nature എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
nature എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020, ജൂലൈ 16, വ്യാഴാഴ്‌ച

ലോഗന്റെ പക്ഷികൾ



ബ്രിട്ടീഷ് അധിനിവേശ സമയത്ത് മലബാർ ജില്ലയുടെ കലക്ടർ, മജിസ്ട്രേറ്റ് എന്നിവ ഉൾപ്പെടെയുള്ള വ്യത്യസ്ത ചുമതലകൾ വഹിച്ചിരുന്ന വ്യക്തിയായിരുന്നു വില്യം ലോഗൻ. അദ്ദേഹം രചിച്ച 'മലബാർ മാനുവൽ; കേരളത്തിന്റെയും പ്രത്യേകിച്ച് മലബാറിന്റെയും സമഗ്രമായ ചരിത്രത്തെക്കുറിച്ച് ലഭ്യമായ ഏറ്റവും പ്രമുഖമായ ഗ്രന്ഥമാണ്. 1887 ലാണ് ഇത് പുറത്തിറങ്ങുന്നത്. ചരിത്രത്തോടൊപ്പം പ്രദേശത്തെ ജനങ്ങളും ഭൂമിശാസ്ത്രവും സംസ്കാരവും ഭരണപരമായ ആവശ്യത്തിനായുള്ള സ്ഥിതിവിവരകണക്കുകളും എല്ലാം അതിന്റെ വിഷയമായിത്തീരുന്നുണ്ട് 'മലബാർമാനുവലി'ന്റെ ഒന്നാമത്തെയും രണ്ടാമത്തെയും വാല്യങ്ങളിൽ അന്നത്തെ മലബാർ പ്രദേശങ്ങളിൽ സാധാരണയായി കണ്ടുവരുന്ന സസ്യങ്ങളെക്കുറിച്ചും ജന്തുക്കളെക്കുറിച്ചും സംക്ഷിപ്തരൂപത്തിലുള്ള വിവരങ്ങൾ കാണാം. രണ്ടാം വാല്യത്തിൽ  അന്നു കണ്ടു വന്നിരുന്ന സസ്യങ്ങളുടെയും പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും ചെക്ക് ലിസ്റ്റുകളും നൽകിയിട്ടുണ്ട്. താരതമ്യേന വിശാലമായ ഈ പ്രദേശങ്ങളിൽ അന്നുണ്ടായിരുന്ന സസ്യ-ജന്തു ജാലങ്ങളെക്കുറിച്ച് ഏകദേശ ധാരണ ലഭിക്കാൻ ഇത് സഹായകമാണ്. നൂറ്റിമുപ്പതിൽപ്പരം വർഷങ്ങൾക്കു ശേഷം ഇന്ന് അത്തരം ജീവജാലങ്ങളുടെ സാന്നിധ്യത്തിലുണ്ടായ വ്യത്യാസങ്ങൾ അന്വേഷിക്കുന്നത് കൗതുകകരമായിരിക്കും. 'മലബാ‍ർ മാനുവലി'ൽ സസ്യ-ജന്തു വിഭാഗങ്ങളെക്കുറിച്ച് വിവരിച്ചിരിക്കുന്ന ഭാഗത്ത് പക്ഷികളെക്കുറിച്ചു പരാമർശിക്കപ്പെട്ടിട്ടുള്ള വിവരങ്ങളന്വേഷിക്കുകയാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം.

'ലോഗന്റെ പക്ഷികൾ' എന്ന ഈ കുറിപ്പിന്റെ തലക്കെട്ട് അൽപം തെറ്റിദ്ധരിപ്പിക്കുന്നതാണ്. മലബാർ മാനുവലിലെ മറ്റ് ലേഖനങ്ങളുടെയും വിവരണങ്ങളുടെയും കാര്യത്തിലെന്നപോലെ അതിലുള്ള എല്ലാ രചനകളുടെയും എഴുത്തുകാരൻ വില്യം ലോഗനല്ല തന്നെ. നാട്ടുകാരും ബ്രിട്ടീഷുകാരുമായ കഴിവുറ്റ വലിയ ഒരു ഉദ്യോഗസ്ഥവൃന്ദം ലോഗന്റെ സഹായികളായി ഉണ്ടായിരുന്നു. ആ ബൃഹത് പുസ്തകത്തിനു വേണ്ട വിവരങ്ങളുടെ ശേഖരണത്തിലും സമാഹരണത്തിലും അവരുടെ സഹായം അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. പുസ്തത്തിന്റെ പല ഭാഗങ്ങളും അവരിൽ ചിലർ എഴുതിയതാണെന്ന് അതതിടങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ട്. അന്നത്തെ മലബാർ ഡിസ്ട്രിക്റ്റ് ഫോറസ്റ്റ് ഓഫീസറായ റോഡ്സ് മോർഗൻ(Rhodes Morgan )  ആണ് മലബാറിലെ സസ്യ-ജന്തുസഞ്ചയത്തെക്കുറിച്ചുള്ള ലേഖനം തയ്യാറാക്കിയിരിക്കുന്നത്. മോർഗൻ ലണ്ടനിലെ സുവോളജിക്കൽ സൊസൈറ്റിയുടെ ഫെലോയും ബ്രിട്ടീഷ് പക്ഷിനിരീക്ഷകരുടെ സംഘടനയിൽ അംഗവുമാണ് എന്ന് ലേഖനാരംഭത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. റോഡ്സ് മോർഗനെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല. എന്തായാലും അദ്ദേഹത്തിന്റെ എഴുത്തിന്റെ ശൈലിയും ആഴവും പരപ്പും സൂചിപ്പിക്കുന്നത് പ്രകൃതി നിരീക്ഷണത്തിലും ബന്ധപ്പെട്ട മേഖലകളിലും ഒരു വിദഗ്ദ്ധനായിരുന്നു അദ്ദേഹം എന്നാണ്.

അവതരണ രീതിയിലുള്ള പ്രത്യേകതകൊണ്ടാണ് മലബാർ മാനുവലിലെ മറ്റുള്ള ലേഖനങ്ങളിൽ നിന്നും മുപ്പതോളം പേജുകളുള്ള ഈ ഭാഗം വ്യത്യസ്തമാകുന്നത്. നാലഞ്ച് ദിവസം കാട്ടിലൂടെ നടത്തിയ ഒരു പ്രകൃതി നിരീക്ഷണത്തിന്റെ യാത്രാ വിവരണക്കുറിപ്പാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യാത്രയ്ക്കിടയിൽ മുന്നിലെത്തുന്ന വലുതും ചെറുതുമായ സസ്യങ്ങളും ജന്തുക്കളും പക്ഷികളും പ്രാണികളും എല്ലാം വിവരണത്തിലും പ്രത്യക്ഷപ്പെടുന്നു. അവയുടെ പെരുമാറ്റരീതികളും ചേഷ്ടകളും ആവശ്യമായിടത്ത് വിശദമായിത്തന്നെ വിവരിച്ചിട്ടുണ്ട്. പക്ഷികളെയും മൃഗങ്ങളെയും പരിചയപ്പെടുത്തുമ്പോൾ ഉപയോഗിച്ചിരിക്കുന്ന ജീവസ്സുറ്റ ഭാഷ വളരെ മനോഹരമായി അനുഭവപ്പെടും. പക്ഷികളുടെ ചിറകുകളിലെ വ‍ർണരാജിയും അവയുടെ ശബ്ദായമാനമായ പ്രകൃതവും ഒക്കെ ആകർഷകമായാണ് എഴുതിയിരിക്കുന്നത്. ജീവികളുടെ ശാസ്ത്രനാമവും സാധാരണ പേരും അതിന്റെ ഉപയോഗവും രേഖപ്പെടുത്താൻ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. ലേഖനത്തിൽ ഉടനീളം സസ്യങ്ങളും അവയുടെ ഉപയോഗവും ആണ് കൂടുതൽ പ്രാധാന്യം നേടിയിരിക്കുന്നത്. അതോടൊപ്പം ആന, മൂർഖൻ, കടുവ തുടങ്ങിയവയെപ്പറ്റി അൽപം വിശദമായിത്തന്നെ രസകരമായി എഴുതിയിട്ടുണ്ട്. വനത്തിനുള്ളിലേക്ക് പ്രകൃതി പഠനയാത്രകളോ സർവ്വേകളോ ചിട്ടയായ രീതിയിൽ സങ്കൽപിക്കാനാവാത്ത അക്കാലത്തെ വിവരണം, ഒരു വനയാത്രയിൽ പങ്കെടുത്ത പ്രതീതി ജനിപ്പിക്കാൻ പര്യാപ്തമാണ്.
ഈ യാത്രാവിവരണത്തിൽ ആകെ മുപ്പതിൽപ്പരം പക്ഷികളെക്കുറിച്ചാണ് വിവരിക്കുന്നത്. കൺമുന്നിൽ വന്നവയിൽ ചിലതിനെക്കുറിച്ച് പറയാൻ മാത്രമേ അദ്ദേഹത്തിന് സാധിച്ചിട്ടുള്ളൂ. പൊതുവെ കാണാറുള്ള കുറേ പക്ഷികളെ അദ്ദേഹം ശ്രദ്ധിച്ചിട്ടേ ഇല്ല എന്നു വേണം ഊഹിക്കാൻ. എന്നാൽ താൻ പരാമർശിച്ചവയുടെ തൂവലുകളുടെ വ‍ർണരാജിയും പറക്കൽ രീതികളും പെരുമാറ്റ രീതികളും ഒക്കെ സൂക്ഷ്മമായി എഴുതാൻ അദ്ദേഹത്തിനായിട്ടുണ്ട്. നൂറിൽപ്പരം വർഷങ്ങൾക്കപ്പുറത്തെ വിവരണമായതുകൊണ്ടു തന്നെ ചില പക്ഷികളുടെ സാധാരണ നാമത്തിൽ മാറ്റം വന്നിട്ടുണ്ട്. ശാസ്ത്രീയ നാമങ്ങളിൽ തിരുത്തലുകൾ വന്നിട്ടുണ്ട്. എങ്കിലും ആ വിവരണത്തിലുള്ള അതേ സാധാരണ പേരുകളും ശാസ്ത്രനാമങ്ങളുമാണ് ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. അവയുടെ ഇന്നത്തെ സാധാരണനാമവും ശാസ്ത്രനാമവും അതോടൊപ്പം നൽകിയിട്ടുണ്ട്. Birds of Kerala- Status and Distribution ( C Sashikumar,Praveen J, Muhammed Jafer Palot, P O Nameer, 2011) എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇത് ചെയ്തിരിക്കുന്നത്.

