മറ്റുള്ളവർക്ക് ഈർഷ്യയോ ബുദ്ധിമുട്ടോ അപകടമോ തടസ്സമോ ഉപദ്രവമോ ശത്രുതയോ ഉളവാക്കുന്ന കാര്യങ്ങൾ അയക്കുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്. കലുഷിതമായ സാമൂഹ്യ അന്തരീക്ഷത്തിൽ പലപ്പോഴും ഇത്തരത്തിലുള്ള സന്ദേശങ്ങൾ രാഷ്ട്രീയ-മത-സാമുദായിക അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ നിത്യേനയെന്നോണം പ്രചരിക്കപ്പെടുന്നത് എത്രമാത്രം ദോഷകരമാണെന്നു ആലോചിക്കുക. ഫേസ്ബുക്ക് പോലെയുള്ള മാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രങ്ങളായും മറ്റും ഉൾപ്പെടുന്ന വ്യക്തിഗത ഫോട്ടോകൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണ്. ഇങ്ങനെ സംഘടിപ്പിക്കുന്ന ഫോട്ടോകള്‍ സാമൂഹ്യവിരുദ്ധര്‍ കമ്പ്യൂട്ടർ ഉപയോഗിച്ച് രൂപമാറ്റം വരുത്തി ദുരുപയോഗം ചെയ്യുന്ന ഒട്ടനവധി കേസുകൾ കേൾക്കാറുണ്ട്. ഇത്തരത്തിലുള്ള മറ്റൊരു കുറ്റകൃത്യമാണ് നവമാധ്യമങ്ങൾ വഴി നടക്കുന്ന അനധികൃതമോ നിരോധിച്ചതോ ആയ സാധനങ്ങളുടെ വിൽപനയും വിതരണവും.
അതിവേഗം വര്‍ത്തകള്‍ കൈമാറ്റം ചെയ്യാനുള്ള സംവിധാനമാണ് ഇന്ന് ഇത്തരം മാധ്യമങ്ങളെങ്കിലും ഇതു വഴി കൈമാറ്റം ചെയ്യപ്പെടുന്ന വാര്‍ത്തകളുടെ ആധികാരികതയും വിശ്വാസ്യതയും പലപ്പോഴും ചോദ്യംചെയ്യപ്പെടാറുണ്ട്. ഐക്യരാഷ്ട്രസഭ ജനഗണമനയെ ലോകത്തിലെ ഏറ്റവും മികച്ച ദേശീയഗാനമായി തിരഞ്ഞെടുത്തുവെന്ന വാര്‍ത്തയും നമ്മുടെ കഞ്ഞി ലോകത്തിലെ എറ്റവും മികച്ച ഭക്ഷണത്തിനുള്ള അംഗീകാരം യുനെസ്ക്കോവില്‍ നിന്നും നേടി എന്ന വാര്‍ത്തയും ഒക്കെ വളരെ വേഗത്തില്‍ പടര്‍ന്നുപിടിച്ച അത്തരത്തില്‍ പെട്ട വ്യാജവാര്‍ത്തകളായിരുന്നു. സ്വന്തം സ്മാര്‍ട്ട് ഫോണിലെ ഏതെങ്കിലും സമൂഹമാധ്യമത്തില്‍ ഇരുതലയുള്ള പാമ്പിനെയും നാലുകാലും ചിറകുമുള്ള ഭീകരജീവിയെയും കണ്ടിട്ടില്ലാത്തവര്‍ കുറവായിരിക്കും. ചില വ്യാപാരസ്ഥാപനങ്ങളും കമ്പനികളും ഇത്തരം മാധ്യമങ്ങളിലൂടെ നടത്തുന്ന വിപണന തന്ത്രങ്ങളിലെ തട്ടിപ്പുകള്‍ സാധാരണക്കാര്‍ക്ക് തിരിച്ചറിയാന്‍ ഏറെ പ്രയാസമാണ്. ഇത്തരം മാധ്യമങ്ങളിലൂടെ വ്യക്തികള്‍ കാണിക്കുന്ന ഇഷ്ടാനിഷ്ടങ്ങള്‍ സംബന്ധിച്ച വിരങ്ങള്‍ അവരറിയാതെ തന്നെ ശേഖരിച്ച് വ്യാപാര വാണിജ്യ ആശ്യങ്ങള്‍ക്കു വേണ്ടി നല്‍കി പണം സമ്പാദിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും തിരിച്ചറിയപ്പെടേണ്ടതുണ്ട്. വ്യജപ്രൊഫൈലുകളും മേല്‍വിലാസങ്ങളും വഴി പണം തട്ടിയെടുക്കുന്ന ധാരാളം തട്ടിപ്പുസംഘങ്ങളും ഇത്തരം മാധ്യമങ്ങളില്‍ എല്ലാം സജീവമാണ് ഇന്ന്. സോഷ്യല്‍ മീഡിയമാര്‍ക്കറ്റിങ് എന്ന പുതിയൊരു മേഖലതന്നെ ഇന്ന് വളര്‍ന്നു കഴിഞ്ഞു. ഇത്തരം വിപണന തന്ത്രങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നവരുടെ എണ്ണം വളരം കൂടുതലാണ്. അതോടൊപ്പം അതിലൂടെ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണവും.