ഉത്തരമലബാറിലെ പാലക്കാട് വരെയുള്ള പ്രദേശങ്ങൾ മുഴുവൻ അന്നത്തെ മലബാ‍ർ ജില്ലയുടെ ഭാഗമായിരുന്നു. ഇന്നത്തെ കോഴിക്കോട് ജില്ലയിലെ എലത്തൂരിൽ നിന്നും പുറപ്പെട്ട് വയനാട് ജില്ലയിലെ മൈസൂർ അതിർത്തിവരെയുള്ള പാതകളും കാട്ടുപാതകളും ആണ് മോർഗൻ തന്റെ വനയാത്രക്കായി തിരഞ്ഞെടുക്കുന്നത്. എലത്തുരിലെ നദീമുഖത്തുനിന്നും ഒരു തോണിയിലാണ് അവ‍ർ ആ യാത്ര ആരംഭിക്കുന്നത്. അതിൽ രണ്ട് ജോലിക്കാരാണുണ്ടായിരുന്നത്. കായൽപ്പരപ്പുകളിലൂടെ അഗലപ്പുഴ കടന്ന് ഇരുപതോളം മൈലുകൾ സഞ്ചരിച്ച് രാത്രിയിൽ കുറ്റ്യാടിപ്പുഴയിലെത്തുന്ന ബോട്ട് ഉറങ്ങി എഴുന്നേൽക്കുമ്പോൾ അവർ കുറ്റ്യാടിയിലെത്തുന്നു. മൂന്നു മൈലുകൾപ്പുറം വനം ആരംഭിക്കുന്നു.
  എലത്തൂരിൽ നിന്നും തെങ്ങിൻ തോപ്പുകൾക്കിടയിലുടെ, മാന്തോപ്പുകളും പൂത്തുലഞ്ഞുനിൽക്കുന്ന കൊന്നമരങ്ങളും പൂമരുതുകളും നിറഞ്ഞ വർണ്ണാഭമായ തീരങ്ങളുടെ സമീപത്തുകൂടി കടന്നുപോകുമ്പോൾ അനുഗമിക്കാൻ ധാരാളം പറവകളും ഉണ്ടായിരുന്നു.കാഞ്ഞിരമരങ്ങളുടെ സുവർണ്ണ നിറത്തിലുള്ള വിഷക്കായകൾ ആർത്തിയോടെ തിന്നുന്ന വേഴാമ്പലുകളാണ്( Pied Hornbills- Hydrocissa coronata) പക്ഷികളുടെ കൂട്ടത്തിൽ ആദ്യമായി ശ്രദ്ധയിൽപ്പെടുന്നത് . ധാരാളം നീർനായകളും ഞണ്ടുകളും നിറഞ്ഞ തീരങ്ങളിലൂടെ മുന്നോട്ട് നീങ്ങിയപ്പോൾ നാലിനങ്ങളിൽപ്പെട്ട മീൻകൊത്തികളാണ് അവരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. തോണിയുടെ ദർശനമാത്രയിൽ മരങ്ങളിൽ നിന്നും തീവ്രമായി ശബ്ദമുണ്ടാക്കി പറന്നകലുന്ന മീൻകൊത്തിയും (Stork-billed kingfisher- P.gurial) ആകാശത്ത് ചിറകടിച്ച് താഴേക്ക് കണ്ണുറപ്പിച്ച് നിന്നിടത്ത് തന്നെ നിൽക്കുന്ന പുള്ളിമീൻകൊത്തിയും(Pied Kingfisher- Ceryle rudis) ആണ് രണ്ടിനം. അവിടവിടെ പൊങ്ങിനിൽക്കുന്ന മണൽത്തിട്ടകളിൽ കൂടുനി‍ർമാണത്തിലേർപ്പെട്ടിരിക്കുന്ന മീൻകൊത്തിചാത്തനും(H. Smyrnensis) കൊക്കിലൊരു കമ്പുമായി പറക്കുന്ന ചെറിയ പൊടിപ്പൊൻമാനും (Alcedo bengalensis) ഉം ആണ് മറ്റു രണ്ടിനങ്ങൾ. മണൽത്തിട്ടകളിലെ മാളങ്ങളിൽ തലപുറത്താക്കി ബഹളംകൂട്ടുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി ജലപ്പരപ്പിനു മുകളിൽ പറന്ന് പ്രാണികളെ കൊക്കിലൊതുക്കി ആഹാരമെത്തിക്കുന്ന ചെന്തലയൻ വേലിത്തത്തകളും നാട്ടുവേലിത്തത്തകളും ( Merops swinhoii and M.viridi) അവിടെ ഉണ്ട്. പുഴയുടെ കീഴ്ഭാഗത്തെങ്ങോ ഉള്ള തങ്ങളുടെ ചേക്കേറൽ സ്ഥലത്തേക്ക് നിരനിരയായി പറക്കുന്ന കാലിമുണ്ടിക്കൂട്ടങ്ങൾ (Snowy Egrets-Bubulcus coromandus) ബോട്ടിനെ അതിവേഗം കടന്നുപോയി.

രാവിലെ കുറ്റ്യാടി നിന്നും കാട്ടിലേക്കുള്ള യാത്ര കുതിരപ്പുറത്തായിരുന്നു. അൽപസമയത്തിനകം കാട്ടിലേക്കു പ്രവേശിച്ചു. തിളങ്ങുന്ന ചിറകുകളോടുകൂടിയ നൂറുകണക്കിന് പക്ഷികൾ മരക്കൊമ്പുകളിൽ പറന്നുകളിക്കുന്നതും കലപിലകൂട്ടുന്നതും കണ്ടുകൊണ്ടാണ് യാത്ര മുന്നേറിയത്. മീനുകൾ തുളളിക്കളിക്കുന്ന മലഞ്ചോലയ്ക്കു കുറുകെ ഒരു മരപ്പാലം. അതു കടന്നുള്ള കയറ്റത്തിൽ ചോലയിലെ പാറയ്ക്കു മുകളിൽ നിന്ന് അകലെയുള്ള മറ്റൊരു പൂവനോട് ആക്രോശിക്കുന്ന പൂവനടങ്ങുന്ന കാട്ടുകോഴിക്കൂട്ടം. ഏലക്കാടുകൾക്കിടയിലൂടെയും ധാരാളം പക്ഷികൾ  നിറഞ്ഞ കാപ്പിത്തോട്ടങ്ങളുടെ ഓരം ചേർന്നും യാത്ര തുടർന്നു. ഒരിടത്ത് തൂവെള്ള നിറമാർന്ന നാകമോഹൻ (Paradise flycatcher- Tchitrea paradasi) ധൃതിയിൽ പ്രാണികളെ അകത്താക്കുന്നു. അതേസമയം ഗൗരവ പ്രകൃതിയാർന്ന തവിട്ടുനിറത്തിലുള്ള അതിന്റെ പെണ്ണ് മാതൃധ‍ർമ്മം പാലിക്കുന്നതിൽ ശ്രദ്ധാലുവായിരുന്നു. ദേശാടകരായതു കൊണ്ടുതന്നെ കുഞ്ഞ് പറക്കമുറ്റാറായാൽ ഇക്കൂട്ടരെല്ലാവരും ഇവിടം വിട്ടു മറ്റെങ്ങോ പോകുമെന്ന് മോർഗൻ സൂചിപ്പിക്കുന്നു. സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങുന്ന ഇരുണ്ട നീലലോഹിത നിറമുള്ള കൊക്കൻ തേൻകിളി ( Cynniris lotenia) ഒരു പൂവിന്നു മുന്നിൽ ഉറച്ച് നിന്നു തന്റെ ചിറകുകൾ മാത്രം ചലിപ്പിച്ച് അതിന്നുള്ളിൽ നിന്നും തേൻ നുകരുന്നു. അടുത്തുള്ള കാപ്പി പൂക്കളിൽ ഒരു മഞ്ഞത്തേൻകിളി (Cynniris zeylanica) തിരക്ക് കൂട്ടുന്നു. അതിന്റെ ചിറകുകൾ കരി‍ഞ്ചുവപ്പിലും മാറിടം സ്വർണ്ണം ചാലിച്ച മഞ്ഞനിറത്തിലും തല ലോഹിതവർണ്ണപച്ചയിലും തിളങ്ങിനിന്നപ്പോൾ അതിന്റെ കഴുത്ത് സങ്കൽപ്പിക്കാൻ പറ്റുന്നതിൽ ഏറ്റവും ഉജ്ജ്വലമായ നീലലോഹിതനിറത്തിലായിരുന്നു. പാറക്കെട്ടുകൾക്കിടയിലൂടെയുള്ള നീരൊഴുക്കിന്റെ കീഴ്ഭാഗത്ത് രണ്ട് ചൂളക്കാക്കകൾ ( Malabar blue thrush - Myiophonus horsefieldii) ആഹ്ളാദാതിരേകത്താൽ ചൂളം വിളിക്കുന്നു. പതഞ്ഞൊഴുകുന്ന ജലപ്രവാഹത്തിനു മുകളിൽ കുത്തനെയുള്ള പാറക്കൂട്ടത്തിൽ, വികൃതികളായ കുരങ്ങൻമാ‍ർക്കും പാമ്പുകൾക്കും കാണാനാവാത്തിടത്ത് മഴക്കാലം തുടങ്ങുമ്പോഴേക്കും തങ്ങളുടെ വരും തലമുറയ്ക്കു വേണ്ടി കൂടൊരുക്കുന്ന തിരക്കിലാവും അവർ.
ഏറെ ദൂരം താണ്ടിയതിനുശേഷം ഒരു ഉയർന്ന മലയിൽ എത്തിച്ചേർന്നു മോർഗനും കൂട്ടരും. വിദൂരതയിലുള്ള കടലിന്റെയും അതിലേക്ക് ചേരുന്ന പുഴകളുടെയും മനോഹരമായ ദൃശ്യം അവിടെ നിന്നും സാധ്യമായിരുന്നു. ഒപ്പം നാലുപാടും കടലുപോലെ കിടക്കുന്ന കാടിന്റെ ഹരിതാഭമായ കാഴ്ചയും ആരെയും അത്യന്തം ആകർഷിക്കുന്നതാണെന്ന് മോർഗൻ എഴുതുന്നു. അന്നത്തെ രാത്രി വാസം ആ മേലാപ്പിലെ 'കോറോത്ത്' ബംഗ്ളാവിലായിരുന്നു. അതിരാവിലെത്തന്നെ രണ്ടാം ദിവസത്തെ യാത്ര തുടങ്ങി. ഒഴിഞ്ഞകാപ്പിത്തോട്ടങ്ങളിലൂടെ അൽപം ഇറക്കമിറങ്ങി വയനാടൻ കാടുകളിലേക്കവർ പ്രവേശിച്ചു. ചിതലുകളെക്കുറിച്ചും ഉറുമ്പുകളെക്കുറിച്ചും ആനകളെക്കുറിച്ചും മുള്ളൻപന്നിയെക്കുറിച്ചുമെല്ലാം ഉൾക്കാഴ്ചയുള്ള പ്രകൃതിശാസ്ത്രജ്ഞനെപ്പോലെ വിശദമായി സംസാരിച്ചുകൊണ്ടാണ് മുന്നോട്ടുള്ള നടത്തം തുടരുന്നത്. ഒപ്പം സസ്യങ്ങളെ കുറച്ചുകൂടി വിശദമായി പരിചയപ്പെടുത്തുന്നുമുണ്ട്.
വൈവിധ്യമാർന്ന കുറിഞ്ഞിക്കൂട്ടങ്ങളും കൈതക്കാടുകളും നിറഞ്ഞിടത്തു നിന്നും ഒരു കാപ്പി തോട്ടത്തിലേക്ക് കടന്നപ്പോൾ കുറുകെ പറന്ന് സ്വാഗതമാശംസിച്ചത് ഒരു വേഴാമ്പലായിരുന്നു(Dichoceros cavatus). തുടർന്ന് വേഴാമ്പലിന്റെ പെരുമാറ്റം വിശദീകരിക്കാൻ മോർഗൻ ഒരു ഖണ്ഡിക തന്നെ മാറ്റിവെക്കുന്നുണ്ട്. അത് വേഴാമ്പലുകളുടെ പ്രജനനകാലമായിരുന്നതിനാൽ അവരുണ്ടാക്കുന്ന ശബ്ദവും ബഹളങ്ങളും സഹിക്കാവുന്നതിലധികമായിരുന്നു. പൊടുന്നനേ കേട്ട ആ തീവ്രമായ ശബ്ദം പ്രായമേറെച്ചെന്ന ഒരു ആൺപക്ഷി തൊട്ടപ്പുറത്തെ മരത്തിലിരുന്നുണ്ടാക്കുന്നതാണെന്ന് ആർക്കും സാധാരണ ഗതിയിൽ വിശ്വസിക്കാനാവില്ല. സമീപത്തുള്ള വൻമരത്തിലുള്ള പൊത്തിൽ പെൺപക്ഷി തന്റെ വലിയ വെള്ള മുട്ടകളിൽ അടയിരിക്കുന്നുണ്ട്. തന്റെ ഇണപ്പക്ഷിക്ക് തീറ്റ നൽകുന്നതിലുള്ള എന്തോ വൈഷമ്യമാണ് വന്യജീവികൾ പുറപ്പെടുവിക്കുന്നതിന് സമാനമായ ആ ഭീകര ശബ്ദത്തിന്റെ അടിസ്ഥാനം. തടിച്ചുരുണ്ട് സന്തോഷവതിയായി കാണപ്പെട്ട പെൺപക്ഷിയുടെ വായ്ക്കുള്ളിലേക്ക് ഓരോ പത്തുമിനുട്ടിലും മധുരമുള്ള ആലിൻ കായയോ മറ്റെന്തെങ്കിലും പഴങ്ങളോ എത്തിച്ചുകൊണ്ടിരുന്നു. മുട്ടകൾക്കുമേൽ അടയിരിയ്ക്കുന്ന പെൺവേഴാമ്പലുകളെ കൂടിനുള്ളിലാക്കി, ആഹാരം കൈമാറാനുള്ള ഒരു ചെറിയ വിടവ് മാത്രം ബാക്കിവെച്ച് പൊത്തിന്റെ മുൻഭാഗം മുഴുവൻ മണ്ണുകൊണ്ടും വിസർജ്യവസ്തുക്കൾ കൊണ്ടും അടച്ച് സംരക്ഷിക്കുകയെന്ന ചുമതല ആൺപക്ഷികൾ ഭംഗിയായി നിറവേറ്റുന്നു. സ്വയമേറ്റെടുക്കുന്ന ഈ കഠിനാധാവാനത്തിനു പിന്നിൽ തീർച്ചയായും ചില കാരണങ്ങൾ ഉണ്ടാവണം; ഒരു പക്ഷെ ചുറ്റിത്തിരിയുന്ന തങ്ങളുടെ പെൺപക്ഷികൾ കൂടുകളിൽ നിന്നും പുറത്തിറങ്ങി പാറികളിക്കുന്നത് നിയന്ത്രിക്കാനും തങ്ങളുടെ മുട്ടകൾ തണുത്തുറഞ്ഞ് നശിച്ചുപോവാതിരിക്കാനും ആയിരിക്കണം അത് എന്ന് അദ്ദേഹം കുറിക്കുന്നു.

അഞ്ചു ദിവസത്തെ തന്റെ യാത്രയ്ക്കിടയിൽ താൻ കണ്ട രണ്ടേ രണ്ടു ചിത്രശലഭങ്ങളെക്കുറിച്ചു മാത്രമേ മോർഗൻ വിവരിക്കുന്നുള്ളു, ഇവോഡിയ മരത്തിനു ചുറ്റും പാറി നടക്കുന്ന ചുട്ടിമയൂരി (Papilio paris)ശലഭങ്ങളും നൈർമ്മല്യത്തിന്റെ പ്രതീകമെന്ന് അദ്ദേഹം വിശേഷിപ്പിക്കുന്ന വനദേവത ശലഭങ്ങളും( Hestia jasonia) ആണവ. 'മലബാർ മാനുവലി'ന്റെ രണ്ടാം വാലിയത്തിലെ ചിത്രശലഭങ്ങളുടെ പട്ടികയിൽ മലബാറിൽ കണ്ടുവരുന്ന 145 ഇനം ചിത്രശലഭങ്ങളുടെ പേരുകൾ പുസ്തകത്തിൽ നൽകിയിട്ടുണ്ട്.
ഏറെ നടന്നതിനു ശേഷം ഉയരം കുറഞ്ഞ ചോലക്കാടുകളിലെത്തിച്ചേരുന്ന സംഘത്തിനു മുന്നിൽ, ചെടികളിൽ നിന്നും ചെടികളിലേക്ക് പറക്കുന്ന അപൂർവ്വമായ ചിലുചിലുപ്പൻ പക്ഷികളുടെ ( Trochalopterum jerdoni) ചെറിയ കൂട്ടങ്ങൾ പ്രത്യക്ഷപ്പെട്ടു. മുകൾ ഭാഗത്തുള്ള പാറക്കെട്ടുകളിൽ നീലപ്പാറക്കിളികളും (Blue Rock-Thrush- Petrocincla cyanea) വെള്ളക്കണ്ണിക്കുരുവികളും( Zosterops palpebrosus) കരിമ്പൻ കാട്ടുബുൾബുളും( Hypsipetes nilgiriensis) ഗൗളിക്കിളികളും ( Dendrophila frontalis) മറ്റ് പക്ഷികളും ചേർന്ന കൂട്ടങ്ങൾ ചുറ്റുപാടുള്ള ചെടികളുടെയും മരങ്ങളുടെയും ഇലകളിലും ശാഖകളിലും പൂക്കളിലും തത്തിക്കളിക്കുന്നു. സമീപത്ത് കാണുന്ന വൻമരത്തിന്റെ ഏറ്റവും ഉയർന്ന ചില്ലയിലിരുന്ന് കുട്ടുറുവൻ ( common green megalaima) ഏകതാനസ്വരത്തിൽ തന്റെ കുട്ടുർ-കുട്ടുർ (“koturr,koturr”) എന്ന ശബ്ദം ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. ആയിരക്കണക്കിന് ശരപ്പക്ഷികൾ(Swiftlets -Collocalia unicolor) ചുറ്റുമുള്ള പ്രാണികളെ ചാടി വീണ് ഉള്ളിലാക്കുന്നു. ശരപ്പക്ഷികളുടെ പ്രജനനത്തിന്റെ സമയമായിരുന്നു അത്. ആയിരക്കണക്കിനെണ്ണം വരുന്ന അവ രാത്രിയിൽ ചേക്കേറുന്നത് ബ്രഹ്മഗിരിയിലെ ഗുഹകളിലായിരിക്കണം . ധൃതിയിൽ ഒരു ചുണ്ടെലിയെത്തിന്നു കൊണ്ടിരുന്ന ഒരു വിറയൻ പുള്ള് ( Nilgiri Kestrel - Cerchneis tinunculus) ആളുകളെ കണ്ടപ്പോൾ ഇരയെ ഉപേക്ഷിച്ചു പറന്നുകളഞ്ഞു. ഇരുണ്ടുകൂടി വരുന്ന കാർമേഘക്കൂട്ടത്തെ പേടിച്ച് ധൃതിയിൽ താമസസ്ഥലത്തേക്ക് മടങ്ങിയ മോർഗനും സംഘവും രാത്രി വൈകി 'കോറോത്ത് ബംഗ്ളാവിൽ' തന്നെ തിരിച്ചെത്തി.
കാറ്റും കോളും ഇടിയും മിന്നലും പെരുമഴയും ചേർന്ന രാത്രി പുലർന്നപ്പോൾ തന്നെ പത്ത് മൈൽ അകലെയുള്ള മാനന്തവാടിയിലേക്കുള്ള യാത്ര അവർ ആരംഭിച്ചു. കാട്ടിലൂടെയും ജനവാസ കേന്ദ്രങ്ങളിലൂടെയും സസ്യങ്ങളെ പരിചയപ്പെട്ടുകൊണ്ട് മുന്നോട്ട് പോയി. മാനന്തവാടിയിലേക്കെത്തുന്നതോടെ എല്ലായിടവും അരിപ്പൂക്കാടുകൾ (Lantana) നിറഞ്ഞിരിക്കുന്നുവെന്നും അതിനുള്ളിൽ താമസിച്ചാണ് പുലികൾ വീടുകളിലെ കന്നുകാലികളെയും നായ്ക്കളെയും കൊണ്ടു പോവുന്നതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. അധിനിവേശ സസ്യമായ അരിപ്പൂക്കൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ നൂറ്റിമുപ്പതോളം വർഷം മുന്നേ അതിന്റെ പാരമ്യത്തിലെത്തിയിരുന്നു എന്നത് കൗതുകമുണർത്തുന്നു.

ഒരു ചെറിയ കുന്നിനു മുകളിലുള്ള മാനന്തവാടിയിലെ ഫോറസ്റ്റ് ഓഫീസിൽ നിന്നും പ്രഭാതഭക്ഷണം കഴിച്ച് 'കുതിരക്കോട്ട' വനത്തിന്റെ മുഖ്യ ഓഫീസായ ബേഗൂരിലേക്ക് കുതിരകളുടെ മുകളിലുള്ള അവരുടെ സഞ്ചാരം ആരംഭിച്ചു. 'ഇമ്പീരിയൽ ഫോറസ്റ്റ് റിസ‍ർവ്വ്' എന്ന ബോർഡും കടന്ന് ബേഗൂരെത്തി. കാട്ടിക്കുളത്തു(Karticollam) നിന്നും മൈസൂർ റോഡിലൂടെ യാത്ര തുടർന്ന് ബാവലി ( (Bhavully) പാലത്തിലെത്തിയാണ് അവ‍ർ കുതിരപ്പുറത്തുനിന്നുമിറങ്ങിയത്. സസ്യങ്ങളുടെ വിവരണത്തോടൊപ്പം ആന ക്യാമ്പ് സന്ദർശിച്ചതും തുടർന്ന് അടുത്തുള്ള ജലാശയങ്ങളിൽ തദ്ദേശീയരോടൊപ്പം മീൻ പിടുത്തം നടത്തിയതും വിശദമായിത്തന്നെ വിവരിച്ചിട്ടുണ്ട്. അവിടത്തെ അന്നത്തെ താമസത്തിനുശേഷം അതിരാവിലെ വനവാസികളായ കുറുമ്പ വിഭാഗത്തിൽപ്പെട്ട രണ്ടു പേരോടൊപ്പം കുടക് അതിർത്തിയിലെ 'ശൂലബല്ല' (Soola Bulla Forest) വനത്തേയാണ് അവർ ലക്ഷ്യമാക്കിയത്. കാട്ടിനുള്ളിലെ തടി ഡിപ്പോയുടെ പരിശോധനയും കടുവയുടെയും ആനകളുടെയും പന്നികളുടെയും കാൽപ്പാടുകൾ കണ്ട് അവയെക്കുറിച്ചുള്ള വിവരണവും എല്ലാം കഴിഞ്ഞ് വൈകുന്നേരം ബാവലിയിലേക്ക് തന്നെ അവർ മടങ്ങി.
  മടക്കയാത്രയിൽ മരങ്ങളെ വിവരിക്കുന്നതിനിടയിൽ ധാരാളം പക്ഷികളേയും അവർ കണ്ടുമുട്ടുന്നു. ആ വനഭൂമിക പക്ഷിക്കൂട്ടങ്ങളാൽ സമ്പന്നമായിരുന്നു. അവർ സഞ്ചരിക്കുന്ന പാതയ്ക്ക് കുറുകെ ഒരു കറുത്ത പക്ഷി പറന്നു. പാട്ടിനുവേണ്ടി മുഹമ്മദീയർ മെരുക്കി വളർത്തുന്ന ഭീമരാജ ( Bhimraj- Edolius paradiseus)നായിരുന്നു അത്. അനുകരണകലയിൽ അദ്വിതീയനായ ഈ പക്ഷി, പൂച്ചയുടെ ശബ്ദവും കുട്ടിയുടെ കരച്ചിലും കോഴികളുടെ ശബ്ദവും ഒക്കെ അൽഭുതകരമായി അനുകരിക്കും. റാക്കറ്റുകളുടെ ആകൃതിയിൽ ചുരുണ്ട രണ്ടു നീണ്ട വാലുകളുള്ളതു കൊണ്ടു തന്നെ ഇതിന്റെ ഇംഗ്ലീഷിലുള്ള സാധാരണ പേര് 'റാക്കറ്റ് ടെയിൽഡ് ‍ഡ്രോൻഗോ ഷ്റൈക്ക്' എന്നായതത്രെ.

ആ സായന്തനത്തിൽ അതീവ സുന്ദരനായ ഒരു ആൺ തീക്കാക്ക(Harpactes fasciatus) അപ്പുറത്തൊരു മരക്കമ്പിലിരിക്കുന്നു. അതിവിദഗ്ധമായി വരഞ്ഞെടുത്ത ആകർഷകമായ കറുത്തചിറകുകൾ പാടലവർണ്ണവും ഇളം ചുവപ്പു നിറവും കൂടിച്ചേർന്ന അതിന്റെ മാറിടത്തിൽ നിന്നും കൃത്യമായി വേറിട്ട് എടുത്തുകാട്ടപ്പെടുന്നുണ്ട്. പാതയ്ക്ക് കുറുകേ ഒരു കൊള്ളിമീൻ കണക്കേ പറക്കുന്ന ഓമന പ്രാവിന്റെ(Chalcophaps indica) ചിറകുകളിലെ ലോഹതുല്യമായ പച്ചനിറം സൂര്യപ്രകാശത്തിൽ  മരതകരത്നസമാനം തിളങ്ങുന്നു. തൊട്ടു മുന്നിലുള്ള ഒരു ചെറുമരത്തിൽ ഒരു കൂട്ടം തീക്കുരുവികൾ( Flame Birds- Pericrocotus flameus) – കുങ്കുമനിറത്തിലും കറുത്ത നിറത്തിലും ഉള്ള ആൺപക്ഷികളും സ്വർണ്ണ നിറത്തിലും ചാരനിറത്തിലും ഉള്ള പെൺപക്ഷികളും കലപിലകൂട്ടുന്നു. സ്വർണ്ണനിറത്തിലും കറുപ്പ് നിറത്തിലുമുള്ള മിന്നിത്തിളങ്ങുന്ന ശരീരമുള്ള മഞ്ഞക്കിളികൾ (Oriolus kundoo), അതിസുന്ദരമായ കടുംനീലനിറം ചാലിച്ചെഴുതിയ പുറം ഭാഗവും കടുംകറുപ്പു നിറമാ‍ർന്ന ബാക്കി ഭാഗങ്ങളുമുള്ള ലളിത (Fairy- Blue Bird- Irena puella) എന്നിവയും പരിസരത്ത് സന്നിഹിതരായി. ഹോഡ്ജ്സൺസ് മരംകൊത്തി (Picus hodgsoni) പരിസരത്തുള്ള ജീർണ്ണിക്കാൻ തുടങ്ങിയ മരത്തിനു മേൽ കൊത്തിയുണ്ടാക്കുന്ന ശബ്ദം കാടു മുഴുവൻ മുഴങ്ങി. കാഴ്ചക്കാരുടെ ദിങ്മാത്രദർശനത്തിൽ അത് മരത്തിനു മറുവശത്തേക്ക് വഴുതി മാറി. വനാന്തരത്തിൽ നിന്നുമുള്ള മടക്കയാത്ര ബാവലി പാലത്തിനടുത്തെത്തി. പാലത്തിനടിയിൽ ഒട്ടനവധി തേനീച്ച കൂട്ടങ്ങൾ സ്ഥിരം താവളമാക്കി മാറ്റിയിട്ടുണ്ടായിരുന്നു. പാലത്തിന് സമീപമുണ്ടായിരുന്ന ഒരു വില്ലോ മരത്തിൽ അമ്പത്- അറുപത് ആനറാഞ്ചി പക്ഷികളും (Dicrurus macrocercus) ചെന്തലയൻ വേലിത്തത്തകളും (Merops viridis) തേനീച്ചക്കൂടുകൾക്കഭിമുഖമായി ഇരിക്കുന്നുണ്ടായിരുന്നു . അവ ഓരോന്നായി പാലത്തിന്റെ ആർച്ചിനിടയിലൂടെ പറന്ന് വന്ന് ഈച്ചകളെയും കൊത്തി തൊട്ടടുത്ത കാട്ടിലേക്ക് മറഞ്ഞ് തങ്ങളുടെ ആഹാരം ആസ്വദിച്ചു ഉള്ളിലാക്കുന്നത് അവർ ഏറെ സമയം നോക്കിനിന്നു. എത്രമാത്രം ഈച്ചകളെയാണ് ഇവർ ചുരുങ്ങിയ സമയം കൊണ്ട് ഉള്ളിലാക്കിയിട്ടുണ്ടാവുക.
സൂര്യാസ്തമയത്തിനു മുന്നെ അൽപം അകലെയായി ഒരു എബണി മരത്തിൽ മേനിപ്രാവ് 1(Green Imperial Pigeon -Carpophaga insignis) തന്റെ മൃദുവായയ തൂവലുകൾ കൊത്തി ഒതുക്കുന്നു. മരപ്രാവുകൾ (wood pigeon) അരുവിയിലൂടെ താഴെക്ക് തെന്നിപ്പറക്കുമ്പോൾ പിന്നിലുള്ള വനാന്തരത്തിൽ ഒരു കാട്ടുമൂങ്ങയുടെ ( Great Eagle Owl - Bubo nipalensis) മൂളൽ പ്രതിദ്ധ്വനിക്കുന്നുണ്ടായിരുന്നു.

പുസ്തകത്തിൽ തനിക്ക് അനുവദിച്ചിട്ടുള്ള സ്ഥലത്തിന്റെ പരിമിതിക്കിടയിൽ എങ്ങിനെയാണ് ഈ വനത്തിൽ പറന്നുകളിക്കുന്ന നൂറുകണക്കിന് പക്ഷികളെ താൻ വിവരിക്കുക എന്ന് ചോദിച്ചുകൊണ്ടാണ് റോഡ് മോർഗൻ തന്റെ പക്ഷികളെക്കുറിച്ചുള്ള വിവരണം അവസാനിപ്പിക്കുന്നത്. അദ്ദേഹം സ്വയം സമാധാനിക്കുന്നത് പുസ്തകത്തിന്റെ അവസാനം പക്ഷികളുടെ വരണ്ട പട്ടിക നൽകാമെന്ന് പറഞ്ഞാണ്.

അന്നത്തെ മലബാർ ജില്ല പക്ഷി വൈവിധ്യത്താൽ സമ്പന്നമാണെന്ന് അദ്ദേഹം പറയുന്നുണ്ട്. ടി.സി ജർഡണിന്റെ 'ഇന്ത്യയിലെ പക്ഷികൾ' എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി മലബാർ മാനുവലിന്റെ രണ്ടാം വോളിയത്തിലുള്ള അപ്പൻഡിക്സ് നാലിൽ മലബാറിലെ 420 പക്ഷികളുടെ പട്ടിക അദ്ദേഹം നൽകിയിട്ടുണ്ട്. എങ്കിലും ഈ യാത്രാവിവരണത്തിലൂടെ മോർഗന്റെ സൂക്ഷ്മനിരീക്ഷണ പാടവവും ജീവജാലങ്ങളുടെ കാര്യത്തിലുള്ള താൽപര്യവും വ്യക്തമാവുന്നു. 'മലബാർ മാനുവൽ' എന്ന പുസ്തകത്തിന്റെ മികവിന് യോജിച്ച വിവരണമാണ് ഇതെന്നു പറയാം. കിളികളെ സ്നേഹിക്കുന്ന ഒരാൾക്ക് ഒരു ദീർഘമായ വനയാത്ര നടത്തിയ പ്രതീതി ഉണ്ടാക്കാൻ പര്യാപ്തമാണ് 'മലബാ‍ർ മാനുവലി'ലെ  പക്ഷികളെക്കുരിച്ചുള്ള വിവരണങ്ങൾ


ഇവിടെ സൂചിപ്പിച്ചിരിക്കുന്ന പക്ഷികളുടെ പേരും ഇന്നത്തെ ശാസ്ത്രനാമവും 

1.പാണ്ടൻ വേഴാമ്പൽ- Malabar Pied Hornbill (Anthracoceros coronatus)
2.കാക്കമീൻകൊത്തി- Stork-billed Kingfisher (Pelargopsis capensis)
3.പുള്ളിമീൻ കൊത്തി- Lesser Pied Kingfisher (Ceryle rudis)
4.മീൻകൊത്തിചാത്തൻ- White breasted Kingfisher (Halcyon smyrnensis)
5.പൊടിപ്പൊൻമാൻ Blue-eared Kingfisher (Alcedo meninting )
6.ചെന്തലയൻ വേലിത്തത്ത Chestnut-headed Bee-eater (Merops leschenaulti)
7.നാട്ടുവേലിത്തത്ത
8.കാലിമുണ്ടി- Cattle Egret (Bubulcus coromandus)
9.കാട്ടുകോഴി- Grey Junglefowl( Gallus sonneratii)
10.നാകമോഹൻ – Asian Paradise-Flycatcher (Terpsiphone paradisi)
11.കൊക്കൻ തേൻകിളി- Loten’s Sunbird ( Cinnyris lotenius)
12.മഞ്ഞത്തേൻകിളി - Purple-rumped Sunbird ( Leptocoma zeylanica)
13.ചൂളക്കാക്ക- Malabar Whistiling-Thrush ( Myiphonus horsefieldii)
14.മലമുഴക്കി വേഴാമ്പൽ – Great Pied Hornbill (Buceros bicornis)
15.തെക്കൻ ചിലുചിലപ്പൻ – Blanford’s Laughing thrush ( Trochalopteron jerdoni) പക്ഷെ അവ പതുങ്ങൻ ചിലുചിലുപ്പനാവാനാണ് സാധ്യത. Wayanad Laughingthrush (Dryonastes delesserti)
16.നീലപ്പാറക്കിളി- Blue Rock-Thrush (Monticola solitarius)
17.വെള്ളക്കണ്ണിക്കുരുവി- Oriental White-eye (Zosterops palpebrosus)
18.കരിമ്പൻ കാട്ടുബുൾബുൾ – Square-tailed Black Bulbul (Hypsipetes ganeesa)
19.ഗൗളിക്കിളി -  Velvet-fronted Nuthatch (Sitta frontalis)
20.ചിന്നക്കുട്ടുറുവൻ- White Cheeked Barbet ( Megalaima viridis)
21.ചിത്രകൂടൻ ശരപ്പക്ഷി - Indian Edible-nest Swiftlet (Collocalia unicolor)
22.വിറയൻ പുള്ള് - Common Kestral ( Falco tinnunculus)
23.കാടുമുഴക്കി- Greater Racket-tailed Drongo (Dicrurus paradiseus)
24.തീകാക്ക- Malabar Trogon (Harpactes fasciatus)
25.ഓമനപ്രാവ് - Emerald Dove (Chalcopahps indica)
26.തീക്കുരുവികൾ – Scarlet Minivet (Pericrocotus Flammeus)
27.മഞ്ഞക്കിളി - Eurasian Golden Oriole (Oriolus oriolus)
28.ലളിത – Asian Fairy- Blue Bird ( Irena puella)
29.Picus hodgsoni
30.ആനറാഞ്ചി - Black Drongo ( Dicrurus macrocercus)
31.ചെന്തലയൻ വേലിത്തത്ത – Chestnut-headed bee-eater (Merops viridis)
32.മേനിപ്രാവ് - Green Imperial Pigeon ( Ducula arenea)
33.അമ്പലപ്രാവ് - Blue Rock Pigeon (Columba livia)
34. കാട്ടുമൂങ്ങ – Forest Eagle-Owl ( Bubo nipalenis)



മലബാർ നാച്യുറൽ ഹിസ്റ്ററിയുടെ മലബാർ ട്രോഗൺ vol 18-1 JAN-MARCH 2020 ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം. ആ ലേഖനത്തിന് ഇവിടെ ക്ലിക് ചെയ്യുക.