നവമാധ്യമങ്ങള്‍ ഉയര്‍ത്തുന്ന മറ്റൊരു വന്‍ ഭീഷണിയാണ് അവയോടുള്ള പൂര്‍ണമായവിധേയത്വവും അടിമത്തവും. ഇന്ന് രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ സമൂഹമാധ്യമങ്ങളില്‍ അഭിരമിക്കുന്ന യുവത്വം സമൂഹത്തിനും കുടുംബത്തിനും വലിയ ഭീഷണിയായിത്തീര്‍ന്നിരിക്കുകയാണ്. മൊബൈല്‍ഫോണ്‍ നഷ്ടപ്പെടുമോ എന്നും അതുവഴി സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടുപോകുമോ എന്നും ഉള്ള അനാവശ്യ മാനസിക ഭീതിക്ക് നോമോഫോബിയ എന്ന പേരിട്ടാണ് ഡോക്റ്റര്‍മാര്‍ വിശേഷിപ്പിക്കുന്നത്. തൊട്ടടുതുത്തുള്ള സഹജീവികളെയും ചുറ്റുപാടുകളെയും തീരെ ശ്രദ്ധിക്കാതെ പ്രതീതി യാഥാര്‍ത്ഥ്യത്തില്‍ (Virtual reality) മുഴുകിക്കിടക്കുന്ന ഒരു തലമുറ സ്വന്തം ആരോഗ്യത്തെയും സമൂഹആരോഗ്യത്തെയും ആണ് നശിപ്പിക്കുന്നത്.
അപാരമായസാധ്യതകളും പ്രയോജനങ്ങളും ഉള്ള സമൂഹമാധ്യമങ്ങള്‍ എങ്ങിനെയാണ് ഒരേ സമയം ഗുണപരമായും ദോഷകരമായും പ്രവര്‍ത്തിക്കുന്നത് എന്നാണ് നാം ചര്‍ച ചെയ്തത്. ദൂഷ്യവശങ്ങള്‍ പരമാവധി ഒഴിവാക്കി എങ്ങിനെയാണ് ഇത്തരം മാധ്യമങ്ങളുടെ ക്രിയാത്മകമായ ഉപയോഗം സാധ്യമാവുക? ഏതായാലും സമൂഹമാധ്യമങ്ങള്‍ ഇല്ലാത്ത ഒരു ലോകം നമുക്കിനി സങ്കല്‍പിക്കാന്‍ സാധ്യമല്ല തന്നെ. തികഞ്ഞ ഉത്തരവാദിത്ത ബോധത്തോടെ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ച് അവ സര്‍ഗാത്മകമായി ഉപയോഗിക്കുക എന്നതാണ് കരണീയം. മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നതോ ആക്രമണത്തിനോ തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്കോ പ്രേരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ , ചിത്രങ്ങള്‍,ചലചിത്രങ്ങള്‍ എന്നിവ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാനോ മറ്റുള്ളവരില്‍ നിന്നും ലഭിച്ച ഇത്തരം കാര്യങ്ങള്‍ പങ്കു വെക്കാനോ പാടില്ല. ഒരു കാര്യം പോസ്റ്റ് ചെയ്യുന്നതിനു മുന്നേ ആ കാര്യം സത്യസന്ധമാണോ, ആരെയെങ്കിലും മുറിവേല്‍പ്പിക്കുന്നതാണോ, നിയമവിരുദ്ധമാണോ, നിര്‍ബന്ധമായും പോസ്റ്റ് ചെയ്യേണ്ടതാണോ എന്നീ കാര്യങ്ങള്‍ കൂടി പരിഗണിക്കുക. നിങ്ങളുടെ പോസ്റ്റുകള്‍ ആ സമയം തന്നെ മറ്റുള്ള ആളുകള്‍ വായിക്കാനും അങ്ങിനെ പ്രചരിപ്പിക്കപ്പെടാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അത്തരം പോസ്ററുകളിലെ ഉള്ളടക്കം പൂര്‍ണമായും ശരിയാണെന്ന് ഉറപ്പിച്ചതിന്നു ശേഷം മാത്രം പങ്കുവെക്കുകയാവും അഭികാമ്യം. ഇങ്ങിനെ ചെയ്തില്ലെങ്കില്‍ നിങ്ങളും ഇത്തരം വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ കൂട്ടു നില്‍ക്കുകയാണെന്ന് ഓര്‍ക്കുക. വിരങ്ങളുടെയും ചിത്രങ്ങളുടെയും ആധികാരികത ഉറപ്പിക്കാന്‍ ഇന്റര്‍നെറ്റില്‍ത്തന്നെ ധാരാളം വഴികളുണ്ടെന്ന കാര്യം മനസ്സിലാക്കുക. വാര്‍ത്തകളുടെയും വിവരങ്ങളുടെയും സ്രോതസ്സുകള്‍ കണ്ടെത്താന്‍ ശ്രമിച്ച് അവയുടെ ആധികാരികത ഉറപ്പിക്കാനാവും. വ്യക്തിപരമായതും സ്വകാര്യമായതും ആയ വിവരങ്ങള്‍ ഒരിക്കലും പൊതുവായി പങ്കുവെക്കാതിരിക്കുക. ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള മാധ്യമങ്ങളില്‍ നിങ്ങള്‍ നല്‍കുന്ന മൊബൈല്‍ ഫോണ്‍നമ്പര്‍ നിങ്ങളുടെ സാമ്പത്തികവും വ്യക്തിപരമായതും ആയ കാര്യങ്ങളുടെ സുരക്ഷയെ ബാധിച്ചേക്കാം. പ്രൊഫൈല്‍ ചിത്രങ്ങളില്‍ സ്വന്തം ഫോട്ടോകള്‍ ഉള്‍പ്പെടുത്തുന്നുവെങ്കില്‍ അവ മാന്യമായ രീതിയിലുള്ളതും ലളിതമായതും ആവുന്നതാണ് അഭികാമ്യം. ഫേസ്ബുക്ക് പോലെയുള്ള മാധ്യമങ്ങളില്‍ മറ്റുള്ളവരെ അവരുടെ അനുവാദം കൂടാതെ ടാഗ് ചെയ്യുന്നത് മര്യാദകേടായാണ് കണക്കാക്കപ്പെടുന്നത്. അതോടൊപ്പം നിങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും ഉള്ളടക്കവും ആര്‍ക്കൊക്കെ കാണാം എന്ന് മുന്‍കൂട്ടി നിശ്ചയിക്കണം. ഇത്തരത്തിലുള്ള സ്വകാര്യതാ ക്രമീകരണങ്ങള്‍ എല്ലാ സമൂഹമാധ്യമങ്ങളുടെ ക്രമീകരണത്തിലും ഉണ്ടാവും. അത്തരം ക്രമീകരണങ്ങള്‍ നിങ്ങളുടെ വിവരങ്ങളുടെയും ചിത്രങ്ങളുടെയും സുരക്ഷിതത്വം ഉറപ്പാക്കും. മറ്റുള്ളവര്‍ പോസ്റ്റ് ചെയ്ത കാര്യങ്ങള്‍ നിങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ആവശ്യമായ കടപ്പാട് രേഖപ്പെടുത്തുക. ചിത്രങ്ങളുടെയും മറ്റും പകര്‍പ്പാകാശങ്ങളെക്കുറിച്ചും ബോധമുണ്ടായിരിക്കണം. നേരിട്ട് പരിചയമുള്ളവരെയും പൊതുവായ താല്‍പര്യങ്ങള്‍ ഉണ്ട് എന്ന് പൂര്‍ണ ബോധ്യമുള്ളവരെയും മാത്രം സുഹൃത്തുക്കാളാക്കുന്നതാണ് ഉചിതം. അപരിചിതരോട് ഇത്തരം മാധ്യമങ്ങളിലൂടെ ഇടപെടുമ്പോള്‍ ശ്രദ്ധയോടെ മാത്രം ഇടപെടുക. വിദൂരതയില്‍ മറഞ്ഞിരിക്കുന്ന