2016, ജൂൺ 14, ചൊവ്വാഴ്ച

ഹരിതാഭം ആ ഓര്‍മ്മകള്‍


ഓര്‍മ്മകള്‍ പച്ചപിടിച്ചു നില്‍ക്കുക, അതൊരു ഹൃദ്യമായ അനുഭവമത്രെ. പച്ചയും പച്ചപ്പും നിറഞ്ഞതാണ് ആ ഓര്‍മ്മകളെങ്കിലോ? കാലത്തിന്റെ വരണ്ട പാതകളില്‍ ഒരു കുളിര്‍തെന്നലായി വീശുന്ന ഊര്‍ജദായകമായ ചില സ്മൃതിചിത്രങ്ങള്‍. 1999 മുതല്‍ 2004 വരെ നീണ്ട മലപ്പട്ടം ഹൈസ്ക്കൂളിലെ അധ്യാപനജീവിതത്തിനിടയില്‍ പ്രകൃതിയെ കേട്ടറിയാനും തൊട്ടറിയാനും സര്‍വ്വോപരി അനുഭവിച്ചറിയാനും കഴിഞ്ഞ ചില അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലേക്കൊരു തിരിഞ്ഞുനോട്ടം മാത്രമാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം.
മിക്ക വിദ്യലയങ്ങളിലും പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ വഴിപാടുകളും ചൊല്ലിക്കൂട്ടലുകളുമാവുമ്പോള്‍ അവയൊക്കെ കൊണ്ടാടപ്പെടുന്ന ഈ വിദ്യാലയത്തിലേക്ക് അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകനായ ശ്രീ സി വിശാലാക്ഷന്‍ മാസ്റ്റര്‍ രണ്ടാമതൊരിക്കല്‍കൂടി കടന്നുവരുന്നു. പരിസ്ഥിതി പ്രവര്‍ത്തനമെന്നത് ശീതീകരിച്ച മുറികളിലിരുന്ന് പണ്ഡിതന്‍മാര്‍ നടത്തേണ്ടതാണെന്ന ബോധമുണ്ടായിരുന്നവരായിരുന്നു ഞങ്ങളേറെയും. വരണ്ട സ്ക്കൂള്‍ ഗ്രൗണ്ടില്‍ തണല്‍ സൃഷ്ടിച്ച മാഷ് ചെടികളെയും പൂമ്പാറ്റകളെയും പേരുചൊല്ലി വിളിക്കുന്നതും പരിസ്ഥിതിപ്രശ്നങ്ങളെപ്പറ്റി വാതോരാതെ സംസാരിക്കുന്നതും ഞങ്ങള്‍ക്കാദ്യം കൗതുകമായിരുന്നു. പരിസ്ഥിതിക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ സജീവമായതോടെ ഞങ്ങള്‍ ഒരു കൂട്ടം അധ്യാപകര്‍ ഹരിത ബോധത്തിലേക്ക് ജ്ഞാനസ്നാനം ചെയ്യപ്പെടുകയായിരുന്നു. പുറം കണ്ണിനൊപ്പം അകക്കണ്ണും തുറന്നവരായി ഞങ്ങള്‍.
പഠനമെന്നത് നാലുചുവരുകള്‍ക്കുള്ളിലൊതുങ്ങിപ്പോവുകയും വിരസമായ കറുത്ത ബോര്‍ഡും വരണ്ടചോക്കുകഷണങ്ങളും പഠനോപകരണങ്ങളാവുകയും ചെയ്യുമ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നല്‍കിയ വ്യത്യസ്തത എടുത്തുപറയേണ്ടതാവുന്നു. കുരുന്നുകളുടെ അന്വേഷണത്വരയും നേതൃപാടവവും പുറത്തെത്തിച്ചു ആ പ്രവര്‍ത്തനങ്ങള്‍. പുസ്തകങ്ങളില്‍ വായിച്ചറിഞ്ഞ ഇരപിടിയന്‍ സസ്യങ്ങളെ സ്ക്കൂളിനു ചുറ്റുമുള്ള പാറപ്പരപ്പില്‍ നേരിട്ടുകണ്ടപ്പോള്‍, വെള്ളം നിറഞ്ഞ പാറക്കുഴികളില്‍ വര്‍ണ്ണമനോഹരങ്ങളായ തുമ്പികളുടെ കറുത്ത ഇത്തിരിപ്പോന്ന പുര്‍വ്വരൂപങ്ങളെ ദര്‍ശിച്ചപ്പോള്‍ അവരുടെ കണ്ണുകളില്‍ അമ്പരപ്പും ആഹ്ളാദവും ഒപ്പം ചാരിതാര്‍ത്ഥ്യവും. ജീവശാസ്ത്രം പഠിപ്പിക്കേണ്ടവനായ ഈ ഉള്ളവന്‍ അനേകവര്‍ഷത്തെ കലാലയ പഠനം കൊണ്ട് നേടിയെടുത്തത് ഇതിലെത്രയോ തുച്ഛം.
പത്രത്താളുകളില്‍ മാത്രം കേട്ടറിഞ്ഞ സൈലന്റ്‌വാലി താഴ്വരയുടെ നിശ്ശബ്ദതയിലേക്കൊരു തീര്‍ത്ഥയാത്രയെപ്പറ്റി സൂചിപ്പിച്ചപ്പോള്‍ എന്തിനും തയ്യാറായി നിഷ്ക്കളങ്കരായ കുട്ടികള്‍. അധ്യാപികമാര്‍ക്ക് ക്ഷാമം നേരിടുന്ന സ്ക്കൂളില്‍ അനുഗാമികളാവാന്‍ ആരുമില്ല. പക്ഷെ ഏതാനും കുട്ടികളുടെ അമ്മമാര്‍ തയ്യാര്‍. ലൈന്‍ബസ്സുകളില്‍ ഇറങ്ങിക്കയറി ലക്ഷ്യസ്ഥാനത്തേക്ക്. നിത്യ വിശുദ്ധയായ കുന്തിപ്പുഴയുടെ സ്ഫടികസമാന തീര്‍ത്ഥജലം കോരിക്കുടിക്കാതെ എന്ത് മനുഷ്യജന്മം. ആകാശം തൊടുന്ന ഉത്തുംഗഗോപുരമേറി ചുറ്റുമുള്ള മലനിരകളിലൊന്ന് കണ്ണോടിച്ചാല്‍ ഏത് പരുഷഹൃദയവും ഭൂമാതാവിനെ സ്നേഹിച്ചു പോകും. സൈലന്റ്‌വാലി ഉള്‍ക്കുളിരായി മനസ്സിലലിഞ്ഞു.
വിശാലാക്ഷന്‍മാസ്റ്റര്‍ മറ്റൊരു വിദ്യാലയത്തിലേക്ക് സ്ഥലം മാറിപ്പോയി. എങ്കിലും വര്‍ഷാവര്‍ഷം വനയാത്രയും പരിസ്ഥിതി ക്ളബ്ബ് പ്രവര്‍ത്തനവും ആവേശമായി,നിര്‍വൃതിയായി കുട്ടികള്‍ക്കും ഞങ്ങള്‍ ഒരു കൂട്ടം അധ്യാപകര്‍ക്കും. മുത്തങ്ങ വന്യജീവി സങ്കേതമായിരുന്നു അടുത്ത ഊഴം. കഥാപുസ്തകങ്ങളില്‍ നിന്നും ആനകളും മാനുകളും കരടിയും കാട്ടുനായ്ക്കളും കണ്ണെത്തും ദൂരെ ഇറങ്ങി വന്നപ്പോള്‍ പ്രകൃതിയുടെ വൈവിധ്യവും വൈശിഷ്ട്യവും ഞങ്ങളറിഞ്ഞു. ആനക്കൂട്ടത്തിന്റെ മുന്നിലകപ്പെട്ടതും ശ്വാസമടക്കി ഒഴിഞ്ഞുമാറിയതും ഇന്നലെയല്ലെ? ഭൂമിയുടെ അവകാശികള്‍ ആരെല്ലാമാണെന്ന് ഇതിലും ഭംഗിയായി എങ്ങിനെ മനസ്സിലാക്കാന്‍? കേരളവും തമിഴ്‌ നാടും കര്‍ണാടകവും അതിര‍ിടുന്ന വനാന്തര്‍ഭാഗത്തു വെച്ച് തിളങ്ങുന്ന കണ്ണുകളുള്ള ഒരു കുട്ടി ചോദിച്ചു,'കേരളത്തിന്റെ ആനകള്‍ തമിഴ്‌നാട്ടിലേക്കു പോയാല്‍ എന്തു ചെയ്യും മാഷേ?' ഭാഷയ്ക്കും സമുദായത്തിനും രാഷ്ട്രീയത്തിനും നദീജലത്തിനു പോലും തമ്മില്‍ത്തല്ലുന്ന മനുഷ്യമനസ്സാക്ഷിയെ പരിഹസിക്കുകയായിരുന്നില്ലേ ആ നിഷ്കളങ്ക ഹ‍‍ൃദയം‍. ആറളം വന്യജീവി സങ്കേതത്തിലുമെത്തി ‍‍ഞങ്ങളുടെ സംഘം. വനാന്തര്‍ഭാഗത്ത് മുളം കൂട്ടിലുള്ള അന്തിയുറക്കം ,പശ്ചാത്തല സംഗീതമായി ആനകളുടെ ചിന്നം വിളികളും മുളംകാടിളക്കലും. മലപ്പട്ടത്തെ പുണര്‍ന്നൊഴുകുന്ന വളപട്ടണം പുഴയുടെ ബാല്യരൂപമായ ചീങ്കണ്ണിപ്പുഴ. അതിന്റെ തീരത്തുകൂടെ അണിമുറിയാതൊഴുകുന്ന ആല്‍ബട്രോസ് ശലഭങ്ങള്‍ . അവ എവിടെ നിന്നു വരുന്നു? എങ്ങോട്ട് പോകുന്നു? നമ്മെപ്പോലെത്തന്നെ. ഇനിയും ഓര്‍മ്മകള്‍ ഏറെ .....അധ്യാപകര്‍ മാത്രമുള്ള ശിരുവാണി വനത്തിലെ സഹവാസം, സ്കൂളില്‍ സംഘടിപ്പിച്ച വിവിധങ്ങളായ വിജ്ഞാനപ്രദങ്ങളായ പരിസ്ഥിതി ക്ളബ്ബ് പ്രവര്‍ത്തനങ്ങള്‍, കേരളത്തിലെ പരിസ്ഥിതിരംഗത്തെ ആധികാരികശബ്ദങ്ങളില്‍ പ്രമുഖനായ ശിവപ്രസാദ് മാസ്റ്ററും കുട്ടികളുമൊത്തുള്ള സംവാദം- പാറപ്പരപ്പുകളില്‍ കൂടിയുള്ള യാത്ര, ശലഭ നിരീക്ഷകനായ വി സി ബാലകൃഷ്ണനും പൂമ്പാറ്റകളും കുട്ടികളുമായി ഒരു മുഴുദിനം, ഔഷധസസ്യങ്ങളെ തേടി കൃഷ്ണന്‍ മാസ്റ്ററുമൊത്തുള്ള പരിസരയാത്ര,...അങ്ങിനെ അവ ഓര്‍മ്മയുടെ അകത്തളങ്ങളില്‍ പ്രകാശം വിതറി പ്രശോഭിക്കുന്നു.
പ്രകൃതി എന്ന മഹാഗുരുനാഥന്റെ മുന്നില്‍ എല്ലാവരും ജിജ്ഞാസുക്കളായ ശിഷ്യരായിത്തീര്‍ന്ന എത്ര ദിനങ്ങള്‍. ഗുരുവും ശിഷ്യനും ഒന്നാവുന്ന അവസ്ഥ. ഒരുമിച്ച് ജീവിച്ച് സംവദിച്ച് ഉണ്ടുറങ്ങിയ ആ ദിനങ്ങള്‍ വിദ്യാഭ്യാസത്തെക്കുറിച്ച് പുതിയൊരവബോധം ഞങ്ങളില്‍ നിറച്ചു. വിദ്യാഭ്യാസമെന്നത് അറിയിക്കലല്ല അറിയലാണെന്ന ബോധം ,നിറക്കലല്ല കൊണ്ടാടലാണെന്ന ബോധം, പുല്ലും പുല്‍ച്ചാടിയും മരവും മരംകൊത്തിയും പുഴുവും പൂമ്പാറ്റയും ഒന്നാണെന്ന തിരിച്ചറിവ്. ഈ മനോഹര ഭൂമിയില്‍ സര്‍വ്വചരാചരങ്ങള്‍ക്കും നിശ്ചിതസ്ഥാനവും പ്രാധാന്യവും ഉണ്ടെന്ന തിരിച്ചറിവ്, അതുള്‍ക്കൊള്ളാനും കൈമാറാനുമുള്ള മനസ്സ്...ഒരു പക്ഷെ ഇതായിരിക്കും ഞങ്ങള്‍ അധ്യാപകരും അനുഗാമികളായെത്തിയ നിഷ്കളങ്കരായ കുട്ടികളും ഈ അനുഭവങ്ങളിലൂടെ ആര്‍ജിച്ചെടുത്തത്.


 
(മലപ്പട്ടം ഹയര്‍സെക്കന്ററി സ്ക്കൂള്‍ രജതജൂബിലി സ്മരണിക-2005)

2010, ജൂലൈ 24, ശനിയാഴ്‌ച

കണ്ടലും(തും)കാണേണ്ടതും

പ്രവേശനകവാടം
       ടുവില്‍ കണ്ടല്‍ പാര്‍ക്ക് അടച്ചുപൂട്ടി.വാദങ്ങള്‍ക്കും മറുവാദങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും ആക്രോശങ്ങള്‍ക്കും ഒടുവില്‍ അങ്ങിനെയൊരു പാര്‍ക്കേ നിലവിലില്ലെന്ന് സംഘാടകര്‍ തന്നെ തിരുത്തുന്നു.വാങ്ങിയത് പ്രവേശനഫീസല്ലെന്നും സംഭാവനമാത്രമെന്നും പ്രഖ്യാപനം.കണ്ടല്‍ പാര്‍ക്ക്പൂട്ടിച്ചതിനുശേഷം മാത്രം മറ്റ് കാര്യങ്ങളെന്ന് പ്രതിപക്ഷം.മാസങ്ങള്‍ക്കു മുന്നെ പാര്‍ക്കിന്നെതിരെ സമരംചെയ്ത് തല്ലു്വാങ്ങിയ പരിസ്ഥിതി പ്രവര്‍ത്തകരെ ചിത്രത്തിലെങ്ങും കാണാനില്ല.ജനാധിപത്യത്തിന്റെ നെടുംതൂണായ പ്രതിപക്ഷബഹുമാനവും ഫെഡറല്‍ സംവിധാനത്തിന്റെ നിലനില്പ് തന്നെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള വിവാദങ്ങള്‍.
         അതിലോലവും അതേ സമയം അതി സങ്കീര്‍ണ്ണവുമായ ഒരു ആവാസവ്യവസ്ഥയാണ് കണ്ടല്‍ക്കാടുകളുടേത്. ജെ.സി.ബി കളുപയോഗിച്ച് മണ്ണുമാന്തി നീക്കിയും ഒഴുകിനടക്കുന്ന റസ്റ്റോറന്റുകള്‍ തീര്‍ത്തും സ്വാഭാവിക സംരക്ഷണം നടക്കില്ലെന്ന് തീര്‍ച്ച.അര്‍ദ്ധരാത്രിവരെ കത്തിനില്ക്കുന്ന ഹാലജന്‍ ബള്‍ബുകളും വൈദ്യുതാലങ്കാരവും ജീവജാലങ്ങള്‍ക്ക് എന്ത് സ്വൈര്യമാണ് നല്കുക?സമ്പത്തിന്റെയും സമൃദ്ധിയുടെയും നിറവിലുള്ള ജനസാമാന്യത്തിന് സുഗന്ധദ്രവ്യങ്ങളും പൂശി കടും നിറമാര്‍ന്ന ആടയാഭരണങ്ങളും അണിഞ്ഞ് വിലകൂടിയ കാറുകളിലെത്തി ഐസ്ക്രീമും പിസ്തയും മറ്റും തിന്ന് ആര്‍ത്തുല്ലസിക്കാനുള്ള മറ്റൊരുകേന്ദ്രം കൂടി എന്നല്ലാതെ എന്തു കണ്ടല്‍? എന്തു പരിസ്ഥിതി?
എന്തുകൊണ്ട് കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കപ്പെടണം?വനംവകുപ്പിനും സര്‍ക്കാറുകള്‍ക്കും അതില്‍ എന്തു ചെയ്യാനുണ്ട്?ജനങ്ങളുടെ കൂട്ടായ്മകള്‍ കണ്ടല്‍സംരക്ഷണം ഏറ്റെടുക്കുന്നത് നല്ലതല്ലേ?വിനോദസഞ്ചാരത്തിനും അതുവഴി ലാഭമുണ്ടാക്കാനും ഈ ലോലമായ ആവാസത്തെ വിട്ടുകൊടുക്കേണ്ടതുണ്ടോ?സംരക്ഷിക്കപ്പെടുന്നത്പാര്‍ട്ടി-വ്യക്തിതാല്‍പ്പര്യങ്ങളായിരിക്കില്ലേ?ചോദ്യങ്ങള്‍ നിരവധിയാണ്.

       ശാസ്ത്രവും ലോകവും യഥാര്‍ത്ഥ പ്രാധാന്യം മനസ്സിലാക്കിവരുമ്പേഴേക്കും നമ്മുടെ കണ്ടല്‍ക്കാടുകളുടെ ഭൂരിഭാഗവും നഷ്ടപ്പെട്ടിരുന്നു.കടലും കരയും ചേരുന്നയിടങ്ങളിലും നദികളുടെയും കായലുകളുടെയും അഴിമുഖങ്ങളിലുമാണ് ഇവ സ്വാഭാവികമായും കണ്ടുവരുന്നത്.560 കിലോമീറ്റര്‍ സമുദ്രതീരവും ഒഴുകിഎത്തുന്ന 41 നദികളും ഉള്ള കേരളം കണ്ടല്‍സമൃദ്ധിയില്‍ മുന്നിലായിരുന്നു.700 .കി.മീ കണ്ടല്‍ക്കാടുകള്‍ ഇവിടെ ഉണ്ടായിരുന്നു.ഇന്‍ഡ്യയിലെ ഏറ്റവും വലിയ കണ്ടല്‍ക്കാടായ ബംഗാളിലെ സുന്ദരവനത്തിനു തൊട്ടുപിന്നില്‍.പക്ഷെ ഇന്ന് കേരളത്തില്‍ ഇന്ന് അവശേഷിക്കുന്നത് വെറും 35 .കി.മീ മാത്രം.(20 .കി.മീ എന്ന് 23/07/2010 ലെ മാതൃഭൂമി)അതും തൊണ്ണൂറ് ശതമാനവും സ്വകാര്യവ്യക്തികളുടെ കൈവശവും.ഇതില്‍ 83ശതമാനവുംകാസര്‍ഗോഡ്,കണ്ണൂര്‍,കോഴിക്കോട്,മലപ്പുറം ജില്ലകളിലാണുള്ളത്.തീരദേശസംരക്ഷണനിയമവും പരിസ്ഥിതി ദുര്‍ബ്ബല പ്രദേശനിയമവും ഒക്കെ നോക്കുകുത്തിയാവുകയും പുഴയോരങ്ങളും കടല്‍ത്തീരങ്ങളും ആകെ ഷോപ്പിംഗ് കോപ്ളംക്സുകളും ആശുപത്രികളും കെട്ടിടങ്ങളും നിറയുകയും ചെയ്തു.കണ്ണൂര്‍ ജില്ലയിലെ പലപ്രദേശങ്ങളും അറവുമാലിന്യങ്ങളും ഹോട്ടല്‍ അവശിഷ്ടങ്ങളും നിക്ഷേപിക്കുന്ന സ്ഥലങ്ങളുമായിത്തീര്‍ന്നു.അവസാനത്തെ കഷണങ്ങള്‍ ഇപ്പോള്‍ ടൂറിസത്തിനായും.ഇക്കോടൂറിസം എല്ലായിടങ്ങളിലും ഇക്കോടെററിസമായിത്തീരുന്നത് കാലത്തിന്റെ കാഴ്ച.
  കണ്ണുരില്‍കണ്ടലുകള്‍അവശേഷിക്കുന്നത്പ്രധാനമായുംപഴയങ്ങാടി,മാട്ടൂല്‍,പാപ്പിനിശ്ശേരി,പയ്യന്നൂര്‍
പ്രദേശങ്ങളിലാണ.ഉപ്പൂറ്റ,കായക്കണ്ടല്‍,പൂക്കണ്ടല്‍,ചക്കരക്കണ്ടല്‍,കണ്ണാംപൊട്ടി,പിച്ചളക്കണ്ടല്‍,തിപ്പലം,ചുള്ളി,മച്ചിന്തോല്,തുടങ്ങിയ ഇനങ്ങളാണ് ഇവിടങ്ങളില്‍ പ്രധാനമായും കണ്ടുവരുന്നത്.ഇതില്‍ തിപ്പലം(Lumnitzera racemosa) എന്ന സസ്യം പയ്യന്നൂരില്‍ മാത്രമെ കാണുന്നുള്ളു.
       കേരളത്തിലെ കണ്ടലുകളെ കുറിച്ചുള്ള ഒരു പഠനം പറയുന്നത് ജൈവവൈവിധ്യത്തിന്റെ യഥാര്‍ത്ഥ കലവറകളാണ് ഇവിടം എന്നാണ്.18 ഇനം യഥാര്‍ത്ഥ കണ്ടലുകളും 23 സഹചാരിസസ്യങ്ങളും 53 ഇനം മറ്റ് സസ്യങ്ങളും കണ്ടെത്തുകയുണ്ടായി.144 നട്ടെല്ലില്ലാത്ത ജീവിവര്‍ഗ്ഗങ്ങള്‍,22 ഇനം മത്സ്യങ്ങള്‍,14 ഇനം ഉരഗങ്ങള്‍,196 ഇനം പക്ഷികള്‍,13 ഇനം സസ്തനങ്ങള്‍ എന്നിവയും കണ്ടലുകള്‍ക്കിടയില്‍നിന്ന് റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി.കണ്ടല്‍ച്ചെടികളുടെ താങ്ങുവേരുകളും ശ്വസനവേരുകളും നിറഞ്ഞ അടിത്തട്ട് അപൂര്‍വ്വമായ സൂക്ഷ്മാവസ്ഥ സൃഷ്ടിക്കുന്നു.ചെളിയും മണ്ണും ധാതുക്കളും നിറഞ്ഞ അവിടം നിരവധി ജീവിവര്‍ഗ്ഗങ്ങളുടെ ആവാസകേന്ദ്രവും പ്രജനനകേന്ദ്രവും ആണ്.ഇതാണ് വിപുലമായ ജൈവവൈവിധ്യത്തിനടിസ്ഥാനം.
കണ്ടലുകള്‍ നല്‍കിവന്ന സേവനങ്ങള്‍ തീരുന്നില്ല.ഉപ്പുജലം കരയിലെത്താതെ പിടിച്ചു നിര്‍ത്തുന്നതും ഇവരത്രെ.സമൂഹനന്മയ്ക്കായി കാളകൂടം കുടിച്ച ശിവനെപ്പോലെ ഉപ്പു മുഴുവന്‍ ഊറ്റിക്കുടിച്ച് "ഉപ്പട്ടി”(Avicennia officianalis, A.marina)എന്നു പേരുണ്ടായ കണ്ടലും ഇതില്‍പ്പെടുന്നു.ചുറ്റുമുള്ളവര്‍ക്ക് വിറകും കാലിത്തീറ്റയും ഫര്‍ണ്ണിച്ചറുകളുടെ നിര്‍മ്മാണത്തിനുള്ള തടിയും തോണിനിര്‍മ്മാണത്തിനുള്ള മരവും വരെ ഇവരില്‍നിന്നും ലഭിച്ചിരുന്നു.മിക്ക ഇനങ്ങളും നല്ല ഔഷധങ്ങള്‍ക്കൂടിയാണ്.തലമുറകളായി ദേശാടനപക്ഷികളുടെ ഇഷ്ടസങ്കേതമായ ഈ ആവാസത്തിന്റെ നാശം വിരുന്നെത്തുന്ന ചിറകുള്ള ചങ്ങാതിമാരെ നമ്മുടെ നാട്ടില്‍നിന്നും എന്നേക്കുമായി അകറ്റുകയായിരിക്കും ചെയ്യുക.കണ്ടല്‍വനങ്ങളുടെ ആവശ്യം നേരിട്ടറിഞ്ഞത്
ഉപ്പട്ടി ഇലകളില്‍ ഉപ്പ്പരലുകള്‍
സുനാമിക്കാലത്തായിരുന്നു.പല തീരങ്ങളും തിരമാലകള്‍ക്ക് പൂര്‍ണ്ണമായും കീഴടങ്ങിയപ്പോള്‍ പിടിച്ചുനില്ക്കാനായത് കണ്ടല്‍ത്തീരങ്ങള്‍ക്ക് മാത്രം.

           അല്‍പമെങ്കിലും അവശേഷിക്കുന്ന അതിപ്രാധാന്യമുള്ള ഈ ആവാസത്തെ സംരക്ഷിക്കാനും ഭാവിതലമുറയ്ക്കായി കൈമാറാനും നമുക്കാവുമോ എന്നതാണ് യഥാര്‍ത്ഥ ചോദ്യം.മാധ്യമങ്ങളുടെയും രാഷ്ട്രീയക്കാരുടെയും ശബ്ദഘോഷങ്ങള്‍ക്ക് ഇതിനാവുമോ?കണ്ടല്‍പൊക്കുടനെപ്പോലെ ചിലരെങ്കിലും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.പരിസ്ഥിതി പ്രവര്‍ത്തകര്‍ കണ്ടല്‍ക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചുതുടങ്ങിയിട്ടുണ്ട്."ഒരേ ഭൂമി ഒരേ ജീവന്‍”,'സീക്ക്" തുടങ്ങിയവര്‍ ഏറ്റെടുത്തു മനുഷ്യസാന്നിധ്യമില്ലാതെ സംരക്ഷിക്കുന്ന കുറച്ച് കണ്ടല്‍ക്കാടുകള്‍ കണ്ണൂര്‍ ജില്ലയിലുണ്ട്. പലയിടത്തുംവിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സംരക്ഷണ-ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട് എന്നതും പ്രതീക്ഷനല്കുന്നു. വനംവകുപ്പും വൈകിമാത്രം ചിലകാര്യങ്ങള്‍ ചെയ്തുതുടങ്ങിയിട്ടുണ്ട്.മാധ്യമങ്ങളിലും ഹരിതചിന്തയുടെ മിന്നലാട്ടങ്ങള്‍ കാണാനുണ്ട്.പല ജാതി ജീവികള്‍,ഒരു ഭൂമി,ഒരു ഭാവി എന്ന മുദ്രാവാക്യവുമായി ലോകം ജൈവവൈവിധ്യസംരക്ഷണം മാനവവംശ സംരക്ഷണത്തിനു വേണ്ടി മുഖ്യ കര്‍മ്മപരിപാടിയാക്കുമ്പോള്‍ നമുക്കും കണ്ടലുകളിലെ കാണാത്തതിനെ കാണാനും ഭാവിതലമുറയ്ക്കായി സംരക്ഷിക്കാനും ശ്രമിക്കാം.