ആളുടെ യഥാര്‍ത്ഥ അസ്മിതയോ ഉദ്ദേശശുദ്ധിയോ നിങ്ങള്‍ക്കറിയില്ല. മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുന്ന രീതിയില്‍ മാത്രം സാമൂഹികമാധ്യമങ്ങളില്‍ ഇടപെടുന്നതാണ് വിവേകത്തിന്റെയും സംസ്ക്കാരത്തിന്റെയും ലക്ഷണം. വ്യക്തിപരമായി നേരിട്ട് ഇടപെടുമ്പോള്‍ സാധാരണയായി കാണിക്കേണ്ട എല്ലാ മര്യാദകളും വിദൂരതയില്‍ നമ്മളോട് സംവദിക്കുന്ന ഒരാളോടോ ഒരു കൂട്ടം ആളുകളോടോ കാണിക്കുന്നതാണ് സംസ്ക്കാരത്തിന്റെ ലക്ഷണം. ഒരു ജനാധിപത്യസമൂഹത്തില്‍ ആശയപരമായ സംവാദങ്ങളുണ്ടാവണം. അതൊരിക്കലും തരം താണ രീതിയിലുള്ള അധിക്ഷേപങ്ങളോ ആക്രോശങ്ങളോ ആയിക്കൂടാ. സംസ്കാരസമ്പന്നവും മാനുഷികമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന രീതിയിലുള്ളതും ആയിരിക്കണം നമ്മുടെ സാമൂഹമാധ്യമ ഇടപെടലുകള്‍.
ആവശ്യത്തില്‍ കൂടുതല്‍ സമയം ഇത്തരം മാധ്യമങ്ങളില്‍ ചെയവഴിക്കുന്നതും അവയുടെ അടിമകളാവുന്നതും ഇന്ന് നാം നേരിടുന്ന ഗുരുതരമായ മറ്റൊരു ഭവിഷ്യത്താണ്. കൃത്യമായി നിശ്ചയിച്ച സമയങ്ങളില്‍ മാത്രം ഇതില്‍ ഏര്‍പ്പെടുന്നത് സമയം നഷ്ടം കുറക്കാനും മറ്റ് ജോലികള്‍ ചെയതു തീര്‍ക്കാനും സഹായിക്കും. ജോലിസ്ഥലത്തും പഠന സമയങ്ങളിലും ഇവയില്‍ നിന്നും പൂര്‍ണ്ണമായും വിട്ടു നിന്നേ തീരൂ. ജീവിതത്തെ യാഥാര്‍ത്ഥ്യബോധത്തോടെ നോക്കികാണുകയും സ്വന്തം കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ചെലവഴിക്കുന്ന സമയത്ത് ഇവയില്‍ നിന്നും മാറി നില്‍ക്കുകയും ചെയ്യുന്നത് വ്യക്തിബന്ധങ്ങളും സൗഹൃദങ്ങളും നിലനിര്‍ത്താന്‍ ആവശ്യമാണെന്ന് പറയേണ്ടതില്ലല്ലോ.
സമൂഹമാധ്യമങ്ങളില്ലാത്ത ഒരു ലോകം ഇനി ഉണ്ടാവില്ല. പക്ഷെ തികഞ്ഞ ഉത്തരവാദിത്ത ബോധത്തോടെ ആവശ്യമായ മുന്‍കുതലുകള്‍ സ്വീകരിച്ച് സമൂഹമാധ്യമങ്ങളുടെ സര്‍ഗാത്മകമായ വിനിമയത്തിലൂടെയും സ്വയം നിയന്ത്രണങ്ങളിലൂടെയും അവയുടെ ശരിയായ ഉപയോഗം ഉറപ്പുവരുത്തുക എന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമത്രെ.
(ആകാശവാണി കണ്ണൂര്‍ എഫ്.എം നിലയത്തിലെ എഫ്.എം ഡയറി പരിപാടിയിൽ അവതരിപ്പിച്ചത്- 2019 ജനവരി 12)
***********************************************************************
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)