2010, ജൂലൈ 5, തിങ്കളാഴ്‌ച

അഗസ്ത്യകൂടത്തിനുമുകളില്‍

     
          ഇതൊരു അപൂര്‍വ്വാനുഭവം,വടക്കന്‍ കേരളത്തില്‍ നിന്നും അഞ്ഞൂറോളം കിലോമീറ്ററുകള്‍ താണ്ടി അത്യുന്നതമായ ഈ ഗിരിമകുടത്തിന്റെ ഗരിമയും ഗാംഭീര്യവും ഒപ്പം ഭയാനകതയും ആവോളം അനുഭവിക്കുക,കാടുകളും മേടുകളും ചോലകളും മുളങ്കൂട്ടങ്ങളും വഴി തുറന്നുതന്നത് ഈ സ്വപ്നസമാന അന്തരീക്ഷത്തിലേക്കായിരുന്നു.വന്യവും വശ്യവും ആയ ഈ കാഴ്ച തികച്ചും അവര്‍ണ്ണനീയം.
          തിരുവനന്തപുരത്തിനു കിഴക്ക് പശ്ചിമഘട്ടമലനിരകളിലുള്ള അഗസ്ത്യകൂടത്തിലേക്കാണ് ഈ യാത്ര.എല്ലാവര്‍ഷവും ശിവരാത്രിക്ക് മുന്നേയുള്ള ഒരു മാസക്കാലം മാത്രമാണ് വനംവകുപ്പ് ഇവിടേക്ക് തീര്‍ത്ഥാടകരേയും സഞ്ചാരികളേയും അനുവദിക്കുന്നത്.അതും മുന്‍കൂട്ടി പ്രവേശനപാസ്സ് മൂലം എണ്ണം പരിമിതപ്പെടുത്തിക്കൊണ്ട്.2001 ല്‍ രൂപീകരിച്ച അഗസ്ത്യവനം ബയോസ്ഫിയര്‍ റിസര്‍വ്വില്‍പെട്ട അഗസ്ത്യകൂടംകൊടുമുടിക്ക് 1866 മീറ്റര്‍ ഉയരമുണ്ട്,2695 മീറ്റര്‍ ഉള്ള ആനമുടിക്ക് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്ത്.ഈയൊരു കൊടുമുടി കയറുക എന്ന ലക്ഷ്യവുമായാണ് ഞങ്ങളുടെ അഞ്ചംഗസംഘം യാത്ര തുടങ്ങിയത്.
               തിരുവനന്തപുരത്തിന് കിഴക്ക് എഴുപതോളം കിലോമീറ്ററുകള്‍ വളഞ്ഞുപുളഞ്ഞ് കയറി,പത്തോളം ഹെയര്‍പിന്‍ വളവുകള്‍തിരിഞ്ഞ് കെ.എസ്.ആര്‍.ടി.സിയുടെ പകുതി ബസ്സ് ചെന്നുനിന്നത് ബോണക്കാട് തേയിലക്കമ്പനിയുടെ ഇടിഞ്ഞ് പൊളിയാറായ ഓഫീസിനുമുന്നില്‍.തുരുമ്പെടുത്ത നഷ്ടപ്രതാപങ്ങളുമായി ആ മലഞ്ചെരുവില്‍ അങ്ങനെനില്ക്കുന്ന ആ കെട്ടിടസമുച്ചയം ഒരു ഭീകരസത്വത്തിന്റെ പ്രതീതി ജനിപ്പിച്ചു.ഗേറ്റിനുമുന്നിലുള്ള അനുവാദമില്ലാതെ പ്രവേശനമില്ലെന്ന ബോര്‍ഡും അവഗണിച്ച് യാത്രതുടര്‍ന്ന ഞങ്ങളുടെ സംഘം രണ്ടുകിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള വനംവകുപ്പിന്റെ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി.ആള്‍വാസം കുറഞ്ഞപഴയവീടുകളും വളര്‍ച്ചമുരടിച്ച് ഉപേക്ഷിക്കപ്പെട്ട തേയിലത്തോട്ടങ്ങളും സമ്പന്നവും തിരക്ക്പിടിച്ചതുമായ ഒരു ഭൂതകാലത്തിന്റെ ശേഷപത്രമെന്ന് തീര്‍ച്ച.വയനാടന്‍കാടുകളോട് സാമ്യമുള്ള കാടുകളിലൂടെ രണ്ട് മൂന്ന് കിലോമീറ്ററുകള്‍ക്കപ്പുറം അല്‌പം ഉയരത്തില്‍ ഒരു ചെറിയകെട്ടിടം-വനംവകുപ്പുകാരുടെ പരിശോധനാകേന്ദ്രം.ഒരുവശത്ത് യാത്രികരുടെ ബൈക്കുകള്‍ നിരനിരയായി.നാല്പതില്‍പ്പരം പേര്‍ കൌണ്ടറിനുമുന്നില്‍.ബര്‍മുഡയും ട്രക്കിംഗ്ഷൂസും കറുത്തകണ്ണടയും വെച്ച് അടിമുടിചെത്തിനടക്കാന്‍ വന്നവര്‍ മുതല്‍ കാവിയണിഞ്ഞ് ഭസ്മംപൂശി ജടാമകുടങ്ങള്‍ നീട്ടിവളര്‍ത്തിയവര്‍ വരെ.ഏവര്‍ക്കും ഒരേ ലക്ഷ്യം.മുപ്പതോളം കിലോമീറ്ററുകള്‍ക്കപ്പുറമുള്ള അഗസ്ത്യകൂടമലനിരകളുടെ നെറുകയിലെത്തെണം.ദ്വിദിനയാത്രക്കുള്ള ഭാണ്ഡക്കെട്ടുകളില്‍ പഴവുംഅവിലും മലരും തൊട്ട് ബര്‍ഗറും ചീസും ഗ്ളൂക്കോസും 'റെഡ്ബുളും'വരെ. സര്‍വ്വംമറന്ന് ആഹ്ളാദിക്കാനെത്തിയവര്‍, സര്‍വ്വംതൊഴുത് ഭക്തിയില്‍ ആറാടുന്നവര്‍,ഒപ്പം ഈ വനാന്തരത്തിലെ ആറുകളിലും ചോലകളിലും സസ്യങ്ങളിലും പക്ഷികളിലും സര്‍വ്വചരാചരങ്ങളിലും സാക്ഷാത്ക്കാരം തേടുന്ന മറ്റുചിലരും-അങ്ങിനെപോയി ആ വൈവിധ്യം. ഊഴമനുസരിച്ച് പേരുവിളിച്ച് ഐഡന്റിറ്റി ഉറപ്പിച്ചതിനുശേഷം സര്‍വ്വഭാണ്ഢങ്ങളും അഴിച്ചെടുത്തൊരു പരിശോധന. മദ്യവും മറ്റും കൊണ്ടുപോകുന്നത് തടയാനാണത്രെ ഇത്. ഒരു വനവാസി വഴികാട്ടിയായി മുന്നില്‍. വരണ്ട കാടുകള്‍,മലമടക്കുകളോട് ചേര്‍ന്ന് ഇരുണ്ടകാടുകള്‍.നീര്‍ച്ചാലുകളും അരുവികളും പാറക്കൂട്ടങ്ങളില്‍ തട്ടിച്ചിതറുന്നു,പൊട്ടിച്ചിരിക്കുന്നു.കിലോമീറ്ററുകള്‍ ദൃശ്യങ്ങളുടെ തനിയാവര്‍ത്തനം.
          ലാത്തിമൊട്ടയെന്ന ഒന്നാം ക്യാമ്പില്‍ വെച്ച് വഴികാട്ടി മാറുന്നു.സാമാന്യം ദീര്‍ഘങ്ങളായ കയറ്റങ്ങളും ചെറുചെറു ഇറക്കങ്ങളും.വിശ്രമഇടവേളകളുടെ ആവൃത്തിയും ദൈര്‍ഘ്യവും കൂടുന്നു.സഞ്ചിയിലെ പഴങ്ങളുടെ ഏണ്ണവും കുറയുന്നു.കരമനയാറുംനെയ്യാറും ഉള്‍പ്പെടെ തിരുവനന്തപുരം ജില്ലയിലെ ഒട്ടുമിക്ക പ്രവാഹങ്ങളുടെയും തുടക്കം ഈ മലഞ്ചെരിവുകളില്‍നിന്ന്.പലതും മുറിച്ച്കടന്നും നനഞ്ഞ് കയറിയും കുപ്പികളില്‍ ദാഹജലമായി നിറച്ചും കുടിച്ചും ഒരു മണിയോടെ അട്ടയാറെന്ന നീര്‍ച്ചോലയുടെ തീരത്ത് ഉച്ചഭക്ഷണപ്പൊതികളഴിക്കുന്നു. മുന്നേ നടന്നവരും തിരിച്ചിറങ്ങുന്നവരും മരമുത്തശ്ശന്‍മാരുടെ കാല്‍ക്കീഴില്‍ വിശപ്പടക്കുന്നു, വിശ്രമിക്കുന്നു.സമീപം വഴികാട്ടികളായ വനവാസിസഹോദരന്‍മാര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കി അവരും കഴിക്കുന്നു. ഭക്ഷണത്തിനു ശേഷം അട്ടയാറിലെ തെളിനീര് ആവോളം കോരിക്കുടിച്ച് അല്‍പമൊന്ന് വിശ്രമിക്കുമ്പോഴേക്കും പുതിയവഴികാട്ടിയായ ചന്ദ്രന്‍കാണിയുടെ നിര്‍ദ്ദേശം, നേരം പോകുന്നു...ഇനിയുള്ളത് ആനക്കാടുകള്‍.
             വീണ്ടും കയറ്റം.പക്ഷെ ഇപ്പോള്‍ വഴിക്കിരുവശവും രണ്ടാള്‍ ഉയരത്തില്‍ പുല്‍മേടുകള്‍,മലമടക്കുകളോട് ചേര്‍ന്ന് മുളങ്കാടുകള്‍. ആനകള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഈ ആവാസം നോക്കെത്താദൂരത്തില്‍ ഉയര്‍ന്ന്പരന്ന് കിടക്കുന്നു. ഒപ്പമുള്ളവരെ പിന്നിലാക്കി ചന്ദ്രന്‍കാണിക്കൊപ്പം കിതപ്പോടെ വേഗതകൂട്ടി.ചില വിവരങ്ങള്‍ കൈക്കലാക്കുകയായിരുന്നു ഉദ്ദേശ്യം. കാടിന്റെ സ്വഭാവവും പ്രകൃതവും ജനിച്ചപ്പോള്‍തൊട്ട് പരിചയമുള്ള ആ നിഷ്കളങ്കന്‍ തന്റെ സ്വതസിദ്ധമായ ഭാഷയില്‍ കഴിഞ്ഞതീര്‍ത്ഥാടനക്കാലത്ത് ആനക്കൂട്ടം രണ്ടുപേരെക്കൊന്നതും മറ്റും മറ്റും വിവരിച്ചു.മുന്നിലകപ്പെട്ട ആനക്കൂട്ടത്തെ ക്യാമറയിലാക്കാന്‍ ശ്രമിച്ചപ്പോള്‍ ആദ്യമൊന്ന് പോസുചെയ്തവര്‍, ബഹളവും ഫ്ളാഷിന്റെ തീവ്രതയും കൂടിയപ്പോള്‍ യാത്രികര്‍ക്ക് നേരെ തിരിഞ്ഞു. കാട്ടിലും സൈര്യം കൊടുക്കാഞ്ഞാല്‍? കഥകേട്ടതോടെ പുല്‍മേടുകള്‍ക്കിടയിലെ ഓരോ പാറക്കൂട്ടവും ചലിക്കുന്നതുപോലെ! അഗസ്ത്യകൂടത്തിന്റെ മാത്രം പ്രത്യേകതകളായ ആരോഗ്യപ്പച്ചയേക്കുറിച്ചും കല്ലാനകളേക്കുറിച്ചും ആരാഞ്ഞു. വനവാസികള്‍ മരുന്നായും ഭക്ഷണമായും ഉപയോഗിക്കുന്ന ആ ആരോഗ്യപ്പച്ച യാത്രാവഴിയില്‍ കണ്ടുകിട്ടാന്‍ സാധ്യതയില്ലന്നെറിഞ്ഞപ്പോള്‍ വിഷമം തോന്നി.വനാന്തരങ്ങളിലെ കോളനികളിലുള്ള സര്‍വ്വശിക്ഷാഅഭിയാന്റെവിദ്യാലയങ്ങളെക്കുറിച്ചുംഅതിന്റെശോചനീയാവസ്ഥയെക്കുറിച്ചുംസൂചിപ്പിച്ചു.വനവാസികളുടെഇടയില്‍യോഗ്യതയുള്ളവരുണ്ടായിട്ടുംപുറമേനിന്നുള്ളവരെ നിയമിക്കുന്നതാണ് നിലവാരതകര്‍ച്ചക്ക് ഒരു കാരണമെന്ന്പലരും സൂചിപ്പിച്ചു.വനംവകുപ്പുകാരും ജന്തുശാസ്ത്രജ്ഞന്‍മാരുംഇനിയും അംഗീകരിച്ചിട്ടില്ലാത്ത കല്ലാനകളെ അദ്ദേഹം നേരിട്ടുകണ്ടിട്ടുള്ളകാര്യവും അല്‍ഭുതത്തോടെയാണ് കേട്ടത്.കല്ലാനകള്‍ കൂടുതല്‍ അക്രമാസക്തരും വലിയ ഓട്ടക്കാരും ആണത്രെ.ചില ഫോട്ടോഗ്രാഫര്‍മാര്‍ ഈയ്യിടെ കല്ലാനകളുടെ ഫോട്ടോഎടുത്ത വിവരം മാധ്യമങ്ങളില്‍ വന്നിരുന്നു.
       പുല്‍മേടുകളുടെ അവസാനം ചെങ്കുത്തായ മലമടക്കുകളുടെ ആരംഭം.അറുപതും എഴുപതും ഡിഗ്രിചെരിവുണ്ടെന്നു തോന്നുന്നു.യാത്രികരെല്ലാംപത്തടി നടന്ന്,അഞ്ച് മിനുട്ട് നില്പുംഇരിപ്പും എന്നനിലയിലായി.എത്രസമയം?എത്ര ചെരിവുകള്‍? ഒരു ധാരണയും ഇല്ല.അവസാനം മലകള്‍ ഇരിന്നുതുടങ്ങി.വഴിയിലുടനീളം മരങ്ങളുടെ കീഴിലും കല്ലുകളുടെ മുകളിലും മഞ്ഞള്‍പ്പൊടിയും ഭസ്മവും വാരിവിതറിയിരിക്കുന്നു.കല്ലിലുംമരത്തിലും പരമാത്മദര്‍ശനം നടത്തുന്ന വിശിഷ്ടമായ കാഴ്ചപ്പാട്.എല്ലാംഒന്നാകുന്ന അദ്വൈതം! കാട്ടുപാത നീണ്ടുചെന്നത് ആദ്യദിവസത്തെ ഇടത്താവളമായ അതിരുമല ഡോര്‍മിറ്ററിയിലേക്ക്.
സമയം വൈകുന്നേരം അഞ്ചുമണി.കരിങ്കല്ല് കൊണ്ടുനിര്‍മ്മിച്ച വിശാലമായ കെട്ടിടം.വൃത്തിയുംവെളിച്ചവും തീരെ കുറവ്.യാത്രാസംഘങ്ങള്‍ തലങ്ങും വിലങ്ങുമായി നടുനിവര്‍ക്കുന്നു,പുലര്‍ച്ചെതുടങ്ങിയ യാത്രയുടെ ക്ഷീണവുമായി.മുഖമൊന്ന് കഴുകിയപ്പോഴേക്കും കുളിക്കാനുള്ളആഗ്രഹംഉപേക്ഷിച്ചു.അത്രയ്ക്കുണ്ട്കുളിര്പുറത്തിറങ്ങി.തണുത്തകാറ്റ്ചീറിയടിക്കുന്നു. തൊട്ടടുത്തുള്ള വനസംരക്ഷണസമിതിയുടെ മുളകൊണ്ടു നിര്‍മ്മിച്ച താല്ക്കാലിക കേന്റീനില്‍നിന്നും ആവിപാറുന്ന കട്ടന്‍കാപ്പി കുടിച്ചു.വലിയആശ്വാസം!പുറത്തിറങ്ങിയപ്പോഴേക്കും കാറ്റിന്റെ ശക്തി ഇരട്ടിച്ചതുപോലെ,ഇളകിയാടുന്ന മരച്ചില്ലകളുടെ നിലയ്ക്കാത്ത ശബ്ദഘോഷം., ഇന്നു പൌര്‍ണ്ണമി,മാനത്ത് പൂര്‍ണ്ണചന്ദ്രന്‍-മനസ്സിലും. നേരെ മുന്നില്‍ ദൂരെ ഉയര്‍ന്നു നില്ക്കുന്നു അഗസ്ത്യകൂടം! വെണ്‍നിലാപ്പാല്‍ക്കടലില്‍ മുങ്ങിക്കുളിച്ച്, ആപാദചൂഢം മേഘമാലകളാല്‍ അലംകൃതമായി.ആ വിസ്മയലോകത്ത് തിങ്കളും മേഘങ്ങളുംനക്ഷത്രങ്ങളും അഗസ്ത്യശൃംഖത്തോട് ഒളിച്ച്കളിക്കുന്നതു പോലെ.ഈ ദൃശ്യമാസ്മരികതയില്‍ നിര്‍വൃതിപൂകി മുറ്റത്ത് അങ്ങിങ്ങായി ചിതറിനില്‍ക്കുന്നു ആള്‍ക്കൂട്ടങ്ങള്‍. പൊള്ളുന്ന കഞ്ഞിയും പയറും പപ്പടവും കൊണ്ട് വയറുനിറച്ച് പുതപ്പിനുള്ളിലേക്ക്,അഗസ്ത്യശിഖരവും സ്വപ്നത്തിലേറ്റി.
        അസ്ഥിതുളക്കുന്ന തണുപ്പില്‍ കാന്റീനില്‍നിന്നുംഉപ്പുമാവുംകഴിച്ച് ചെറുഭാണ്ഡവും പേറി യാത്രസംഘത്തിലെ അവസാനകൂട്ടമായി ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെട്ടു.ആറുകിലോമീറ്ററുകള്‍ കുത്തനെ താണ്ടണം.അല്പം മഴക്കാടും പിന്നെമുളങ്കാടുംകഴിഞ്ഞ് എത്തിയത് വിശാലമായ പാറപരപ്പിലേക്ക്.ഒരു ഹോളിവുഡ് സിനിമാദൃശ്യം പോലെ. നാലുഭാഗവും മലകള്‍,മലകളില്‍ നിന്നും നീര്‍ച്ചാലുകള്‍, മലമടക്കുകള്‍ക്കിടയില്‍ ചോലക്കാടുകള്‍.പാറക്കെട്ടിലെ അല്‍പം ജലത്തില്‍ മുഖംകഴുകി,വലതുകൈ ചലിക്കുന്നില്ല!തണുത്ത് മരവിച്ചിരിക്കുന്നു.വീണ്ടും ഉയരങ്ങളിലേക്ക്, മഞ്ഞയും ചുവപ്പും നീലയും വര്‍ണ്ണങ്ങളില്‍ ചെടികളും ചെറുമരങ്ങളും പൂത്തുലഞ്ഞു നില്‍ക്കുന്നു. കള്ളിച്ചെടികള്‍, നിരവധി ഇനങ്ങളില്‍പ്പെട്ട ഓര്‍ക്കിഡുകള്‍, അതിരാണിയുടേയും കോളാമ്പിയുടേയും കുഞ്ഞനുജത്തിമാര്‍,അതോ ചേച്ചിമാരോ? നടന്നു കയറിയത് തമിഴ് മണ്ണിലേക്കെന്ന് ആരോപറയുന്നു.ഒരു വശത്ത് നെയ്യാറും പേപ്പാറയും മറുവശത്ത് താമ്രപര്‍ണ്ണിയും പേരറിയാത്ത മറ്റ് പലതും പരിചയമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.ആരോഹണം തീര്‍ത്തും കുത്തനെയായി.മരക്കുറ്റികളില്‍ കെട്ടിയകയറിലായി പലസ്ഥലത്തും കയറ്റം.വെള്ളക്കുപ്പികളും ഗ്ളൂക്കോസ് പാക്കറ്റുകളും അതിവേഗം കാലിയാവുന്നു.ഇരുന്നും നിരങ്ങിയും പതുക്കെ മുകളിലേക്ക്."നോവിന്റെ ശൂലമുനമുകളില്‍" കയറിയഅവസ്ഥ.താഴെ വിദൂരതയില്‍ അഞ്ചുമലകള്‍ ചേര്‍ന്ന പാണ്ഡവന്‍മലയും കവരുമലയും, ഉറുമ്പിന്‍നിരകള്‍ പോലെ ദൂരെ മടക്കയാത്രയില്‍ ഏര്‍പ്പെട്ടവര്‍.

        ''ഒടുവില്‍ നാമെത്തി ആ ശൈലശൃംഖത്തിന്റെ കൊടുമുടിയില്‍”-പന്ത്രണ്ടുമണിയോടെ. ഈ'നാരായ ബിന്ദുവില്‍' അഗസ്ത്യമുനിയുടെ ഒരുചെറുകരിങ്കല്‍ പ്രതിമയും ദര്‍ശനപുണ്യം തേടിയെത്തിയ രണ്ടോ മൂന്നോ തീര്‍ത്ഥാടകസംഘങ്ങളും മാത്രം.കോടമഞ്ഞ് വന്നും പോയും. മറുവശത്ത് നൂറ് കണക്കിന് മീറ്റര്‍ കുത്തനെ താഴ്ച.പക്ഷെ മഞ്ഞ് കാരണം ഒന്നും കാണാനില്ല.കാറ്റ് തച്ചുതകര്‍ക്കുന്നു. കൊടും ഭയം,കാറ്റ് തട്ടിയെടുത്താല്‍ ഒരു പക്ഷെ അത്യാഗാധതയിലാവാം നിലം തൊടുന്നത്. ആരോ ഉയര്‍ത്തിയ ദേശീയപതാക കാറ്റില്‍ അടിച്ചുപറക്കുന്നു.ഒരു അന്യഗ്രഹത്തിലെത്തിയ പ്രതീതീയുമായി ആ വന്യവിസ്മയത്തില്‍ അല്പസമയം ഇരുന്നു.
കാറ്റ് ചീറിയടിക്കുന്ന് അവിടെനിന്നും തെല്ല് മാറി കാറ്റേറ്റ് ചുരുണ്ട് കുറുകിയ ശാഖകളോട് കൂടിയ മരങ്ങള്‍ക്കിടയില്‍ അഗസ്ത്യന്റെ പ്രതിമയ്ക്ക് ചുറ്റും രണ്ട് മൂന്ന് സംഘങ്ങളിലായി പത്ത് പതിനഞ്ച്പേര്‍. യാത്ര തുടങ്ങിയസ്ഥലത്ത് തൊട്ട് കൈയ്യിലേന്തിയ പാലും തേനും ഭസ്മവും ഒപ്പം ജലവും ഫലവര്‍ഗ്ഗങ്ങളും പ്രതിമയില്‍ അഭിഷേകം ചെയ്യുന്നു, കര്‍പ്പൂരാരതി ഉഴിയുന്നു, കണ്ണുകളടച്ച് ധ്യാനനിമഗ്നരാവുന്നു.തുടര്‍ന്ന് അടുത്ത സംഘത്തിന്റെ ഊഴം.അഭിഷേകാവശിഷ്ടങ്ങളും മറ്റും വളരെവൃത്തിയില്‍ കഴുകിമാറ്റി തുടച്ചുവൃത്തിയാക്കി അവരും പൂജകള്‍ തുടരുന്നു.അവരുടെ പ്രവൃത്തികളിലെ ശ്രദ്ധയും ഭാവവും വിശ്വാസത്തിന്റെ ശക്തിയും തീവ്രതയും വിളിച്ചോതി. ഈ വിശ്വാസം തന്നെയാകാം വൃദ്ധരെക്കൊണ്ടുപോലും വളരെ ലാഘവത്തോടെ ഈ കൊടുമുടി ഏറാന്‍ സഹായിക്കുന്നതും.
          അവസാനസംഘത്തിന്റെ അഭിഷേകവും അവസാനിച്ചു.സമയം ഒരു മണി.ഇറങ്ങാനുള്ള ദുര്‍ഘടപാതകളും ഒപ്പം ആനക്കാടുകളും കോടക്കാറുകളും യാത്രികരെ ധൃതിയിലുള്ള തിരിച്ചിറക്കത്തിന് പ്രേരിപ്പിച്ചു.പൂജാവസ്തുക്കളിലെ ഏതാനും ഫലവര്‍ഗ്ഗങ്ങളുമെടുത്ത് വഴികാട്ടിയായ വനവാസി ഏറ്റവും പിന്നിലായി.അവശേഷിക്കുന്ന പഴങ്ങള്‍ ആനകളും മറ്റ് ജീവികളും കൊണ്ടുപോകുമത്രെ.ഈ നെടുങ്കന്‍ പാറക്കൂട്ടങ്ങളും കയറി ആനക്കൂട്ടങ്ങള്‍ എത്തുന്നത് മനസ്സില്‍ കണ്ടു. കോടക്കാറുകള്‍ മാനം നിറഞ്ഞപ്പോള്‍ നട്ടുച്ചക്കും കൂരുരിട്ട്,ഇനിയവിടെ ചീറിയടിക്കുന്ന കാറ്റും സര്‍വ്വതിനും സാക്ഷിയും സംരക്ഷകനും ആയി അഗസ്ത്യനും മാത്രം............